Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ട് കൊലപാതക കേസുകളിലും 40 വന്ധീകരണ കേസുകളിലും ഇനി ഗുർമീത് വിചാരണ ചെയ്യപ്പെടണം; ബലാൽസംഗത്തിന് ഇരയായ 48 സ്ത്രീകൾ കൂടി രംഗത്ത് വരുമെന്ന് കരുതി പ്രോസിക്യൂഷൻ; അണികളെ ഇറക്കി കോടതിയേയും ഭയപ്പെടുത്താൻ ഒരുങ്ങിയതോടെ മേൽകോടതിയും കരുണ കാട്ടില്ല; ശതകോടികളുടെ സ്വത്തുക്കളും ദിവസവും മാറിയെടുക്കാൻ പെണ്ണുങ്ങളും കൊല്ലാനും തിന്നാനും തയ്യാറായി അണികളും ഒക്കെയായി ജീവിച്ച കള്ള സ്വാമിക്ക് ഇനി പുറത്തിറങ്ങാൻ സാധിച്ചെന്ന് വരില്ല

മറുനാടൻ മലയാളി ബ്യൂറോ

റോത്തക്: ഗുർമീത് റാം റഹീം സിംഗിന് സിബിഐ കോടതി വിധിച്ചത് ഇരുപത് വർഷം തടവും മുപ്പത് ലക്ഷം രൂപ പിഴയും. സിബിഐ കോടതിയുടെ വിധിയുടെ വിശദാംശങ്ങൾ പുറത്തു വന്നപ്പോൾ ആണ് ഇക്കാര്യം വ്യക്തമായത്. നേരത്തെ പത്ത് വർഷം തടവും 65,000 രൂപ പിഴയും ആണ് ശിക്ഷ എന്ന നിലയിലായിരുന്നു വാർത്ത വന്നത്. രണ്ട് സ്ത്രീകളെ പീഡിപ്പിച്ച കുറ്റത്തിന് പത്ത് വർഷം വീതം തടവ് ശിക്ഷയാണ് സിബിഐ കോടതി വിധിച്ചിരിക്കുന്നത്. രണ്ട് ശിക്ഷയും വേറെ വേറെ അനുഭവിക്കുകയും വേണം. അതുകഴിഞ്ഞാലും ഗുർമീത് പുറത്തെത്തില്ല. വേറെയും കേസുകൾ ഗുർമിതനെതിരെ പിറകെ വരുന്നുണ്ട്. ഇതോടെ അടിപൊളി ജീവിതം നയിച്ച കള്ളസ്വാമിക്ക് ജീവിതാവസാനം വരെ ജയിലിൽ കിടിക്കേണ്ടി വരുമെന്ന് ഉറപ്പാണ്. കോടതി വിധിയെ അട്ടിമറിക്കാൻ അണികളെ ഇറക്കി സ്വാമി കലാപത്തിന് ശ്രമിച്ചിരുന്നു. അതുകൊണ്ട് തന്നെ കർശന നിലപാടുകൾ മേൽക്കോടതിയും എടുക്കും. അതുകൊണ്ട് തന്നെ മേൽകോടതിയും വിട്ടുവീഴ്ച കാട്ടില്ലെന്നാണ് നിഗമനം. അങ്ങനെ വന്നാൽ സ്വാമിയുടെ ബാക്കിയുള്ള ജീവിതം അഴിക്കുള്ളിൽ തന്നെയാകും.

രണ്ട് സ്ത്രീകളെ പീഡിപ്പിച്ച കേസിൽ ഗുർമീത് റാം കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് മുൻപിൽ ഗുർമീത് പൊട്ടിക്കരഞ്ഞു. തനിക്ക് മാപ്പു തരണമെന്നായിരുന്നു കൂപ്പുകൈകളോടെ ഗുർമീത് കോടതിയോട് അപേക്ഷിച്ചത്. ഗുർമീതിന്റെ പ്രായം, ആരോഗ്യം, സാമൂഹികപ്രവർത്തകൻ എന്ന നിലയിലെ സംഭവാനകൾ, ജനങ്ങൾക്കിടയിലെ സ്വാധീനം എന്നിവ കണക്കിലെടുത്ത് പരാമാവധി കുറഞ്ഞ ശിക്ഷയേ നൽകാവൂ എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വിധി പ്രസ്താവത്തിന് മുൻപ് കോടതിയോട് അഭ്യർത്ഥിച്ചു. എന്നാൽ ഗുർമീതിന് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ അപേക്ഷ. ഒന്നോ രണ്ടോ തവണയല്ല വർഷങ്ങളോളം നീണ്ട ലൈംഗികപീഡനമാണ് ഗുർമീത് നടത്തിയതെന്നും പരാതിക്കാരായ രണ്ട് സ്ത്രീകൾ മാത്രമല്ല നാൽപ്പത്തിലേറെ സ്ത്രീകൾ കൊടുംക്രൂരതയ്ക്ക് ഇരയായിട്ടുണ്ടെന്നും സിബിഐഅഭിഭാഷകൻ കോടതിയോട് പറഞ്ഞു. ഇതാണ് അംഗീകരിച്ചത്. എന്തിനും പോന്ന അണികൾക്കും സ്വാമിക്ക് വേണ്ടി ഒന്നും ചെയ്യാനായില്ല. അതിനിടെയാണ് കൂടുതൽ കേസുകളെത്തുന്നത്.

അതിനിടെ ഗുർമീത് റാം റഹിം സിങ്ങിന് സിബിഐ പ്രത്യേക കോടതി നൽകിയ ശിക്ഷ വർധിപ്പിക്കണം എന്നാവശ്യപ്പെട്ട് പഞ്ചാബ്ഹരിയാനാ ഹൈക്കോടതിയെ സമീപിക്കുമെന്നു മാനഭംഗത്തിന് ഇരയായ യുവതികളുടെ അഭിഭാഷകൻ ഉത്സവ് സിങ് ബെയിൻസ് വ്യക്തമാക്കി. രണ്ടു ഹർജികളാണു നൽകുക. ജീവപര്യന്തം തടവുശിക്ഷ നൽകണമെന്നാണു വാദിച്ചത്. പീഡിപ്പിക്കപ്പെട്ട 48 സന്യാസിനിമാരുടെ കേസുകൾ കൂടി സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് രണ്ടാമത്തെ ഹർജി. ഇവരിൽ പലരും ഭയന്നാണ് മുന്നോട്ടു വരാത്തത്. സിബിഐ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നു ഗുർമീതിന്റെ അഭിഭാഷകൻ എസ്.കെ.ഗാർഗ് പറഞ്ഞു. പ്രോസിക്യൂഷനും ഈ ഇരകളെ കണ്ടെത്താൻ ശ്രമം നടത്തും. അവരേയും പരാതിക്കാരാക്കായിൽ പിന്നെ ഗൂർമീതിന് കാര്യങ്ങൾ കൂടുതൽ പ്രതികൂലമാകും. ഇതിനൊപ്പം ആൾ ദൈവത്തിന് രണ്ടു കൊലപാതകക്കേസുകളിലും 400 അനുയായികളെ വന്ധ്യംകരിച്ച കേസിലും വിചാരണ നേരിടേണ്ടി വരും. രണ്ടു കൊലപാതകക്കേസിലും വാദം കേൾക്കുന്നതു തിങ്കളാഴ്ച വിധി പറഞ്ഞ സിബിഐ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ് സിങ് തന്നെയാണ്.

ഇതിൽ രഞ്ജിത് സിങ് വധക്കേസിന്റെ അന്തിമ വാദം കേൾക്കൽ അടുത്തമാസം 16നാണ്. മാനഭംഗത്തിനിരയായ രണ്ടാമത്തെ പെൺകുട്ടിയുടെ സഹോദരനും ദേരാ സച്ചാ സൗദയുടെ മാനേജിങ് കമ്മിറ്റിയിലെ മുൻ അംഗവുമായ രഞ്ജിത് സിങ്ങിനെ 2002 ജൂലൈ 10നു വെടിവച്ചു കൊലപ്പെടുത്തിയതാണ് ഒരു കേസ്. പൂരാ സച്ചാ പത്രാധിപർ റാം ചന്ദേർ ഛത്രപതിയെ വധിച്ചതാണു രണ്ടാമത്തെ കേസ്. ഹരിയാനയിലെ കുരുക്ഷേത്രയിൽ ഖാൻ പുർ കോലിയൻ ഗ്രാമത്തിലെ കർഷകപ്രമുഖൻ ജോഗീന്ദർ സിങ്ങിന്റെ മകനാണ് രഞ്ജിത് സിങ്. 40 വർഷമായി ഇവർ ദേരാ സച്ചാ സൗദയുടെ വിശ്വാസികളാണ്. സൗദയിലെ 10 അംഗ മാനേജിങ് കമ്മിറ്റി അംഗമായിരുന്നു രഞ്ജിത് സിങ്; സഹോദരി അവിടെ സന്യാസിനിയും. മാനഭംഗത്തിന് ഇരയായതോടെ 1999ലാണ് പെൺകുട്ടി ആശ്രമം വിട്ടത്. രഞ്ജിത് സിങ് പിന്നീടും അവിടെ തുടർന്നു. എന്നാൽ പ്രധാനമന്ത്രിക്ക് പെൺകുട്ടി അയച്ച ഊമക്കത്ത് എഴുതിയത് രഞ്ജിത് ആണെന്ന് ഗുർമീത് സംശയിച്ചു. തുടർന്ന് 2002 ജൂലൈ 10ന് രഞ്ജിതുകൊല്ലപ്പെട്ടു. രഞ്ജിത്തിന്റെ പിതാവ് ജോഗീന്ദർ സിങ്ങാണ് കേസ് മുന്നോട്ടു കൊണ്ടുപോയത്. അദ്ദേഹം കഴിഞ്ഞവർഷം മരിച്ചു.

സിർസയിൽ 'പൂരാ സച്ചാ'പത്രം നടത്തിയിരുന്ന റാം ചന്ദേർ ഛത്രപതി, ഗുർമീതിനെതിരെ പെൺകുട്ടി എഴുതിയ കത്ത് പൂർണ രൂപത്തിൽ പ്രസിദ്ധപ്പെടുത്തി. ദേരാ സച്ചാ സൗദ ആശ്രമത്തിൽ നടന്ന മറ്റ് അതിക്രമങ്ങളെക്കുറിച്ചും പത്രം വാർത്തകൾ നൽകി. 2002 ഒക്ടോബർ 23ന് ഛത്രപതിക്കു വെടിയേറ്റു. ഡൽഹിയിൽ ആശുപത്രിയിൽ ചികിൽസയിലിരിക്കേ മരിച്ചു. മരണമൊഴിയിൽ ഗുർമീതാണു തന്നെ അപായപ്പെടുത്തിയതെന്ന് ഛത്രപതി പറഞ്ഞിരുന്നു. ഛത്രപതിയുടെ മകൻ അൻശൂൽ ഛത്രപതി പഞ്ചാബ് ഹരിയാനാ ഹൈക്കോടതിയിൽ ഹർജി നൽകി. രണ്ടു കൊലക്കേസുകളുടെയും അന്വേഷണം സിബിഎ ഏറ്റെടുക്കാൻ 2003ൽ ഹൈക്കോടതി ഉത്തരവായി.

ഇതിനിടെ മറ്റൊരു കൊലക്കേസ് കൂടി ഉയർന്നുവന്നു. ദേരാ സച്ചാ സൗദയിൽ മാനേജരായിരുന്ന ഫക്കീർ ചന്ദിനെ കാണാതായി. ഫക്കീറിനെ റാം റഹിം സിങ് കൊലപ്പെടുത്തിയതാണ് എന്ന് ചൂണ്ടിക്കാട്ടി ദേരയിലെ മറ്റൊരു മാനേജർ ആയിരുന്ന റാം കുമാർ വൈഷ്‌ണോയ് ഹൈക്കോടതിയിൽ ഹർജി നൽകി. ഈ കേസും സിബിഐയ്ക്ക് വിട്ടതാണ്. കുറേനാൾ കഴിഞ്ഞു തെളിവ് ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടി സിബിഐ കേസ് അവസാനിപ്പിച്ചു. ഈ കേസുകളിലെല്ലാം കോടതി വധ ശിക്ഷ വിധിക്കാനും സാധ്യതയുണ്ട്. കോടതി കർശന നിലപാട് എടുക്കുന്നതു കൊണ്ട് തന്നെ ഗുർമീതിന്റെ കാര്യം ഏറെ പ്രതിസന്ധിയിലാണ്. കൊലപാതക കേസുകളിൽ പരമാവധി ശിക്ഷയ്ക്കാകും പ്രോസിക്യൂഷനും ശ്രമിക്കുക. അതുകൊണ്ട് തന്നെ പോപ്പ് ഗാനങ്ങളും സിനിമാ അഭിനയവും ആയി തിളങ്ങിയ ഗുർമീത്തിന് ഇനി കാര്യങ്ങൾ അനുകൂലമാകില്ല.

ദേരാ സച്ചാ സൗദയിലെ ജീവനക്കാരായ 400 പുരുഷന്മാരെ റാം റഹിം സിങ് നിർബന്ധപൂർവം വന്ധ്യംകരണത്തിന് വിധേയരാക്കി എന്നു കാണിച്ചു ഫത്തേബാദ് സ്വദേശി ഹാൻസ് രാജ് ചൗഹാൻ 2012 ജൂലൈയിൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സന്യാസിനിമാരെ ശല്യം ചെയ്യാതിരിക്കാനായിരുന്നു ഈ നടപടി എന്ന് ഹർജിയിൽ പറയുന്നു. ഈ കേസും സിബിഐ അന്വേഷിക്കുന്നു. ഇതും ഗുർമീതിന് വിനയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP