Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സഹകരണ സംഘത്തിൽ മൂന്നു കോടി രൂപയുടെ റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: വഞ്ചനാ കേസിൽ പ്രസിഡന്റിനും സെക്രട്ടറിക്കും ഏജന്റിനും മുൻകൂർ ജാമ്യമില്ല; വഞ്ചിച്ചെടുത്ത പണം പ്രതികളെ ചോദ്യം ചെയ്ത് വീണ്ടെടുക്കേണ്ടതുണ്ടെന്ന് തിരുവനന്തപുരം സെഷൻസ് കോടതി

സഹകരണ സംഘത്തിൽ മൂന്നു കോടി രൂപയുടെ റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: വഞ്ചനാ കേസിൽ പ്രസിഡന്റിനും സെക്രട്ടറിക്കും ഏജന്റിനും മുൻകൂർ ജാമ്യമില്ല; വഞ്ചിച്ചെടുത്ത പണം പ്രതികളെ ചോദ്യം ചെയ്ത് വീണ്ടെടുക്കേണ്ടതുണ്ടെന്ന് തിരുവനന്തപുരം സെഷൻസ് കോടതി

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: 2017 ൽ സഹകരണ സംഘം രജിസ്റ്റർ ചെയ്ത് ജോലി വാഗ്ദാനം ചെയ്ത് 2020 വരെയായി 3 കോടി രൂപയുടെ തൊഴിൽ തട്ടിപ്പ് നടത്തിയ വഞ്ചനാ കേസിൽ സംഘം പ്രസിഡന്റിനും സെക്രട്ടറിക്കും റിക്രൂട്ടിങ് ഏജന്റിനും മുൻകൂർ ജാമ്യമില്ല. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി ബിജു. കെ. മേനോനാണ് മൂന്നു പ്രതികളുടെയും മുൻകൂർ ജാമ്യ ഹർജികൾ തള്ളിയത്. തിരുവനന്തപുരം ജില്ല പ്രവർത്തന പരിധിയായി 2017ൽ രജിസ്റ്റർ ചെയ്യപ്പെട്ട കേരള പരമ്പരാഗത ഭക്ഷ്യ സംസ്‌കരണ വിതരണ വ്യവസായ സഹകരണ സംഘം (കെ റ്റി എഫ് ഐ സി എസ്) പ്രസിഡന്റ് ചിറയിൻകീഴ് കൂന്തല്ലൂർ ഡി.എസ്. ഭവനിൽ എസ്.സജിത്കുമാർ , സെക്രട്ടറി ശ്രീലത , റിക്രൂട്ടിങ് ഏജന്റും കിളിമാനൂർ സവിനയ നാടക ട്രൂപ്പ് ഉടമയുമായ ഹർഷകുമാർ എന്നിവർക്കാണ് ജാമ്യം നിഷേധിച്ചത്.

പ്രതികൾ വഞ്ചിച്ചെടുത്ത പണം പ്രതികളെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് വീണ്ടെടുക്കേണ്ടതുണ്ടെന്ന് വിലയിരുത്തിയാണ് ജാമ്യഹർജികൾ കോടതി തള്ളിയത്. ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ തുകകൾ വീണ്ടെടുക്കാനാവില്ല. തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിച്ച് മൊഴി തിരുത്തിക്കാനും സാധ്യതയുണ്ട്. ഒളിവിൽ പോകാനും വിചാരണ അട്ടിമറിക്കാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ജാമ്യം നിരസിച്ച ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.

ചിറയിൻകീഴ് പ്രവർത്തനമാരംഭിച്ച് തലസ്ഥാന ജില്ലയിലെ വിവിധയിടങ്ങളിൽ ബ്രാഞ്ചുകൾ തുറന്ന സംഘത്തിൽ പ്രൊബേഷനറി പോസ്റ്റിൽ ഡിസ്ട്രിക്റ്റ് മാനേജർ , അക്കൗണ്ടന്റ് , ക്ലർക്ക് എന്നിങ്ങനെ വിവിധ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്താണ് ഉദ്യോഗാർത്ഥികളെ തട്ടിപ്പിനിരയാക്കിയത്. ഓരോ ഉദ്യോഗാർത്ഥികളിൽ നിന്നും മൂന്നു ലക്ഷം രൂപ വീതം വാങ്ങി കരാർ എഴുതി നൽകി പ്രൊബേഷൻ ആയി നിയമിക്കും. നിയമനത്തിന്റെ ഭാഗമായി തുകകൾ ഡെപ്പോസിറ്റായി വാങ്ങിയ ശേഷം ഗവൺമെന്റിന്റെ എല്ലാ ആനുകുല്യങ്ങളും ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്യും. ഒരു തൊഴിൽ ലഭിക്കാനായി പല ഉദ്യോഗാർത്ഥികളും പലരിൽ നിന്നും കടമായും പലിശക്ക് എടുത്തുമാണ് തുക നൽകിയത്. സർക്കാർ അനുമതിയില്ലാതെ സ്ഥാപനങ്ങളിൽ കേരള സർക്കാർ ബോർഡ് സ്ഥാപിച്ചാണ് വിശ്വാസം ആർജിച്ചെടുത്തത്. വ്യവസായ വകുപ്പ് ഇൻസ്‌പെപെക്ടറുമായി ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ടപ്പോഴാണ് നിജസ്ഥിതി വെളിവായത്. പ്രസിഡന്റിന്റെ കെ എൽ 16 ഇ 5028 നമ്പർ ഓമ്‌നി വാഹനത്തിൽ കേരള സർക്കാർ ബോർഡ് സ്ഥാപിച്ച് വൻ തട്ടിപ്പിന് കളമൊരുക്കുകയായിരുന്നു.

എന്നാൽ വാഗ്ദാനം ചെയ്ത ജോലിയോ ശമ്പളമോ ലഭിക്കാതെ വന്നതോടെ ഉദ്യോഗാർത്ഥികൾ തുക തിരികെ ആവശ്യപ്പെട്ടതോടെ പല ഒഴിവു കഴിവുകൾ പറഞ്ഞ് സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയായിരുന്നു. തുക ബാങ്കിൽ നിന്നും മാറിയെടുത്തു കൊള്ളുന്നതിന് നിർദ്ദേശിച്ച് നൽകിയ വണ്ടിച്ചെക്കുകൾ ബാങ്കിൽ കളക്ഷന് കൊടുത്ത അതേ വേഗതയിൽ ബാങ്കിൽ നിന്നും ഡിസോണർ മെമോ സഹിതം തിര്യെ വന്നു. തുടർന്ന് ഉദ്യോഗാർത്ഥികൾ പ്രതികളെ തുക ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും കള്ളക്കേസിൽ കുടുക്കി ജയിലിൽ അടക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

തുടർന്ന് മുഖ്യമന്ത്രിക്കും ചിറയിൻകീഴ് സർക്കിൾ ഇൻസ്‌പെക്ടർക്കും പരാതി നൽകി. എന്നാൽ വഞ്ചനാ കേസിലെ ഒന്നാം പ്രതി സജിത് കുമാറിനെ ചിറയിൻകീഴ് സ്റ്റേഷനിൽ വിളിച്ചു വരുത്തി സ്റ്റേഷൻ പാറാവിൽ മൂന്നു മണിക്കൂർ നിർത്തിയെങ്കിലും ആഭ്യന്തര വകുപ്പിൽ പ്രതിക്കുള്ള സ്വാധീനത്താൽ സി പി എം ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചതായി ഉദ്യോഗാർത്ഥികൾ പറയുന്നു. സജിത് കുമാറിനു വേണ്ടി ഡെപ്യൂട്ടി സ്പീക്കർ ശശിയുടെ ഇടപെടലുകളുമുണ്ടെന്ന് ഉദ്യോഗാർത്ഥികൾ സാക്ഷ്യപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP