Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്ലസ്ടു സ്‌കൂൾ വിഷയത്തിൽ മുഖത്ത് അടി കിട്ടി സർക്കാർ; രാഷ്ട്രീയക്കാർ തിരുകി കയറ്റിയ സ്‌കൂളുകൾ പടിക്ക് പുറത്ത്; ഹയർ സെക്കൻഡറി ഡയറക്ടർ ശുപാർശ ചെയ്യാത്ത സ്‌കൂളുകൾക്ക് പ്ലസ്ടു പാടില്ലെന്ന് കോടതി: 20 സ്‌കൂളുകൾക്ക് അനുമതി നഷ്ടമാകും

പ്ലസ്ടു സ്‌കൂൾ വിഷയത്തിൽ മുഖത്ത് അടി കിട്ടി സർക്കാർ; രാഷ്ട്രീയക്കാർ തിരുകി കയറ്റിയ സ്‌കൂളുകൾ പടിക്ക് പുറത്ത്; ഹയർ സെക്കൻഡറി ഡയറക്ടർ ശുപാർശ ചെയ്യാത്ത സ്‌കൂളുകൾക്ക് പ്ലസ്ടു പാടില്ലെന്ന് കോടതി: 20 സ്‌കൂളുകൾക്ക് അനുമതി നഷ്ടമാകും

കൊച്ചി: പ്ലസ് ടു വിഷയത്തിൽ സർക്കാരിന് കനത്ത തിരിച്ചടിയേകി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹയർസെക്കൻഡറി ഡയറക്ടർ ശുപാർശ ചെയ്യാത്ത സ്‌കൂളുകൾക്ക് പ്ലസ് ടു പാടില്ലെന്നാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്. കോടതി ഉത്തരവ് പരിഗണിച്ചാൽ 20 സ്‌കൂളുകൾക്ക് പ്ലസ് ടു അനുവദിക്കാനാകില്ല. പ്ലസ് ടു കോഴ വിവാദത്തിൽ സർക്കാർ പ്രതിസന്ധിയിൽ മുങ്ങിനിൽക്കുന്ന അവസരത്തിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

ഡയറക്ടർ ശുപാർശ ചെയ്ത് മന്ത്രിസഭ ഉപസമിതി തള്ളിയ സ്‌കൂളുകൾക്ക് അനുമതി നൽകാനും കോടതി ഉത്തരവിട്ടു. ഹൈക്കോടതി തടഞ്ഞത് മന്ത്രിസഭ ഉപസമിതി അധികമായി അനുവദിച്ച പ്ലസ് ടു ബാച്ചുകളാണ്. പ്ലസ് ടു അനുവദിച്ചതിൽ മെറിറ്റ് അടിസ്ഥാനമാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. അപേക്ഷകരുടെ യോഗ്യത പരിശോധിച്ചതിന് രേഖകളില്ല. എംഎൽഎമാരുടെ അഭിപ്രായം തേടിയതിനും തെളിവില്ല. സ്‌കൂളുകൾ അനുവദിച്ചതിന്റെ മാനദണ്ഡമെന്തെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. പ്ലസ് ടു ആവശ്യമുള്ള സ്ഥലങ്ങൾ കണ്ടെത്തിയത് എങ്ങനെയെന്നും കോടതി ചോദിച്ചു.

മതിയായ സൗകര്യമില്ലാത്ത സ്‌കൂളുകൾക്കും പ്ലസ് ടു അനുവദിക്കരുതെന്നും കോടതി ഉത്തരവിട്ടു. പ്ലസ് ടു വിഷയവുമായി ബന്ധപ്പെട്ട് എൺപതോളം ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. 

പ്ലസ് ടു വിഷയത്തിൽ പൂർണ ഉത്തരവാദിത്വം തനിക്കെന്ന് മുഖ്യമന്ത്രി പറഞ്ഞു. എജിയുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ആലോചനകൾക്കുശേഷം തുടർനടപടികൾ തീരുമാനിക്കും. കോടതിവിധി സർക്കാരിന് തിരിച്ചടിയല്ല. വിദ്യാർത്ഥികളുടെ താൽപര്യമാണ് സർക്കാരിന്റേതും. പ്ലസ് ടു വിഷയം സംബന്ധിച്ച ഫയലുകളെല്ലാം താൻ കണ്ടിരുന്നുവെന്നും ഒരു തരത്തിലുള്ള ക്രമക്കേടും നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിധി പഠിച്ചശേഷം അടുത്ത നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ് പ്രതികരിച്ചു. എജിയുമായും മുഖ്യമന്ത്രിയുമായും ഇക്കാര്യത്തിൽ ചർച്ച നടത്തും. പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

പുതിയ പ്ലസ് ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചതിൽ സർക്കാരിന്റെ സുതാര്യതയിൽ സംശയമുണ്ടെന്ന് നേരത്തെ ഹൈക്കോടതി വിലയിരുത്തിയിരുന്നു. പുതിയ പ്ലസ്ടു ബാച്ചുകൾ അനുവദിച്ച സംഭവത്തിൽ ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണം ശക്തമായി നിൽക്കേ ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം സർക്കാർ ഒളിച്ചുകളി നടത്തിയിരുന്നു. സ്‌കൂളുകൾ അനുവദിച്ചത് സംബന്ധിച്ച് ഹൈക്കോടതി ഹാജരാക്കാൻ ആവശ്യപ്പെട്ടെ രേഖകൾ കൊച്ചിയിൽ എത്തിച്ചിട്ടും കോടതിയിൽ ഹാജരാക്കാൻ അഡ്വക്കേറ്റ് ജനറൽ തയ്യാറായില്ല. ഇതോടെ ഹൈക്കോടതിയിൽ നിന്നു രൂക്ഷമായ വിമർശനവും സംസ്ഥാന സർക്കാരിന് ഏൽക്കേണ്ടിവന്നിരുന്നു.

വിധി സർക്കാരിനേറ്റ അടിയാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. പ്ലസ് ടു വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതിവിധിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ കച്ചവടനയത്തിന് കിട്ടിയ തിരിച്ചടിയാണ് കോടതി വിധിയെന്ന് എസ്എഫ്‌ഐ പറഞ്ഞു. സർക്കാരിന് തുടരാൻ ധാർമിക അവകാശമില്ലെന്നും രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുമെന്നും എസ്എഫ്‌ഐ ഭാരവാഹികൾ അറിയിച്ചു. കോടതി വിധിയിലൂടെ തന്റെ പരാതി ശരിയെന്ന് തെളിഞ്ഞതായി എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP