Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാറിന്റെ പിടിവാശിക്കു മുമ്പിൽ കോടതി വഴങ്ങിയില്ല; പഞ്ചായത്ത് വിഭജനം തടഞ്ഞ സിംഗിൾ ബഞ്ച് ഉത്തരവിന് സ്റ്റേ അനുവദിച്ചില്ല; തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ കമ്മീഷന് പൂർണ്ണ അധികാരമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്; അപ്പീൽ പോകില്ലെന്ന് ഉമ്മൻ ചാണ്ടി

സർക്കാറിന്റെ പിടിവാശിക്കു മുമ്പിൽ കോടതി വഴങ്ങിയില്ല; പഞ്ചായത്ത് വിഭജനം തടഞ്ഞ സിംഗിൾ ബഞ്ച് ഉത്തരവിന് സ്റ്റേ അനുവദിച്ചില്ല; തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ കമ്മീഷന് പൂർണ്ണ അധികാരമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്; അപ്പീൽ പോകില്ലെന്ന് ഉമ്മൻ ചാണ്ടി

കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ലക്ഷ്യത്തോടെ വൈകിപ്പിക്കാനുള്ള സർക്കാർ നീക്കത്തിന് കനത്ത തിരിച്ചടി. പുതിയ പഞ്ചായത്തുകളുടെയും മുൻസിപ്പാലിറ്റികളുടെയും രൂപീകരണം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടി ഡിവിഷൻ ബെഞ്ച് ശരിവച്ചു. 69 പഞ്ചായത്തുകളുടെയും നാല് മുനിസിപ്പാലിറ്റികളുടെ രൂപീകരണം തടഞ്ഞുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് ശരിവച്ചത്. വാർഡു വിഭജനം സംബന്ധിച്ച് ലീഗ് ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ വിധി സർക്കാരിനെ സംബന്ധിച്ചടത്തോളം അതീവ നിർണ്ണായകമായിരുന്നു.

ചീഫ് ജസ്റ്റീസ് അശോക് ഭൂഷൺ, ജസ്റ്റീസ് എ എം ഷഫീക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സർക്കാർ അപ്പീലിന്മേൽ വാദം കേട്ട ശേഷം ഇന്ന് വിധി പ്രസ്താവിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് പൂർണാധികാരമുണ്ടെന്നും സമയത്ത് തെരഞ്ഞെടുപ്പ് നടത്തേണ്ടത് ഭരണഘടനാ ബാധ്യതയാണെന്നും കോടതി വിധിയിൽ വ്യക്തമാക്കി.

നവംബർ ഒന്നിന് പുതിയ ഭരണസമിതി വരുന്ന തരത്തിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നടത്താൻ കമ്മീഷന് സർക്കാർ ആവശ്യമായ സഹായം നൽകണം. തെരഞ്ഞെടുപ്പ് ക്രമീകരണത്തെക്കുറിച്ച് കമ്മീഷന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. പുതിയ പഞ്ചായത്ത് വിഭജനവുമായി മുന്നോട്ടുപോയാൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ വൈകുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. അനുകൂലമായ വിധി വന്നതോടെ ഇനി തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമായിരിക്കുകയാണ്.

സംഭവത്തെപ്പറ്റി പഠിത്ത ശേഷം പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന് എല്ലാവിധ സഹായങ്ങളും നൽകുമെന്നും അറിയിച്ചു. അതേസമയം 2010 ലെ വിഭജന പ്രകാരം തിരഞ്ഞെടുപ്പ് നടത്തണമെന്ന കമ്മിഷന്റെ ആവശ്യത്തിൽ കോടതി ഇടപെട്ടില്ല. സിംഗിൾ ബഞ്ച് വിധി സ്റ്റേ ചെയ്യാൻ പ്രഥമ ദൃഷ്ട്യാ കാരണങ്ങളില്ലെന്നും കോടതി വ്യക്തമാക്കി. പുതിയ സാഹചര്യത്തൽ 2010ലെ വാർഡ് വിഭജന പ്രകാരമായിരിക്കും

2010 ലെ പഞ്ചായത്ത് ചട്ടപ്രകാരം തെരഞ്ഞെടുപ്പ് നടത്താൻ തയ്യാറാണെന്ന് ഇലക്ഷൻ കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു. പുതിയ പഞ്ചായത്ത് വിഭജനമനുസരിച്ച് ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തുക പ്രായോഗികമല്ലെന്നും 2010ലെ പഞ്ചായത്തുകളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തുക മാത്രമാണ് പ്രതിസന്ധി പരിഹരിക്കാനുള്ള ഏക നടപടിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.

തെരഞ്ഞെടുപ്പ് എങ്ങനെ ക്രമീകരിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിക്കാമെന്നും തെരഞ്ഞെടുപ്പ് നടത്തിപ്പിനെക്കുറിച്ച് തീരുമാനിക്കേണ്ടത് കമ്മിഷനാണെന്നും കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് വൈകുന്നതിന് പ്രധാന കാരണം സർക്കാർ തന്നെയാണെന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ ആരോപിച്ചിരുന്നു. സർക്കാർ സഹകരിച്ചാൽ കൃത്യസമയത്ത് തെരഞ്ഞെടുപ്പ് നടത്താനാകുമെന്ന് കമ്മിഷൻ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. 2012 മുതൽ അയച്ചകത്തുകൾ സർക്കാർ അവഗണിക്കുകയായിരുന്നുവെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.

പുതുക്കിയ വാർഡ് വിഭജനം അടിസ്ഥാനമാക്കിയുള്ള തദ്ദേശ തെരഞ്ഞെടുപ്പ് നവംബറിൽ നടത്താമെന്നാണ് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നത് അനുസരിച്ച് 2010ലെ വാർഡ് വിഭജനം അടിസ്ഥാനപ്പെടുത്തി തെരഞ്ഞെടുപ്പ് നടത്തുക അസാധ്യമാണ്. 2010ലെ വാർഡ് വിഭജനം 2001ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ, ജനസംഖ്യയിൽ ആനുപാതിക മാറ്റം വന്നിട്ടുണ്ട്. അതിനാൽ 2011ലെ സെൻസസ് പ്രകാരം വാർഡുകൾ വിഭജിക്കാൻ അനുവദിക്കണം തുടങ്ങിയ കാര്യങ്ങൾ സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

അതേസമയം വിധിയെ കുറിച്ച് വിശദമായി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി പ്രതികരിച്ചു. കോടതി വിധിയിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്നും അലി പ്രതികരിച്ചു. അതേസമയം വിധിയുടെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് രംഗത്തെത്തി. സിപിഎമ്മിന്റെ ചിഹ്നത്തിൽ വിജയിച്ച ആളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്നാണ് മജീദിന്റെ വിമർശനം. അതേസമയം ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിന് എതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകുമോ എന്നതാണ് അറിയേണ്ടത്. നിലവിലെ വാർഡ് വിഭജനപ്രകാരം മലബാറിൽ ഏറ്റവും നേട്ടമുണ്ടാകുക മുസ്ലിംലീഗിനായിരുന്നു. ലീഗിന്റെ ഇഷ്ടപ്രകാരമായിരുന്നു മലപ്പുറം ജില്ലയിലെ അടക്കം പഞ്ചായത്ത് വിഭജനം നടന്നത്.

കോടതി വിധിക്കെതിരെ അപ്പീൽ പോകില്ലെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: അശാസ്ത്രീയമായ പഞ്ചായത്ത് വാർഡ് വിഭജനം തടഞ്ഞ സിംഗിൾ ബെഞ്ച് വിധി നീക്കാൻ സർക്കാർ ഇനി അപ്പീൽ പോകില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സിംഗിൾബെഞ്ച് വിധി സ്റ്റേ ചെയ്യാത്ത ഹൈക്കോടതി ഡിവിഷൻബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.

കോടതി വിധി അനുസരിച്ച് തെരഞ്ഞെടുപ്പ് നടക്കട്ടെ. കോടതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി അത്ഭുതപ്പെടുത്തിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കോടതി വിധി സംബന്ധിച്ച് മുന്നണിനേതാക്കളുമായി ചർച്ച നടത്തുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

സിംഗിൾബെഞ്ച് വിധി സ്റ്റേ ചെയ്യാത്ത ഹൈക്കോടതി വിധി സംബന്ധിച്ച് 24 ന് അന്തിമ തീരുമാനമാകുമെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനുമായും നിയമവിദഗ്ദരുമായും ചർച്ച നടത്തി 24 ന് അന്തിമ തീരുമാനമാകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് മന്ത്രിമാരുടെ യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP