Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വ്യാജപാസ്‌പോർട്ടും പാൻകാർഡും തയ്യാറാക്കിയെന്ന ആരോപണം; പ്രവാസി വ്യവസായി സുന്ദർമേനോനെതിരെ വ്യാജരേഖാ കേസെടുത്ത് പൊലീസ്; പത്മശ്രീ നേടാൻ പലപേരുകളിൽ അപേക്ഷ നൽകിയെന്നും ആരോപണം

വ്യാജപാസ്‌പോർട്ടും പാൻകാർഡും തയ്യാറാക്കിയെന്ന ആരോപണം; പ്രവാസി വ്യവസായി സുന്ദർമേനോനെതിരെ വ്യാജരേഖാ കേസെടുത്ത് പൊലീസ്; പത്മശ്രീ നേടാൻ പലപേരുകളിൽ അപേക്ഷ നൽകിയെന്നും ആരോപണം

തൃശൂർ: പാൻകാർഡും പാസ്‌പോർട്ടുമുൾപ്പെടെ വ്യജരേഖകൾ ചമച്ചെന്നും പത്മശ്രീ നേടാൻ വിവിധ പേരുകളിൽ അപേക്ഷ നൽകിയെന്നുമുള്ള ആക്ഷേപങ്ങളിൽ കോടതി നിർദേശപ്രകാരം പ്രമുഖ പ്രവാസി വ്യവസായി സുന്ദർമേനോനെതിരെ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തു. വ്യത്യസ്ത പേരുകളിൽ വ്യാജരേഖകൾ ചമച്ച് സാമ്പത്തിക ഇടപാടുകളും വാഹന രജിസ്‌ട്രേഷനും നടത്തിയെന്നും പരാതിയിൽ പറയുന്നു. പൊതുപ്രവർത്തകനായ എം.എസ്. ബാലസുബ്രഹ്മണ്യൻ നൽകിയ പരാതിയിൽ തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റാണ് കേസെടുക്കാൻ ഉത്തരവിട്ടത്.

പത്മ പുരസ്‌കാരത്തിനായി 2014ൽ കേന്ദ്ര സർക്കാരിന് അപേക്ഷ നൽകിയത് ടി.എ. സുന്ദർ മേനോൻ എന്ന പേരിലാണ്. അടുത്തവർഷം സുന്ദർ മേനോൻ എന്ന പേരിലും പിന്നീട് സുന്ദർ ആദിത്യ മേനോൻ എന്ന പേരിലും അപേക്ഷ നൽകിയെന്നും ബാലസുബ്രഹ്മണ്യൻ നൽകിയ ഹർജിയിൽ പറയുന്നു. 2016ൽ പത്മശ്രീ ലഭിച്ചു. വ്യക്തിപരമായ നേട്ടങ്ങൾക്കു വേണ്ടിയും ക്രിമിനൽ പശ്ചാത്തലം മറച്ചുവയ്ക്കാനും വേണ്ടിയാണ് സുന്ദർമേനോൻ പേരുമാറ്റം നടത്തിയതെന്നു വാദിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ ഉത്തരവുണ്ടായതെന്നും ബാലസുബ്രഹ്മണ്യൻ പറഞ്ഞു. അഭിഭാഷകരായ എം വി ഗോപാലകൃഷ്ണൻ, കെ.എച്ച്. അബ്ദുൾസമദ് എന്നിവർ കോടതിയിൽ ഹാജരായി.

വ്യത്യസ്ത പേരുകളിൽ സുന്ദർ മേനോൻ സ്വന്തമാക്കിയ പാസ്‌പോർട്ടുകൾ, വാഹന രജിസ്‌ട്രേഷൻ രേഖകൾ, ഖത്തറിലെ ബിസിനസ് സർട്ടിഫിക്കറ്റ് തുടങ്ങി 18 രേഖകളുടെ പകർപ്പ് ബാലസുബ്രഹ്മണ്യൻ കോടതിയിൽ ഹാജരാക്കിയിരുന്നു. നിയമാനുസൃതമല്ലാത്ത രീതിയിൽ പേരുകൾ മാറ്റി വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സുന്ദർമേനോൻ സമൂഹത്തിനു തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നുവെന്ന് ബാലസുബ്രഹ്മണ്യൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യൻ പാസ്‌പോർട്ട് നിയമത്തിനു വിരുദ്ധമായി സുന്ദര സുബ്രഹ്മണ്യൻ, സുന്ദർ അടിയാട്ട് മേനോൻ എന്നീ പേരുകളിൽ സുന്ദർ മേനോൻ പാസ്‌പോർട്ട് നേടിയിട്ടുണ്ട്. 2005 ൽ സുന്ദര സുബ്രഹ്മണ്യൻ എന്ന പേരിൽ പാസ്‌പോർട്ടെടുത്ത കൊച്ചിയിൽ നിന്നു തന്നെയാണ് സുന്ദർ അടിയാട്ട് മേനോൻ എന്ന പേരിൽ രണ്ടാമത്തെ പാസ്‌പോർട്ടും സ്വന്തമാക്കിയത്. ഖത്തറിലെ ഇന്ത്യൻ എംബസിയിൽ നിന്ന് 2015 ൽ ഈ പാസ്‌പോർട്ട് പുതുക്കിയതിന്റെ തെളിവുകളും ബാലസുബ്രഹ്മണ്യൻ കോടതിയിൽ ഹാജരാക്കി.

കമ്പനി രജിസ്‌ട്രേഷന് ഉപയോഗിച്ച പേരിലും മാറ്റങ്ങളുണ്ട്.
ഖത്തറിലെ സൺ ഇന്റർനാഷണൽ ട്രേഡിങ് ആൻഡ് ട്രാൻസ്‌പോർട്ട് കമ്പനിയുടെ പാർട്ണറായ സുന്ദർ മേനോൻ രജിസ്‌ട്രേഷനുവേണ്ടി ഉപയോഗിച്ചിരിക്കുന്ന പേര് തെക്കെ അടിയാട്ട് സുന്ദർ മേനോൻ എന്നാണ്. സുന്ദർ മേനോന്റെ ഉടമസ്ഥതയിലുള്ള കാറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതും വ്യത്യസ്ത പേരുകളിലാണെന്നും ബാലസുബ്രഹ്മണ്യൻ ചൂണ്ടിക്കാട്ടി.
കെ.എൽ08 ബിഇ 9999 നമ്പർ ബെൻസ് കാറിന്റെ രജിസ്‌ട്രേഷൻ സുന്ദർ മേനോൻ എന്ന പേരിലും കെ.എൽ08 എവി 9999 നമ്പർ ടൊയോട്ട കാറിന്റെ രജിസ്‌ട്രേഷൻ സുന്ദർ അടിയാട്ട് സുന്ദർ മേനോൻ എന്ന പേരിലുമാണ്.

കെ.എൽ08 ബിഇ 9999 നമ്പർ ലാൻഡ് ക്രൂസർ സുന്ദര സുബ്രഹ്മണ്യൻ എന്ന പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കെ.എൽ08 എഎൽ 9999 നമ്പർ ബി.എം.ഡബ്ല്യു. കാറിന്റെ രജിസ്‌ട്രേഷൻ തീയതിയിലും നമ്പർ സീരീസിലും കൃത്രിമത്വമുണ്ടെന്നും പരാതിയിൽ പറയുന്നു.

രജിസ്‌ട്രേഷൻ നടന്നതായി ആർ.സി. ബുക്കിൽ രേഖപ്പെടുത്തിയ തീയതി 2005 ഫെബ്രുവരി 27 ആണ്. ഞായറാഴ്ച ആയതിനാൽ വാഹന രജിസ്‌ട്രേഷൻ നടത്താനാകാത്ത ദിവസമാണ് ഈ തീയതി. കെഎൽ08 എഎൽ എന്ന സീരീസ് ഉപയോഗിച്ചു തുടങ്ങിയത് 2016 ൽ പുറത്തിറങ്ങിയ വാഹനങ്ങൾക്കാണ്.

നികുതി റിട്ടേൺ ഫയൽ ചെയ്യാനായി സുന്ദർ മേനോൻ ഉപയോഗിക്കുന്ന ബിപിഎസ് 9104 നമ്പർ പാൻകാർഡ് സുന്ദർ അടിയാട്ട് മേനോൻ എന്ന പേരിലാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ കാർഡിൽ സുന്ദർ മേനോൻ എന്നാണു പേര്. സുന്ദർ അടിയാട്ട് മേനോൻ എന്ന പേരാണ് ജമ്മു ആസ്ഥാനമായി രജിസ്റ്റർ ചെയ്ത ഹീവാൻസ് ഫിനാൻസ് കമ്പനിയിൽ ഉപയോഗിച്ചിരിക്കുന്നത്.

ആനയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകളിൽ ടി.എ. സുന്ദർ മേനോൻ എന്നാണു പേര്. 1990 കളിൽ ഒരു കസ്റ്റംസ് കേസിൽ പ്രതിയായ സുന്ദർ മേനോൻ ഈ കേസിൽ സുന്ദര സുബ്രഹ്മണ്യൻ എന്ന പേരിൽ നടപടികൾ നേരിടുന്നുണ്ട്. അയ്യന്തോൾ സബ് രജിസ്ട്രാർ ഓഫീസിലെ രേഖകളനുസരിച്ച് സുന്ദർ മേനോന്റെ ഭൂമി ഇടപാടുകൾ തെക്കെ അടിയാട്ട് സുന്ദര സുബ്രഹ്മണ്യൻ എന്ന പേരിലാണ്. അടുത്തിടെയായി പേരിന് മുന്നിൽ ഡോക്ടർ എന്നു ചേർക്കുന്ന സുന്ദർ മേനോന് ഡോക്ടറേറ്റ് നൽകിയെന്നു പറയുന്ന സർവകലാശാല ഇല്ലെന്നും ബാലസുബ്രഹ്മണ്യൻ ആരോപിക്കുന്നുണ്ട്.

അതേസമയം, തനിക്കെതിരെ ഇത്തരം ആരോപണങ്ങളുയരുന്നത് പത്മശ്രീ ലഭിക്കുമെന്നത് സംബന്ധിച്ച വാർത്ത വന്നതോടെയാണെന്ന് സുന്ദർ മേനോൻ മുമ്പ് പറഞ്ഞിരുന്നു. ഇതിനി പിന്നിൽ ബിസിനസ് രംഗത്തുള്ള കുടിപ്പകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുൻ ബിസിനസ് പാർട്ട്‌നർ സി കെ മേനോനുമായി യുഎഇയിൽ വച്ചുണ്ടായ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പരിഹരിച്ചതാണെന്നും സികെ മേനോനുമായുള്ള ബിസിനസ് ബന്ധത്തിലെ പ്രശ്‌നങ്ങളാണ് ആരോപണങ്ങളെന്നുമാണ് മുമ്പ് ഹൈക്കോടതിയിൽ സുന്ദർദാസിന്റെ അഭിഭാഷകൻ ബോധിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP