Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കടൽക്കൊല കേസിൽ ഇറ്റാലിയൻ നാവികനെ തിരിച്ചയക്കാമെന്ന് സുപ്രീംകോടതി; കേസ് അന്താരാഷ്ട്ര തലത്തിൽ തീർപ്പാക്കും വരെ സാൽവതോർ ഗിറോണിന് ഇറ്റലിയിൽ പോകാം; എതിർപ്പറിയിക്കാതെ കേന്ദ്രം; മോദിയുടെ കാരുണ്യത്തിൽ ഇന്ത്യവിടാനൊരുങ്ങി ഇറ്റാലിയൻ നാവികൻ

കടൽക്കൊല കേസിൽ ഇറ്റാലിയൻ നാവികനെ തിരിച്ചയക്കാമെന്ന് സുപ്രീംകോടതി; കേസ് അന്താരാഷ്ട്ര തലത്തിൽ തീർപ്പാക്കും വരെ സാൽവതോർ ഗിറോണിന് ഇറ്റലിയിൽ പോകാം; എതിർപ്പറിയിക്കാതെ കേന്ദ്രം; മോദിയുടെ കാരുണ്യത്തിൽ ഇന്ത്യവിടാനൊരുങ്ങി ഇറ്റാലിയൻ നാവികൻ

ന്യൂഡൽഹി: കടൽക്കൊല കേസിൽ പ്രതിയായ ഇറ്റായിലൻ നാവികൻ ഇന്ത്യ വിടാൻ ഒരുങ്ങുന്നു. ഇന്ത്യ വിട്ടുപോകാൻ സുപ്രീംകോടതി അനുമതി നൽകിയതോടെയാണ് സാൽവതോർ ഗിറോൺ നാട്ടിലേക്ക് പറക്കാൻ ഒരുങ്ങുന്നത്. ഇറ്റാലിയൻ നാവികൻ സാൽവതോർ ഗിറോണിനെ തിരിച്ചയക്കാമെന്ന് സുപ്രിംകോടതി ഇന്നാണ് ഉത്തരവിട്ടത്. മനുഷ്വത്വപരമായ പരിഗണ നൽകി അന്താരാഷ്ട്ര തലത്തിൽ കേസ് തീർപ്പാക്കുന്നതുവരെ ഇറ്റലിയിലേക്ക് പോകാൻ തന്നെയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സാൽവതോർ ഗിറോണിന്റെ അപേക്ഷയിൽ സുപ്രീംകോടതി വാദം കേൾക്കുകയായിരുന്നു.

ഗിറോൺ സമർപ്പിച്ച പുതിയ അപേക്ഷയിൽ ജസ്റ്റിസുമാരായ പി സി പന്തും ഡി.വൈ. ചന്ദ്രചൂഡുമാണ് വാദം കേട്ടത്. ആരോഗ്യകാരണങ്ങൾ പറഞ്ഞ് മറ്റൊരു പ്രതിയായ ലത്തോറെ മാർസി മിലാനോ ഇറ്റലിയിലേക്ക് പോയശേഷം ഇന്ത്യയിൽ അവശേഷിക്കുന്ന പ്രതിയാണ് ഗിറോൺ. അന്താരാഷ്ട്ര കോടതി തീർപ്പാക്കുന്നതുവരെ സ്വന്തം നാട്ടിൽ കഴിയാൻ അനുവദിക്കണമെന്ന് ലത്തോറെ ആവശ്യപ്പെട്ടു. കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന പ്രതികളെ സുപ്രീംകോടതി നിർദേശപ്രകാരം ജയിൽമോചിതരാക്കി ഡൽഹിയിലെ ഇറ്റാലിയൻ എംബസിയിലാണ് താമസിപ്പിച്ചിരുന്നത്. ഗിറോൺ ഇപ്പോഴും എംബസിയിലാണുള്ളത്. മടങ്ങിവരാതിരുന്ന ലത്തോറെയുടെ അവധി സുപ്രീംകോടതി സെപ്റ്റംബർ 30 വരെ നീട്ടിയിരുന്നു.

കടൽക്കേസുകൾക്കുള്ള ജർമനിയിലെ അന്താരാഷ്ട്ര ട്രിബ്യൂണലിന്റെ പരിഗണനയിലാണ് ഇറ്റലിയുടെ ഹരജി. ആ ഹരജി സ്വീകരിച്ചപ്പോൾ തന്നെ ട്രിബ്യൂണൽ കടൽക്കൊല കേസ് സംബന്ധിച്ച ഇന്ത്യയിലെ വിചാരണ സ്റ്റേ ചെയ്തിരുന്നു. അതിനുശേഷം കേസ് കോടതിക്കു പുറത്ത് തീർപ്പാക്കാമെന്നറിയിച്ച് ഹേഗിലെ യു.എൻ മധ്യസ്ഥ ട്രൈബ്യുണൽ മുമ്പാകെ ഇന്ത്യയും ഇറ്റലിയും ചേർന്ന് പുതിയ അപേക്ഷ നൽകി. അപേക്ഷ പരിഗണിക്കാമെന്ന് വ്യക്തമാക്കിയ ഹേഗിലെ ട്രിബ്യൂണൽ പ്രതികളെ ഇറ്റലിയിലേക്ക് വിടണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചു. അക്കാര്യത്തിൽ സുപ്രീംകോടതി തീരുമാനമെടുക്കുമെന്ന് ഇന്ത്യ അറിയിച്ചതിനെ തുടർന്നാണ് ഗിറോൺ അപേക്ഷ നൽകിയത്.

ഇറ്റലിയുടെ ഏറക്കാലമായുള്ള ആവശ്യത്തിന് വഴങ്ങി മോദി സർക്കാർ അന്താരാഷ്ട്ര മധ്യസ്ഥത്തിന് തയാറായതാണ് കടൽക്കൊല കേസിലെ രണ്ടാംപ്രതിയുടെയും അപേക്ഷയിലേക്ക് നയിച്ചത്. ജർമ്മനിയിലെ അന്താരാഷ്ട്ര കടൽ നിയമ തർക്ക ട്രിബ്യൂണലിലെ കേസിൽ തീർപ്പുണ്ടാകുന്നത് വരെ ജിറോണിനെ നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് ഹേഗിലെ അന്താരാഷ്ട്ര മദ്ധ്യസ്ഥ ട്രിബ്യൂണൽ അടുത്തിടെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജിറോൺ പുതിയ ഹർജി നൽകിയത്.

ഉപാധികളോടെ ജിറോണിനെ വിട്ടുനൽകാമെന്ന് കേന്ദ്ര സർക്കാർ നേരത്തേ അന്താരാഷ്ട്ര ട്രിബ്യൂണലിൽ ഉറപ്പ് നൽകിയിരുന്നു. നിലവിൽ കേസ് സുപ്രീംകോടതിയുടെ മേൽനോട്ടത്തിലാണ്. ജിറോൺ ഡൽഹിയിൽ ഇറ്റാലിയൻ എംബസിയിലാണ് കഴിയുന്നത്. കേസിൽ പ്രതിയായ മറ്റൊരു നാവികൻ മാസിമിലിയാനോ ലാത്തോറെയ്ക്ക് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഇറ്റലിയിൽ കഴിയാൻ സുപ്രീംകോടതി നേരത്തേ അനുമതി നൽകിയിരുന്നു. കഴിഞ്ഞമാസം ഇയാളുടെ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടി നൽകിയിരുന്നു.

2012 ഫെബ്രുവരിയിൽ കൊല്ലം തീരത്തിനടുത്ത് ഇന്ത്യൻ സമുദ്രാദിർത്തിയിൽ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ കപ്പലായ എന്റിക ലക്സിയിലെ നാവികൾ വെടിവച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. മാസിമിലാനോ ലത്തോറെ, സാൽവത്തോറ ഗിറോൺ എന്നീ രണ്ട് നാവികരെ തുടർന്ന് കേരളാ പൊലീസ് അറസ്റ്റ് ചെയ്തതും വിചാരണയും ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധത്തെ ഉലച്ചിരുന്നു. കേസിൽ വിചാരണ നടപടികൾ കടൽ നിയമം കൈകാര്യം ചെയ്യുന്ന അന്താരാഷ്ട്ര ട്രിബ്യൂണൽ സ്റ്റേ ചെയ്തിരുന്നു.

കടൽക്കൊലക്കേസിൽ ഇറ്റാലിയൻ നാവികരെ വിചാരണ ചെയ്യുന്നതുമായി ബന്ധപ്പെട്ട വ്യത്യസ്ത അവകാശവാദങ്ങളാണ് ഇരു രാജ്യങ്ങളും അന്താരാഷ്ട്ര തർക്ക ട്രിബ്യൂണലിൽ ഉന്നയിച്ചിട്ടുള്ളത്. 2018 ഡിസംബറോടെ മാത്രമേ ഇവിടെ മദ്ധ്യസ്ഥ നടപടികൾ പൂർത്തിയാകൂ. ഇതിന്റെ സമയക്രമം കേന്ദ്ര സർക്കാർ നേരത്തേ സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP