Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202125Sunday

പത്രിക തള്ളൽ: തലശേരിയിലെയും ഗുരുവായൂരിലെയും എൻഡിഎ സ്ഥാനാർത്ഥികളുടെ ഹർജികൾ തിങ്കളാഴ്ചത്തേക്ക് മാറ്റി; തിരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം; ഇരട്ടനീതിയെന്ന് സ്ഥാനാർത്ഥികൾ; കോടതിക്ക് ഇടപെടാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; ഫലപ്രഖ്യാപനത്തിന് ശേഷം തിരഞ്ഞെടുപ്പ് ഹർജിയിലൂടെ മാത്രമേ ഇടപെടാനാകൂ എന്നും കമ്മീഷൻ

പത്രിക തള്ളൽ: തലശേരിയിലെയും ഗുരുവായൂരിലെയും എൻഡിഎ സ്ഥാനാർത്ഥികളുടെ ഹർജികൾ തിങ്കളാഴ്ചത്തേക്ക് മാറ്റി; തിരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം; ഇരട്ടനീതിയെന്ന് സ്ഥാനാർത്ഥികൾ; കോടതിക്ക് ഇടപെടാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; ഫലപ്രഖ്യാപനത്തിന് ശേഷം തിരഞ്ഞെടുപ്പ് ഹർജിയിലൂടെ മാത്രമേ ഇടപെടാനാകൂ എന്നും കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തലശേരിയിലെയും ഗുരുവായൂരിലെയും എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയതിന് എതിരായ ഹർജികൾ തിങ്കളാഴ്ചത്തേക്ക് മാറ്റി. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ സത്യവാങ്മൂലം സമർപ്പിക്കണമെന്നും ജസ്റ്റിസ് എൻ. നഗരേഷ് ആവശ്യപ്പെട്ടിട്ടുണ്ട്.ചിഹ്നം അനുവദിക്കാൻ സംസ്ഥാന പ്രസിഡന്റിനെ ചുമതലപ്പെടുത്തുന്ന ദേശീയ പ്രസിഡന്റ് ഒപ്പിട്ട ഫോം എ സമർപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പത്രിക വരണാധികാരി കരുതിക്കൂട്ടി തള്ളുകയായിരുന്നെന്നാണ് തലശേരിയിൽ പത്രിക നൽകിയ ബിജെപി സ്ഥാനാർത്ഥിയും കണ്ണൂർ ജില്ലാ പ്രസിഡന്റുമായ എൻ. ഹരിദാസിന്റെ ആരോപണം.

ഫോം എയും ബിയും പത്രികക്ക് ഒപ്പം നൽകിയിരുന്നു. എന്നാൽ ഫോം എയിൽ ഒപ്പിട്ടില്ല എന്ന അപാകത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തിരുത്തുന്നതിനായി മാർച്ച് 19 ന് അത് മടക്കി നൽകാൻ വരണാധികാരിയോട് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. പത്രിക സൂക്ഷ്മ പരിശോധന നടത്തുന്ന 20 ന് ദേശീയ പ്രസിഡന്റ് ഒപ്പിട്ട ഫോം എ പത്രികക്ക് ഒപ്പം നൽകിയെങ്കിലും സ്വീകരിച്ചില്ല.തുടർന്ന് ഫോം എ നൽകിയിട്ടില്ല എന്ന പേരിൽ തള്ളുകയായിരുന്നു. കരുതിക്കൂട്ടിയാണ് വരണാധികാരി ഈ നിലപാട് സ്വീകരിച്ചത്. ഈ സാഹചര്യത്തിൽ പത്രികക്ക് ഒപ്പം നൽകിയ ഫോം എ സാധുതയുള്ളതാണെന്ന് പ്രഖ്യാപിക്കുകയും പത്രിക സ്വീകരിക്കാൻ നിർദ്ദേശിക്കുകയും മത്സരിക്കാൻ അനുവദിക്കുകയും ചെയ്യണമെന്നാണ് ഹരജിയിലെ ആവശ്യം.

നാമനിർദ്ദേശ പത്രികക്കൊപ്പം സമർപ്പിക്കുന്ന ഫോം ബിയിൽ സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പില്ല എന്ന കാരണത്താലാണ് തന്റെ പത്രിക തള്ളിയതെന്ന് ഗുരുവായൂർ സ്ഥാനാർത്ഥിയായ മഹിള മോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യന്റെ ഹരജിയിൽ പറയുന്നു.എന്നാൽ എ, ബി ഫോമുകളിൽ ഒപ്പിടാത്തത് പത്രിക തള്ളാൻ കാരണമല്ല. ഈ സാഹചര്യത്തിൽ വരണാധികാരി ഏകപക്ഷീയവും സ്വേഛാപരവും ശരിയല്ലാത്തതുമായ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. അധികാര ദുർവിനിയോഗമാണ്. അതിനാൽ, വരണാധികാരിയുടെ ഉത്തരവ് റദ്ദാക്കണമെന്നും പത്രിക സ്വീകരിക്കാൻ നിർദ്ദേശിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹരജി നൽകിയത്.

അതേസമയം, നാമനിർദ്ദേശ പത്രിക തള്ളിയ സംഭവത്തിൽ കോടതിക്ക് ഇടപെടാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചു. ഫലപ്രഖ്യാപനത്തിന് ശേഷം തിരഞ്ഞെടുപ്പ് ഹർജിയിലൂടെ മാത്രമേ തിരഞ്ഞെടുപ്പിൽ ഇടപെടാനാകൂ. വിജ്ഞാപനം വന്ന ശേഷം കോടതി ഇടപെടുന്നതിൽ തടസമുണ്ട്. വിജ്ഞാപനം വന്ന ശേഷമുള്ള കോടതി ഇടപെടൽ സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പിനെ തടസപ്പെടുത്തുമെന്നും കമ്മിഷൻ കോടതിയിൽ പറഞ്ഞു.

നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞാൽ സ്ഥാനാർത്ഥികളുടെ പട്ടിക വരണാധികാരി പുറപ്പെടുവിക്കും. തിങ്കളാഴ്ചയാണ് നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നത്. പിന്നീട് തെരഞ്ഞെടുപ്പ് ഹർജിലൂടെ മാത്രമേ നിയമപോരാട്ടം നടത്താൻ കഴിയൂ. ഈ സാഹചര്യത്തിലാണ് അവധിദിനമായിട്ടും ഇന്ന് പ്രത്യേക ബെഞ്ച് ചേർന്ന് ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ബിജെപി ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസമാണ് തലശ്ശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയത്. തലശേരി നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായ എൻ ഹരിദാസിന്റെ നാമനിർദ്ദേശ പത്രികയാണ് തള്ളിയത്. ബിജെപി കണ്ണൂർ ജില്ലാപ്രസിഡന്റായ തലശ്ശേരിയിലെ സ്ഥാനാർത്ഥി എൻ. ഹരിദാസിന്റെ പത്രികയിൽ ബിജെപി ദേശീയ അധ്യക്ഷന്റെ ഒപ്പുണ്ടായിരുന്നില്ല. മഹിളാ മോർച്ച അധ്യക്ഷയായ ഗുരുവായൂർ സ്ഥാനാർത്ഥി സി. നിവേദിതയുടെ പത്രികയിൽ സംസ്ഥാന അധ്യക്ഷനും ഒപ്പുവെച്ചില്ല. ദേവികുളത്തെ എൻഡിഎ ഡമ്മി സ്ഥാനാർത്ഥിയുടെ പത്രികയും തള്ളി. തലശ്ശേരിയിലും ഗുരുവായൂരിലും എൻഡിഎക്ക് ഡമ്മി സ്ഥാനാർത്ഥികളില്ല.

മൂന്ന് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയതിന്റെ ഞെട്ടലിലാണ് എൻഡിഎ നേതൃത്വം. കോടതി തീരുമാനം അനുകൂലമല്ലെങ്കിൽ സ്വതന്ത്രനെ പിന്തുണയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എൻഡിഎ തീരുമാനമെടുക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP