Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സഭാകോടതികൾക്ക് അനുമതി തേടി സുപ്രീംകോടതിയിൽ കേസ്; എത്ര കാലം ഇന്ത്യയുടെ മതേതരത്വം ഇങ്ങനെ തുടരുമെന്ന് ആശങ്കപ്പെട്ട് പരമോന്നത കോടതി

സഭാകോടതികൾക്ക് അനുമതി തേടി സുപ്രീംകോടതിയിൽ കേസ്; എത്ര കാലം ഇന്ത്യയുടെ മതേതരത്വം ഇങ്ങനെ തുടരുമെന്ന് ആശങ്കപ്പെട്ട് പരമോന്നത കോടതി

ന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണെന്നതിൽ നാം ഓരോരുത്തരും എപ്പോഴും അഭിമാനിക്കാറുണ്ട്. അത് എക്കാലവും അങ്ങനെത്തന്നെ നിലനിൽക്കണമെന്നത് തന്നെയാണ് ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നത്. എന്നാൽ ഇന്ത്യയുടെ മതേതരത്വസ്വഭാവം ഇനി എത്രകാലം നിലനിൽക്കും..? ഈ ആശങ്ക ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത് മറ്റാരുമല്ല, പരമോന്നത നീതിപീഠമായ സുപ്രീംകോടതി തന്നെയാണ്. സഭാകോടതികൾക്ക് അനുമതി തേടി സുപ്രീംകോടതിയിൽ കേസ് എത്തിയപ്പോഴാണ് ഇന്ത്യയിലെ കോടതികളുടെ കോടതി ഈ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.

സാമൂഹിക പ്രശ്‌നങ്ങളിൽ വർധിച്ച് വരുന്ന മതസ്വാധീനത്തെക്കുറിച്ചും ഉത്കണ്ഠപ്രകടിപ്പിച്ച സുപ്രീകോടതി ഇന്ത്യ എത്രകാലം മതേതരത്വ രാജ്യമായി നിനിൽക്കുമെന്ന് അത്ഭുതപ്പെടുകയും ചെയ്തു. സഭാകോടതികൾക്ക് വേണ്ടിയുള്ള കേസിന്റെ വാദം തിങ്കളാഴ്ച കേൾക്കെയാണ് സുപ്രീകോടതി ഇത്തരത്തിൽ പ്രതികരിച്ചിരിക്കുന്നത്. ഇതൊരു മതേരതരരാജ്യമാണെന്നും എന്നാൽ ഇത് എത്രകാലം ഇങ്ങനെ നിലനിൽക്കുമെന്ന് തനിക്കറിയില്ലെന്നുമാണ് ജസ്റ്റിസ് വിക്രംജിത്ത് സെൻ പറഞ്ഞത്. ക്രിസ്ത്യൻ വ്യക്തി നിയമത്തിന് കീഴിൽ ക്രിസ്ത്യൻ കോടതികൾ നിലവിൽ വരുന്നതിനുള്ള വാദം കേൾക്കവെയാണ് അദ്ദേഹം ഇങ്ങനെ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. വിവാഹമോചനം, വിവാഹം, ദത്തെടുക്കൽ തുടങ്ങിയ സിവിലും കുടുംബപരവുമായ കാര്യങ്ങളിൽ വ്യക്തിനിയമ(പഴ്‌സണൽ ലോ)പ്രകാരം കൈക്കൊള്ളുന്ന ഉത്തരവുകൾക്ക് നിയമത്തിന്റെ അംഗീകാരം ലഭിച്ചുകൊള്ളണമെന്ന് നിർബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. കോടതി എല്ലാമതങ്ങളുടെയും മേഖലകളിലേക്ക് പോകാറില്ലെന്നും എന്നാൽ നിയമം പഴ്‌സണൽ ലോയുമായി യോജിച്ച് പോകാൻ സാധ്യതയുണ്ടെന്നും ഈ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് സി.നാഗപ്പൻ പറഞ്ഞു. സിവിൽവിഷയങ്ങളുടെ പുറത്താണ് തങ്ങൾ മതങ്ങളെ നിർത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണ കന്നഡയിലെ കത്തോലിക് അസോസിയേഷൻ മുൻപ്രസിഡന്റായ ക്ലാരൻസ് പൈസ് സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കവെയാണ് ന്യായാധിപന്മാർ ഈ പരാമർശങ്ങൾ നടത്തിയത്. ക്രിസ്ത്യൻ കോടതികളിൽ നിന്ന് വിവാഹമോചനം നേടുന്നവർ വീണ്ടും വിവാഹിതരാകുമ്പോൾ ദ്വിഭാര്യാത്വ പ്രശ്‌നം ഉയർത്തിക്കാട്ടി അവരെ ക്രിമിനൽ കേസിൽപ്പെടുത്തുന്ന പ്രവണത വ്യാപകമാകുന്നുവെന്ന പ്രശ്‌നം ഉയർത്തിക്കാട്ടിയാണ് ക്ലാരെൻസ് സുപ്രീംകോടതിയിലെത്തിയത്. ക്രിസ്ത്യൻ കോടതികൾ അംഗീകരിച്ച വിവാഹമോചനം കോടതികൾ അംഗീകരിക്കാത്തതാണ് ഇവിടെ പ്രശ്‌നമാകുന്നതെന്നും ഹരജിക്കാരൻ പറയുന്നു. ഐപിസി സെക്ഷൻ 494(ബൈഗമി) പ്രകാരം ക്രിമിനൽ കോടതികൾ കേസെടുക്കുമ്പോൾ കാനൻ നിയമം പ്രയോഗിക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടിരിക്കു്‌നനത്. കാനൻ നിയമമമാണ് ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ പഴ്‌സണൽ നിയമമെന്നും ഹരിജിക്കാരൻ പറയുന്നു. മുഹമ്മദൻ നിയമം ഇന്ത്യൻ മുസ്ലീങ്ങളുടെ വ്യക്തിനിയമം (പഴ്‌സണൽ ലോ) ആയി അംഗീകരിച്ച നിയമവ്യവസ്ഥ കാനൻ നിയമത്തെ ഇന്ത്യൻ ക്രിസ്ത്യാനികളുടെ വ്യക്തിനിയമമായി അംഗീകരിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കത്തോലിക്കാ വിശ്വാസികൾ കത്തോലിക്കാപള്ളിയിൽ വച്ച് വിവാഹിതരാവണമെന്നും കാനൻ നിയമപ്രകാരം ആവശ്യമെങ്കിൽ കനോനിക്കൽ കോടതിയിൽ വച്ച് അവർക്ക് വിവാഹമോചനം നേടാമെന്നുമാണ് കാനൻ നിയമം പറയുന്നത്. എന്നാൽ ഐപിസി സെക്ഷൻ 494 പ്രകാരം കേസെടുക്കുമ്പോൾ ക്രിമിനൽ കോടതികൾ കാനൻ നിയമം പ്രയോഗിക്കുന്നത് നിരസിക്കുകയാണ് ചെയ്യുന്നതെന്നും തൽഫലമായി രണ്ടാംവിവാഹത്തിലേർപ്പെടുന്ന അനേകർ പ്രോസിക്യൂഷൻ, തടവ്, പിഴ എന്നീ വിഷമാവസ്ഥകളെ നേരിടേണ്ടി വരുന്നുവെന്നും ഹരജിക്കാരൻ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP