Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗൂഢാലോചന നടത്തിയതായി പറയുമ്പോൾ അന്ന് ബാലചന്ദ്രകുമാർ ദിലീപിനൊപ്പം ആയിരുന്നില്ലേ? സിനിമയിൽ നിന്ന് പിന്മാറിയ ശേഷമല്ലേ ആരോപണം ഉന്നയിച്ചതും; ഗൂഢാലോചന കേസിലെ മുഖ്യസാക്ഷിയായ സംവിധായകന് കോടതിയുടെ വിമർശനം; ഇവർ അനുഭവിക്കുമെന്ന് ദിലീപ് പറഞ്ഞത് മദ്യലഹരിയിലാണോ എന്നും ഹൈക്കോടതി

ഗൂഢാലോചന നടത്തിയതായി പറയുമ്പോൾ അന്ന്  ബാലചന്ദ്രകുമാർ ദിലീപിനൊപ്പം ആയിരുന്നില്ലേ? സിനിമയിൽ നിന്ന് പിന്മാറിയ ശേഷമല്ലേ ആരോപണം ഉന്നയിച്ചതും; ഗൂഢാലോചന കേസിലെ മുഖ്യസാക്ഷിയായ സംവിധായകന് കോടതിയുടെ വിമർശനം; ഇവർ അനുഭവിക്കുമെന്ന് ദിലീപ് പറഞ്ഞത് മദ്യലഹരിയിലാണോ എന്നും ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ കേസിലെ മുഖ്യസാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാറിന് ഹൈക്കോടതിയുടെ വിമർശനം. 2017 ലാണ് ഗൂഢാലോചന നടത്തിയതായി പറയുന്നത്. ആ സമയത്ത് ബാലചന്ദ്രകുമാർ ദിലീപിനൊപ്പമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

ബാലചന്ദ്രകുമാറിന്റെ സിനിമയിൽനിന്ന് പിന്മാറിയ ശേഷമല്ലേ ദിലീപിനെതിരെ ആരോപണം വന്നതെന്നും കോടതി ചോദിച്ചു. ബാലചന്ദ്രകുമാറിന്റെ അഭിമുഖം ആസൂത്രിതമാണെന്നും നേരത്തെ ദിലീപിന്റെ അഭിഭാഷകൻ ആരോപിച്ചിരുന്നു. പറഞ്ഞു പഠിപ്പിച്ച രീതിയിലായിരുന്നു അഭിമുഖമെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ വൈരുധ്യമുണ്ട്. കഴിഞ്ഞ നാലുവർഷമായി ഇല്ലാത്ത ആരോപണമാണ് ഇപ്പോൾ ഉയർന്നുവരുന്നത്. ബൈജു പൗലോസിനെതിരെ പരാതി നൽകിയതിന്റെ പ്രതികാരമാണ് പുതിയ കേസ്. പൊതുജനാഭിപ്രായം ദിലീപിനെതിരെയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് പറഞ്ഞ വാക്കുകൾ മദ്യലഹരിയിലാണോ എന്ന് അന്വേഷിക്കണമെന്നു ഹൈക്കോടതി പറഞ്ഞു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ ദിലീപ് ഇടയ്ക്കിടെ വേറെ മുറിയിൽ പോയി മദ്യപിക്കുന്നതായി പറയുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

എന്നാൽ, വീട്ടിൽ വച്ച് ദിലീപ് നടത്തിയ പരാമർശങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായി പ്രോസിക്യൂഷൻ വാദിച്ചു. ഗൂഢാലോചന തെളിയിക്കാൻ അത് നടത്തിയവരെ ചോദ്യം ചെയ്യേണ്ടതുണ്ട്. കോടതി നിരീക്ഷണത്തിൽ അന്വേഷണം വേണം. ദിലീപിനെ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കും. കസ്റ്റഡിയിൽ ചോദ്യം ചെയ്താൽ മൂന്നാം മുറ പ്രയോഗിക്കുമെന്ന ആരോപണത്തിൽ കഴമ്പില്ല. ഇത് എല്ലാ ജാമ്യാപേക്ഷകളിലും പറയുന്നതാണ്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുന്നു. ഇതുവരെയുള്ള അന്വേഷണത്തിൽ ഗൂഢാലോചന നടന്നതായി വ്യക്തമാണ്. മുൻകാല അനുഭവം നോക്കുമ്പോൾ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

അതേസമയം വിചാരണ കോടതിയിൽ സാക്ഷി പറയാൻ പോയ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തുന്ന സാഹചര്യം ഉണ്ടായെന്നും, വിചാരണ കോടതിയിൽ നടക്കുന്ന കാര്യങ്ങൾ സംഭവിക്കാൻ പാടില്ലാത്തതാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് വിചാരണ കോടതിക്കെതിരേ ഗുരുതരമായ ആരോപണങ്ങൾ പ്രോസിക്യൂഷൻ ഉന്നയിച്ചത്.

സാക്ഷി പറയാൻ പോയ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ദൗർഭാഗ്യകരമായ സംഭവങ്ങളാണ് ഉണ്ടാകുന്നത്. രഹസ്യ വിചാരണ നടക്കുന്നതിനാൽ അവിടെ നടക്കുന്ന സംഭവങ്ങളൊന്നും പുറത്ത് അറിയുന്നില്ല. എന്നാൽ വിചാരണ കോടതിയിൽ നടക്കുന്ന കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടിട്ടാണ് കോടതിയിൽ വിമർശനം ഉന്നയിക്കുന്നതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. പ്രോസിക്യൂഷന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പി എ ഷാജിയാണ് എതിർവാദം നടത്തുന്നത്.

ദിലീപ് സാക്ഷികളെ നിരന്തരം സ്വാധീനിക്കാൻ ശ്രമം നടത്തുന്നു. സാക്ഷി പറയാൻ പോയ 22 പേരിൽ 20 പേരെയും കൂറുമാറ്റി. കൂറുമാറാതെ നിന്ന രണ്ട് പേരെ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കുന്നു. ഇതിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ ഗൂഢാലോചനക്ക് അപ്പുറത്തേക്ക് അപായപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങൾ പോയിട്ടുണ്ടെന്നാണ് പ്രോസിക്യൂഷൻ കോടതിക്ക് മുൻപാകെ സ്ഥാപിക്കാൻ ശ്രമിക്കുന്നത്.

അങ്ങനെയെങ്കിൽ ഇതിൽ അന്വേഷണം ആവശ്യമില്ലേയെന്നും വസ്തതുതകൾ പുറത്ത് വരേണ്ടതില്ലേയെന്നും കോടതി ചോദിച്ചു. കേസിന്റെ വിചാരണ ആരംഭിച്ച ഘട്ടത്തിൽ തന്നെ ഹൈക്കോടതി സുപ്രീം കോടതി മുൻ വിധികൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു. ഗൂഢാലോചന, പ്രേരണക്കുറ്റം എന്നിവ നിലനിൽക്കുമോ എന്നായിരുന്നു കോടതിയുടെ സംശയം. എന്നാൽ ഗൂഢാലോചന കുറ്റം നിലനിൽക്കുമെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഗൂഢാലോചന കുറ്റത്തിന് സ്വതന്ത്രമായ നിലനിൽപ്പുണ്ട്. ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയാണ് നടത്തിയത് എന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP