Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയലളിത ഉൾപ്പെട്ട അഴിമതി കേസിന് ഇനി വേഗം വയ്ക്കും; സമ്മർദ്ദത്തിന് വഴങ്ങിയ ജ്യൂഡീഷ്യറിക്ക് ഇനി വേഗത്തിൽ തീരുമാനം എടുക്കാം; അമ്മ വിടവാങ്ങിയതോടെ ശശികലയും വളർത്തു മകനും ഇനി ജയിൽ ജീവിതം ഉറപ്പ്

ജയലളിത ഉൾപ്പെട്ട അഴിമതി കേസിന് ഇനി വേഗം വയ്ക്കും; സമ്മർദ്ദത്തിന് വഴങ്ങിയ ജ്യൂഡീഷ്യറിക്ക് ഇനി വേഗത്തിൽ തീരുമാനം എടുക്കാം; അമ്മ വിടവാങ്ങിയതോടെ ശശികലയും വളർത്തു മകനും ഇനി ജയിൽ ജീവിതം ഉറപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ബംഗ്ലൂരൂ: സാധാരണക്കാരന് ലഭിക്കുന്ന നീതിയും ഉന്നതർക്ക് ലഭിക്കുന്ന നീതിയും രണ്ടും ഇന്ത്യയിൽ രണ്ടാണ്. ഈ ആക്ഷേപത്തെ ശരിവെക്കുന്ന തരത്തിലുള്ള വിധിയായിരുന്നു ജയലളിതയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കർണ്ണാടക ഹൈക്കോടതിയുടേത്. കർണ്ണാടക ഹൈക്കോടതിയുടെ ജയലളിതയെ കുറ്റവിമുക്തയാക്കിയത് രണ്ട് വാക്കിലായിരുന്നു. 'അപ്പീൽ അംഗീകരിച്ചിരിക്കുന്നു' ഇത് മാത്രമാണ് ജഡ്ജി പറഞ്ഞത്. അതും 10 സെക്കൻഡിൽ വിധി പറഞ്ഞു. 2015 മെയ്‌ 11ന് രാവിലെ ഒമ്പതരയോടെ കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് സി.ആർ. കുമാരസ്വാമി വിധി പറയാൻ കോടതിയിലെത്തി. കൃത്യം 10 മണിക്ക് തന്നെ അദ്ദേഹം രണ്ട് വാക്കിൽ ഏവരും ഉറ്റുനോക്കിയ വിധിയും പറഞ്ഞു. എന്തുകൊണ്ടായിരുന്നു ഇത്തരം വിധിയിലേക്ക് കാര്യങ്ങളെത്തിയതെന്ന് വ്യക്തമായിരുന്നു.

കീഴ്‌ക്കോടതി വിധിയോടെ ജയലളിത ജയിലിലായി. അന്ന് തമിഴ്‌നാട് കലാപത്തിന്റെ വക്കിലെത്തി. ഇനിയും അത്തരമൊന്ന് ഉണ്ടാകരുതെന്ന് ആരെക്കെയോ ആഗ്രഹിച്ചു. അതിന് അനുസരിച്ചുള്ള വിധിയും പുറത്തുവന്നു. ജയലളിതയെ തമിഴ്‌നാട് എത്രത്തോളം സ്‌നേഹിച്ചിരുന്നുവെന്ന് തിരിച്ചറിഞ്ഞുള്ള വിധി. ഇതോടെ ജയലളിത വീണ്ടും മുഖ്യമന്ത്രിയായി. എഐഎഡിഎംകെ വീണ്ടും തെരഞ്ഞെടുപ്പിൽ വിജയിച്ചു. അങ്ങനെ 2015 മേയിൽ കലാപം ഒഴിഞ്ഞു. ആറ് കോടതികളിലൂടെ കടന്നുപോയ വിചാരണയ്ക്ക് ശേഷം ജയലളിതയെ വിചാരണക്കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത് ഏറെ പ്രശ്‌നങ്ങളുമുണ്ടാക്കി. ഇത് മനസ്സിലാക്കിയായിരുന്നു ജയലളിതയെ കൂടാതെ കൂട്ടുപ്രതികളായ തോഴി ശശികല, ദത്തുപുത്രൻ വി എൻ സുധാകരൻ, ശശികലയുടെ സഹോദരൻ ജയരാമന്റെ ഭാര്യ ഇളവരശി എന്നിവരേയും കോടതി കുറ്റവിമുക്തരാക്കിയത്.

ജയലളിതയ്ക്ക് നാലുവർഷം തടവും നൂറു കോടി രൂപ പിഴയും മറ്റുള്ളവർക്ക് നാലു വർഷം തടവും പത്തുകോടി രൂപ പിഴയുമാണ് നേരത്തെ വിചാരണക്കോടതി വിധിച്ചത്. ഇവർക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നു കണ്ടെത്തിയാണ് ഹൈക്കോടതി വിചാരണക്കോടതിയുടെ വിധി തള്ളിക്കളഞ്ഞത്. എന്നാൽ ഇതിൽ അസാധാരണതയുണ്ടെന്ന വിലയിരുത്തൽ വന്നു. വിശദമായ വിധിയില്ലാത്തതു കൊണ്ട് തന്നെ സുപ്രീംകോടതിയിൽ കേസു പോയാൽ ജയലളിത വീണ്ടും ശിക്ഷിക്കപ്പെടുമെന്ന വാദവും സജീവമായി. എന്നാൽ തമിഴ്‌നാടിനെ കലാപത്തിലേക്ക് തള്ളിവിടാൻ സാധ്യതയുള്ള ഈ കേസിൽ സുപ്രീംകോടതി അന്തിമ തീരുമാനം ഇനിയും പ്രഖ്യാപിച്ചില്ല. ഇപ്പോൾ ജയലളിത വിടവാങ്ങിയിരിക്കുന്നു. ഇനി ഈ കേസിൽ അമ്മ എന്ന വികാരം തമിഴ്‌നാട്ടിൽ ഉയരില്ല. അതുകൊണ്ട് തന്നെ അപ്പീൽ സുപ്രീംകോടതി താമസിയാതെ പരിഗണിക്കും.

അതായത് അഴിമതിക്കേസിൽ ജയലളിതയുടെ കൂട്ടുപ്രതികളായ തോഴി ശശികല, ദത്തുപുത്രൻ വി എൻ സുധാകരൻ, ശശികലയുടെ സഹോദരൻ ജയരാമന്റെ ഭാര്യ ഇളവരശി എന്നിവർക്ക് കടുത്ത അഗ്നി പരീക്ഷയാകും വരും ദിനങ്ങൾ. കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ശശികലയ്ക്കും കൂട്ടർക്കും വീണ്ടും ജയിലിൽ പോകേണ്ടി വരും. സുബ്രഹ്മണ്യം സ്വാമിയാണ് ഈ ചെന്നൈയിലെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഈ കേസിന് ആധാരമായ ഹർജി നൽകിയത്. 1996 ജൂൺ 14നായിരുന്നു ഇത്. അതേവർഷം സപ്തംബർ 18ന് ചെന്നൈ പൊലീസ് ഈ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. 1991നും 96നുമിടയിൽ ജയലളിത ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചുവെന്നാണ് കേസ്. പിന്നീട് ഈ കേസ് കർണ്ണാടകയിലേക്ക് മാറ്റി. നീതി പൂർവ്വകമായ വിചാരണ ഉറപ്പുവരുത്താനായിരുന്നു ഇത്.

മുഖ്യമന്ത്രിയായപ്പോൾ ശമ്പളമായി ഒരു രൂപയേ കൈപ്പറ്റുകയുള്ളൂവെന്ന് ജയലളിത പ്രഖ്യാപിച്ചിരുന്നു. ഈ കാലയളവിൽ ജയലളിത സമ്പാദിച്ച സ്വത്തുക്കൾ അനധികൃതമാണെന്നായിരുന്നു കേസിൽ പ്രോസിക്യൂഷൻ വാദിച്ചത്. തമിഴ്‌നാട്ടിൽ പലയിടത്തുമായുള്ള ഭൂമി, ഹൈദരാബാദിലും ചെന്നൈയിലുമുള്ള ഫാംഹൗസുകൾ, നീലഗിരിയിലെ തേയിലത്തോട്ടം എന്നിവ സമ്പാദിച്ചതിന് വ്യക്തമായ സാമ്പത്തിക ഉറവിടങ്ങൾ തെളിയിക്കാൻ ജയലളിതയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഇത് ശരിവച്ചാണ് കീഴ് കോടതി ജയലളിതയ്ക്ക് ശിക്ഷ വിധിച്ചത്. ഈ വിധിയാണ് ചുരുങ്ങിയ സമയം കൊണ്ട് റദ്ദാക്കപ്പെട്ടത്. അതേസമയം വിധി പുറത്തുവന്നതിൽ സുബ്രഹ്മണ്യം സ്വാമി ഞെട്ടൽ രേഖപ്പെടുത്തി. വിധിക്കെതിരെ കർണ്ണാടക സർക്കാർ അപ്പീലും നൽകി.

എന്നാൽ മലയാളികൾ അടക്കമുള്ളവർ സോഷ്യൽ മീഡിയയിലൂടെ കോടതി വിധിയെ വിമർശിക്കുകയാണ് ചെയ്തത്. കോടതി വിധി ഇന്ത്യൻ ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. പാവപ്പെട്ടവനും ധനികനും രണ്ട് നീതിയെന്ന് ഒരിക്കൽകൂടി തെളിഞ്ഞെന്നും ഫേസ്‌ബുക്കിലൂടെ പലരും അഭിപ്രായപ്പെട്ടു. പ്രോസിക്യൂഷൻ വാദമൊന്നും പരിഗണിക്കാത്ത വെറും രണ്ടു വാചകങ്ങളിലെ വിധി പ്രസ്താവം പുതിയ നിയമചർച്ചകൾക്കും വഴിവച്ചു. കേസിലെ വിധി മെയ് 12ന് മുമ്പ് പുറപ്പെടുവിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിധി പറഞ്ഞത്. 2014 സെപ്റ്റംബർ 27നാണ് ജയലളിതയേയും മറ്റ് മൂന്ന് പേരേയും നാല് വർഷത്തെ തടവിന് ശിക്ഷിച്ചത്. ഈ വിധിക്കെതിരെയാണ് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിത അപ്പീൽ നല്കിയതാണ് അംഗീകരിച്ചത്.

ജയലളിതയെന്ന വികാരമായിരുന്നു ഈ വിധിയിലേക്ക് കാര്യങ്ങളെത്തിച്ചത്. ജയ വിടവാങ്ങുമ്പോൾ കേസ് സജീവമാക്കാൻ സുബ്രഹ്മണ്യം സ്വാമി വീണ്ടും എത്തും. അതുകൊണ്ട് തന്നെ വിചാരണ അധികം നീണ്ടു പോകാനിടയില്ല. വിചാരണകോടതിയുടെ വാദങ്ങൾ സുപ്രീംകോടതി കേൾക്കുമ്പോൾ അന്തരിച്ച ഒന്നാം പ്രതിയ്‌ക്കെതിരെയുള്ള കുറ്റങ്ങൾ അപ്രസക്തമാകും. എന്നാൽ രണ്ടും മൂന്നും നാലും പ്രതികൾക്ക് എതിരയുള്ള കുറ്റങ്ങൾ അതുകൊണ്ട് അവസാനിക്കില്ല. ഇത് സുപ്രീംകോടതി ശരിവച്ചാൽ ശശികലയുടേയും മറ്റ് പ്രതികളുടേയും കാര്യം അവതാളത്തിലാകും. ജയലളിതയുടെ പിൻഗാമിയായി അണ്ണാ ഡിഎംകെ പിടിക്കാനൊരുങ്ങുന്ന ശശികലയ്ക്ക് മുന്നിലെ പ്രധാന വെല്ലുവിളിയാണ് ഈ കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP