Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെ.എം.മാണിയുടെ ബജറ്റവതരണത്തിൽ പ്രതിഷേധിച്ച് തലസ്ഥാനത്ത് പൊലീസ് ബസ് കത്തിച്ച കേസ്; 5 ഡിവൈഎഫ് ഐ ക്കാർക്ക് അറസ്റ്റ് വാറണ്ട്; രണ്ട് കൂട്ടു പ്രതികൾ സെപ്റ്റംബർ 20 ന് ഹാജരാകാൻ കോടതിയുടെ അന്ത്യശാസനം; ഉത്തരവ് നൽകിയത് മ്യൂസിയം സിഐക്ക്; വ്യാപക അക്രമ സംഭവം അഞ്ച് വർഷം മുമ്പ് പി എം ജി ജംഗ്ഷന് സമീപം

കെ.എം.മാണിയുടെ ബജറ്റവതരണത്തിൽ പ്രതിഷേധിച്ച് തലസ്ഥാനത്ത് പൊലീസ് ബസ് കത്തിച്ച കേസ്; 5 ഡിവൈഎഫ് ഐ ക്കാർക്ക് അറസ്റ്റ് വാറണ്ട്; രണ്ട് കൂട്ടു പ്രതികൾ സെപ്റ്റംബർ 20 ന് ഹാജരാകാൻ കോടതിയുടെ അന്ത്യശാസനം; ഉത്തരവ് നൽകിയത് മ്യൂസിയം സിഐക്ക്; വ്യാപക അക്രമ സംഭവം അഞ്ച് വർഷം മുമ്പ് പി എം ജി ജംഗ്ഷന് സമീപം

അഡ്വ.പിനാഗ് രാജ്

തിരുവനന്തപുരം: തലസ്ഥാനത്ത് വ്യാപക അക്രമം അഴിച്ചുവിട്ട് പൊലീസ് ബസ് കത്തിച്ച സംഭവത്തിൽ അഞ്ചു ഡി വൈ എഫ് ഐ പ്രവർത്തകർക്ക് തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയുടെ അറസ്റ്റ് വാറണ്ട്. അഞ്ചു പ്രതികളെയും അറസ്റ്റ് ചെയ്യാൻ മ്യൂസിയം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോട് മജിസ്‌ട്രേട്ട് എ. അനീസ ഉത്തരവിട്ടു. കേസിൽ ഒന്നു മുതൽ അഞ്ചു വരെ പ്രതികളും ഡി വൈ എഫ് ഐ പ്രവർത്തകരുമായ ചിറയിൻകീഴ് സ്വദേശി അവിനാശ് (30) , സുധീർ (23) , ആറ്റിങ്ങൽ മുദാക്കൽ സ്വദേശി മനോജ് (26) , ഉണ്ണി (29) , വിനീഷ് (30) എന്നിവരെ അറസ്റ്റ് ചെയ്യാനാണുത്തരവ്. കൂട്ടു പ്രതികളായ ആറാം പ്രതി സഞ്ജയ് വർമ്മ (33) , ഏഴാം പ്രതി ജോൺ എന്നിവർ സെപ്റ്റംബർ 20 ന് കോടതിയിൽ ഹാജരാകാനും കോടതി അന്ത്യശാസനം നൽകി.

2015 മാർച്ച് 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിയമസഭക്കകത്ത് മുൻ ധനമന്ത്രി കെ.എം. മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനെ എൽ ഡി എഫ് എം എൽ എ മാർ തടയാൻ ശ്രമിച്ചിട്ടും മാണി ബഡ്ജറ്റ് അവതരിപ്പിച്ച ചൊരുക്ക് തീർക്കാനാണ് നിയമസഭക്കകത്തും പുറത്തും എൽഡിഎഫ് വ്യാപക അക്രമം അഴിച്ചുവിട്ടത്.

എൽ ഡി എഫ് എം എൽ എ മാർ തടഞ്ഞിട്ടും മാണി ബഡ്ജറ്റ് അവതരിപ്പിച്ചെന്ന വാർത്ത പുറത്ത് വന്നതോടെ നിയമസഭക്ക് പുറത്ത് തലസ്ഥാനത്തെമ്പാടുമായി ഡി വൈ എഫ് ഐ സി പി എം പ്രവർത്തകർ വ്യാപകമായി അഴിഞ്ഞാടി പൊതുമുതൽ നശിപ്പിക്കുകയും പൊലീസിനെ ആക്രമിക്കുകയുമായിരുന്നു. സഭക്ക് പുറത്ത് പൊലീസ് ബാരിക്കേഡ് തകർത്ത് എൽ ഡി എഫ് അനുകൂലികൾ സഭയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. പൊലീസ് തടഞ്ഞതോടെ ആ ശ്രമം പരാജയപ്പെട്ടു. കലിയടങ്ങാതെ അരിശം മൂത്ത എൽഡിഎഫ് പ്രവർത്തകർ പൊലീസിന് നേർക്ക് കല്ലെറിയുകയും പൊലീസ് ബസും മെഡിക്കൽ എഡ്യൂക്കേഷൻ വകുപ്പിന്റെ ബൊലേറോ ജീപ്പും അടങ്ങുന്ന രണ്ട് സർക്കാർ വാഹനം തീവയ്ക്കുകയും 30 ഓളം പൊലീസുകാരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.പൊതുമുതൽ നശിപ്പിച്ചും പൊലീസിനെ ആക്രമിച്ചുമാണ് പ്രവർത്തകർ കലിപ്പ് തീർത്തത്.

സംഭവത്തിന്റെ തലേന്ന് രാത്രി മുതൽ എൽ ഡി എഫ് പ്രവർത്തകർ സഭക്ക് പുറത്ത് മെയിൻ ഗേറ്റിലും മറ്റുമായി തമ്പടിച്ചിരുന്നു. ബഡ്ജറ്റ് അവതരിപ്പിച്ച വാർത്ത പുറത്ത് വന്നതോടെയാണ് രോഷാകുലരായ പ്രവർത്തകർ വ്യാപക അക്രമം നടത്തിയത്. ബാരിക്കേഡ് തകർത്ത് പൊലീസിന് നേർക്ക് കല്ലേറ് തുടങ്ങിയതോടെ അതുവരെ സംയമനം പാലിച്ച പൊലീസ് അക്രമികളെ പിരിച്ചുവിടാൻ വരുൺ , വജ്ര 207 എന്നീ വാഹനങ്ങൾ കൊണ്ടുവന്ന് കണ്ണീർ വാതക ഷെൽ പ്രയോഗിച്ചു. തുടർന്ന് പി എം ജി ജംഗ്ഷന് സമീപം പാർക്ക് ചെയ്തിരുന്ന പൊലീസ് ബസിനെ പ്രതികൾ അഗ്‌നിക്കിരയാക്കുകയായിരുന്നു.

ബസ് കത്തിച്ച് ചാമ്പലാക്കിയ ചൂടാറും മുമ്പേ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മറ്റു നിയമസഭാ സാമാജികരും ചേർന്ന് മ്യൂസിയം ഭാഗത്തേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധ മാർച്ച് നടന്നു നീങ്ങവേ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ തന്നെ ഡിവൈഎഫ്‌ഐ പ്രവർത്തകർ തമ്പുരാൻ മുക്കിന് സമീപം മാർച്ചിന് വഴിമാറി റോഡിൽ പാർക്ക് ചെയ്തിരുന്ന സർക്കാർ വാഹനമായ മെഡിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ ബാലോറോ ജീപ്പ് കത്തിച്ച് അഗ്‌നിക്കിരയാക്കി. ജീപ്പ് ഡ്രൈവർ ഷാജിമോനേയും സഹപ്രവർത്തകരെയും ഭീഷണിപ്പെടുത്തി വിരട്ടിയോടിച്ചു. അവിടെ നിന്നാൽ തങ്ങളെയും ജീപ്പിനകത്തിട്ട് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് വിരട്ടിയോടിച്ചതെന്ന് ഷാജിമോൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

കുന്നുകുഴിക്ക് സമീപം വച്ച് എം. എ. വാഹിദ് എം എൽ എ സഞ്ചരിച്ച കാറിന് നേർക്കും ഡിഫിക്കാർ കല്ലെറിഞ്ഞു.കണ്ണീർവാതകവും ലാത്തിച്ചാർജും തുടർന്നിട്ടും പി എം ജി ജംഗ്ഷനിലും പാളയം ഭാഗത്തുമായി കേന്ദ്രീകരിച്ചിരുന്ന പ്രക്ഷോഭകാരികൾ കൂടുതൽ കല്ലുകളുമായി തിര്യെ വന്ന് പൊലീസിനെ ആക്രമിച്ചു. ഉച്ചക്ക് 12.30 വരെ പ്രക്ഷോഭകാരികൾ തലസ്ഥാനത്തെ മുൾമുനയിൽ നിർത്തുകയായിരുന്നു.

അക്രമ സംഭവത്തിൽ30 ഓളം പൊലീസുകാർക്ക് പരിക്ക് പറ്റി.ഡി സി പി അജിതാ ബീഗത്തിന് കലാപകാരികളുടെ സ്ഫടിക കുപ്പി കൊണ്ടുള്ള ഏറിൽ കൈക്ക് പരിക്കേറ്റു.മെഡിക്കൽ കോളേജ് സർക്കിൾ ഇൻസ്‌പെക്ടർ ഷിൻതറയിലിനെ കൊടിമരക്കമ്പുകളും കല്ലുകളും കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു. തുടർന്ന് സിഐയെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തു.

ബിജെപി യുവമോർച്ച പ്രവർത്തകർ സമാധാനപരമായി പ്രതിഷേധ മാർച്ച് നടത്തി 11.30 മണിയോടെ പിരിഞ്ഞു പോയി. തുടർന്നാണ് എൽ ഡി എഫ് പ്രവർത്തകൾ നഗരത്തിൽ അഴിഞ്ഞാടിയത്. തലേന്ന് രാത്രി മുതൽ നിയമസഭയുടെ മെയിൻ ഗേറ്റിൽ ക്യാമ്പ് ചെയ്തിരുന്നവരിൽ ഒരു എൽ ഡി എഫ് അനുഭാവി രാവിലെ 6.30 മണിയോടെ ഹൃദയസ്തംഭനത്തെ തുടർന്ന് ആശുപത്രിയിൽ വച്ച് മരണമടഞ്ഞു. നെടുമങ്ങാട് മഞ്ച സ്വദേശിയും സി പി എം കർഷക സംഘം ഏരിയാ സെക്രട്ടറിയുമായ രാജപ്പൻ ( 64 ) ആണ് രക്തസാക്ഷിയായത്.

നിയമസഭക്കകത്ത് എംഎൽഎ ശിവൻകുട്ടി അടക്കമുള്ള പ്രതിപക്ഷ എംഎൽഎമാർ താണ്ഡവനൃത്തമാടുകയും സഭക്കകത്ത് നാശനഷ്ടം വരുത്തുകയും ചെയ്തു. കെ.ടി.ജലീലും ഇ.പി.ജയരാജനും ചേർന്ന് സ്പീക്കറുടെ ഡയസ് മറിച്ചിട്ടു. ജർമ്മൻ നിർമ്മിത സൗണ്ട് സിസ്റ്റവും മൈക്ക് ഉൾപ്പെടെ എറിഞ്ഞുടച്ച് കേടുപാട് വരുത്തുകയും ചെയ്തു. നിയമസഭയിൽ 2. 20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിക്കുകയും ചെയ്തു. സംഭവം ലൈവായി ടെലിവിഷൻ വാർത്താ ചാനലിൽ കണ്ട സുപ്രീം കോടതി '' അവിടെ കേരളത്തിലെന്താണ് നടക്കുന്നതെന്ന് '' ചോദിച്ച് ആശങ്കപ്പെടുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP