Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചാരിത്ര്യത്തിൽ സംശയിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസ്: ഭർത്താവിന് ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും; നിർണായകമായത് ദൃക്‌സാക്ഷിയായ മൂന്നര വയസ്സുകാരൻ മകൻ അയൽവാസിയോട് പറഞ്ഞ മൊഴി: ശിക്ഷ വിധിച്ചത് തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി

ചാരിത്ര്യത്തിൽ സംശയിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസ്: ഭർത്താവിന് ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും; നിർണായകമായത് ദൃക്‌സാക്ഷിയായ മൂന്നര വയസ്സുകാരൻ മകൻ അയൽവാസിയോട് പറഞ്ഞ മൊഴി: ശിക്ഷ വിധിച്ചത് തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: ഭാര്യയുടെ ചാരിത്ര്യത്തിൽ സംശയിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് തിരുവനന്തപുരം നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. കിളിമാനൂർ പൊയ്ക്കട വലിയ വിള വീട്ടിൽ കുഞ്ഞല എന്ന ചന്ദ്രനെ ( 58 ) യാണ് ഭാര്യയായ ബീനാ കുമാരിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷത്തെ അധിക തടവനുഭവിക്കാനും ജഡ്ജി സിജു ഷെയ്ക്ക് ശിക്ഷിച്ചത്.

2009 ഡിസംബർ 26 നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പൊയ്ക്കട ജംഗ്ഷനിൽ തയ്യൽക്കട നടത്തിവന്ന ബീനാകുമാരി ഉച്ച തിരിഞ്ഞും കട തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ സമീപവാസികൾ വിവരം കിളിമാനൂർ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് വീടിന്റെ മുൻവശം വാതിൽ പൊളിച്ച് അകത്തു കടന്ന് നടത്തിയ പരിശോധനയിൽ തലക്കടിയേറ്റ് തലച്ചോറ് ചിതറി കൊല്ലപ്പെട്ട നിലയിൽ ബീനയെ കണ്ടെത്തുകയായിരുന്നു. ഭാര്യയുടെ ചാരിത്ര്യത്തിലുണ്ടായ സംശയത്താൽ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.

മൂന്നര വയസ്സുള്ള മകന്റെ മുന്നിൽ വച്ചാണ് പ്രതി കൃത്യം നിർവ്വഹിച്ചത്. മൈനറായ മകൻ അയൽവാസിയായ പ്രോസിക്യൂഷൻ ഭാഗം മൂന്നാം സാക്ഷിയായ അയൽവാസി ആശയോട് സംഭവം സംബന്ധിച്ച് നൽകിയ വിവരം കേസിന്റെ വിചാരണയിൽ നിർണ്ണായകമായി. ഇന്ത്യൻ തെളിവ് നിയമത്തിലെ വകുപ്പ് 6 പ്രകാരമുള്ള കേട്ടു കേൾവി തെളിവ് തെളിവായി സ്വീകരിക്കുന്ന ' റെസ് ജസ്റ്റെ ' തെളിവായി കോടതി തെളിവിൽ സ്വീകരിച്ചു. കൂടാതെ പ്രതിയുടെ മുൻകാല സ്വഭാവത്തെയും ചെയ്തികളെയും കുറിച്ച് പ്രതിയായ പിതാവിനെതിരെ നൽകിയ ആദ്യ പൊലീസ് മൊഴി വിചാരണയിൽ തിരുത്തിയ മകളുടെ മൊഴിയും കേസിൽ നിർണ്ണായകമായി. കൂറുമാറിയ സാക്ഷിയുടെ മൊഴി അപ്പാടെ തള്ളരുതെന്ന സുപ്രീം കോടതി വിധിന്യായവും വിധിയിൽ ജഡ്ജി സിജു ഷെയ്ക്ക് പരാമർശിച്ചിട്ടുണ്ട്. സംഭവത്തിന് മുമ്പും പ്രതി ഇത്തരത്തിലുള്ള അക്രമം ബീനയോട് കാട്ടിയിട്ടുള്ളതായി അയൽവാസികളായ സ്വതന്ത്ര സാക്ഷികൾ മൊഴി നൽകിയിരുന്നു.

ഔദ്യോഗിക സാക്ഷികളും സ്വതന്ത്ര സാക്ഷികളുമടക്കം 22 പേരെ പ്രോസിക്യൂഷൻ ഭാഗത്തേക്ക് വിസ്തരിച്ചു.10 തൊണ്ടി മുതലുകളും പോസ്റ്റ്‌മോർട്ടം സർട്ടിഫിക്കറ്റ് , ഇൻക്വസ്റ്റ് റിപ്പോർട്ട് , ഫോറൻസിക് റിപ്പോർട്ടുകൾ എന്നിവയടക്കം 21 പ്രാമാണിക രേഖകൾ കോടതി തെളിവിൽ സ്വീകരിച്ചു. മുൻ കിളിമാനൂർ സർക്കിൾ ഇൻസ്‌പെക്ടർ സുരേഷ് ചാർജ് ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ.എ. ഹക്കിം ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP