Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തലസ്ഥാനത്തെ അട്ടക്കുളങ്ങര വനിതാ ജയിൽ ചാട്ടത്തിൽ രണ്ടു തടവുകാർക്ക് 10 മാസം കഠിന തടവ് ശിക്ഷ; കൂട്ടു പ്രതികളെ നവംബർ 30 ന് ഫോർട്ട് സി ഐ ഹാജരാക്കാൻ കോടതി ഉത്തരവ്

തലസ്ഥാനത്തെ അട്ടക്കുളങ്ങര വനിതാ ജയിൽ ചാട്ടത്തിൽ രണ്ടു തടവുകാർക്ക് 10 മാസം കഠിന തടവ് ശിക്ഷ; കൂട്ടു പ്രതികളെ നവംബർ 30 ന് ഫോർട്ട് സി ഐ ഹാജരാക്കാൻ കോടതി ഉത്തരവ്

അഡ്വ നാഗരാജ്‌

തിരുവനന്തപുരം: തലസ്ഥാനത്തെ അട്ടക്കുളങ്ങര വനിതാ ജയിൽ ചാടിയ കേസിൽ രണ്ടു തടവുകാർക്ക് തിരുവനന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി പത്തു മാസം കഠിന തടവിന് ശിക്ഷ വിധിച്ചു. രണ്ടു കൂട്ടു പ്രതികളെ നവംബർ 30 ന് കോടതിയിൽ ഹാജരാക്കാൻ ഫോർട്ട് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോട് കോടതി ഉത്തരവിട്ടു. തടവ് ചാടിയ കേസിൽ ഒന്നും മൂന്നും പ്രതികളായ മോഷണക്കേസ് പ്രതി വർക്കല തച്ചോട് അച്യുതൻ മുക്ക് സജി വിലാസത്തിൽ സന്ധ്യ എന്ന സരിത , റിമാന്റ് പ്രതികളായ സന്ധ്യയെയും ശിൽപയെയും തടവ് ചാടാൻ സഹായിച്ച സഹതടവുകാരിയും മകളെ കൊലപ്പെടുത്തിയ കേസിൽ റിമാന്റിൽ കഴിയുന്ന പ്രതിയുമായ ആതിര എന്നീ രണ്ടു പ്രതികളെയാണ് കോടതി കഠിന തടവിന് ശിക്ഷിച്ചത്.

ജയിൽ ചാട്ട കേസിൽ രണ്ടാം പ്രതിയും മോഷണക്കേസ് റിമാന്റ് പ്രതിയുമായ പാങ്ങോട് കല്ലറ കഞ്ഞി നട തേക്കുംകര പുത്തൻവീട്ടിൽ ശിൽപ മോൾ , നാലാം പ്രതിയും തടവു ചാടിയ സന്ധ്യയുടെ സുഹൃത്തും സന്ധ്യക്കും ശിൽപ്പക്കും ഒളിത്താവളങ്ങൾ ഒരുക്കിയും സാമ്പത്തിക സഹായം ചെയ്തയാളും അനവധി കേസുകളിൽ പ്രതിയുമായ വർക്കല സ്വദേശി മൊട്ട എന്ന ബിജു എന്നിവരെയാണ് നവംബർ 30 ന് ഹാജരാക്കാൻ ഫോർട്ട് സി ഐ ക്ക് കോടതി നിർദ്ദേശം നൽകിയത്.

2019 ജൂൺ 25 ചൊവ്വാഴ്ച രാത്രിയിലാണ് രണ്ടു വനിതാ തടവുകാർ ജയിൽ ചാടിയത്. മോഷണക്കേസിൽ വിചാരണ തടവുകാരായി റിമാന്റിൽ കഴിയുകയായിരുന്നു സന്ധ്യയും ശിൽപ്പയും. ജയിൽ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ തയ്യൽ ജോലിക്ക് പോയപ്പോൾ പരിസരം നിരീക്ഷിച്ച് ജയിൽ ചാടാനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. ഇവരുടെ ജാമ്യഹർജി കോടതി തള്ളിയിരുന്നു.ഇവരെ ജാമ്യത്തിലേൽക്കാൻ ജാമ്യക്കാരുമുണ്ടായിരുന്നില്ല. അടുത്തെങ്ങും ജയിൽ മോചനം ഉണ്ടാകില്ലെന്ന ഭയം കാരണമാണ് തടവുചാടിയത്.

ജയിൽ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്ന് നോക്കിയപ്പോൾ ജയിലിന്റെ പിൻവശം മതിലിന് ഉയരം കുറവുള്ളതായി മനസ്സിലായി. സമീപത്ത് തന്നെ മാലിന്യ കൂമ്പാരവും ഉയർന്നു കാണപ്പെട്ടു. ഒരാഴ്ചയിലേറെ ഇരുവരും പരിസരം നിരീക്ഷിച്ചു. ജയിൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധ കുറയുന്ന സമയവും മനസിലാക്കി. സഹ തടവുകാരിയായ കൊലക്കേസ് പ്രതി ആതിരയിൽ നിന്ന് സംഘടിപ്പിച്ച സാരിയുപയോഗിച്ചാണ് ജയിൽ ചാടിയത്. ജയിൽ വളപ്പിലെ ബയോഗ്യാസ് കുഴിയുടെ മൂടി തുറക്കാനുപയോഗിക്കുന്ന കമ്പിപ്പാരയിൽ സാരി ചുറ്റി മതിലിൽ ചാരി വച്ച് ചവർ കൂനയിൽ ചവിട്ടി മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. സാരിയും മറ്റു സഹായങ്ങളും ഒത്താശയും ചെയ്തു നൽകിയത് സഹതടവുകാരിയും മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായ ആതിരയായിരുന്നു.

ജയിൽ ചാടിയ ഇരുവരും ചൊവ്വാഴ്ച രാത്രി ഏഴരയോടെ ഓട്ടോറിക്ഷയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എസ്.എ.റ്റി. ആശുപത്രിയിലെത്തി. കൈയിൽ പണമില്ലാത്തതിനാൽ ബന്ധുവിന്റെ കൈയിൽ നിന്ന് പണം വാങ്ങി വരാമെന്ന് ഓട്ടോ ഡ്രൈവറോട് പറഞ്ഞ് ആശുപത്രിക്കുള്ളിലേക്ക് കയറിപ്പോയ ഇരുവരും പിന്നീട് മടങ്ങിയെത്തിയില്ല. തുടർന്ന് സുഹൃത്തായ ബിജുവാണ് ബൈക്കിൽ വർക്കലയിലേക്ക് കൊണ്ടുപോയത്. ജയിൽ വസ്ത്രത്തിൽ കണ്ടാൽ പിടിക്കപ്പെടുമെന്ന് ബിജു പറഞ്ഞതു പ്രകാരം ഇരുവരും രോഗികളുടെ ഒപ്പം വന്ന കൂട്ടിരിപ്പുകാരുടെ വസ്ത്രം മോഷ്ടിച്ച് വേഷം മാറിയത്. രാത്രിയോടെ വർക്കലയിലെത്തിയ സന്ധ്യക്കും ശിൽപക്കും സന്ധ്യയുടെ വീടിനു സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിന്റെ ടെറസിൽ ഉറങ്ങാൻ സൗകര്യമൊരുക്കിക്കൊടുത്തതും ഭക്ഷണം വാങ്ങി നൽകിയതും ബിജുവായിരുന്നു. പൊലീസ് വർക്കലയിൽ തിരച്ചിൽ നടത്തുന്നുണ്ടെന്ന് അറിഞ്ഞതോടെ ബിജു ഇരുവരെയും സ്ഥലത്ത് നിന്നും മാറ്റി. പുലർച്ചെ തന്നെ ചെലവിനായി അഞ്ഞൂറു രൂപയും നൽകി കാപ്പിൽ റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കി.

ട്രെയിനിൽ വർക്കലക്ക് കടക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ റെയിൽവേ സ്റ്റേഷനിൽ പൊലീസ് എത്തിയതോടെയും സ്റ്റേഷൻ മാസ്റ്റർ ഇവരെ തിരിച്ചറിഞ്ഞതായി സംശയം തോന്നിയതിനാലും ഇരുവരും അവിടെ നിന്ന് രക്ഷപ്പെട്ടു. ഇവർ ഓട്ടോയിൽ അയിരൂരിലും തുടർന്ന് കൊല്ലം പാരിപ്പള്ളിയിലേക്കും പോയി. യാത്രാമധ്യേ ഓട്ടോ ഡ്രൈവർ ബാഹുലേയന്റെ ഫോണിൽ നിന്ന് ശിൽപ്പ ആദ്യം സഹോദരനെ വിളിച്ച് പണവും മറ്റു സഹായങ്ങളും അഭ്യർത്ഥിച്ചെങ്കിലും സഹോദരൻ തയ്യാറായില്ല. തുടർന്ന് കാമുകൻ രാഹുലിനെ വിളിച്ചു. പാലോട് വന്നാൽ സഹായിക്കാമെന്ന മറുപടിയാണ് രാഹുൽ നൽകിയത്. സംശയം തോന്നിയ ഓട്ടോ ഡ്രൈവർ ബാഹുലേയൻ യുവതികൾ പാരിപ്പള്ളിയിൽ ഇറങ്ങിയ ശേഷം രാഹുലിന്റെ ഫോണിലേക്ക് വിളിച്ചപ്പോൾ തടവുചാടിയ യുവതികളാണെന്ന് വെളിപ്പെടുത്തി. ബാഹുലേയൻ വിവരം പൊലീസിനെ അറിയിച്ചു.

തുടർന്ന് പാരിപ്പള്ളിയിൽ സെക്കൻഡ് ഹാൻഡ് ഇരുചക്രവാഹനം വിൽക്കുന്ന കടയിലേക്ക് ചെന്ന ജയിൽപുള്ളികൾ വണ്ടി വാങ്ങുന്നതിനെത്തിയതാണെന്ന് പറഞ്ഞ് ടെസ്റ്റ് ഡ്രൈവിനെന്ന വ്യാജേന പ്ലഷർ സ്‌കൂട്ടർ തട്ടിയെടുത്ത് അതുമായി പാലോടിലേക്ക് തിരിച്ചു. സമയം വൈകിയും സ്‌കൂട്ടറും ആളെയും കാണാത്തതിനെ തുടർന്ന് ബൈക്ക് വിൽപ്പനക്കാർ അറിയിച്ചതിനെ തുടർന്ന് പാരിപ്പള്ളി പൊലീസും അന്വേഷണമാരംഭിച്ചു.

കാമുകൻ രാഹുലിനെ പാലോട് പൊലീസ് ചോദ്യം ചെയ്തപ്പോൾ യുവതികൾ പാലോട് ശിൽപയുടെ വീട്ടിലെത്തുമെന്ന ധാരണ ലഭിച്ചു. ഇതിനിടെ ശിൽപയെ പരിചയമുള്ള പാലോട് സ്വദേശി ഇവരെ കണ്ടതായി പാലോട് പൊലീസിനെ അറിയിച്ചു. തുടർന്ന് പാലോട് പൊലീസും പാങ്ങോട് പൊലീസും ചേർന്ന് കോളനിയിലെത്തി. ഇരുവരെയും മോഷ്ടിച്ച സ്‌ക്കൂട്ടറും കസ്റ്റഡിയിലെടുത്തു. മോഷ്ടിച്ച വാഹനത്തിന്റെ നമ്പരിൽ ഇവർ മാറ്റം വരുത്തുകയും ചെയ്തിരുന്നു. ബൈക്ക് മോഷണത്തിന് പാരിപ്പള്ളി പൊലീസും ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 225 (ബി) ( നിയമാനുസൃതമുള്ള കസ്റ്റഡിയിൽ വച്ചയാളെ രക്ഷപ്പെടുത്തുക) , 216 (നിയമാനുസൃത കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുകയും പിടിക്കുന്നത് തടയണമെന്ന ഉദ്ദേശ്യത്തോടെ സംശ്രയം നൽകുകയും ഒളിവിൽ അഭയം കൊടുത്ത് പാർപ്പിക്കുകയും ചെയ്യൽ) , 34 (കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിച്ചുള്ള കൂട്ടായ്മ) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കോടതി പ്രതികളെ വിചാരണ ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP