Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

2012 മോഡൽ എർട്ടിഗ കാർ 2013ലേതെന്ന് കാണിച്ച് വിൽപ്പന നടത്തി കബളിപ്പിച്ചു; തട്ടിപ്പ് ബോധ്യമായത് ചെയ്സിസ് നമ്പറും എഞ്ചിൻ നമ്പറും പരിശോധിച്ചപ്പോൾ; പട്ടത്തെ ഇൻഡസ് മോട്ടോർസിന് ഒരു ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ച് ഉപഭോക്തൃ കോടതി; ആറ്റിങ്ങൽ സ്വദേശിയുടെ പരാതിയിലൂടെ പുറത്തുവരുന്നത് വാഹന വിൽപ്പനാ രംഗത്തെ തട്ടിപ്പുകൾ

2012 മോഡൽ എർട്ടിഗ കാർ 2013ലേതെന്ന് കാണിച്ച് വിൽപ്പന നടത്തി കബളിപ്പിച്ചു; തട്ടിപ്പ് ബോധ്യമായത് ചെയ്സിസ് നമ്പറും എഞ്ചിൻ നമ്പറും പരിശോധിച്ചപ്പോൾ; പട്ടത്തെ ഇൻഡസ് മോട്ടോർസിന് ഒരു ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ച് ഉപഭോക്തൃ കോടതി; ആറ്റിങ്ങൽ സ്വദേശിയുടെ പരാതിയിലൂടെ പുറത്തുവരുന്നത് വാഹന വിൽപ്പനാ രംഗത്തെ തട്ടിപ്പുകൾ

അരുൺ ജയകുമാർ

തിരുവനന്തപുരം: 2013ൽ കാർ വാങ്ങിയ ഉപഭോക്താവിന് 2013ലേതെന്ന് പറഞ്ഞ് 2012 മോഡൽ കാർ വിൽപ്പന നടത്തിയ മാരുതി സുസൂക്കി കാറുകളുടെ ഡീലർമാരായ തിരുവനന്തപുരം പട്ടം ഇൻഡസ് മോട്ടോർസിന് 1 ലക്ഷം രൂപയുടെ പിഴ ശിക്ഷ വിധിച്ച് സംസ്ഥാന ഉപഭോക്തൃ കോടതി. ആറ്റിങ്ങൽ സ്വദേശിയായ വിനു ശശിധരൻ എന്നയാൾ നൽകിയ പരാതിയിലാണ് കോടതി കേസ് പരിഗണിച്ചത്. നാല് വർഷങ്ങൾക്ക് ശേഷമാണെങ്കിലും തനിക്ക് അർഹിച്ച വിധി കിട്ടിയതിൽ സന്തോഷമുണ്ടെന്നും വാഹനം വാങ്ങി കബളിപ്പിക്കപ്പെടുന്നവർക്ക് വേണ്ടിയാണ് കേസുമായി മുന്നോട്ട് പോയതെന്നും വിനു പറയുന്നു.

2013 മെയ് മാസത്തിലാണ് മാരുതി സുസൂക്കി എർട്ടിഗ എന്ന കാർ വിനു ബുക്ക് ചെയ്തത്. 3000 രൂപ അടച്ചാണ് വിനു പട്ടത്തെ ഇൻഡസ് മോട്ടേഴ്സ് ഷോറൂമിൽ നിന്നും കാർ ബുക്ക് ചെയ്തത്. ആറ്റിങ്ങലിലെയും പരിസര പ്രദേശത്തെയും നിരവധി ഷോറൂമൂകളിൽ കാർ വാങ്ങാനായി പോയെങ്കിലും തനിക്ക് ഇഷ്ടപ്പെട്ട വെള്ള നിറത്തിലുള്ള കാർ കിട്ടാതായതിനെതുടർന്നാണ് നഗരത്തിലേക്ക് ലന്നത്. മറ്റ് ഷോറൂമുകളിലെല്ലാം തന്നെ മൂന്ന് മാസത്തോളം വെയ്റ്റിങ്ങ് പിരീഡ് പറഞ്ഞപ്പോൾ പട്ടം ഷോറൂമിൽ താൻ എത്തിയപ്പോൾ വാഹനം സ്റ്റോക്ക് ഉണ്ടെന്നും എപ്പോൾ വേണമെങ്കിലും ഡെലിവറി തരാമെന്നുമായിരുന്നു.

ആദ്യം ഒരു ദിവസം പറഞ്ഞെങ്കിലും ഫിനാൻസും മറ്റ് കാര്യങ്ങളും ശരിയാക്കിയ ശേഷം മെയ് ഏഴിന് വാഹനം കൈമാറാം എന്നാണ് ഉപഭോക്താവിനോട് ഷോറൂം അധികൃതർ പറഞ്ഞത്. പിന്നീട് ഇവർ പറഞ്ഞതനുസരിച്ച് മെയ് ഏഴിന് രാവിലെ 9 മണിക്ക് തന്നെ ആറ്റിങ്ങലിൽ നിന്നും ഷഓറൂമിലേക്ക് എത്തി. ഒരു മണിക്കൂർ കാത്തിരിക്കണമെന്നും വാഹനം വാഷിങ്ങിന് പോയിരിക്കുകയാണെന്നും ഇപ്പോൾ തന്നെ കൊണ്ട് വരുമെന്നും പറഞ്ഞു. ഒരു മണിക്കൂറോളം കാത്തിരുന്നിട്ടും വണ്ടി വന്നില്ല. പിന്നീട് പല കാരണങ്ങൾ പറഞ്ഞ് വൈകിക്കൊണ്ടിരുന്നുവെന്നും ഒടുവിൽ വൈകുന്നേരം മൂന്ന് മണിയോടെയാണ് വാഹനം കിട്ടിയത്.

വീട്ടിലേക്ക് വാഹനം ഓടിച്ചെത്തിയ ശേഷം പരിശോധിച്ചപ്പോഴാണ് വാഹനത്തിന്റെ ഉള്ളിലൊക്കെ പൊടിയും മറ്റും ശ്രദ്ധയിൽപെട്ടത്. പിന്നീട് ഡാഷ്ബോർഡ് തുറന്ന് നോക്കിയപ്പോൾ 2012ലെ തീയതിയിൽ ഒരു പാർക്കിങ്ങ് ചിറ്റ് വിനുവിന്റെ ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ ചില സുഹൃത്തുക്കളോട് ഇത് അറിയിക്കുകയും ചെയ്തു. പിന്നീട് ഇക്കാര്യം ഷോറൂമിലെ സെയിൽസ് എക്സിക്യൂട്ടീവിനെ വിളിച്ചപ്പോൾ അത് ചിറ്റ് മാറിയൊക്കെ വന്നതാകാമെന്നും വാഹനം പുതിയ മോഡൽ തന്നെയെന്നും മറുപടി ലഭിച്ചു. പിന്നീട് വാഹനത്തിന്റെ ആർസി ബുക്ക് വന്നപ്പോഴും 2013 മോഡൽ എന്നാണ് കാണിച്ചത്.

പിന്നീട് വാഹനത്തിന്റെ ഡീറ്റയിൽസ് ഓൺലൈൻ വഴി നോക്കിയപ്പോൾ ചെയ്സിസ് നമ്പർ എഞ്ചിൻ നമ്പർ എന്നിവ അടിച്ച് നോക്കിയപ്പോഴാണ് വാഹനം 2012 മോഡലാണെന്ന് മനസ്സിലായത്. മോട്ടോർ വാഹന വകുപ്പ് രജിസ്റ്റർ ചെയ്തത് 2013ലാണ് എന്നാണ് ആർസി ബുക്കിൽ രഖേപ്പെടുത്തിയിരുന്നത്. പിന്നീട് ഷോറൂമിൽ വിളിച്ച് ഇക്കാര്യം വീണ്ടും തിരക്കുകയായിരുന്നു. തനിക്ക് ലഭിച്ചത് 2013 മോഡൽ വണ്ടിയല്ലെന്ന് മനസ്സിലായിട്ടാണ് ഷോറൂമിൽ വിളിച്ചത്. എന്നാൽ അപ്പോഴും അവർ പറഞ്ഞത് 2013 മോഡൽ തന്നെയാണ് എന്നതായിരുന്നത്.

തന്നെ ഷോറൂമുകാർ പറ്റിച്ചുവെന്ന് മനസ്സിലാക്കിയ വിനു അപ്പോൾ തന്നെ ഷോറൂമിലെത്തിയ ശേഷം ഇന്ന തീയതിയിൽ ഇന്ന എഞ്ചിൻ നമ്പർ ചെയ്സിസ് നമ്പർ എന്നിവയുള്ള വാഹനം വിറ്റുവെന്ന് ഷോറൂമിൽ നിന്നും ഒപ്പിട്ട് വാങ്ങുകയും ചെയ്തു. ഈ പകർപ്പും വാഹനവും ഉപയോഗിച്ചാണ് വിനു ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയിൽ കേസ് കൊടുത്തത്. ഇൻഡസ് മോട്ടോഴ്സ്, മാരുതി സുസൂക്കി, സെയിൽസ് എക്സിക്യൂട്ടീവ് എന്നിവർക്കെതിരെയാണ് കേസ് കൊടുത്തത്. ഇതിൽ വാഹനം കൈമാറിക്കഴിഞ്ഞാൽ ഡീലർമാർക്കാണ് ഉത്തരവാദിത്വമെന്നതിനാൽ മാരുതിയെ കേസിൽ ഉൾപ്പെടുത്തിയില്ല.

ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതിയിലെ വാദ പ്രതിവാദങ്ങൾ അവസാനിച്ച ശേഷം വിനുവിന് ഒരു ഉപഭോക്താവിന് ലഭിക്കേണ്ട സർവ്വീസ് ലഭിച്ചില്ലെന്നും 2012 മോഡൽ വാഹനം 2013 എന്ന് പറഞ്ഞ് വിറ്റുവെന്നും അത് കൺസ്യൂമർ നിയമത്തിന് എതിരാണെന്ന് കണ്ട് കോടതി ഇൻഡസ് മോട്ടോഴ്സിന് 25000 രൂപ പിഴയിടുകയായിരുന്നു. എന്നാൽ 9 ലക്ഷം രൂപയ്ക്ക് വാങ്ങിയ വാഹനം തനിക്ക് ഒന്നര വർഷം പഴക്കമുള്ളത് നൽകി ഇൻസ് മോട്ടേഴ്സ് പറ്റിച്ചുവെന്നും പിന്നീട് വാഹനം വിറ്റപ്പോൾ 2013ൽ വാങ്ങിയതാണെങ്കിലും 2012 മോഡൽ ആണെന്നതിനാൽ മാർക്കറ്റ് വില തനിക്ക് ലഭിച്ചില്ലെന്നും 2012 മോഡൽ എന്ന കാരണംകൊണ്ട് വലിയ വില വ്യത്യാസത്തിൽ തനിക്ക് 2013ൽ വാങ്ങിയ കാർ വിൽക്കേണ്ടി വന്നുവെന്നും വിനു പറഞ്ഞു.

ഇതേ തുടർന്ന് തനിക്ക് ലഭിച്ച നഷ്ടപരിഹാരം വെറും തുച്ഛമായ തുകയെന്ന് കാണിച്ചാണ് സംസ്ഥാന ഉപഭോക്തൃ കോടതിയിൽ പരാതി നൽകുകയായിരുന്നു. പിന്നീട് ഈ കാര്യങ്ങൾ പരിശോധിച്ച കോടതി ഒരു ലക്ഷം രൂപ വിനുവിന് നഷ്ടപരിഹാരമായി നൽകാൻ വിധിക്കുകയായിരുന്നു. ഇതിന് പുറമെ കോടതി ചിലവും മറ്റുമായി 7500 രൂപയും നൽകാൻ കോടതി വിധിയിൽ പറയുന്നു. കോടികളുടെ വാഹന വിൽപ്പന മേഖലയിൽ ഇത്തരം പ്രവണതകൾ വർധിച്ച് വരികയാണ്. തന്നെപ്പോലെ പറ്റിക്കപ്പെടുന്നവർ നിയമപോരാട്ടത്തിനിറങ്ങിയാൽ ലക്ഷങ്ങൾ നൽകി വാങ്ങുന്ന വണ്ടിയുടെ പേരിൽ തങ്ങളെ കബളിപ്പിക്കാൻ ഒരു ഡീലർമാരും മുതിരുന്നില്ലെന്നും വിനു പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP