Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പി.എസ്.സി. റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ല; അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി; നിയമപരമല്ലെന്ന് നിരീക്ഷണം; ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ പുറത്തുള്ളപ്പോൾ എൽജിഎസ് റാങ്ക് പട്ടിക നീട്ടുന്നത് എന്തിനെന്നും കോടതി

പി.എസ്.സി. റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ല; അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി; നിയമപരമല്ലെന്ന് നിരീക്ഷണം; ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ പുറത്തുള്ളപ്പോൾ എൽജിഎസ് റാങ്ക് പട്ടിക നീട്ടുന്നത് എന്തിനെന്നും കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്ന പിഎസ്‌സി റാങ്ക് ഹോൾഡർമാരായ ഉദ്യോഗാർഥികളുടെ ആവശ്യത്തിന് തിരിച്ചടി. ബുധനാഴ്ച അവസാനിക്കാനിരിക്കുന്ന പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് (എൽജിഎസ്) റാങ്ക് പട്ടികയുടെ കാലാവധി നീട്ടി നൽകിയ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.ഓഗസ്റ്റ് നാലിന് റദ്ദാകുന്ന എൽ.ജി.എസ്. റാങ്ക് പട്ടികയുടെ കാലാവധി സെപ്റ്റംബർ 29 വരെ നീട്ടണമെന്നായിരുന്നു കെ.എ.ടി. ഉത്തരവ്.

ഈ ഉത്തരവ് നിയമപരമല്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. പി എസ് സിയുടെ വാദങ്ങൾ ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന് നിയമപരമായി ഇടപെടാൻ അധികാരമില്ലെന്നും കാലാവധി നീട്ടുന്നതു പുറത്തു നിൽക്കുന്ന ഉദ്യോഗാർഥികളുടെ അവസരം നഷ്ടമാക്കുമെന്ന സർക്കാർ വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

എല്ലാ ജില്ലകളിലേയും വകുപ്പ് മേധാവികൾ എല്ലാ എൽ ജി എസിന്റെ വകുപ്പുകളിലേയും ഒഴിവുകൾ അടിയന്തിരമായി റിപ്പോർട്ട് ചെയ്യണമെന്നും ഓരോ ഓഫീസുകളുടേയും ആസ്ഥാനങ്ങളായുള്ള ഡയറക്ടേറേറ്റുകളിലെ ഒഴിവുകൾ പി എസ് സി ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ വേഗത്തിൽ നിയമന നടപടികൾ പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിലെ നിയമപരമായ പിഴവുകൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഉത്തരവ് റദ്ദാക്കിയത്. ഓരോ ജില്ലകളിൽ നിന്നുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ തുടർ ഹർജികൾ പരിഗണിക്കാനും ട്രിബ്യൂണലിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ പുറത്തുള്ളപ്പോൾ ലാസ്റ്റ് ഗ്രേഡ് റാങ്ക്ലിസ്റ്റ് കാലാവധി നീട്ടുന്നത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു.

ഉചിതമായ കാരണങ്ങൾ ഇല്ലാതെ പട്ടിക നീട്ടുന്നത് പ്രായോഗികമല്ലെന്നും എല്ലാ ജില്ലകളിലെയും ഒഴിവുകൾ റിപ്പോർട്ട് ചെയ്തു നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്നും പിഎസ്‌സി കോടതിയിൽ അറിയിച്ചിരുന്നു. വീണ്ടും കാലവധി നീട്ടുന്നത് പട്ടികയ്ക്കു പുറത്തു നിൽക്കുന്ന ഉദ്യോഗാർഥികളോടു ചെയ്യുന്ന അനീതിയാണെന്നും വാദിച്ചു.

ഇതെല്ലാം അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ അലക്‌സാണ്ടർ തോമസ്, എ.ബദറുദീൻ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഹർജി പരിഗണിക്കുന്ന ഘട്ടത്തിൽ തന്നെ എന്തിനാണ് വീണ്ടും പട്ടികയുടെ കാലാവധി നീട്ടുന്നത് എന്ന ചോദ്യം ഉദ്യോഗാർഥികളുടെ അഭിഭാഷകനോടു ഹൈക്കോടതി ചോദിച്ചിരുന്നു.

ഉദ്യോഗാർഥിയുടെ അപേക്ഷയിൽ കഴിഞ്ഞ ദിവസമാണ് ലാസ്റ്റ് ഗ്രഡ് പട്ടികയുടെ കാലാവധി സെപ്റ്റംബർ 29 വരെ നീട്ടാൻ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടത്. റാങ്ക് പട്ടിക നീട്ടണമെന്ന ആവശ്യവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്യോഗാർഥികൾ സമരം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ഹൈക്കോടതി ട്രിബ്യൂണൽ ഉത്തരവു റദ്ദാക്കി പിഎസ്‌സിയുടെ അപ്പീൽ അംഗീകരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP