Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വ്യാജ കണക്ഷനിൽ 33 ലക്ഷം രൂപയുടെ കുഴൽ ഫോൺ വിളി: ബി എസ് എൻ എൽ എഞ്ചിനീയറടക്കം 9 പ്രതികൾക്കെതിരെ സിബിഐ കോടതിയിൽ വിചാരണ; ടെലികോം വകുപ്പിനെ ചതിച്ചത് വ്യാജ തിരിച്ചറിയൽ രേഖകളിൽ പോസ്റ്റ് പെയ്ഡ് കണക്ഷൻ നൽകി

വ്യാജ കണക്ഷനിൽ 33 ലക്ഷം രൂപയുടെ കുഴൽ ഫോൺ വിളി: ബി എസ് എൻ എൽ എഞ്ചിനീയറടക്കം 9 പ്രതികൾക്കെതിരെ സിബിഐ കോടതിയിൽ വിചാരണ; ടെലികോം വകുപ്പിനെ ചതിച്ചത് വ്യാജ തിരിച്ചറിയൽ രേഖകളിൽ പോസ്റ്റ് പെയ്ഡ് കണക്ഷൻ നൽകി

പി.നാഗ് രാജ്‌

 

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ രേഖകളിൽ പോസ്റ്റ് പെയ്ഡ് കണക്ഷൻ നൽകി വിദേശ രാജ്യങ്ങളിലടക്കം കുഴൽ ഫോൺ വിളി നടത്തി കേന്ദ്ര സർക്കാരിന് 33 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയ കേസിൽ കോർപ്പറേറ്റ് കമ്പനികൾക്കുള്ള ഇളവുകൾ ലഭിക്കാനായി പ്രതികൾ വ്യാജ കമ്പനികളുടെ പേരിൽ വ്യാജ മെമോറാണ്ടം ഓഫ് അസോസിയേഷനും ആർട്ടിക്കിൾസ് ഓഫ് അസോസിയേഷനും നിർമ്മിച്ച്ഹാജരാക്കിയതായി കമ്പനി രജിസ്ട്രാർ കൃഷ്ണമൂർത്തി തിരുവനന്തപുരം സിബിഐ കോടതിയിൽ സാക്ഷിമൊഴി നൽകി.

ബിഎസ്എൻഎൽ എഞ്ചിനീയറടക്കം 9 പ്രതികൾ വിചാരണ നേരിടുന്ന അഴിമതി കേസിലാണ് കമ്പനി രജിസ്ട്രാർ ഓഫീസിലെ മുൻ അസി. രജിസ്ട്രാറും നിലവിൽ കമ്പനി രജിസ്ട്രാറുമായ കൃഷ്ണ മൂർത്തി പ്രോസിക്യൂഷൻ ഭാഗം രണ്ടാം സാക്ഷിയായി സാക്ഷിമൊഴി നൽകിയത്. പ്രതികൾ ഹാജരാക്കിയത് വ്യാജരേഖകളാണെന്നും ഇത്ത രത്തിലൊരു കമ്പനി കമ്പനി രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും രജിസ്റ്റർ നമ്പരായി രേഖകളിൽ കാണുന്ന നമ്പർ വ്യാജ നമ്പരാണെന്നും അദ്ദേഹം സിബിഐ ജഡ്ജി ജെ. നാസർ മുമ്പാകെ ബോധിപ്പിച്ചു. പ്രതികൾ ഹാജരാക്കിയതും സിബിഐ ബി എസ് എൻ എൽ ഓഫീസിൽ നിന്നും കോടതിയുടെ സെർച്ച് വാറണ്ടുത്തരവ് പ്രകാരം ഓഫീസ് റെയ്ഡ് ചെയ്ത് പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കിയ വ്യാജ മെമോറാണ്ടവും ആർട്ടിക്കിൾസ് ഓഫ് അസോസിയേഷനും കോടതിയിൽ കമ്പനി രജിസ്ട്രാർ തിരിച്ചറിഞ്ഞു. സാക്ഷി തിരിച്ചറിഞ്ഞ വ്യാജരേഖകൾ പ്രോസിക്യൂഷൻ ഭാഗം തെളിവായി അക്കമിട്ട് കോടതി തെളിവിൽ സ്വീകരിച്ചു.

തിരുവനന്തപുരം ഗവ: പ്രസ്സ് റോഡിലുള്ള ടെലഗ്രാഫ് ഓഫീസ് സബ്ഡിവിഷണൽ എഞ്ചിനീയർ ബി. രഘൂത്തമൻ നായർ , ബി എസ് എൻ എൽ സിം കാർഡ് അംഗീകൃത ഡീലർ ആയ ' അൻസാരി ഹാർഡ് വെയർ ' സ്ഥാപന ഉടമ എം.ഷിജു , കംപ്യൂട്ടറിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ച ഷിജുവിന്റെ സ്ഥാപനത്തിലെ ജീവനക്കാരായ മഹേഷ് സിൻഹ , എൻ. ശ്രീകേഷ് , എസ്. മുബാറക്ക് , രേഖാ വേണുഗോപാൽ , കാർത്തിക സേതുനാഥ് , 33 ലക്ഷം രൂപയുടെ കുഴൽ ഫോൺ വിളി നടത്തിയ ഹൈദരാബാദ് സ്വദേശികളായ ജി. ജീനത്ത് , രാജേന്ദ്ര പാൽ സിംഗെന്നും രജീന്ദ്രപാൽ സിംഗെന്നും അറിയപ്പെടുന്ന രാജേന്ദ്രർ എന്നിവരാണ് കേസിൽ നിലവിലുള്ള പ്രതികൾ. കേസിലെ മൂന്നാം പ്രതിയും ഷിജുവിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയുമായ എസ് . സിമ്മി വിചാരണക്കിടെ മരണപ്പെട്ടു. തങ്ങൾക്കെതിരായ കുറ്റപത്രം അടിസ്ഥാന രഹിതമായതിനാൽ തങ്ങളെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജികൾ തള്ളിക്കൊണ്ടാണ് കോടതി പ്രതികൾക്ക് മേൽ കുറ്റം ചുമത്തി വിചാരണ നേരിടാൻ ആവശ്യപ്പെട്ടത്. പ്രതികൾ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായി അനുമാനിക്കാവുന്ന തെളിവുകൾ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വിടുതൽ ഹർജികൾ സി ബി ഐ കോടതി തള്ളിയത്.

2004 ഏപ്രിൽ - ജുലൈ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികൾ ഗൂഢാലോചന നടത്തി വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ച് വ്യാജ പേരുകളിലും വ്യാജ വിലാസങ്ങളിലും 22 മൊബൈൽ പോസ്റ്റ് പെയ്ഡ് കണക്ഷനുകൾ നൽകി ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഫോൺ വിളി നടത്തി ബിൽ അടക്കാതെ കേന്ദ്ര സർക്കാരിന് 33 ലക്ഷം രൂപയുടെ നഷ്ടം വരുത്തി ടെലികോം വകുപ്പിനെ വഞ്ചിച്ചുവെന്നാണ് സി ബി ഐ കേസ്. കോർപ്പറേറ്റ് കമ്പനികൾക്കുള്ള ഇളവ് ലഭിക്കാനായി കമ്പനികളുടെ പേരിലുള്ള വ്യാജ മെമോറാണ്ടം ഓഫ് അസോസിയേഷൻ , ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ എന്നിവ നിർമ്മിച്ചതായും സിബിഐ കുറ്റപത്രത്തിലുണ്ട്. 45 പേരടങ്ങുന്ന സാക്ഷിപ്പട്ടിക യോടൊപ്പം 246 രേഖകളും തൊണ്ടിമുതലുകളും കുറ്റപത്രത്തോടൊപ്പം സിബിഐ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP