Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗ്രൂപ്പ് വൈരം മറന്ന് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ചു ശ്രമിച്ചിട്ടും ഡേവിഡ് ലാലിയുടെ വിധി രണ്ടു കൊല്ലം അകത്ത് കിടക്കാൻ; മജിസ്‌ട്രേറ്റ് കോടതി മുതൽ സുപ്രീം കോടതി വരെ ശിക്ഷിച്ചിട്ടും ഒറ്റ ദിവസം ജയിലിൽ കിടക്കാതെ നേതാക്കൾ ഊരിയെടുത്ത നേതാവിന്റെ ശിക്ഷാഇളവ് ഹൈക്കോടതി റദ്ദ് ചെയ്തു: മുഖ്യമന്ത്രിയുടെ സിഡി തേടി പോയ ഓബി വാനുകൾ മാത്രം ഇതൊന്നും അറിഞ്ഞില്ല

ഗ്രൂപ്പ് വൈരം മറന്ന് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ചു ശ്രമിച്ചിട്ടും ഡേവിഡ് ലാലിയുടെ വിധി രണ്ടു കൊല്ലം അകത്ത് കിടക്കാൻ; മജിസ്‌ട്രേറ്റ് കോടതി മുതൽ സുപ്രീം കോടതി വരെ ശിക്ഷിച്ചിട്ടും ഒറ്റ ദിവസം ജയിലിൽ കിടക്കാതെ നേതാക്കൾ ഊരിയെടുത്ത നേതാവിന്റെ ശിക്ഷാഇളവ് ഹൈക്കോടതി റദ്ദ് ചെയ്തു: മുഖ്യമന്ത്രിയുടെ സിഡി തേടി പോയ ഓബി വാനുകൾ മാത്രം ഇതൊന്നും അറിഞ്ഞില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിശപ്പ് സഹിക്കാനാവാതെ റൊട്ടി മോഷ്ടിച്ചാൽ പാവങ്ങളെ തടവിലാക്കുന്ന നാട്ടിൽ ഒരു ക്രിമിനലിനെ മജിസ്‌ട്രേറ്റ് കോടതി മുതൽ സുപ്രീം കോടതി വരെ ശിക്ഷിച്ചിട്ടും ഒരു ദിവസം പോലും ജയിലിൽ കിടക്കാതെ രക്ഷിച്ചതിനെതിരെ കഴിഞ്ഞ വർഷം മറുനാടൻ മലയാളി നടത്തിയ സന്ധിയില്ലാ നിലപാട് വായനക്കാർ ഓർക്കുന്നുണ്ടാവും. ഡേവിഡ് ലാലി എന്ന കോൺഗ്രസ് നേതാവിനോട് മറുനാടന് വൈരാഗ്യം ആണ് എന്ന് പറഞ്ഞ് അന്ന് അക്രമിച്ചവർ ഏറെയാണ്. ഡേവിഡ് ലാലി എന്ന ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും വിശ്വസ്തനെ പക്ഷേ ഹൈക്കോടതി തുണച്ചില്ല. സർക്കാരിൽ നിഷിപ്തമായ അധികാരം ഉപയോഗിച്ച് വെറുതെ വിട്ടിട്ടും അത് റദ്ദ് ചെയ്ത് ജസ്റ്റിസ് കമാൽ പാഷ നീതി നടപ്പിലാക്കിയിരിക്കുകയാണ്. ബിജു രാധാകൃഷ്ണന്റെ സോളാർ സിഡിയുടെ പിന്നാലെ പോയ ഓബി വാനുകൾ ഇത് അറിഞ്ഞില്ലെന്ന് മാത്രം.

സുപ്രീം കോടതിവരെ ശരിവച്ച തടവുശിക്ഷ ഒഴിവാക്കിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. നെയ്യാറ്റിൻകര സ്വദേശിയും മുഖ്യമന്ത്രിയുടെ അടുത്ത അനുയായിയും കോൺഗ്രസ് പ്രവർത്തകനുമായ ഡേവിഡ് ലാലിയുടെ തടവുശിക്ഷ ഒഴിവാക്കി പിഴചുമത്താനുള്ള സർക്കാർ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഈ നടപടി നിയമവിരുദ്ധമെന്നു ജസ്റ്റിസ് ബി കമാൽപാഷ് വ്യക്തമാക്കി. സർക്കാർ നടപടി സ്വേച്ഛാപരമാണെന്നും ശിക്ഷയിളവിന് ശുപാർശചെയ്ത മുൻ നിയമസെക്രട്ടറി രാമരാജ പ്രേമ പ്രസാദിന്റെ നടപടി നിയമാനുസൃതമല്ലെന്നും കോടതി വ്യക്തമാക്കി. നിയമസെക്രട്ടറിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഡേവിഡ് ലാലിയുടെ രണ്ടുവർഷത്തെ കഠിനതടവ് ഒഴിവാക്കി ഒരുലക്ഷം രൂപ പിഴചുമത്താനുള്ള മുഖ്യമന്ത്രിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. സർക്കാർ തീരുമാനം ചോദ്യംചെയ്തുള്ള രണ്ടു ഹർജി പരിഗണിച്ചാണ് ഉത്തരവ്. യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി ശിക്ഷിച്ചത്. വിചാരണക്കോടതിയുടെ ഉത്തരവ് പിന്നീട് സെഷൻസ് കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചു.

1994 ലായിരുന്നു ഹൈക്കോടതി ഉത്തരവ്. ആരോഗ്യകാരണങ്ങളാലും പ്രതിക്ക് മറ്റു ക്രിമിനൽപശ്്ചാത്തലമില്ലാത്തതിനാലുമാണ് ശിക്ഷായിളവ് നൽകിയതെന്നായിരുന്നു സർക്കാർ വിശദീകരണം. സർക്കാരിന്റെ വാദം നിലനിൽക്കുന്നതല്ലെന്നും മറ്റ് അഞ്ച് ക്രിമിനൽക്കേസിൽക്കൂടി ഇയാൾ പ്രതിയാണെന്നും 2013ലെ ജയിൽ മെഡിക്കൽ ബോർഡിന്റെ പരിശോധനാ റിപ്പോർട്ട് സംശയകരമാണെന്നും കോടതി പറഞ്ഞു. ഡേവിഡ് ലാലി ശിക്ഷാ ഇളവിന് അർഹനല്ലെന്ന് ആഭ്യന്തര സെക്രട്ടറിയുടെ വിലയിരുത്തൽ മറികടന്ന് ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും നേരിട്ട് ഇടപെട്ട് ഇയാളെ ശിക്ഷയിൽ നിന്നും ഒഴിവാക്കിയത്. ശിക്ഷായിളവ് അനുവദിക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്വന്തം കൈപ്പടയിൽ എഴുതിയ രേഖയും ഹർജിക്കാരൻ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ രേഖ മറുനാടൻ മലയാളിയും നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഇതെല്ലാം പരിശോധിച്ചാണ് കോടതിയുടെ ഉത്തരവ്. ഈ വിഷയത്തിൽ മറുനാടൻ എടുത്ത നിലപാട് അംഗീകരിക്കുക കൂടിയാണ് ഹൈക്കോടതി.

ക്രിമിനൽകുറ്റത്തിന് 1987ൽ ജാമ്യമില്ലാ വകുപ്പിൽ മലയിൻകീഴ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി ഡേവിഡ് ലാലിക്കാണ് സർക്കാരിന്റെ ഇളവ് ലഭിച്ചത്. ക്രിമിനൽ കേസിൽ സുപ്രീംകോടതി ശരിവച്ച തടവുശിക്ഷയാണ് സംസ്ഥാന സർക്കാർ റദ്ദാക്കിയത്. കോടതി വിധിച്ച രണ്ടുവർഷം കഠിനതടവിനുപകരം, വെറും ഒരുലക്ഷം രൂപ പിഴ ഈടാക്കി പ്രതിയെ രക്ഷപെടുത്തി. ആഭ്യന്തരവകുപ്പ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരുടെ എതിർപ്പ് മറികടന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചേർന്ന് ഫയൽ തീർപ്പാക്കുകയായിരുന്നു. ഇക്കാര്യം മറുനാടൻ മലയാളിയാണ് ആദ്യം പുറത്തു കൊണ്ടുവന്നത്. ഇതേ തുടർന്ന് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഉത്തരവ്. ഇയാൾക്ക് നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതി 1990ൽ ഇയാൾക്ക് രണ്ടു വർഷം തടവും 1000 രൂപ പിഴയും വിധിച്ചിരുന്നു. ഇതിനെതിരെ തിരുവനന്തപുരം ജില്ലാ കോടതിയിലും ഹൈക്കോടതിയിലും അപ്പീൽ നൽകിയെങ്കിലും തള്ളി. സുപ്രീംകോടതിയും ശിക്ഷ ശരിവച്ചു. എന്നാൽ 26 വർഷത്തിനിടെ ഒരു ദിവസംപോലും പ്രതി തടവുശിക്ഷ അനുഭവിച്ചില്ല . ഇതിനിടെ ശിക്ഷ റദ്ദാക്കാൻ സർക്കാരിനെ സമീപിക്കുകയും ചെയ്തു.

സിആർപിസി 433 ഡി ചട്ടപ്രകാരം ശിക്ഷകൾ റദ്ദാക്കാൻ സർക്കാരിന് അധികാരമുണ്ട് . തീർത്തും ഒഴിവാക്കാനാകാത്ത കേസുകളിൽ നിയമവശങ്ങൾ കൂടി പരിഗണിച്ചുവേണം ഇത് എന്നാണ് ചട്ടം. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഡേവിഡ് ലാലി നൽകിയ അപേക്ഷ പരിശോധിച്ച ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥർ അപേക്ഷ അനുവദിക്കരുതെന്ന് വ്യക്തമാക്കി ഫയൽ മടക്കി. പ്രമേഹം തുടങ്ങിയ അസുഖങ്ങളാണ് ഡേവിഡ് ചൂണ്ടിക്കാട്ടിയതെങ്കിലും ഗുരുതര രോഗങ്ങളുള്ള നിരവധിപേർക്ക് ജയിലുകളിൽ ചികിത്സനൽകുന്നുണ്ടെന്ന് ആഭ്യന്തരസെക്രട്ടറി ചൂണ്ടിക്കാട്ടി. സ്വകാര്യാശുപത്രിയിലെ മെഡിക്കൽ സർട്ടിഫിക്കറ്റാണ് ഡേവിഡ് ഹാജരാക്കിയത്. ഇത് സ്വീകരിക്കാനാകില്ലെന്നും ആഭ്യന്തര സെക്രട്ടറി അറിയിച്ചു. ഇതിനിടെ, ഇയാളുടെ അപ്പീൽ സുപ്രീംകോടതി തള്ളുകയും ചെയ്തു. എന്നാൽ പ്രതി കീഴടങ്ങിയില്ല, ഒരുദിനം പോലും തടവിൽ കഴിഞ്ഞിട്ടില്ല എന്നീ കാരണങ്ങൾ വ്യക്തമാക്കി ശിക്ഷ റദ്ദാക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് മുൻ ആഭ്യന്തര സെക്രട്ടറി നിവേദിത പി ഹരൻ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

ഇതെത്തുടർന്നാണ് ഫയൽ നിയമ വകുപ്പിന്റെ പരിഗണനയ്ക്ക് വിട്ടത്. എന്നാൽ, ശിക്ഷ റദ്ദാക്കുന്നതിൽ നിയമ തടസമില്ലെന്ന ഉപദേശമാണ് നിയമ വകുപ്പ് നൽകിയത്. ഈ അഭിപ്രായം ശരിവച്ച് ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും ചേർന്ന് ഫയൽ തീർപ്പാക്കുകയായിരുന്നു. 1987ൽ തിരുവനന്തപുരത്തെ മലയിൻകീഴിൽ നടന്ന സംഭവമാണ് കേസിന് ആധാരമായത്. മലയംകീഴ് പൊലീസ് സ്‌റ്റേഷനിലാണ് ഡേവിഡ് ലാലി ഒന്നാം പ്രതിയായി കേസ് രജിസ്റ്റർ ചെയ്തത്. പിഴവൂർ സ്വദേശിയായ യോഹന്നാൻ ജോർജ്കുട്ടിയെ സോഡാക്കുപ്പികൊണ്ട് മുഖത്തടിച്ചു ഗുരുതരമായി പരുക്കേൽപ്പിക്കുകയാരുന്നു. കോടതി വിധി വന്നിട്ടും കൺമുമ്പിലുണ്ടായിരുന്ന പ്രതിയെ അറസ്റ്റു ചെയ്യാൻ പൊലീസും തയ്യാറായില്ല. പിടികിട്ടാപുള്ളിയായി കഴിഞ്ഞ ഡേവിഡ് ലാലി ശിക്ഷിയിൽ നിന്നും ഒഴിവാക്കാൻ രാഷ്ട്രീയ സുഹൃത്തുക്കളുടെ ഒത്താശയോടെ കുറുക്കുവഴി തേടുകയായിരുന്നു. രാഷ്ട്രീയ സ്വാധീനം കൂടിയായതോടെ കാര്യങ്ങൾ വേഗത്തിൽ മുന്നോട്ടുനീങ്ങി.

രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് ഒടുവിൽ ശിക്ഷ റദ്ദാക്കാമെന്നും ഒരു ലക്ഷം രൂപ പിഴ മതിയാകുമെന്നും തീരുമാനമായി. ഇത് മുഖ്യമന്ത്രി സ്വന്തം കൈപ്പടയിൽ ഫയലിൽ കുറിക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും അംഗീകരിച്ചതോടെ ഒരു ദിവസം പോലും ജയിലിൽ കഴിയാതെ ഡേവിഡ് ലാലി രക്ഷപ്പെട്ടുന്ന സ്ഥിതി വന്നു. ഗുരുതരരോഗം ബാധിച്ച് എഴുന്നേൽക്കാൻ പോലുമാവാതെ ജയിലിൽ കഴിയുന്ന തടവുകാർക്ക് ലഭിക്കാത്ത ആനുകൂല്യമാണ് രാഷ്ട്രീയ പിൻബലത്തിന്റെ പേരിൽ മാത്രം അനുവദിക്കപ്പെട്ടത്. വിഡി സതീശൻ എംഎൽഎയുടെ പ്രത്യേക താൽപ്പര്യമാണ് ലാലിയെസംരക്ഷിക്കാൻ സർക്കാർ രംഗത്തെത്തിയതെന്ന ആരോപണവും ഉയർന്നു.

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷാരോൺ ഡിസ്ട്രിബ്യൂട്ടേഴ്‌സ് എന്ന കമ്പനിയുടെ സിഎംഡിയാണ് ഡേവിഡ് ലാലി. ഗ്രാൻഡ് കേരളാ ഷോപ്പിങ് ഫെസിറ്റിവലിന്റെ ആറാമത് സീസണിൽ കോടികളുടെ വെട്ടിപ്പ് നടത്തിയെന്ന ആരോപണം ഉയർന്ന കമ്പനിയാണ് ഡേവിഡ് ലാലിയുടെ ഷാരോൺ. അഴിമതി ആരോപണങ്ങളെ തുടർന്ന് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഏഴാം സീസണിൽ നിന്നും ഷാരോണിനെ മാറ്റി നിർത്തിയിരുന്നു. എന്നാൽ വെട്ടിപ്പുകഥകൾ എല്ലാം മറന്ന് വീണ്ടും ഫെസ്റ്റിവലിൽ കമ്പനിയെയും ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് ഡേവിഡ് ലാലിയെ പൂർണ്ണമായും മോചിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതും.

ഗ്രാൻഡ് കേരളാ ഷോപ്പിങ് ഫെസ്റ്റിവൽ വിജയികൾക്ക് നൽക്കുന്ന സമ്മാനങ്ങൾ കേരളത്തിന്റെ തനത് ഉൽപ്പന്നങ്ങൾ ആവണമെന്നിരിക്കേ ചൈനിസ് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്ത് തട്ടിപ്പു നടത്തിയെന്ന ആരോപണമാണ് ഷാരോൺ ഡിസ്ട്രിബ്യൂട്ടേഴ്‌സിനെതിരെ ഉയർന്നത്. ആറാം സീസണിലെ ഓഡിറ്റിംഗിൽ ഡേവിഡ് ലാലിയുടെ കമ്പനി പ്രതിക്കൂട്ടിലായിരുന്നു. എന്നാൽ ഇതെല്ലാം മറന്നും ഇവരെ തന്നെ എട്ടാം സീസണിന്റെ കൂപ്പൺ വിതരണത്തിനായി സർക്കാർ ഏൽപ്പിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ മന്ത്രി അനിൽ കുമാറിനെതിരെയും ആരോപണമുണ്ട്. നേരത്തെ പട്ടികജാതി വിഭാഗത്തിലുള്ള കുട്ടികൾക്ക് സൗജന്യമായി സൈക്കിൾ വിതരണം ചെയ്യുന്ന കാര്യത്തിൽ സഹായത്തിന് പട്ടികജാതി ക്ഷേമ വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന ടൂറിസം മന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു. ഇതിന് ശുപാർശ ചെയ്തത് വി ഡി സതീശൻ എംഎൽഎ ആണെന്ന ആരോപണം ഉയർന്നിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP