Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏഴു കിലോ ഹാഷിഷ് ഓയിൽകടത്ത്: തുടരന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഹാജരാക്കാൻ കോടതി ഉത്തരവ്; മാലി സ്വദേശികളായ 4 പ്രതികൾക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; കേസ് ക്രൈംബ്രാഞ്ചിന് മാറിയത് സിറ്റി പൊലീസ് പ്രതികളുമായി ഒത്തു കളിച്ചതോടെ

ഏഴു കിലോ ഹാഷിഷ് ഓയിൽകടത്ത്: തുടരന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഹാജരാക്കാൻ കോടതി ഉത്തരവ്; മാലി സ്വദേശികളായ 4 പ്രതികൾക്ക്  ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; കേസ് ക്രൈംബ്രാഞ്ചിന് മാറിയത് സിറ്റി പൊലീസ് പ്രതികളുമായി ഒത്തു കളിച്ചതോടെ

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: അന്താരാഷ്ട്ര മയക്കു മരുന്ന് വ്യാപാര ശൃംഖലയിലെ കണ്ണികളിൽ നിന്ന് നഗര മധ്യത്തിലെ സ്റ്റാർ ഹോട്ടലിൽ വെച്ച് 17 കോടി രൂപ വിപണിവില മതിക്കുന്ന 17 കിലോ ഹാഷിഷ് ഓയിൽ പിടിച്ചെടുത്ത കേസിൽ തുടരന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഹാജരാക്കാൻ തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. ജൂൺ 4 നകം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കാനാണുത്തരവ്. അതേ സമയം 7 മാസത്തിനകം കുറ്റപത്രം സമർപ്പിക്കാതെ പൊലീസ് ഒത്തുകളിയിലൂടെ ജാമ്യമെടുത്ത് ഒളിവിൽ പോയ മാലി സ്വദേശികളായ 4 പ്രതികൾക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കേസിലെ ഒന്നു മുതൽ മൂന്നു വരെ പ്രതികളായ മാലി സ്വദേശികളായ അയ്മൻ അഹമ്മദ് (24) , ഷാനിസ് മാഹിർ (27) , ഇബ്രാഹിം ഫൗസൻ സാലിഹ് (29) , അഞ്ചാം പ്രതി അസ് ലിഫ് മുഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനാണ് ഉത്തരവ്. ഓപ്പൺ ഡേറ്റഡ് അറസ്റ്റ് വാറണ്ടുത്തരവ് നടപ്പിലാക്കാൻ തുടരന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി യോടാണ് കോടതി ഉത്തരവിട്ടത്. പ്രതികൾ രാജ്യം വിട്ട് പല ഒളിത്താവളങ്ങളിൽ മാറി മാറി കഴിയുന്നതിനാൽ കാലാവധി തീയതി വയ്ക്കാത്ത തുറന്ന തീയതി വാറണ്ട് ( ഓപ്പൺ ഡേറ്റഡ് വാറണ്ട് ) വേണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച അപേക്ഷ അനുവദിച്ചു കൊണ്ടാണ് കോടതി ഉത്തരവ്.

2018 ജൂൺ 4 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിലെ കണ്ണികളും മാലി സ്വദേശികകളുമായ ഐമൻ അഹമ്മദ് ( 24 ), ഷെനീസ് മാഹീർ ( 27 ), ഇബ്രാഹിം ഫൗസൻ സാലിഹ് ( 29 ), അമർ റഷീദ് ( 30 ), അസ് ലിഫ് മുഹമ്മദ് എന്നിവരാണ് കേസിലെ പ്രതികൾ. ഷെനിസ് മാഹീർ അന്താരാഷ്ട്ര കുറ്റവാളിയാണ്. കപ്പൽ വഴി മയക്കു മരുന്ന് കടത്തുന്നതിലും ഷെനിസ് വിദഗ്ധനാണ്. വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾ ഇയാൾക്ക് വേണ്ടി വല വിരിച്ചിരിക്കവേയാണ് തലസ്ഥാനത്ത് വച്ച് കേരളാ പൊലീസിന്റെ പിടിയിലായത്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി മാലിദ്വീപിലേക്ക് ഹാഷിഷ് ഓയിൽ കടത്താൻ വേണ്ടിയാണ് ആദ്യ മൂന്നു പ്രതികൾ തലസ്ഥാനത്തെ നക്ഷത്ര ഹോട്ടലിൽ തങ്ങിയത്. ഇതിനിടെ ചാലക്കമ്പോളത്തിൽ നിന്ന് 32 കിലോ ഡാൽഡ വാങ്ങി. ഡാൽഡ മാറ്റിയ ശേഷം ആ ടിന്നിൽ ഹാഷിഷ് ഓയിൽ നിറച്ച് മാലിദ്വീപിലേക്ക് കടത്താനായിരുന്നു ശ്രമം. കോടതിയിൽ ഹാജരാക്കി റിമാന്റിൽ കഴിഞ്ഞ ആദ്യ മൂന്ന് പ്രതികളെ ജൂൺ 14 ന് ചോദ്യം ചെയ്യുന്നതിലേക്കായി കോടതി 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകിയിരുന്നു. 17 കിലോ ഹാഷിഷിന്റെ ഉറവിടം, ആന്ധ്ര, ഒഡീഷ എന്നിവിടങ്ങളിലെ സംസ്‌ക്കരണ ഫാക്ടറികൾ, ചെന്നൈയിലെ വിതരണ ശൃംഖല , ഇടനിലക്കാർ എന്നിവയെക്കുറിച്ച് തെളിവ് ശേഖരിച്ച് കൂട്ടു പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകിയത്.

തുടർന്നാണ് നാലാം പ്രതിയായ അമർ റഷീദ് പിടിയിലായത്. എന്നാൽ അഞ്ചാം പ്രതിയായ അസ് ലിഫ് മുഹമ്മദ് ഒളിവിൽ പോയി.ആദ്യ മൂന്നു പ്രതികൾ സമർപ്പിച്ച ജാമ്യഹർജികൾ സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്ന് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് തീയതിയായ ജൂൺ 4 മുതൽ 6 മാസ കാലാവധിക്കകം പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാത്ത പക്ഷം പ്രതികൾക്ക് ജാമ്യത്തിന് കീഴ്ക്കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി നിർദ്ദേശിച്ച് ജാമ്യഹർജി തീർപ്പാക്കി.

എന്നാൽ 7 മാസം കസ്റ്റഡി കാലാവധി പൂർത്തിയാകുന്ന 2019 ജനുവരി 4 നകം കുറ്റപത്രം പൊലീസ് സമർപ്പിക്കാത്തതിനാൽ കോടതി ആദ്യ മൂന്നു പ്രതികൾക്ക് ജനുവരി 5 ന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.അഞ്ച് ലക്ഷം രൂപയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യവും ഓരോ പ്രതിയും ഹാജരാക്കണം. ജാമ്യ വസ്തുവിന്റെ അസ്സൽ ആധാരം, സോൾവൻസി സാക്ഷ്യപത്രം എന്നിവ കോടതിയിൽ കെട്ടി വയ്ക്കണം. ജാമ്യക്കാരുടെ അസ്സൽ തിരിച്ചറിയൽ രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കണം. വിചാരണ തീരും വരെ തിരുവനന്തപുരം റവന്യൂ ജില്ല വിട്ടു പോകരുത്.1948 ലെ ഫോറിനേഴ്‌സ് നിയമത്തിലെ വകുപ്പ് 11 പ്രകാരം സിവിൽ ഏവിയേഷൻ അഥോറിറ്റിയുടെ പൂർണ്ണ നിയന്ത്രണത്തിലും മേൽനോട്ടത്തിലും കഴിയണം. സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. കേസിന്റെ വസ്തുത അറിയാവുന്ന ആരെയെങ്കിലുമോ അന്വേഷണ ഉദ്യോഗസ്ഥരെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. സമാന സ്വഭാവമുള്ള മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്. ജാമ്യവ്യവസ്ഥ ലംഘിച്ചാൽ ജാമ്യം റദ്ദാക്കി വീണ്ടും ജയിലിലേക്ക് അയച്ച് ജയിലിൽ കിടന്ന് വിചാരണ നേരിടേണ്ടി വരുമെന്നും 6 പേജുള്ള ജാമ്യ ഉത്തരവിൽ കോടതി വ്യക്തമാക്കി, എന്നാൽ പ്രതികൾ ഉന്നത സ്വാധീനത്താൽ രാജ്യം വിട്ട് ഒളിവിൽ പോകുകയായിരുന്നു.

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാർക്ക് ഒത്തുകളി ജാമ്യം ലഭിച്ചത് പൊലീസിന്റെ ബോധപൂർവ്വമായ വീഴ്ചയിലൂടെയാണെന്ന ആരോപണമുയർന്ന സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ തുടരന്വേഷണ ഉത്തരവുണ്ടായത്. കേന്ദ്ര ഏജൻസി നൽകിയ വിവര പ്രകാരം സിറ്റി പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും കേസിൽ കാര്യമായ പുരോഗതിയുണ്ടായില്ല. നർക്കോട്ടിക് കൺട്രോൾ ബ്യൂറോ നൽകിയ വിവരത്തെ തുടർന്നാണ് തലസ്ഥാനത്തെ ഹോട്ടലിൽ നിന്ന് ഷാനീഷ്' മാഹിറിനെയും കൂട്ടാളികളെയും പിടികൂടിയത്.

17 കിലോ ഹാഷിഷുമായി പ്രതികൾ തലസ്ഥാനത്തു നിന്ന് രക്ഷപ്പെടാനൊരുങ്ങവേയാണ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോക്ക് വിവരം ലഭിച്ചത്. അൽപ്പമെങ്കിലും വൈകിയാൽ പ്രതികൾ രക്ഷപ്പെടുമെന്നുള്ളതിനാൽ എൻ.സി.ബി.അധികൃതർ ഉടൻ തന്നെ സിറ്റി പൊലീസിന് വിവരം കൈമാറി. മയക്കുമരുന്ന് വ്യാപനം തടയുന്നതിനായി കേരള പൊലീസ് രൂപവൽക്കരിച്ച കാൻസാഫ് പദ്ധതിയുടെ നോഡൽ ഓഫീസർ ഐ.ജി. പി .വിജയന്റെ നേതൃത്വത്തിലായിരുന്നു പൊലീസിന്റെ നടപടികൾ. അന്നത്തെ സിറ്റി പൊലീസ് കമ്മീഷണർ പി.പ്രകാശ്, ഡി സി പി ആർ.ആദിത്യ , കൺട്രോൾ റൂം അസി. കമ്മീഷണർ സുരേഷ് കുമാർ എന്നിവർ ചേർന്നാണ് ഷാനിസ് മാഹിറിനെയും കൂട്ടാളികളെയും പിടികൂടിയത്.

കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്ന് പത്രസമ്മേളനം വിളിച്ചു കൂട്ടി വലിയ വായിൽ സിറ്റി പൊലീസ് കമ്മീഷണർ വിളമ്പിയിരുന്നു. മാധ്യമങ്ങളിൽ അറസ്റ്റ് വാർത്ത പ്രസിദ്ധീകരിക്കാൻ പ്രസ് റിലീസും നൽകി. ഷാഡോ പൊലീസിനെ വിന്യസിച്ച് തന്ത്രപൂർവ്വം നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായതെന്നും പൊലീസുദ്യോഗസ്ഥർ അവകാശപ്പെട്ടു. എന്നാൽ പിന്നീട് പുരോഗതിയൊന്നും ഉണ്ടായില്ല.

നിർമ്മാതാക്കളോ വിതരണക്കാരോ മാലിക്കാർക്ക് ഹാഷിഷ് കൈമാറിയവരോ ഇടനിലക്കാരോ വലയിൽ കുടുങ്ങിയില്ല. വല പൊട്ടിച്ച് രക്ഷപ്പെടാൻ പൊലീസ് തന്നെ കൂട്ടുനിന്നു. കുറ്റപത്രം തയ്യാറാക്കുന്നതിലോ കൃത്യസമയത്ത് കോടതിയിൽ എത്തിക്കുന്നതിലോ ശ്രദ്ധ ചെലുത്താതെ സൂപ്പർവൈസിങ് പൊലീസുദ്യോഗസ്ഥരടക്കം ഉറക്കം നടിച്ചു. കുറ്റപത്രം കോടതി ഓഫീസിൽ എത്തിച്ചതിലും വീഴ്ച സംഭവിച്ചതായി പറയപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP