Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അരക്കോടിയുടെ ഹവാല പണം ബിഎസ്എഫ് കമാൻഡന്റിൽ നിന്നും കണ്ടെടുത്ത കേസ്: കമാൻഡന്റിനും അന്താരാഷ്ട്ര കള്ളക്കടത്തുകാരൻ ബിഷു ഷെയ്ക്കിനും സി ബി ഐ കുറ്റപത്രം; പ്രതികളെ ഏപ്രിൽ 8ന് ഹാജരാക്കാൻ സിബിഐ കോടതി ഉത്തരവ്

അരക്കോടിയുടെ ഹവാല പണം ബിഎസ്എഫ് കമാൻഡന്റിൽ നിന്നും കണ്ടെടുത്ത കേസ്: കമാൻഡന്റിനും അന്താരാഷ്ട്ര കള്ളക്കടത്തുകാരൻ ബിഷു ഷെയ്ക്കിനും സി ബി ഐ കുറ്റപത്രം; പ്രതികളെ ഏപ്രിൽ 8ന് ഹാജരാക്കാൻ സിബിഐ കോടതി ഉത്തരവ്

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: അരക്കോടി രൂപയുടെ ഹവാല പണം ബി എസ് എഫ് കമാൻഡന്റ് ജിബു. ഡി. മാത്യുവിൽ നിന്ന് കണ്ടെടുത്ത കൈക്കൂലി കേസിൽ ഒന്നാം പ്രതി കമാൻഡന്റിനും രണ്ടാം പ്രതിയായ അന്താരാഷ്ട്ര കള്ളക്കടത്തുകാരൻ ബിഷു ഷെയ്ക്കിനും എതിരെ സിബിഐ രണ്ടു കുറ്റപത്രങ്ങൾ തലസ്ഥാനത്തെ സി ബി ഐ കോടതിയിൽ സമർപ്പിച്ചു. ബംഗ്ലാദേശ് അതിർത്തിയിലൂടെ സ്വർണം, മയക്കുമരുന്ന് തുടങ്ങിയവയുടെ കള്ളക്കടത്തിന് സെക്യൂരിറ്റി പിൻവലിച്ച് സുരക്ഷിതമാർഗ്ഗമൊരുക്കിയതിന് ചാർജ് ചെയ്തതാണ് ഒരു കേസ്.

ഉറവിടം വ്യക്തമാക്കാനാകാത്തതും അവിഹിതമായി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനും കമാൻഡന്റിനെതിരെ ചാർജ് ചെയ്തതാണ് രണ്ടാമത്തെ കേസ്. രണ്ടു കേസുകളിലും പ്രതികളെ ഏപ്രിൽ 8 ന് ഹാജരാക്കാൻ തിരുവനന്തപുരം സിബിഐ ജഡ്ജി സനിൽകുമാർ ഉത്തരവിട്ടു. ബിഷു ഷെയ്ക്ക് എന്ന മുഹമ്മദ് ഇനാമുൾ ഹക്ക് മറ്റൊരു കേസിൽ ഉൾപ്പെട്ട് നിലവിൽ കൊൽക്കത്ത സെൻട്രൽ ജയിലിൽ റിമാന്റ് തടവുകാരനായി പാർപ്പിച്ചിരിക്കുകയാണ്. അതിനാൽ പ്രതിയെ വരുത്താൻ പ്രൊഡക്ഷൻ വാറണ്ട് നടപടി ക്രമങ്ങളെടുക്കാൻ സി ബി ഐ യോട് കോടതി ഉത്തരവിട്ടു.

ബിഷുവിന്റെ അപേക്ഷയിൽ 3 പ്രാവശ്യം വിദേശയാത്രക്ക് കോടതിയിൽ കെട്ടിവച്ച പാസ്‌പോർട്ട് കോടതി കർശന ഉപാധികളോടെ വിട്ടു നൽകിയിരുന്നു. അന്താരാഷ്ട്ര ബിസിനസുകാരനായ തനിക്ക് കൊൽക്കത്തയിൽ നിന്നും ബംഗ്‌ളാദേശ്, ദുബായ് എന്നിവിടങ്ങളിലേക്ക് സ്ഥിരമായി ബിസിനസ്സ് യാത്രകൾ ചെയ്യേണ്ടതിനാൽ പാസ്‌പോർട്ട് എന്നന്നേക്കുമായി വിട്ടുകിട്ടണമെന്ന രണ്ടാം പ്രതി ബിഷുവിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ജാമ്യവ്യവസ്ഥയിൽ പൂർണ്ണ ഇളവ് നൽകിയാൽ പ്രതി രാജ്യം വിട്ടു പോകുമെന്നും വിചാരണക്ക് പ്രതിയെ ലഭിക്കില്ലെന്നും ഉള്ള സി ബി ഐ പ്രോസിക്യൂട്ടർ മനോജ് കുമാറിന്റെ ആശങ്കക്ക് അടിസ്ഥാനമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

2019 മെയ് മാസം 7 നാണ് കൊൽക്കത്ത സ്വദേശിയായ ബിഷുവിന് കോടതി ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ടു പോകരുതെന്നും ആഴ്ചയിലൊരിക്കൽ കൊച്ചിയിലെ സിബിഐ ഓഫീസിലെ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി ഒപ്പിടണമെന്ന കർശന വ്യവസ്ഥയോടെയാണ് പ്രതിക്ക് കോടതി ജാമ്യം നൽകിയത്. ജാമ്യ ഉപാധി പ്രകാരം എറണാകുളത്ത് ഒരു സ്റ്റാർ ഹോട്ടലിലാണ് പ്രതി താമസിച്ചിരുന്നത്. ഈ വ്യവസ്ഥ അടുത്തിടെ കോടതി ഇളവ് ചെയ്തിരുന്നു.

ഇതിനിടെ റംസാൻ ആഘോഷിക്കാൻ കൊൽക്കത്തയിൽ പോകുന്നതിന് ജാമ്യവസ്ഥയിൽ 10 ദിവസത്തെ ഇളവ് കോടതി നൽകിയിരുന്നു. ജൂൺ 7 നായിരുന്നു ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയത്. ഇന്ത്യ- ബംഗ്‌ളാദേശ് അതിർത്തി വഴി മനുഷ്യക്കടത്ത് , സ്വർണം, മയക്കുമരുന്ന്, കറൻസി, കന്നുകാലികൾ എന്നിവയുടെ കള്ളക്കടത്തു കമാൻഡന്റ് ജിബുവിന്റെ ഒത്താശയോടെ ബിഷു നടത്തിയെന്നും ഇതിന്റെ പാരിതോഷികമായി മാസപ്പടിയായി നൽകിയ കൈക്കൂലിപ്പണമാണ് ജിബുവിൽ നിന്ന് പിടിച്ചെടുത്തതെന്നുമാണ് സി ബി ഐ കേസ്.

കള്ളക്കടത്തിന് കൂട്ടുനിന്ന വെസ്റ്റ് ബംഗാൾ മുർഷിദാബാദ് ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് ബറ്റാലിയൻ 83 ലെ കമാൻഡന്റ് പത്തനംതിട്ട സ്വദേശി ജിബു.ഡി.മാത്യുവാണ് കേസിലെ ഒന്നാം പ്രതി . ബിഷു ഷെയ്ക്ക് കേസിൽ രണ്ടാം പ്രതിയാണ്. കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് ജിബുവിന് ബിഷു നൽകിയ കൈക്കൂലിയായ അരക്കോടി രൂപയുമായി ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് വരവെ ജിബുവിനെ പിന്തുടർന്ന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വച്ച് ജിബുവിനെ സിബിഐ തൊണ്ടി സഹിതം പിടികൂടുകയായിരുന്നു. ഷാലിമാർ എക്സ്‌പ്രസിലെ ഏസി കോച്ചിൽ യാത്ര ചെയ്തു വരവേ 2019 ജനുവരി 30 ന് വൈകിട്ട് 5.50 നാണ് ജിബുവിനെ സിബിഐ അറസ്റ്റ് ചെയ്തത്. ഉദ്യോഗസ്ഥർക്ക് പാരിതോഷികമായി പണവും മദ്യവും കൂടാതെ മദിരാക്ഷികളെയും നൽകി സൽക്കരിച്ചതായും ബിഷു സിബിഐക്ക് കുറ്റസമ്മത മൊഴി നൽകിയിട്ടുണ്ട്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പായ 120 ബി (ക്രിമിനൽ ഗൂഢാലോചന) , അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളായ 11 (പൊതുസേവകൻ ഒദ്യോഗികച്ചുമതലയുമായി ബന്ധപ്പെട്ട് വിലപിടിപ്പുള്ള വസ്തുവകകൾ സ്വീകരിക്കൽ) , 12 ( കൈക്കൂലി വാങ്ങാനും സ്വീകരിക്കാനും പ്രേരിപ്പിക്കൽ) , 13 (2) ,13 (1) (ഡി) പൊതുസേവകൻ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മൂന്നാം കക്ഷിക്ക് അന്യായ ലാഭമുണ്ടാക്കി സർക്കാരിന് നഷ്ടം വരുത്തൽ) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കള്ളക്കടത്ത് കേസിൽ ജിബുവിനെ ഒന്നാം പ്രതിയാക്കിയും ബിഷുവിനെ രണ്ടാം പ്രതിയാക്കിയും കുറ്റപത്രം സമർപ്പിച്ചത്.അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13 (2), 13 (1) (ഇ) (ഉറവിടം വ്യക്തമാക്കാനാകാത്ത വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം ചെയ്യൽ) ചുമത്തിയാണ് അവിഹിത സ്വത്ത് സമ്പാദനക്കേസിൽ ജിബുവിനെ മാത്രം ഏക പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP