Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

താൻ അറസ്റ്റ് ചെയ്ത പ്രതികളെ അറിയില്ലെന്ന് റവന്യു ഇന്റലിജൻസ് ഓഫീസർ; സാക്ഷിമൊഴി കേട്ട് ഞെട്ടിത്തരിച്ച് സിബിഐ പ്രോസിക്യൂട്ടർ; പ്രതിക്കൂട്ടിൽ ഊറിച്ചിരിച്ച് പ്രതികൾ; ഡിആർഐ സീനിയർ ഓഫീസർ മൊഴിമാറ്റിയത് സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥനായ പ്രതിയെയും കള്ളക്കടത്ത് റാക്കറ്റിനെയും ശിക്ഷയിൽ നിന്നൊഴിവാക്കാൻ; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള ഒരുകോടിയുടെ കള്ളക്കടത്ത് കേസിൽ കോടതിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ

താൻ അറസ്റ്റ് ചെയ്ത പ്രതികളെ അറിയില്ലെന്ന് റവന്യു ഇന്റലിജൻസ് ഓഫീസർ; സാക്ഷിമൊഴി കേട്ട് ഞെട്ടിത്തരിച്ച് സിബിഐ പ്രോസിക്യൂട്ടർ; പ്രതിക്കൂട്ടിൽ ഊറിച്ചിരിച്ച് പ്രതികൾ; ഡിആർഐ സീനിയർ ഓഫീസർ മൊഴിമാറ്റിയത് സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥനായ പ്രതിയെയും കള്ളക്കടത്ത് റാക്കറ്റിനെയും ശിക്ഷയിൽ നിന്നൊഴിവാക്കാൻ; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള ഒരുകോടിയുടെ കള്ളക്കടത്ത് കേസിൽ കോടതിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ

പി.നാഗ് രാജ്

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം വഴി എയർപോർട്ട് ഇന്റലിജൻസ് ഓഫീസറുടെ ഒത്താശയോടെ നികുതി വെട്ടിച്ച് ഒരു കോടി രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ കള്ളക്കടത്ത് നടത്തിയ കേസിൽ താനറസ്റ്റ് ചെയ്ത് പ്രതിക്കൂട്ടിൽ നിൽക്കുന്ന പ്രതികളെ അറിയില്ലെന്ന് ഡി.ആർ.ഐ.ഓഫീസർ തിരുവനന്തപുരം സിബിഐ കോടതിയിൽ മൊഴി നൽകി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സിലെ സീനിയർ ഇന്റലിജന്റ്‌സ് ഓഫീസർ സഹീർ മുഹമ്മദാണ് പ്രതിഭാഗം ചേർന്ന് ആദ്യ സിബിഐ മൊഴി കോടതിയിൽ ജഡ്ജി ജെ.നിസാർ മുമ്പാകെ തിരുത്തി മൊഴി നൽകിയത്. കള്ളക്കടത്ത് കേസിലെ സിബിഐ ഭാഗം സാക്ഷിയായി മൊഴി നൽകുകയായിരുന്നു മുഹമ്മദ്.

പ്രതികളെ സിബിഐ മുമ്പാകെ ചൂണ്ടിക്കാട്ടി തിരിച്ചറിയുകയും പ്രതികളെ ഇനിയും കണ്ടാലറിയാമെന്നുമാണ് മുഹമ്മദ് സിബിഐക്ക് മൊഴി നൽകിയത്. ഈ മൊഴിയാണ് പ്രതികളായ കള്ളക്കടത്ത് റാക്കറ്റിന്റെ ഭാഗം ചേർന്ന് ഡിആർ.ഐയുടെ സീനിയർ ഇന്റലിജന്റ്‌സ് ഓഫീസർ തിരുത്തിയത്. പ്രതികളുടെ അറസ്റ്റ് ,സംഭവത്തിൽ എയർപോർട്ട് ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം എന്നിവ നടത്തിയ ആളും ഔദ്യോഗിക സാക്ഷിയുമായ ഡി. ആർ. ഐ. ഉദ്യോഗസ്ഥന്റെ മൊഴിമാറ്റം കണ്ട് സി ബി ഐ പ്രോസിക്യൂട്ടർ മനോജ് ഞെട്ടി. പ്രതിക്കൂട്ടിൽ നിന്ന പ്രതികൾ ഊറി ചിരിച്ചു. സാക്ഷി പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞില്ലെന്ന വിവരം സാക്ഷിമൊഴിയിൽ കോടതി രേഖപ്പെടുത്തുകയും ചെയ്തു. ഇന്ത്യൻ തെളിവു നിയമ പ്രകാരം കോടതിയിൽ വച്ച് സാക്ഷി പ്രതിയെ തിരിച്ചറിഞ്ഞുള്ള മൊഴി നിർണ്ണായകവും സാക്ഷി പ്രതികളെ കോടതിയിൽ തിരിച്ചറിയാത്ത പക്ഷം പ്രോസിക്യൂഷൻ കേസിനെ അത് പ്രതികൂലമായി ബാധിക്കുന്നതുമാണ്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങുന്ന യാത്രക്കാരുടെ ബാഗേജുകളുടെ എക്‌സ്‌റേ ക്ലിയറൻസ് നടത്തുന്ന ( എ. ഐ. ഒ ) എയർപോർട്ട് ഇന്റലിജന്റ്‌സ് ഓഫീസർ കെ. കെ. പ്രവീൺ കുമാർ , വിമാനത്താവളം വഴി സ്ഥിരമായി നികുതി വെട്ടിച്ച് ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ കടത്തുന്ന കള്ളക്കടത്ത് റാക്കറ്റിലെ കണ്ണികളായ റസൂൽ ഖാൻ സർബുദീൻ , സതീഷ് ശങ്കർ , ഹുസൈൻ ഇബ്ര മൂസ , കള്ളക്കടത്തിന്റെ സൂത്രധാരനായ അലി എന്നിവരാണ് കള്ളക്കടത്ത് കേസിൽ നിലവിൽ വിചാരണ നേരിടുന്ന ഒന്നു മുതൽ അഞ്ച് വരെയുള്ള പ്രതികൾ. അറസ്റ്റ് സമയം ബാഗേജുകളും യാത്രാരേഖകളും ഉപേക്ഷിച്ച് ഡി. ആർ. ഐ യുടെ പിടിയിൽ നിന്നും ഓടി രക്ഷപ്പെട്ട മണി മോഹൻരാജ് എന്ന പ്രതിയെ പിന്നീട് കേസിൽ നിന്നൊഴിവാക്കി.

2006 മാർച്ച് 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുബായിൽ നിന്നും സിംഗപ്പൂർ വഴി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങുന്ന കള്ളക്കടത്ത് സാധനങ്ങൾ കസ്റ്റംസ് ഡ്യൂട്ടി അടക്കാതെ പുറത്തേക്ക് കടത്തുന്നതായി ' സോഴ്‌സ് വിവരം ' ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡി.ആർ.ഐ സംഘം നടത്തിയ റെയ്ഡിലാണ് പ്രതികൾ കുടുങ്ങിയത്. കള്ളക്കടത്ത് സാധനങ്ങൾ അടങ്ങിയ 48 കിലോ , 52 കിലോ , 63 കിലോ ഭാരം വീതമുള്ള ഴ ബാഗേജുകളുമായി ശ്രീലങ്കൻ എയർവെയ്‌സ് ഫ്‌ളൈറ്റിൽ റസൂൽ ഖാൻ , സതീഷ് ശങ്കർ , മണി മോഹൻരാജ് എന്നീ 3 പ്രതികൾ രാവിലെ 8 മണിക്ക് വന്നെത്തി. ഒന്നാം പ്രതിയായ എ. ഐ. ഒ യുടെ ' എക്‌സ്‌റേ പരിശോധന ' കഴിഞ്ഞ ബാഗേജുകളുമായി 3 പ്രതികൾ ബഹിർഗമന ഗേറ്റ് കടന്ന് പുറത്തിറങ്ങി. ഇവരെ സ്വീകരിക്കാനെത്തിയ തമിഴ്‌നാട് സ്വദേശിയായ ഹുസൈൻ എന്ന പ്രതിയോടൊപ്പം ടാക്‌സി കാറിൽ കയറവേയാണ് ഡി ആർ ഐ സംഘം മൂവരെയും തടഞ്ഞു നിർത്തിയത്. അവരുടെ യാത്രാരേഖകൾ പരിശോധിക്കാൻ തുടങ്ങിയതും മണി മോഹൻരാജ് എന്ന പ്രതി യാത്രാരേഖകളും ബാഗേജുകളും ഡി ആർ ഐ ക്ക് മുന്നിൽ വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെട്ടു.

ഓരോ പ്രതിയും 3 ബാഗേജുകൾ വീതമാണ് കൈവശം വെച്ചിരുന്നത്. ബാഗുകളുടെ പരിശോധനയിൽ നികുതി അടക്കാത്ത പുതിയ ബ്രാൻഡ് ന്യൂ നിക്കോൺ ഫ്‌ളാഷ് ലൈറ്റ് , സോണി ഹാൻഡികാം , പാനസോണിക് വീഡിയോ ക്യാമറകൾ , ഫ്‌ളാഷ് ഡ്രൈവ് , ഡിജിറ്റൽ ക്യാമറകൾ , വീഡിയോ ക്യാമറകൾ , ആഡിയോ പ്ലെയർ , ഡാറ്റാ പ്രൊജക്റ്റർ , മെമ്മറി കാർഡുകൾ , ക്യാമറാ ലെൻസുകൾ , ഐപോഡുകൾ , ലാപ്‌ടോപ്പുകൾ , സിം കാർഡു ഹോൾഡറുകൾ ഉൾപ്പെടെ ഒരു കോടി രൂപ വിപണി വിലയുള്ള വിദേശ നിർമ്മിത ഇലക്ട്രോണിക് സാധന സാമഗ്രികൾ നികുതി ഈടാക്കാതെ ഒന്നാം പ്രതി കടത്തിവിട്ടതായി തെളിയുകയായിരുന്നു.

ഫ്‌ളൈറ്റ് ബാഗേജ് സാധനങ്ങളുടെ ഫീസായി ഒമ്പതിനായിരം രൂപ , ഏഴായിരം രൂപ , അയ്യായിരത്തി അഞ്ഞൂറ് രൂപ എന്നിങ്ങനെയാണ് 3 പ്രതികളുമടച്ചതെന്നും ഡിആർഐ വെളിവായി. സംഭവം സംബന്ധിച്ച് വകുപ്പു തല അന്വേഷണം നടത്തി 2007 ഫെബ്രുവരി 9 ന് റിപ്പോർട്ട് സമർപ്പിച്ചതും ഡിആർഐ യുടെ സീനിയർ ഇന്റലിജന്റ്‌സ് ഓഫീസറായ സഹീർ മുഹമ്മദായിരുന്നു. 3 പ്രതികളുടെയും യാത്രാ വിവരങ്ങൾ റിപ്പോർട്ടായി തിരുവനന്തപുരം എയർപോർട്ട് പോർട്ട് രജിസ്ട്രേഷൻ ഓഫീസർ ഡി ആർ ഐ ക്ക് നൽകിയിരുന്നു. ഈ റിപ്പോർട്ട് പ്രോസിക്യൂഷൻ ഭാഗം രേഖാ നമ്പർ 53 ആയി അക്കമിട്ട് കോടതി തെളിവിൽ സ്വീകരിച്ചു.

റിപ്പോർട്ട് പ്രകാരം അമിത ഭാരമുള്ള ബാഗേജുകൾ സഹിതം വിവിധ മേൽവിലാസങ്ങളിലുള്ള വ്യാജ പാസ്‌പോർട്ടുകൾ ഉപയോഗിച്ച് റസൂൽ ഖാൻ , സതീഷ് ശങ്കർ നാലു തവണ സിംഗപ്പൂർ നിന്നും തിരുവനന്തപുരം എയർപോർട്ടിൽ വന്നിറങ്ങിയതായും , മണി മോഹൻരാജ് 9 തവണ വന്നിറങ്ങിയതായും വ്യക്തമാകുന്നുണ്ട്. ഡി ആർ ഐ യിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മൊഴി മാറ്റം ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥനായ ഒന്നാം പ്രതിയേയും രാജ്യാന്തര വേരുകളുള്ള കള്ളക്കടത്ത് റാക്കറ്റിനെയും ശിക്ഷയിൽ നിന്ന് രക്ഷിക്കാനാണെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP