Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഡ്വക്കറ്റ് ജനറലിലും അഭിഭാഷകരിലും സർക്കാരിനു പൂർണ വിശ്വാസം; ഹൈക്കോടതി വിമർശനത്തിൽ യാഥാർഥ്യമുണ്ടെങ്കിൽ അഭിഭാഷകർ സ്വയം തിരുത്തണം; ജുഡീഷ്യറിയുമായി സർക്കാർ യുദ്ധത്തിനില്ല: ജസ്റ്റിസ് അലക്‌സാണ്ടർ തോമസിന്റെ കാർക്കശ്യത്തിൽ സമവായത്തിനു മുഖ്യമന്ത്രി; സുപ്രീം കോടതിയിൽ അപ്പീൽ നൽകിയേക്കില്ല

അഡ്വക്കറ്റ് ജനറലിലും അഭിഭാഷകരിലും സർക്കാരിനു പൂർണ വിശ്വാസം; ഹൈക്കോടതി വിമർശനത്തിൽ യാഥാർഥ്യമുണ്ടെങ്കിൽ അഭിഭാഷകർ സ്വയം തിരുത്തണം; ജുഡീഷ്യറിയുമായി സർക്കാർ യുദ്ധത്തിനില്ല: ജസ്റ്റിസ് അലക്‌സാണ്ടർ തോമസിന്റെ കാർക്കശ്യത്തിൽ സമവായത്തിനു മുഖ്യമന്ത്രി; സുപ്രീം കോടതിയിൽ അപ്പീൽ നൽകിയേക്കില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിനെതിരായ ഹൈക്കോടതിയുടെ ഭാഗത്തു നിന്നും രൂക്ഷ വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ കുരുക്കിലായ സർക്കാർ സമയവായത്തിന്റെ പാതയിൽ. അഡ്വക്കേറ്റ് ജനറലിന് എതിരായ ഹൈക്കോടതി വിമർശനത്തിൽ യാഥാർത്ഥ്യമുണ്ടെങ്കിൽ അഭിഭാഷകർ സ്വയം തിരുത്തണമെന്ന് അഭിപ്രായപ്പെട്ടു കൊണ്ടാണ് മുഖ്യമന്ത്രി സമവായത്തിന്റെ സാധ്യത തേടിയത്. വിമർശനം പരിശോധിക്കുകയും തിരുത്തുകയും വേണം. വിമർശനം തെറ്റാണെങ്കിൽ ബോധ്യപ്പെടുത്തേണ്ടവരെ ബോധ്യപ്പെടുത്തണം. വിമർശനത്തെ പോസിറ്റീവായി കാണണം. ഇത് കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കാൻ സഹായിക്കും. ജുഡീഷ്യറിയുമായി സർക്കാർ ഏറ്റുമുട്ടലിന് ഇല്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. അഭിഭാഷകരിൽ സർക്കാരിനു പൂർണവിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജുഡിഷ്യറിയുമായി ഏറ്റുമുട്ടലിനില്ലെന്ന് പറഞ്ഞതോടെ ഇക്കാര്യത്തിൽ പരാമർശം നീക്കിക്കിട്ടാൻ സുപ്രീംകോടതിയെ സർക്കാർ സമീപിക്കില്ലന്ന സൂചനയാണ് പുറത്തുവരുന്നത്. കൊച്ചിയിൽ സർക്കാർ അഭിഭാഷകരുടെ യോഗത്തിൽ സംസാരിക്കുന്ന വേളയിലായിരുന്നു മുൻനിലപാടിൽ നിന്നും മാറി ഉമ്മൻ ചാണ്ടി സമയവായത്തിന്റെ സാധ്യത തുറന്നിട്ടത്. അഡ്വക്കറ്റ് ജനറൽ ഓഫിസിനെതിരായ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്.

യോഗത്തിൽ നിയമന്ത്രി കെ എം മാണി, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യുഷൻ ആസിഫലി, ദണ്ഡപാണി തുടങ്ങിയവർ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി സമവായത്തിന്റെ പാതയിലാണ് സംസാരിച്ചതെങ്കിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യുഷൻ ആസിഫലി ഹൈക്കോടതി ജഡ്ജിയെ പോരെടുത്ത് പറയാതെ വിമർശിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. എജിയുടെ ഓഫീസിനെതിരായ ആക്രമണത്തെ ചെറുക്കുമെന്ന് ആസിഫലി പ്രസംഗത്തിൽ പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളെ ബഹുമാനിക്കാൻ കോടതി തയ്യാറാകണമെന്നും ആസിഫലി പറഞ്ഞു.

കേസ് നടത്തിപ്പിൽ അഡ്വക്കറ്റ് ജനറൽ ഓഫീസ് പുലർത്തുന്ന കെടുകാര്യസ്ഥത ചീഫ് സെക്രട്ടറി പരിശോധിക്കണമെന്ന് ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. അഴിമതിക്കേസുകളിൽ യഥാസമയം സർക്കാർ നിലപാട് അറിയിക്കാത്തത് പ്രതികൾക്ക് സ്റ്റേ ലഭിക്കുന്നതിനായാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും ജസ്റ്റീസ് അലക്‌സാണ്ടർ തോമസ് വ്യക്തമാക്കി. ഇത് രണ്ടാംവട്ടമായിരുന്നു ഇതേ കോടതി എജി ഓഫിസിനെ വിമർശിച്ചത്.

കോടതിയെ അഡ്വക്കറ്റ് ജനറൽ ഓഫിസ് തെറ്റിധരിപ്പിക്കുന്നു. ഇത് നീതിനിർവഹണത്തിലുള്ള ഇടപെടലും കോടതി അലക്ഷ്യവുമാണ്. പൊതുഖജനാവിൽ നിന്നുള്ള പണമാണ് സർക്കാർ കേസ് നടത്തിപ്പിനായി വിനിയോഗിക്കുന്നതെന്ന കാര്യം മറക്കരുതെന്നാണ് ജസ്റ്റീസ് അലക്‌സാണ്ടർ തോമസിന്റെ ഓർമപ്പെടുത്തൽ. ചിലകേസുകളിൽ അഡ്വക്കറ്റ് ജനറൽ ഓഫിസ് പ്രത്യേക താൽപര്യം കാണിക്കുന്നതായി കോടതി നിരീക്ഷിച്ചിരിക്കുന്നു.

കണ്ണൂർ ജില്ലയിലെ പെരിങ്ങോമിലെ ഭൂമി കേസിൽ രേഖകൾ ഹാജരാക്കാൻ സർക്കാർ അഭിഭാഷകരോട് മൂന്ന് തവണ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ മൂന്ന് തവണയും രേഖകൾ ഹാജരാക്കാതിൻ വിസമ്മതിച്ചതോടെയാണ് ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് വിമർശിക്കേണ്ടി വന്നത്. സർക്കാർ അഭിഭാഷകരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ കോടതി അലക്ഷ്യത്തിന് കേസെടുക്കാൻ പോലും സാധിക്കുമായിരുന്നു. വിഷയത്തിൽ ഇടപെടാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസും വിസമ്മതിച്ചതോടെ സർക്കാർ വിഷയത്തിൽ അപകടം മണത്തിരുന്നു.

അതിനിടെ എ ജിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ അഭിഭാഷക സ്ഥാപനം സർക്കാരിനെതിരായി എത്രകേസിൽ ഹാജരായിട്ടുണ്ടെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു. ദണ്ഡപാണി അസോസിയേറ്റ്‌സ് സർക്കാരിനെതിരായ എത്ര കേസിൽ ഹൈക്കോടതിയിൽ ഹാജരായിട്ടുണ്ടെന്നും, അതിൽ എത്ര കേസുകൾ സർക്കാർ തോറ്റുകൊടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം.

അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിനെതിരെ ഹൈക്കോടതി രണ്ടാം തവണയും അതിനിശിതമായ വിമർശനം ഉന്നയിച്ചതിനെ തുടർന്നാണ് സർക്കാരിനെതിരായ കേസിൽ നിന്ന് ഒഴിയുന്നതായി എജിയുടെ മകൻ പറഞ്ഞത്. ഇതിന്റെയർത്ഥം, മുമ്പ് എജി കെ പി ദണ്ഡപാണിയും അദ്ദേഹത്തിന്റെ കീഴിലുള്ള അഭിഭാഷകരും ഹാജരായ പല കേസുകളിലും സർക്കാരിനെതിരെ അദ്ദേഹത്തിന്റെ മകനടക്കം ദണ്ഡപാണി അസോസിയേറ്റ്‌സിലെ പല അഭിഭാഷകരും കോടതിയിൽ ഹാജരായിട്ടുണ്ടെന്നാണ്. ഇതുമൂലം നിരവധി കേസുകളിൽ സർക്കാർ തോൽക്കുകയും, അതിനുവേണ്ടി ലക്ഷങ്ങൾ ധൂർത്തടിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങൾ അക്കമിട്ടു ജനങ്ങളോടു തുറന്നു പറയാൻ മുഖ്യമന്ത്രി ആർജവം കാട്ടണമെന്ന് വി എസ് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP