Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭാര്യാ പിതാവിന്റെ പേരിൽ നിർമ്മിച്ച തടയിണ പൊളിച്ച് വെള്ളമൊഴുക്കിവിടാൻ ഹൈക്കോടതി ഉത്തരവിട്ടതോടെ പൊന്നാനി എൽഡിഎഫ് സ്ഥാനാർത്ഥിക്ക് തിരിച്ചടി; യഥാർത്ഥ സ്വത്ത് വിവരം മറച്ച് വെച്ചുവെന്ന പരാതിക്ക് പിന്നാലെ പി.വി അൻവറിന് രണ്ടാം പ്രഹരം; അൻവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ പെട്ടെന്ന് ഉത്തരവുണ്ടാകരുതെന്ന് കോടതിയിൽ മുതിർന്ന അഭിഭാഷകന്റെ അഭ്യർത്ഥന; വിഷയം തെരഞ്ഞെടുപ്പ് പ്രചരണത്തിൽ 'വജ്രായുധമാക്കാൻ' മുസ്ലിം ലീഗ്

ഭാര്യാ പിതാവിന്റെ പേരിൽ നിർമ്മിച്ച തടയിണ പൊളിച്ച് വെള്ളമൊഴുക്കിവിടാൻ ഹൈക്കോടതി ഉത്തരവിട്ടതോടെ പൊന്നാനി എൽഡിഎഫ് സ്ഥാനാർത്ഥിക്ക് തിരിച്ചടി; യഥാർത്ഥ സ്വത്ത് വിവരം മറച്ച് വെച്ചുവെന്ന പരാതിക്ക് പിന്നാലെ പി.വി അൻവറിന് രണ്ടാം പ്രഹരം; അൻവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ പെട്ടെന്ന് ഉത്തരവുണ്ടാകരുതെന്ന് കോടതിയിൽ മുതിർന്ന അഭിഭാഷകന്റെ അഭ്യർത്ഥന; വിഷയം തെരഞ്ഞെടുപ്പ് പ്രചരണത്തിൽ 'വജ്രായുധമാക്കാൻ' മുസ്ലിം ലീഗ്

ജംഷാദ് മലപ്പുറം

മലപ്പുറം: നിലമ്പൂർ എംഎ‍ൽഎയും പൊന്നാനി ലോകസഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായി പി.വി അൻവറിനെതിരെ ഹൈക്കോടതി. അൻവറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള മലപ്പുറം ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണ പൊളിച്ച് ഉടൻ വെള്ളം ഒഴുക്കിവിടണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. നേരത്തെ അൻവറിന്റെ പേരിലായിരുന്ന തടയണ വിവാദത്തെ തുടർന്ന് ഭാര്യാപിതാവിന്റെ പേരിലേക്ക് മാറ്റിയതാണെന്നാണ് പരാതി. അൻവർ തന്നെ നിർമ്മിച്ച തടയണയുടെ നിർമ്മാണ പ്രവർത്തനം നിർത്താൻ ആവശ്യപ്പെട്ട് മുമ്പ് വെറ്റിലപ്പാറ വില്ലേജ് ഓഫീസർ നൽകിയ സ്റ്റോപ്പ് മെമോ ഒപ്പിട്ടുവാങ്ങിയതും അൻവർ തന്നെയായിരുന്നു.

പിന്നീട് പെരിന്തൽമണ്ണ സബ് കലക്ടർ നടത്തിയ അന്വേഷണ റിപ്പോർട്ട് അൻവറാണ് തടയണ നിർമ്മിച്ചതെന്ന് വ്യക്തമാക്കിയിരുന്നു. ശക്തമായ മത്സരം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന പൊന്നാനിയിൽ അൻവറിന് ലഭിക്കുന്ന രണ്ടാമത്തെ പ്രഹരമാണിത്. കഴിഞ്ഞ ദിവസം അൻവർ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ യഥാർഥ സ്വത്ത് വിവരം കാണിച്ചില്ലെന്ന് കാണിച്ച് പ്രവാസിയും, അൻവർ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലെ പരാതിക്കാരനുമായ സലീം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.

രണ്ടാഴ്ചക്കകം തടയണയിലെ വെള്ളം പൂർണ്ണമായും ഒഴുക്കിവിടണമെന്ന് 2018 ജൂലൈ 10ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും 10 മാസം കഴിഞ്ഞിട്ടും ഇത് നടപ്പാക്കിയില്ലെന്ന് തടയണക്കെതിരെയുള്ള പരാതിക്കാരൻ എംപി വിനോദിന്റെ അഭിഭാഷകന്റെ വാദം കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റായി, ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അടുത്ത മൺസൂൺ മഴക്കുമുമ്പ് തടയണ പൊളിച്ചു നീക്കണമെന്ന് സർക്കാർ വിദഗ്ദസമിതി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

തടയണയുടെ താഴ്ഭാഗത്ത് താമസിക്കുന്ന ആദിവാസി കുടുംബങ്ങൾക്കും വനത്തിനും വന്യജീവികൾക്കും പ്രകൃതിക്കും തടയണ കനത്ത ഭീഷണിയാണെന്നും സ്ഥലപരിശോധന നടത്തി വിശദപഠനം നടത്തിയ ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനീയർ, ജില്ലാ ജിയോളജിസ്റ്റ് അടക്കം വിവിധ സർക്കാർ വകുപ്പുകളിലെ 10 ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ദസമിതി ഐക്യകണ്ഠേന നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.  ഇക്കാര്യവും ഇപ്പോഴും തടയണയിൽ വൻതോതിൽ വെള്ളം സംഭരിച്ചിരിക്കുന്നതുമായ ഫോട്ടോകൾ പരാതിക്കാരനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ബെച്ചു കുര്യൻ തോമസ് കോടതിക്ക് കൈമാറി.

പി.വി അൻവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ പെട്ടെന്ന് ഉത്തരവുണ്ടാകരുതെന്ന് അൻവറിന്റെ ഭാര്യാപിതാവിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ടി. കൃഷ്ണനുണ്ണി അഭ്യർത്ഥിച്ചു. കേരളാ നിയമസഭയുടെ പരിസ്ഥിതി സമിതി അംഗംകൂടിയായ അൻവർ തന്നെ പരിസ്ഥിതി വിരുദ്ധപ്രവർത്തനം നടത്തിയത് പൊന്നാനി ലോകസഭാ തെരഞ്ഞെടുപ്പ് പര്യടനത്തിൽ ചർച്ചയാക്കാനുള്ള തയ്യാറെടുപ്പിലാണ് മുസ്ലിം ലീഗ്. തടയണ പൊളിച്ചുനീക്കണമെന്നു നേരത്തെ നിലപാട് സ്വീകരിച്ച സ്റ്റേറ്റ് അറ്റോർണി കെ.വി സോഹൻ മൺസൂണിനു മുമ്പ് തടയണയിലെ വെള്ളം ഒഴുക്കിവിട്ടാൽ മതിയെന്നു നിലപാട് മാറ്റി.

എന്നാൽ തടയണയുടെ താഴ്‌വാരത്തുള്ളവരുടെ ജീവനും സ്വത്തിനുംമാണ് പ്രഥമ പരിഗണനയെന്നും തടയണയുടെ വശംപൊളിച്ച് വെള്ളം ഒഴുക്കിവിടണമെന്നും ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വേനലവധിക്കുശേഷം കോടതി ചേരുന്ന ആദ്യ ആഴ്ചയിൽ തന്നെ കേസ് വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു.  ചീങ്കണ്ണിപ്പാലിയിൽ പി.വി അൻവർ കരാർ പ്രകാരം കൈവശമാക്കിയ സ്ഥലത്ത് മലയിടിച്ചാണ് ആദിവാസികൾക്ക് കുടിവെള്ളമാകേണ്ട വനത്തിലേക്കൊഴുകുന്ന കാട്ടരുവി തടഞ്ഞ് തടയണകെട്ടിയത്.

ഇത് പൊളിച്ചുനീക്കാൻ 2015 സെപ്റ്റംബർ ഏഴിന് അന്നത്തെ കളക്ടർ ടി ഭാസ്‌ക്കരൻ ഉത്തരവിട്ടപ്പോൾ തടയണകെട്ടിയ സ്ഥലം ഭാര്യാപിതാവിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. വീണ്ടും പരാതി ഉയർന്നതോടെ ദുരന്തനിവാരണ നിയമപ്രകാരം ചീങ്കണ്ണിപ്പാലിയിലെ തടയണപൊളിക്കാൻ 2017 ഡിസംബർ എട്ടിന് മലപ്പുറം കളക്ടർ അമിത് മീണ ഉത്തരവിട്ടു. തന്റെ ഭാഗം കേൾക്കാതെയാണ് കലക്ടറുടെ ഉത്തരവെന്നു കാണിച്ച് അൻവർ എംഎ‍ൽഎയുടെ ഭാര്യാപിതാവിന്റെ ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് തടയണ പൊളിക്കുന്നത് താൽക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു.

കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയിൽ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകർന്നുണ്ടായ ഉരുൾപൊട്ടലിൽ 14 പേർ മരണപ്പെട്ട സംഭവം ചൂണ്ടികാട്ടി ജനങ്ങളുടെ ജിവനും സ്വത്തിനും സംരക്ഷണം നൽകാൻ എംഎ‍ൽഎയുടെ തടയണ പൊളിക്കണമെന്നാവശ്യപ്പെട്ടാണ് താൻ ഹൈക്കോടതിയെ സമീപിച്ച് കേസിൽ കക്ഷിചേർന്നതെന്ന് പരാതിക്കാരൻ എംപി വിനോദ് മറുനാടൻ മലയാളിയോട് പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP