Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വാഹനം വിൽക്കുമ്പോൾ ഉടമസ്ഥാവകാശം മാറ്റിയെന്ന് ഉറപ്പുവരുത്തുക; എക്‌സ്‌ചേഞ്ച് മേളകൾക്ക് പോകുമ്പോൾ പണി കിട്ടരുത്; അല്ലെങ്കിൽ ഏഷ്യാനെറ്റ് ജീവനക്കാരനെപ്പോലെ നിങ്ങളും കുത്തുപാളയെടുക്കും

വാഹനം വിൽക്കുമ്പോൾ ഉടമസ്ഥാവകാശം മാറ്റിയെന്ന് ഉറപ്പുവരുത്തുക; എക്‌സ്‌ചേഞ്ച് മേളകൾക്ക് പോകുമ്പോൾ പണി കിട്ടരുത്; അല്ലെങ്കിൽ ഏഷ്യാനെറ്റ് ജീവനക്കാരനെപ്പോലെ നിങ്ങളും കുത്തുപാളയെടുക്കും

കോഴിക്കോട് : എക്‌സ്‌ചേഞ്ച് മേളകളിലായാലും അല്ലാതെയായാലും വാഹനം വിൽക്കുമ്പോൾ ഉടമസ്ഥാവകാശം മാറ്റിയില്ലെങ്കിൽ കാത്തിരിക്കുന്നത് എട്ടിന്റെ പണി. വാഹനം മറ്റൊരാൾക്ക് കൈമാറുന്ന തിയതിമുതൽത്തന്നെ ഉടമസ്ഥാവകാശം കൈമാറിയെന്ന് ഉറപ്പുവരുത്തിയില്ലെങ്കിൽ വാഹനംമൂലം ഉണ്ടാകുന്ന ഏതു നാശനഷ്ടങ്ങൾക്കും നിങ്ങളായിരിക്കും ഉത്തരവാദി. ഇരുചക്ര വാഹന എക്‌സ്‌ചേഞ്ച് മേളയിൽ വാഹനം വിറ്റയാൾ അപകട നഷ്ടപരിഹാര കേസിൽ ഒന്നാം പ്രതിയായതോടെ വാഹനംമൂലം ഉണ്ടായ അപകടത്തിന് ഉടമയായ ഏഷ്യാനെറ്റ് ജീവനക്കാരൻ നൽകേണ്ടിവന്നത് ആറരലക്ഷത്തോളം രൂപ.

എക്‌സ്‌ചേഞ്ച് മേളയിൽ വാഹനം കൈമാറിയ കോഴിക്കോട്ട് ഏഷ്യാനെറ്റ് ജീവനക്കാരനായ തൃശൂർ കിള്ളിമംഗലം ഇക്കണ്ടത്ത് വാര്യം രാധാകൃഷ്ണനാണ് മേള നടത്തിയവരുടെ നിരുത്തരവാദിത്തംമൂലം ഇപ്പോൾ വെള്ളംകുടിക്കുന്നത്. ആർസി മാറ്റാതെ വാഹനം മറിച്ചു വിറ്റ ഇരുചക്രവാഹന വിൽപ്പനക്കാരുടെ നിരുത്തരവാദ പ്രവൃത്തിമൂലം ഇദ്ദേഹം വാഹനാപകടക്കേസിൽ ഒന്നാം പ്രതിയാവുകയും വൻതുക നഷ്ടപരിഹാരം നൽകേണ്ടിയും വന്നു. മരിച്ചയാളുടെ കുടുംബത്തിനു 6,35,000 രൂപയും പലിശയും നൽകാനാണ് കോടതി വിധി.

മഹീന്ദ്ര ഇരുചക്രവാഹനങ്ങളുടെ വിൽപ്പനക്കാരായ വെസ്റ്റ്ഹിൽ പനാമ മോട്ടോഴ്‌സിൽ 2010ൽ രാധാകൃഷ്ണൻ തന്റെ ബൈക്ക് എക്‌സ്‌ചേഞ്ച് മേളയിൽ നൽകി സ്‌കൂട്ടർ വാങ്ങിയിരുന്നു. ബൈക്കിന്റെ ആർസി, ഇൻഷുറൻസ് രേഖ, സെയിൽ ലെറ്റർ എന്നിവയും നൽകിയിരുന്നു. ഇതെല്ലാം കൈപ്പറ്റിയതിന്റെ രേഖകളും പനാമ മോട്ടോഴ്‌സ് രാധാകൃഷ്ണനു നൽകി. പിന്നീട് രണ്ടുവർഷങ്ങൾക്കുശേഷം 2012ൽ കുരുവട്ടൂർ പറമ്പിൽ സ്വദേശി മനോഹരൻ ഈ ബൈക്ക് ഓടിക്കവെ അപകടത്തിൽപ്പെട്ടു. പിന്നിലിരുന്നു യാത്ര ചെയ്തിരുന്ന പറമ്പിൽ ബസാർ സ്വദേശി സിദ്ദീഖ് മരിച്ചു.

രാധാകൃഷ്ണൻ ബൈക്ക് പനാമ മോട്ടോഴ്‌സിനു കൈമാറുമ്പോൾ 11 മാസം ഇൻഷുറൻസ് കവറേജ് ബാക്കിയായിരുന്നു. അതിനു ശേഷം ഇൻഷുറൻസ് പുതുക്കപ്പെട്ടില്ല. പനാമ മോട്ടോഴ്‌സ് വാഹനം ബൈക്ക് മറ്റൊരാൾക്കു വിൽപ്പന നടത്തിയപ്പോൾ രാധാകൃഷ്ണന്റെ പേരിൽ നിന്നു മാറ്റിയതുമില്ല. ഇതൊന്നും രാധാകൃഷ്ണൻ അറിഞ്ഞതുമില്ല. അപകടമുണ്ടായപ്പോൾ മരിച്ച സിദ്ദീഖിന്റെ ഭാര്യയും മക്കളും നഷ്ടപരിഹാരത്തിനായി കേസ് കൊടുത്തപ്പോൾ രേഖകൾ പ്രകാരം രാധാകൃഷ്ണനായിരുന്നു വാഹന ഉടമ. അതിനാൽ അദ്ദേഹം കേസിൽ ഒന്നാം പ്രതിയാവുകയായിരുന്നു.

വാഹനം വിൽപനയ്ക്കു വയ്ക്കാനുള്ള സൗകര്യം ഒരുക്കുക മാത്രമാണു തങ്ങൾ ചെയ്തതെന്നാണു ഇപ്പോൾ പനാമ മോട്ടോഴ്‌സ് അധികൃതരുടെ വിശദീകരണം. എന്നാൽ വലിയ ആഘോഷത്തോടെ നടത്തിയ എക്‌സ്‌ചേഞ്ച് മേളയിൽ തന്റെ ബൈക്ക് പനാമ മോട്ടോഴ്‌സ് വാങ്ങുകയും അതിന്റെ ഉടമസ്ഥാവകാശം മാറ്റാനുള്ള രേഖകൾ ഒപ്പിട്ടു വാങ്ങുകയും ചെയ്തതായി രാധാകൃഷ്ണൻ പറഞ്ഞു. പക്ഷേ അവർ ബൈക്ക് മറിച്ചു വിറ്റപ്പോൾ ഈ ഉടമസ്ഥാവകാശം മാറ്റിയതുമില്ല. പുതിയ ഉടമ പഴയ ആർസി വച്ചുതന്നെ വാഹനം ഓടിക്കുകയും അപകടത്തിൽപ്പെടുകയുമായിരുന്നു. പനാമ മോട്ടോഴ്‌സിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയ്ക്കാണു താൻ പ്രതിയായതെന്ന് രാധാകൃഷ്ണൻ പറയുന്നു. അപകടം നടന്ന് ഒരു മാസം കഴിഞ്ഞപ്പോൾ ബൈക്കിന്റെ ഉടമസ്ഥാവകാശം രാധാകൃഷ്ണനിൽനിന്ന് മനോഹരനിലേക്കു മാറ്റിയെങ്കിലും ഫലത്തിൽ രാധാകൃഷ്ണൻ തന്നെ കേസിൽ പ്രതിയായി.

എക്‌സ്‌ചേഞ്ച് മേള എന്ന പേരിൽ പഴയ വാഹനങ്ങൾ വാങ്ങി പുതിയ വാഹനം നൽകുകയും പിന്നീട് ഉത്തരവാദിത്തവമില്ലാതെ പഴയ വാഹനം അധിക വില നൽകുന്നവർക്കു വിട്ടുകൊടുക്കുയുമാണു ചെയ്തതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതുതന്നെയാണ് മിക്ക വാഹനമേളകളിലും നടക്കുന്നതും. ഇതു കാരണം പിന്നീടു വാഹനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങൾക്കെല്ലാം ആരുടെ പേരിലാണോ ഉടമസ്ഥാവകാശമുള്ളത്, അയാൾ കുടുങ്ങുകയും ചെയ്യും. വാഹനം ഓടിക്കുന്നയാളേക്കാൾ വാഹന ഉടമയ്ക്കാണ് ഇത്തരം സംഭവങ്ങളിൽ ഉത്തരവാദിത്തം കൂടുകയെന്ന് ചുരുക്കം. ലൈസൻസില്ലാത്ത ഒരാൾക്ക് വാഹനമോടിക്കാൻ കൊടുത്താലും ആരെങ്കിലും നിങ്ങളുടെ വാഹനമോടിച്ച് അപകടത്തിൽപ്പെടുത്തിയാലുമെല്ലാം കേസ് വരുമ്പോൾ ഉടമയാകും പ്രതിയെന്നു ചുരുക്കം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP