Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തു എന്ന് കേസ് കെട്ടിച്ചമച്ചത്; സാക്ഷിളുടെ മൊഴികളിൽ വൈരുദ്ധ്യം ഉണ്ടെന്നും തെളിവുകൾ നിലനിൽക്കുന്നതല്ലെന്നും ആരോപണം; പ്രതിപട്ടികയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളക്കൽ സുപ്രീം കോടതിയിൽ; വിടുതൽ ഹർജിയിൽ സുപ്രീം കോടതി തീർപ്പ് കൽപ്പിക്കുന്നത് വരെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണം എന്നും ആവശ്യം; തങ്ങളുടെ വാദം കേൾക്കാതെ സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കരുത്‌ എന്ന് കന്യാസ്ത്രീയും സംസ്ഥാന സർക്കാരും

കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തു എന്ന് കേസ് കെട്ടിച്ചമച്ചത്; സാക്ഷിളുടെ മൊഴികളിൽ വൈരുദ്ധ്യം ഉണ്ടെന്നും തെളിവുകൾ നിലനിൽക്കുന്നതല്ലെന്നും ആരോപണം; പ്രതിപട്ടികയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളക്കൽ സുപ്രീം കോടതിയിൽ; വിടുതൽ ഹർജിയിൽ സുപ്രീം കോടതി തീർപ്പ് കൽപ്പിക്കുന്നത് വരെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണം എന്നും ആവശ്യം; തങ്ങളുടെ വാദം കേൾക്കാതെ സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കരുത്‌ എന്ന് കന്യാസ്ത്രീയും സംസ്ഥാന സർക്കാരും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളക്കൽ സുപ്രീം കോടതിയെ സമീപിച്ചു. കേസിൽ കെട്ടിച്ചമച്ച തെളിവുകളെന്നാണ് ഫ്രാങ്കോ മുളയ്ക്കൽ വാദിക്കുന്നത്. പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ഫ്രാങ്കോ മുളക്കലിന്റെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. കന്യാസ്ത്രീയ ബലാൽസംഗം ചെയ്തു എന്ന് കേസ് കെട്ടിച്ചമച്ചതാണെന്നാണ് ഫ്രാങ്കോ മുളക്കൽ പറയുന്നത്. സാക്ഷിളുടെ മൊഴികളിൽ വൈരുദ്ധ്യം ഉണ്ടെന്നും തെളിവുകൾ നിലനിൽക്കുന്നതല്ലെന്നും ഹർജിയിൽ ഫ്രാങ്കോ മുളക്കൽ പറയുന്നുണ്ട്. 2014മുതൽ 2016വരെയുള്ള കാലയളവിൽ ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ 13 തവണ പീഡിപ്പിച്ചെന്നാണ് കേസ്.

വിടുതൽ ഹർജിയിൽ സുപ്രീം കോടതി തീർപ്പ് കൽപ്പിക്കുന്നത് വരെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണം എന്നും ഫ്രാങ്കോ മുളയ്ക്കൽ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സംസ്ഥാന സർക്കാരും കന്യാസ്ത്രീയും സുപ്രീം കോടതിയിൽ തടസ്സഹർജി ഫയൽ ചെയ്തു. ബലാത്സം​ഗക്കേസിൽ ബിഷപ് ഫ്രോങ്കോ മുളയ്ക്കലിന്റെ ജാമ്യം കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി റദ്ദാക്കിയിരുന്നു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെത്തുടർന്നായിരുന്നു കോടതിയുടെ നടപടി. തുടർച്ചയായി 14 തവണയാണ് ഫ്രാങ്കോ മുളയ്ക്കൽ വിചാരണയ്ക്ക് ഹാജരാകാതിരുന്നത്.

ബലാത്സംഗത്തിനു പുറമെ അന്യായമായി തടഞ്ഞുവയ്ക്കൽ, അധികാര ദുർവിനിയോഗം, പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, ഭീഷണിപ്പെടുത്തൽ, മേലധികാരമുപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്. തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് അവകാശപ്പെട്ട് കൊണ്ടാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. വ്യക്തിപരമായ വിദ്വേഷം കാരണമാണ് കന്യാസ്ത്രീ ബലാത്സംഗ ആരോപണം ഉന്നയിച്ചത്. കന്യാസ്ത്രീ നടത്തിയ ചില സാമ്പത്തിക ഇടപാടുകൾ ചോദ്യം ചെയ്തതും തനിക്കെതിരെ പരാതിക്ക് കാരണമായി. കന്യാസ്ത്രീയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും ഫ്രാങ്കോയുടെ ഹർജിയിൽ വിശദീകരിച്ചിട്ടുണ്ട്.

ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതൽ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. വിചാരണ നേരിടാനും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ വിചാരണ കോടതിയിൽ ഫ്രാങ്കോ ഹാജർ ആയില്ല. ഇതേ തുടർന്ന് അദ്ദേഹത്തിന് അനുവദിച്ച ജാമ്യം വിചാരണ കോടതി റദ്ദാക്കിയിരുന്നു. ജാമ്യമില്ലാ വാറന്റ് പുറപ്പടിവിച്ചിരിക്കുന്ന സാഹചര്യത്തിൽ ആണ് ഫ്രാങ്കോ മുളയ്ക്കൽ വിചാരണ കോടതിയിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം തങ്ങളുടെ വാദം കേൾക്കാതെ സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കരുത്‌ എന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീയും സംസ്ഥാന സർക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഫ്രാങ്കോ മുളയ്ക്കലിന്റെ ഹർജിക്ക് ഒപ്പം ഈ തടസ്സ ഹർജികളും അടുത്ത ആഴ്ച സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വന്നേക്കും.

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മറ്റുചില കന്യാസ്ത്രീകളെയും കഴുകൻകണ്ണുകളോടെ നോക്കിയിരുന്നുവെന്ന് പീഡനത്തിനിരയായ കുറവിലങ്ങാട്ടെ കന്യാസ്ത്രീ വെളിപ്പെടുത്തിയിരുന്നു. ബിഷപ്പ് ഫ്രാങ്കോയ്ക്ക് ആരിലെങ്കിലും ഇഷ്ടം തോന്നിയാൽ കെണിയിൽപ്പെടുത്തുമായിരുന്നെന്ന് കത്തിലുണ്ട്. 2017 ഏപ്രിലിൽ ഒരു കന്യാസ്ത്രീയുടെ പ്രാർത്ഥനാമുറിയിൽനിന്ന് അദ്ദേഹത്തെ കൈയോടെ പിടികൂടി. ജൂനിയർ കന്യാസ്ത്രീകൾ മാത്രമുള്ള മറ്റൊരു സംസ്ഥാനത്തേക്ക് ഇവരെ മാറ്റുകയാണ് ഫ്രാങ്കോ ചെയ്തത്. അതേയാഴ്ചതന്നെ അദ്ദേഹമവിടെ പോകുകയും രാത്രി തങ്ങുകയും ചെയ്തു. ആത്മീയകാര്യങ്ങൾക്കെന്നുപറഞ്ഞ് രാത്രി 12 വരെയും കന്യാസ്ത്രീയെ മുറിയിലിരുത്തി. പുറത്തുപറഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്തോർത്ത് ആരും ഒന്നും മിണ്ടിയില്ല. ഇത്തരത്തിൽ നിരവധി പരാതികൾ ഉയർന്നിട്ടും ബിഷപ്പിനെ തൊടാൻ സഭയും പൊലീസും മടിച്ചു ഇതിന് കാരണം ബിഷപ്പിന്റെ സ്വാധീനമായിരുന്നു.

സ്വന്തമായി കന്യാസ്ത്രീ മഠവും വൈദിക സഭയും ഫ്രാങ്കോയ്ക്കുണ്ടായിരുന്നു. തനിക്ക് ഇഷ്ടങ്ങൾ നിവർത്തിക്കാൻ വേണ്ടിയായിരുന്നു ഇത്. വൈദിക മഠത്തിലൂടെ തന്നെ മാത്രം പിന്തുണയ്ക്കുന്ന വൈദികരെ ഉണ്ടാക്കി. ഇവരെ ഗുണ്ടകളെ പോലെ ഉപയോഗിച്ചു. എല്ലാ സെമിനാരികളിലും ചാരന്മാരായി ഇവരെ നിയമിച്ചു. അങ്ങനെ ജലന്ധർ രൂപതയെ എല്ലാ അർത്ഥത്തിലും കൈക്കുള്ളിലാക്കി ഫ്രാങ്കോ വിരാജിച്ചു. ഇതോടെ രൂപതയിലെ പള്ളികളിൽ നിരവധി വിമതരും എത്തി. പലരും ബിഷപ്പിനെ ചോദ്യം ചെയ്തു. ഇതിനെ ചാരന്മാരെ നിയോഗിച്ചാണ് ഫ്രാങ്കോ നേരിട്ടത്. സ്വന്തം സന്യാസി സഭയിൽ നിന്നെത്തിയ വിശ്വസ്തരെ എല്ലാ അരമനയിലും നിയോഗിച്ചു. തനിക്കെതിരെ ചെറുവിരൽ അനങ്ങിയാൽ പോലും ബിഷപ്പ് അപ്പോൾ തന്നെ അറിഞ്ഞു. പഞ്ചാബ് പൊലീസിലെ വിശ്വസ്തരെ ഉപയോഗിച്ചും അതീവ രഹസ്യമായി കാര്യങ്ങൾ നിരീക്ഷിച്ചു.

അങ്ങനെ സത്യത്തിനൊപ്പം നീങ്ങിയവരെ എല്ലാം അരിഞ്ഞു വീഴ്‌ത്തുന്ന തരത്തിൽ ഇടപെടൽ നടത്തി ഫ്രാങ്കോ മുന്നോട്ട് പോയി. പ്രാർത്ഥനാലയം കൈക്കലാക്കാൻ ഫാ ബേസിലിനെ എല്ലാ അർത്ഥത്തിലും ഇല്ലായ്മ ചെയ്യുകയായിരുന്നു ഫ്രാങ്കോ ചെയ്തത്. 1990 -ൽ വികാരിയായ ഡോ. ഫ്രാങ്കോ മുളയ്ക്കൽ 2009 -ലാണ് ഡൽഹിയിൽ സഹായ മെത്രാനാകുന്നത്. ഡൽഹിയിലെ ചുമതലയാണ് ബിഷപ്പിനെ രാഷ്ട്രീയ നേതാക്കളുമായി അടുപ്പക്കാരനാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP