Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്എം എസ് - ഇ മെയിൽ തട്ടിപ്പിലൂടെ 3 ലക്ഷം രൂപ വഞ്ചിച്ചെടുത്ത കേസ്: സാക്ഷിമൊഴി നൽകാൻ എത്താത്ത എസ്‌ഐക്കും രണ്ട് സിഐമാർക്കും ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; പ്രതികളിൽ ഒരു ബീഹാറിയും 5 നൈജീരിയക്കാരും: തട്ടിപ്പിനിരയായത് തിരുമല സ്വദേശികളായ നവ ദമ്പതികൾ

എസ്എം എസ് - ഇ മെയിൽ തട്ടിപ്പിലൂടെ 3 ലക്ഷം രൂപ വഞ്ചിച്ചെടുത്ത കേസ്: സാക്ഷിമൊഴി നൽകാൻ എത്താത്ത എസ്‌ഐക്കും രണ്ട്  സിഐമാർക്കും ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; പ്രതികളിൽ  ഒരു ബീഹാറിയും 5 നൈജീരിയക്കാരും: തട്ടിപ്പിനിരയായത് തിരുമല സ്വദേശികളായ നവ ദമ്പതികൾ

അഡ്വ.പി നാഗ് രാജ്‌

തിരുവനന്തപുരം: എസ് എം എസ് - ഈ മെയിൽ തട്ടിപ്പിലൂടെ നവദമ്പതികളിൽ നിന്ന് മൂന്നു ലക്ഷം രൂപ വിശ്വാസവഞ്ചന നടത്തി കൈക്കലാക്കിയ കേസിൽ സാക്ഷിമൊഴി നൽകാൻ കോടതിയിൽ ഹാജരാകാത്ത രണ്ടു സർക്കിൾ ഇൻസ്‌പെക്ടർമാർക്കും ഒരു സബ്ബ് ഇൻസ്‌പെക്ടർക്കും ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥരായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയും ജൂലൈ 13 നകം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ ഉത്തരവിട്ടത്. തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർമാരായ റ്റി.ശ്യാംലാൽ , വിജയകുമാർ , സബ്ബ് ഇൻസ്പെക്ടർ ബി.സജികുമാർ എന്നിവരെ അറസ്റ്റ് ചെയ്യാനാണ് ഉത്തരവ്.

സാക്ഷി വിസ്താരത്തിനായി മൂന്നുദ്യോഗസ്ഥരോടും ഹാജരാകാനാവശ്യപ്പെട്ട് 2020 ജനുവരി 22 മുതൽ മൂന്ന് തവണ കേസ് വിചാരണ വച്ചിട്ടും പ്രോസിക്യൂഷൻ ഭാഗം 22 ഉം 28 ഉം 29 ഉം സാക്ഷികളായ 3 ഉദ്യോഗസ്ഥരും കോടതിയിൽ ഹാജരായില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ വിസ്താരത്തോടെ പ്രോസിക്യൂഷൻ ഭാഗം തെളിവെടുപ്പ് തീരുമെന്നിരിക്കെ പ്രതിഭാഗം ചേർന്ന് വിചാരണ വൈകിപ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമമെന്ന് നിരീക്ഷിച്ചാണ് കോടതി പൊലീസുദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്.

നൈജീരിയ അബാബ സ്വദേശിയും ന്യൂഡൽഹി ഹോസ്രാനി മാളവ്യ നഗർ നിവാസികളുമായ റ്റൊവെചുക്വു ഹിലാരി (29) , ഉഗോച്ചുക്വു കോർണലിയസ് (28) , അഗസ്റ്റിൻ ചുക്വുഡി (28) , ഫെസ്റ്റസ് ഐകെച്ചുക്വു (28) , ഉഗാണ്ണ ന്യൂട്ടൻ (26) , ബിഹാർ മകണ്ട്പുർ സ്വദേശിയും ന്യൂഡൽഹി മാളവ്യ നഗർ നിവാസിയുമായ രോഹിത് ശർമ്മയെന്ന മൗസം കുമാർ റോയി (28) എന്നിവരാണ് നവദമ്പതികളെ ചതിച്ച കേസിലെ ആറു പ്രതികൾ. തലസ്ഥാന ജില്ലയിൽ തിരുമല മങ്കാട്ട്കടവ് അണ്ണൂരിൽ സായൂജ്യം വീട്ടിൽ താമസം ശ്രീകല മകൾ നീതു നായർ (26), നീതുവിന്റെ ഭർത്താവ് രാജേഷ് ഷിബി (34) എന്നിവരാണ് തട്ടിപ്പിനിരയായ നവ ദമ്പതികൾ.

2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദേശികളായ 5 പ്രതികൾ ഇന്ത്യയിൽ നിലവിലുള്ള പാസ്‌പോർട്ട് , വിസ ചട്ടങ്ങൾ ലംഘിച്ച് ഇന്ത്യയിൽ അനധികൃതമായി താമസിച്ച് ഇന്ത്യക്കാരനായ രോഹിത് ശർമ്മയുടെയും മറ്റു മൂന്നു പേരുടെയും സഹായത്തോടെ വ്യാജരേഖകൾ ചമച്ച് ആൾമാറാട്ടം നടത്തി ഇന്ത്യയിലെ വിവിധ നാഷണലൈസ്ഡ് ബാങ്കുകളിൽ നിന്നും വ്യാജമായ രീതിയിൽ ബാങ്ക് അക്കൗണ്ടുകൾ സംഘടിപ്പിച്ചു. വ്യാജ രേഖകൾ നൽകി മൊബൈൽ ഫോൺ കണക്ഷനുകൾ തരപ്പെടുത്തി. വ്യാജ സർട്ടിഫിക്കറ്റുകളും വ്യാജ രേഖകളും വ്യാജ വിലാസങ്ങളും ഉപയോഗിച്ച് ജെന്നിഫർ ' എഡ്വേർഡ്@ജിമെയിൽ.കോം ' , ' ബാർഫ്രാങ്ക്. മോസസ്@ലായർ.കോം' എന്നീ വ്യാജ ഈമെയിൽ ഐഡികളിൽ നിന്നും ഈ മെയിലുകൾ അയച്ചു. ഇന്ത്യയിൽ ആശുപത്രി നിർമ്മാണത്തിന് വേണ്ടി 8.5 മില്യൺ യുഎസ് ഡോളർകൾ കൈമാറ്റം ചെയ്യാൻ ഉദ്ദേശിക്കുന്നുവെന്നും ആയതിലേക്ക് ' ആർബിഐ2 @ ഫിനാൻസെർ.കോം ' എന്ന മെയിലിൽ ബന്ധപ്പെടാനും പ്രതികൾ നിർദ്ദേശിച്ചു.

തുടർന്ന് വിദേശ നമ്പരിൽ നിന്നും മറ്റു മൊബൈൽ നമ്പരുകളിൽ നിന്നും സ്‌കോട്ട്‌ലാന്റിലെ യുണൈറ്റി ബാങ്ക് എക്‌സിക്യൂട്ടിവായ മാർക് ഹെന്റി , റിസർവ്വ് ബാങ്ക് ഓഫീസർ രോഹിത് ശർമ്മ , ബ്രാർ മോസസ് എന്നീ പേരുകളിലും മറ്റും നീതു നായരെ ബന്ധപ്പെട്ട് , വിശ്വാസ വഞ്ചന നടത്തി , പണം കൈമാറുന്ന ആവശ്യത്തിലേക്ക് പ്രതികൾ നൽകിയ എസ് ബി ഐ ബാങ്ക് അക്കൗണ്ട് നമ്പരിലേക്ക് 2014 ഒക്ടോബർ 29 ന് 27,300 രൂപയും 30 ന് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് നമ്പരിലേക്ക് 44,825 രൂപയും 31 ന് 2, 05, 200 രൂപയും നീതുവിന്റെ ഭർത്താവിന്റെ പേരിലുള്ള സെൻട്രൽ ബാങ്കിന്റെ തിരുമല ബ്രാഞ്ച് വഴി അയപ്പിച്ച് പ്രതികൾ മൊത്തം 2, 77, 325 രൂപ കബളിപ്പിച്ച് കൈക്കലാക്കി. തുടർന്ന് 8.26 ലക്ഷം രൂപ കൂടി വീണ്ടും നികുതിയിനത്തിൽ നൽകിയാൽ മാത്രമേ ഡോളർ കൈമാറാൻ കഴിയുകയുള്ളുവെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചും വൻ സാമ്പത്തിക ലാഭം നേടണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി പ്രതികൾ ഗൂഢാലോചന നടത്തി യുവമിഥുനങ്ങളെ ചതിച്ചുവെന്നാണ് കേസ്.

2000 ലെ വിവര സാങ്കേതിക വിദ്യാനിയമത്തിലെ വകുപ്പ് 66 ( ഡി ) , ഇന്ത്യൻ പാസ്‌പോർട്ട് നിയമത്തിലെ വകുപ്പ് 12 ( ബി ) , ഫോറിനേഴ്‌സ് ആക്റ്റിലെ വകുപ്പ് 14 ( ബി ) , ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 419 ( ചതിക്കുന്നതിലേക്കായുള്ള ആൾമാറാട്ടം ) , 420 ( വിശ്വാസ വഞ്ചന ) , 120 ബി ( ക്രിമിനൽ ഗൂഢാലോചന ) , 468 ( ചതിക്കുന്നതിന് വേണ്ടിയുള്ള വ്യാജ നിർമ്മാണം ) , 471 ( വ്യാജ നിർമ്മിത രേഖകൾ അസ്സൽ രേഖ പോലെ ഉപയോഗിക്കൽ ) എന്നീ ശിക്ഷാർഹമായ കുറ്റങ്ങൾ പ്രതികൾക്ക് മേൽ ചുമത്തിയാണ് കോടതി പ്രതികളെ വിചാരണ ചെയ്യുന്നത്. വിചാരണ അന്തിമഘട്ടത്തിലെത്തിയ വേളയിലാണ് അന്വേഷണ ഉദ്യോഗസ്ഥരായ പ്രോസിക്യൂഷൻ സാക്ഷികൾ കോടതിയിൽ ഹാജരാകാതെ മുങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP