Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനനേന്ദ്രിയവും മലദ്വാരവും കീറിമുറിച്ച് കുടൽമാല പുറത്തെടുത്തുകൊല; റിബ്ബൺ കിട്ടാത്തതുകൊണ്ട് രാത്രി അയൽ വീട്ടിൽ നിന്ന് കയർ തപ്പിപ്പിടിച്ചു കൊണ്ടു വന്നു വീടിന്റെ പ്രവേശന കവാടത്തിൽ കെട്ടി തെളിവ് ശേഖരണം തുടങ്ങി; നെറ്റില്ലാത്തതു കൊണ്ട് ഓഫ് ലൈനായി എഫ് ഐ ആർ; മാങ്ങ കടിപ്പിച്ചും ചെരുപ്പണിയിച്ചും നാട്ടുകാരുടെ മൊത്തം കൈരേഖ പതിപ്പിച്ചും പരിഹാസ്യമായ തുടക്കവും; ജിഷയുടെ കൊലപാതകിയെ കണ്ടെത്തിയത് വിവാദങ്ങളുടെ വഴിയിലൂടെ; കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ അമീറുള്ളിന് കൊലക്കയർ കിട്ടുമോ?

ജനനേന്ദ്രിയവും മലദ്വാരവും കീറിമുറിച്ച് കുടൽമാല പുറത്തെടുത്തുകൊല; റിബ്ബൺ കിട്ടാത്തതുകൊണ്ട് രാത്രി അയൽ വീട്ടിൽ നിന്ന് കയർ തപ്പിപ്പിടിച്ചു കൊണ്ടു വന്നു വീടിന്റെ പ്രവേശന കവാടത്തിൽ കെട്ടി തെളിവ് ശേഖരണം തുടങ്ങി; നെറ്റില്ലാത്തതു കൊണ്ട് ഓഫ് ലൈനായി എഫ് ഐ ആർ; മാങ്ങ കടിപ്പിച്ചും ചെരുപ്പണിയിച്ചും നാട്ടുകാരുടെ മൊത്തം കൈരേഖ പതിപ്പിച്ചും പരിഹാസ്യമായ തുടക്കവും; ജിഷയുടെ കൊലപാതകിയെ കണ്ടെത്തിയത് വിവാദങ്ങളുടെ വഴിയിലൂടെ; കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ അമീറുള്ളിന് കൊലക്കയർ കിട്ടുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: രാജ്യത്തെ ഞെട്ടച്ച അരുംകൊലകളിലൊന്നാണ് നിയമവിദ്യാർത്ഥിനി ജിഷയുടേത്. പെരുംമ്പാവൂർ കുറുപ്പംപടി വട്ടോളിപ്പടി കനാലിറമ്പിലെ താമസസ്ഥലത്ത് ജനനേന്ദ്രിയവും മലദ്വാരവും കീറിമുറിച്ച് കുടൽമാല പുറത്ത് വന്ന നിലിയിൽ 2016 ഏപ്രിൽ 28-നാണ് ജിഷയുടെ ജഡം കാണപ്പെട്ടത്. ഈ കൊലക്കേസിൽ ഏക പ്രതി അമീറുൾ ഇസ്ലാം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. ഇനി അമീറുൾ ഇസ്ലാമിന് വധ ശിക്ഷ കിട്ടുമോ എന്നതാണ് ഉയരുന്ന ചോദ്യം. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്നാണ് പ്രോസിക്യൂഷൻ നിലപാട്. ഡൽഹിയിലെ നിർഭയക്കേസിന് സമാനമായ കേസിൽ വിചാരണ കോടതി പരമാവധി ശിക്ഷ നൽകുമെന്ന് തന്നെയാണ് പൊതുവേയുള്ള വിലയിരുത്തൽ. അതുകൊണ്ട് തന്നെ നാളത്തെ ശിക്ഷാ വിധിക്കായി കാത്തിരിക്കുകായണ് കേരള മനസ്സ്.

ഏറെ വിവാദമാവുകയും സംസ്ഥാനത്ത് എൽ ഡി എഫിന് അധികാരത്തിൽ എത്താൻ ഒരു പരിധിവരെ സഹായകമാവുകയും ചെയ്ത കേസിന്റെ പിന്നാമ്പുറത്ത് പൊടിപിടിച്ചുകിടക്കുന്ന നിരവധി വസ്തുതകളുണ്ട്. ഇതിൽ ചിലത് കൗതുകകരവും മറ്റ് ചിലത് ആശ്ചര്യജനകവുമാണ്. ഉത്തരംകിട്ടാത്ത ചോദ്യങ്ങളും ചുരുളഴിയാത്ത രഹസ്യങ്ങളുമൊക്കെ ധാരാളം അവേശിഷിക്കുന്നുണ്ടെന്നുള്ളതും വേറെ കാര്യം. കാടടച്ചുള്ള അന്വേഷണത്തിനൊടുവിൽ 47-ാം ദിവസം കൃത്യമായിപ്പറഞ്ഞാൽ 2016 ജൂൺ 14-ന് പ്രതി അറസ്റ്റിലായി.അസാം സ്വദേശി അമിറുൾ ഇസ്ലാമാണ് കൃത്യം ചെയ്തതെന്നായിരുന്നു ഏ ഡി ജി പി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷക സംഘത്തിന്റെ കണ്ടെത്തൽ.

നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂർദ്ധന്യത്തിൽ,ഭരണത്തിലിരുന്ന യൂ ഡി എഫിനെ തകർക്കാൻ എൽ ഡി എഫിന് വീണുകിട്ടിയ വജ്രായുധമായി ഈ കൊലപാതകം. കൊലയാളിയെ കണ്ടെത്താൻ വൈകിയതോടെ പെരുമ്പാവൂരിൽ ഇടത് പക്ഷം സംഘടിപ്പിച്ച രാപകൽ സമരത്തിന് ലഭിച്ച പിൻതുണ പക്ഷേ ഇവിടുത്തെ സി പി എം സ്ഥാനാർത്ഥിയും സിറ്റംഗ് എം എൽ എ യുമായ സാജുപോളിന് ഗുണം ചെയ്തില്ല എന്നതും ശ്രദ്ധേയമാണ്. കേസ് നടപടികളിലെ അലംഭാവം,തെളിവ് നശിപ്പിക്കൽ,കുറ്റവാളിക്ക് രക്ഷപെടാൻ അവസരമരുക്കി തുടങ്ങി നിരവധി ആക്ഷേപങ്ങൾ ഈ കേസുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ഉയർന്നിരുന്നു.എൽ ഡി എഫ് അധികാരത്തിലെത്തി ഏറെ താമസിയാതെ ആദ്യ അന്വേഷണ സംഘത്തിലെ ഡി വൈ എസ് പി ഉൾപ്പെടെ ഉള്ളവരെ മറ്റിടങ്ങളിലേക്ക് പറിച്ചു നട്ടു.

ഇത് സാധാരണ നടപടി മാത്രമെന്ന് പൊലീസ് വിശദീകരണമുണ്ടായെങ്കിലും ഇക്കൂട്ടരുടെ വീഴ്ചകളുടെ പേരിൽ ഉണ്ടായ വകുപ്പ് തലനടപടിയായിരുന്നു ഇതെന്നായിരുന്നു പൊതുവെ വ്യാഖ്യാനിക്കപ്പെട്ടത്. സംഭവസ്ഥലത്ത് റിബൺ കെട്ടിയില്ല, എഫ് ഐ ആർ ഓൺലൈനിൽ തയ്യാറാക്കിയില്ല തുടങ്ങിയവയായിരുന്നു പ്രധാനമായും എസ് ഐ സോണി മത്തായിക്കെതിരെ നടപടിക്ക് പറഞ്ഞുകേട്ട കാരണങ്ങൾ. പൊലീസ് റിബൺ ലഭ്യമല്ലാത്ത സാഹചര്യത്തിൽ രാത്രി അയൽവീട്ടിൽ നിന്നും തപ്പിപ്പിടിച്ച് കൊണ്ടുവന്ന കയർ സംഭവം നടന്ന വീടിന്റെ പ്രവേശന കവാടത്തിൽ തങ്ങൾ വലിച്ചുകെട്ടിയിരുന്നെന്ന എസ് ഐ യുടെയും കൂട്ടരുടെയും വാദം വിലപ്പോയില്ല.

'റിബണാവില്ലല്ലോ കയർ' എന്ന വാദഗതിപരക്കെ ഉയർന്നപ്പോൾ ഉന്നതരും ഇതിനേ അനകൂലിക്കുകയായിരുന്നു. നെറ്റ് തകരാറിലായ സാഹചര്യത്തിൽ ഓഫ്ലൈനിൽ എഫ് ഐ ആർ തയ്യാറാക്കാൻ ശ്രമിച്ചെന്നും ഇത് പരാജയപ്പെട്ടുകയായിരുന്നെന്നുമാണ് ഇക്കാര്യത്തിൽ ഉത്തരവാദിത്വപ്പെട്ടവരുടെ വിശദീകരണം. കുഴപ്പക്കാരെന്ന് പഴികേട്ട ഈ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കണ്ടെടുത്ത തെളിവുകൾക്ക് പിന്നാലെ സഞ്ചരിച്ചാണ് പ്രത്യേക അന്വേഷക സംഘം പ്രതിയെ കണ്ടെത്തിയതെന്ന സത്യം സേനക്കുള്ളിൽ പരസ്യമായ രഹസ്യമായിക്കഴിഞ്ഞു. ഇതിന്റെ ക്രഡിറ്റ് ഏ ഡി ജി പി സന്ധ്യയുടെ പേരിലായി എന്നുമാത്രം.

സംഭവം നടക്കുമ്പോൾ കുറുപ്പംപടി സി ഐ ആയിരുന്ന എൻ രാജേഷ്, എസ് ഐ ആയിരുന്ന സോണി മത്തായി എന്നിവർ കണ്ടെത്തിയ തെളിവുകൾക്കപ്പുറം എന്തെങ്കിലും കണ്ടെത്താൻ സന്ധ്യയുടെ നേതൃത്വത്തിലുണ്ടായിരുന്ന അന്വേഷണ സംഘത്തിനും സാധിച്ചില്ല എന്നാണ് ഇതുവരെ പുറത്ത് വന്ന വിവരങ്ങളിൽ നിന്നും വ്യക്തമായിട്ടുള്ളത്. ഒരു ജോഡി ചെരുപ്പ്, കത്തിയിലും മുറിയിലെ കതകിന്റെ ബോൾട്ടിലും കണ്ട രക്തക്കറ,കൊല്ലപ്പെട്ട ജിഷയുടേതല്ലാത്ത തലമുടി ,വസ്ത്രത്തിൽ പറ്റിപ്പിടിച്ചിരുന്ന ഉമിനീർ. ജിഷയുടെ നഖങ്ങൾക്കിടിൽ നിന്നും ലഭിച്ച തൊലിയുടെ അവശിഷ്ടങ്ങൾ എന്നിവയാണ് ആദ്യ ആന്വേഷക സംഘത്തിന് ലഭിച്ച തെളിവുകൾ. ഇവയിൽ നിന്നും ലഭിച്ച ഡി എൻ എ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി അമിറുൾ ഇസ്ലാം തന്നെയെന്ന പൊലീസ് സ്ഥരീകരിച്ചത്.

കൂലിപ്പണിക്ക് പോയ അമ്മ രാജേശ്വരി തിരികെ എത്തിയപ്പോഴായിരുന്നു ക്രൂരമായരീതിയിൽ ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. ദേഹത്ത് ചുരിദാറിന്റെ ടോപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്നേ ദിവസം പൊലീസ് സ്ഥലത്തെത്തിയെങ്കിലും മാധ്യമങ്ങളോട് ആദ്യം പറഞ്ഞത് ആത്മഹത്യയെന്നാണ്. ഇതോടെ പിറ്റേദിവസം മാധ്യമങ്ങളിൽ വന്നത് യുവതി കൊല്ലപ്പെട്ടു എന്ന് മാത്രം. പിന്നീട് ചിത്രം മാറി. കേരളം ചർച്ച ചെയ്യുന്ന രാഷ്ട്രീയ കൊലപാതകമായി ഇത് മാറി

കേസിന്റെ നാൾ വഴി ഇങ്ങനെ

2016 ഏപ്രിൽ 30: കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം, ജിഷയുടെ മരണം മാധ്യമങ്ങളിൽ സജീവ ചർച്ചയായതോടെയാണ് വിഷയം രാഷ്ട്രീയ നേതാക്കൾ ഏറ്റെടുത്തത്. ഇതോടെ കേസ് അന്വേഷണത്തിന് പെരുമ്പാവൂർ ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കുന്നതിൽ വീഴ്ച വരുത്തിയതായി ആരോപണം ഉയർന്നു. സമീപവാസികളുടെ മൊഴികൾ പ്രകാരം പൊലീസ് പ്രതിയുടേതെന്ന സംശയിക്കുന്ന ആളിന്റെ രേഖാചിത്രം താമസിയാതെ പുറത്ത് വിട്ടു.

2016 മെയ് 4: മൃതദേഹത്തിൽ 38 മുറിവുകളെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ജിഷയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം നടന്നു എന്നും ശരീരത്തിൽ 38 മുറിവുകളുണ്ടായിരുന്നു എന്നും ക്രൂരമായി കൊലപ്പെടുത്തിയെന്നും റിപ്പോർട്ട് പറയുന്നു. ആന്തരികാവയവങ്ങൾക്ക് ക്ഷതം സംഭവിച്ചിരുന്നു എന്നും റിപ്പോർട്ട്. ഇതോടെ കോളിളക്കം സൃഷ്ടിക്കുന്ന കേസായി ഇത് മാറി. കേസ് അന്വേഷിക്കുന്ന സംഘത്തിൽ നിന്ന് പെരുമ്പാവൂർ ഡിവൈ.എസ്‌പി അനിൽ കുമാറിനെ ഒഴിവാക്കി. പകരം ക്രൈംഡിറ്റാച്ച്മെന്റ് ഡിവൈ.എസ്‌പി എ.ബി ജിജിമോന് ചുമതല നൽകി. രേഖാചിത്രത്തിലെ സാമ്യത്തിന്റെ പേരിൽ ജിഷയുടെ അയൽക്കാരനെ പൊലീസ് കണ്ണൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തു.

2016 മെയ് 8: ജിഷയുടെ സഹോദരിയുടെ സുഹൃത്തിലേക്ക് അന്വേഷണം. പ്രതി ഇതരസംസ്ഥാന തൊഴിലാളിയെണെന്ന സൂചനകൾ ലഭിക്കുന്നു. മൃതദേഹത്തിലെ മുറിവുകൾ ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട കേസിലേതിന് സമാനമെന്ന കണ്ടെത്തൽ.അന്യ്‌സംസ്ഥാന നിർമ്മാണ തൊഴിലാളികൾ ധരിക്കുന്ന തരം ചെരിപ്പ് പൊലീസ് ജിഷയുടെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തു. ഈ ചെരുപ്പാണ് പിന്നീട് കേസ് അന്വേഷണത്തിൽ നിർണ്ണായകമായി.

2016 മെയ് 10: കൊലയാളി പല്ലിന് വിടവുള്ളയാൾ. ജിഷയെ കൊലപ്പെടുത്തിയത് മുൻനിരയിലെ പല്ലിന് വിടവുള്ളയാളെന്ന നിർണായക വിവരം പുറത്ത് വന്നു. ജിഷയുടെ മൃതദേഹത്തിൽ കണ്ട മുറിവിൽനിന്നാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. മുൻനിരയിൽ മുകളിലും താഴെയുമുള്ള നാല് പല്ലുകളാണ് ജിഷയുടെ

2016 മെയ് 14: ജിഷ വധക്കേസിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചു കൊണ്ട് കൊലയാളിയുടെ ഡി.എൻ.എ വിവരങ്ങൾ പൊലീസിന് ലഭിച്ചു. എന്നാൽ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളവരുടേതുമായി ഈ ഡി.എൻ.എ ചേരാത്തത് പൊലീസിന്റെ വഴി മുട്ടിച്ചു.

2016 മെയ് 16: ജിഷയുടെ ഘാതകരേത്തേടി പൊലീസ് ബംഗാളിലെ മൂർഷിദാബാദിലേക്ക് പോകുന്നു. കൊലപാതകം നടന്ന സ്ഥലത്തെ മെബൈൽ ഫോൺ രേഖകൾ പരിശോധിച്ചതിന് ശേഷമാണ് പൊലീസ് ബംഗാളിലേക്ക് പോകുന്നത്. പ്രതി നിർമ്മാണ തൊഴിലാളിയാണെന്ന് പൊലീസ് ഉറപ്പിക്കുന്നു.

2016 മെയ് 19: കേസുമായ് ബന്ധപ്പെട്ട് 10 പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു. ഡി.എൻ.എ പരിശോധന പരാജയപ്പെട്ടതോടെ പൊലീസ് വീണ്ടും ആശയക്കുഴപ്പത്തിൽ.

2016 മെയ് 28: നിലവിലുള്ള അന്വേഷണ സംഘത്തെ മാറ്റി എ.ഡി.ജി.പി. ബി. സന്ധ്യയുടെ നേതൃത്വത്തിൽ എട്ടംഗം സംഘത്തെ ജിഷ വധക്കേസ് ഏൽപ്പിക്കുന്നു.

2016 മെയ് 31: പെരുമ്പാവൂർ ജിഷ വധക്കേസിലെ ഡി.എൻ.എ പരിശോധനയിൽ കൂടുതൽ വ്യക്തത. ജിഷ കൊല്ലപ്പെട്ട മുറിയിൽ നിന്നും ലഭിച്ച ജിഷുടേതല്ലാത്ത രക്തക്കറയിലെ ഡി.എൻ.എയും വസ്ത്രത്തിൽനിന്ന് ലഭിച്ച ഉമിനീരിലെ ഡി.എൻ.എയും തമ്മിൽ ഘടനയിൽ സാമ്യമുണ്ടെന്നായിരുന്നു പരിശോധനാ ഫലം.

2016 ജൂൺ 2: ജിഷ കൊല്ലപ്പെട്ട കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ പുതിയ രേഖാചിത്രം പൊലീസ് പുറത്തു വിട്ടു. ഏകദേശം 5 അടി 7 ഇഞ്ച് ഉയരവും വെളുത്ത നിറവും മെലിഞ്ഞ ശരീരവും ചീകാത്ത മുടിയുമുള്ള ആളുടെ രേഖാചിത്രമാണ് പുറത്തു വിട്ടത്. രണ്ടാമത്തെ രേഖാചിത്രവും പുറത്തുവന്നതോടെ സംശയം തോന്നുന്ന ഇതരസംസ്ഥാനതൊഴിലാളികളെ നാട്ടുകാർ പിടികൂടി

2016 ജൂൺ 10: ജിഷ വധക്കേസിന്റെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കൊല നടത്തിയ പ്രതി എന്ന് കരുതുന്ന ആളിന്റെ വീഡിയോ ദൃശ്യം പൊലീസിന് ലഭിച്ചു. ജിഷയ്ക്ക് തൊട്ടുപിന്നിലായി പ്രതിയെന്ന് കരുതുന്ന മഞ്ഞഷർട്ടിട്ട ഒരു യുവാവും നടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ജിഷയുടെ വീടിന് സമീപത്തെ വളം വിൽപന കേന്ദ്രത്തിലെ സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.

2016 ജൂൺ 13: ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് വീടിന് പരിസരത്തുള്ള അന്യ സംസ്ഥാനക്കാരെ പൊലീസ് ചോദ്യം ചെയ്തു. 25-ഓളം പേരെ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. ജിഷയുടെ വീടിനു പരിസരത്ത്, സംഭവ ദിവസം ജോലി ചെയ്തിരുന്ന അന്യ സംസ്ഥാനക്കാരെയാണ് പരിശോധിച്ചത്. വീടിനടുത്ത സ്‌കൂളിലും ഈ ദിവസം നിർമ്മാണ പ്രവൃത്തികൾ നടക്കുന്നുണ്ടായിരുന്നു. പ്രതിയേക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭിക്കുന്നു.

2016 ജൂൺ 14: വിവരങ്ങൾ പ്രകാരം പ്രതിയെ പാലക്കാട് തമിഴ്‌നാട് - കേരള അതിർത്തിയിൽ നിന്ന് പ്രത്യേക സംഘം അറസ്റ്റ് ചെയ്യുന്നു. അസം സ്വദേശിയായ അമിറുളിനെയാണ് പിടികൂടിയത്. അന്ന് തന്നെ ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയ്ക്കുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുന്നു.

2016 ജൂൺ16: പ്രതിയെ പിടികൂടിയ വിവരം പുറത്തുവരുന്നു. പത്തു മണിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതി പിടിയിലായ വിവരം ശരിവെക്കുന്നു. തൊട്ടുപിന്നാലെ ഡി.എൻ.എ. പരിശോധനാഫലം പുറത്തു വന്നു. ഇതിൽ പ്രതി അമിറുൾ ഇസ്ലാം തന്നെയാണെന്ന് സ്ഥിരീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP