Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇവർ സമൂഹത്തിന് ഭീഷണി; ഒരുനിമിഷം പോലും സർവീസിൽ വച്ചുകൊണ്ടിരിക്കരുത്; സ്ത്രീകളെയും കുട്ടികളെയും അകാരണമായി മർദ്ദിച്ചതടക്കം പരാതികളുടെ കൂമ്പാരം; തൊടുപുഴ മുൻസിഐ എൻ.ജി.ശ്രീമോന് എതിരെ നടപടിയുമായി ഹൈക്കോടതി

ഇവർ സമൂഹത്തിന് ഭീഷണി; ഒരുനിമിഷം പോലും സർവീസിൽ വച്ചുകൊണ്ടിരിക്കരുത്; സ്ത്രീകളെയും കുട്ടികളെയും അകാരണമായി മർദ്ദിച്ചതടക്കം പരാതികളുടെ കൂമ്പാരം; തൊടുപുഴ മുൻസിഐ എൻ.ജി.ശ്രീമോന് എതിരെ നടപടിയുമായി ഹൈക്കോടതി

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: തൊടുപുഴയിലെ മുൻ സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന എൻ ജി ശ്രീമോനെ അടിയന്തരമായി സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന് ഹൈക്കോടതി. നിലവിൽ കോട്ടയത്തെ ക്രൈംബ്രാഞ്ച് സിഐ ആണ് എൻ ജി ശ്രീമോൻ.

സിവിൽ അടക്കമുള്ള കേസുകളിൽ നിയമവിരുദ്ധമായി ഇടപെട്ട് സിഐ ശ്രീമോൻ പരാതിക്കാരെ പീഡിപ്പിക്കുന്നുവെന്ന് വ്യാപകമായി പരാതിയുയർന്നിരുന്നതാണ്. സിഐയ്ക്ക് എതിരായ മുപ്പതോളം പരാതികളിൽ കോടതി വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചു. ഉടനടി അന്വേഷണം തുടങ്ങണമെന്ന് കാണിച്ച് വിജിലൻസ് ഐജി എച്ച്. വെങ്കിടേഷിന് കോടതി നോട്ടീസ് നൽകുകയും ചെയ്തു.

ശ്രീമോനെതിരെ കടുത്ത ഭാഷയിലുള്ള വിമർശനമാണ് ഹൈക്കോടതി ഉയർത്തിയത്. ശ്രീമോനെപ്പോലെയുള്ള ഉദ്യോഗസ്ഥർ സമൂഹത്തിന് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ ഒരു നിമിഷം പോലും സർവീസിൽ വച്ചുകൊണ്ടിരിക്കരുതെന്നും കോടതി പറഞ്ഞു.

തൊടുപുഴ ഉടുമ്പന്നൂർ സ്വദേശി ബേബിച്ചൻ വർക്കിയുടെ പരാതിയിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. നേരത്തേ തന്നെ വ്യാപകമായി ശ്രീമോനെതിരെ പരാതിയുയർന്നപ്പോൾ, കോടതി വിജിലൻസിനോട് നേരിട്ട് അന്വേഷിച്ച് പരാതി നൽകാൻ നിർദ്ദേശിച്ചിരുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് എല്ലാ പരാതിക്കാരെയും കണ്ടു. വിശദമായി വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. വിശദമായി ഇവ പരിശോധിച്ചപ്പോൾ, മുപ്പതോളം പരാതികളുയർന്നതിൽ 18 പരാതികളിൽ കഴമ്പുണ്ടെന്ന് വിജിലൻസും കോടതിയെ അറിയിച്ചു. വിജിലൻസ് നൽകിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടി സ്വീകരിക്കാൻ ക്രൈംബ്രാഞ്ച് എഡിജിപിയെ ചുമതലപ്പെടുത്തിയത്.

ഗുരുതരമായ പരാതികളാണ് സിഐ ശ്രീമോനെതിരെ നിലവിലുള്ളത്. സിഐയുടെ മർദ്ദനത്തെ തുടർന്ന് കല്ലൂർക്കാട് സ്വദേശിയായ രജീഷ് ആത്മഹത്യ ചെയ്‌തെന്നതുൾപ്പടെയുള്ള പരാതികൾ ശ്രീമോനെതിരെയുണ്ട്. വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണ് സിഐ മകനെ മർദ്ദിച്ചതെന്നും ആത്മഹത്യ ചെയ്ത രജീഷിന്റെ അമ്മ അന്ന് പറഞ്ഞിരുന്നതാണ്.

സ്ത്രീകളെയും കുട്ടികളെയും മർദ്ദിച്ചതുൾപ്പെടെ വേറെയും ഉണ്ട് ശ്രീമോനെതിരെ പരാതികൾ. സിഐക്കെതിരെ മൊഴി നൽകാൻ എത്തിയവരിൽ സർക്കാർ ജീവനക്കാരും ഉണ്ടായിരുന്നു. ഭീഷണിപ്പെടുത്തി നഷ്ടപരിഹാരം നൽകിച്ചുവെന്നായിരുന്നു പോസ്റ്റൽ ജീവനക്കാർ എസ്‌പിക്ക് നൽകിയ മൊഴി. തൊടുപുഴയിൽ നടന്ന കെഎസ്‌യു സമരത്തിൽ വിദ്യാർത്ഥികളെ തല്ലിച്ചതച്ചതിന് പിന്നാലെ, ഇതിൽ പ്രതിഷേധിച്ച് ഇടുക്കിയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താലിനിടെ പ്രവർത്തകർക്ക് നേരെ സർവീസ് റിവോൾവർ ലോഡ് ചെയ്ത് വെടിയുതിർക്കാൻ തോക്കു ചൂണ്ടിയെന്ന പരാതിയും ശ്രീമോനെതിരെയുണ്ട്. നിരവധി ആരോപണങ്ങളുടെ പ്രതിസ്ഥാനത്തുള്ള ശ്രീമോനെ ഇതിന്റെ അടിസ്ഥാനത്തിലാണ് കോട്ടയത്തേക്ക് സ്ഥലം മാറ്റിയത്. എന്നാൽ സസ്‌പെൻഷനിലേക്ക് നീങ്ങേണ്ടിയിരുന്ന നടപടി സ്ഥലം മാറ്റമായി ഒതുക്കുകയായിരുന്നുവെന്ന് പരാതിക്കാർ ആരോപിച്ചിരുന്നതാണ്.
ഹർജിക്കാരന് വേണ്ടി അഡ്വ തോമസ് ആനക്കല്ലുങ്കൽ ഹാജരായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP