Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അമേരിക്കയിൽനിന്നും സിനിമ പഠിച്ചശേഷം നാട്ടിലെത്തി വിവാഹം കഴിച്ചതോടെ കരിയർ ഉപേക്ഷിക്കേണ്ടിവന്ന സ്ത്രീക്ക് നഷ്ടപരിഹാരം നൽകാൻ ഭർത്താവിനോട് കോടതി; 17 വർഷം വീട്ടിലിരിക്കേണ്ടി വന്നതിന് ഉത്തരവാദി ഭർത്താവെന്ന വാദം അംഗീകരിച്ച് ഡൽഹി കോടതി

അമേരിക്കയിൽനിന്നും സിനിമ പഠിച്ചശേഷം നാട്ടിലെത്തി വിവാഹം കഴിച്ചതോടെ കരിയർ ഉപേക്ഷിക്കേണ്ടിവന്ന സ്ത്രീക്ക് നഷ്ടപരിഹാരം നൽകാൻ ഭർത്താവിനോട് കോടതി; 17 വർഷം വീട്ടിലിരിക്കേണ്ടി വന്നതിന് ഉത്തരവാദി ഭർത്താവെന്ന വാദം അംഗീകരിച്ച് ഡൽഹി കോടതി

സിനിമാരംഗത്ത് പ്രവർത്തിച്ച് പേരെടുക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം. അമേരിക്കയിൽപ്പോയി സിനിമ പഠിച്ചതും അതിനുവേണ്ടിയായിരുന്നു. എന്നാൽ, വിവാഹം അവരുടെ ജീവിതത്തെ മാറ്റിമറിച്ചു. കുടുംബത്തിലൊതുങ്ങിപ്പോയ അവർക്ക് സിനിമയെന്ന മോഹം ഉപേക്ഷിക്കേണ്ടിവന്നു. വിവാഹത്തോടെ കരിയർ ഉപേക്ഷിക്കേണ്ടിവന്ന അവർക്ക്, കരിയറിൽനിന്നും ലഭിക്കുമായിരുന്ന വരുമാനം നൽകാൻ ഭർത്താവ് ബാധ്യസ്ഥനാണെന്ന് കോടതി വിധിച്ചു.

ഗാർഹിക പീഡനത്തിനെതിരായ കേസിൽ സ്ത്രീയുടെ ഹർജി പരിഗണിക്കവെയാണ് മാസം 1.7 ലക്ഷം രൂപയെന്ന നഷ്ടപരിഹാരം 2.7 ലക്ഷമായി വർധിപ്പിക്കാൻ ഡൽഹി അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എ.കെ.കുഹാര ആവശ്യപ്പെട്ടത്. അമേരിക്കയിൽ സിനിമ പഠിച്ചയാളാണെങ്കിലും 17 വർഷമായി ഫീൽഡിൽനിന്ന് മാറി നിൽക്കുന്ന തനിക്ക് കരിയറിലേക്ക് തിരിച്ചുവരിക എളുപ്പമല്ലെന്ന ഹർജിക്കാരിയുടെ വാദം കോടതി അംഗീകരിച്ചു.

2000-ലാണ് ഇവർ വിവാഹിതരാകുന്നത്. വിവാഹശേഷം സിനിമാരംഗത്തേയ്ക്ക് പോകാൻ ഭർത്താവ് അനുവദിച്ചില്ല. ഇതോടെ, അവരുടെ കരിയർ അവസാനിക്കുകയും ചെയ്തു. ഭർത്താവിൽനിന്നും ഭർതൃമാതാവിൽനിന്നും കടുത്ത മർദനം ഏൽക്കേണ്ടിവന്ന ഇവർ വിവാഹമോചനം നേടുകയായിരുന്നു. വർഷം 60 ലക്ഷത്തിലേറെ വരുമാനമുള്ള ഭർത്താവിൽനിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് 2015-ൽ കോടതിയെ സമീപിച്ചു. മജിസ്റ്റീരിയൽ കോടതി 1.70 ലക്ഷം രൂപയാണ് അനുവദിച്ചത്. തുക അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ അപ്പീൽ നൽകിയത്.

വിവാഹബന്ധം തകർന്നതോടെ, മാനസികമായും തകർന്ന അവർക്ക് ഇനി സിനിമാ ഫീൽഡിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായേക്കില്ലെന്നും സെഷൻസ് കോടതി നിരീക്ഷിച്ചു. സ്ത്രീകൾ പുരുഷന്മാരുടെ ആശ്രിതരാകരുതെന്ന് നിർദേശിച്ച കോടതി, ഇതുപോലുള്ള സാഹചര്യങ്ങൾ വേറിട്ടുകാണമെന്നും നിരീക്ഷിച്ചു. ഇതുപോലെ സ്വന്തം നിലയ്ക്ക് ജോലി ചെയ്ത് ജീവിക്കാനാകുന്ന സ്ത്രീകൾക്ക് അവരുടെ വിവാഹബന്ധത്തിലുണ്ടാകുന്ന ഉലച്ചിൽ ജോലിയെയും ബാധിച്ചേക്കാമെന്ന് കോടതി അഭിപ്രായപ്പെട്ടു.

വിവാഹബന്ധം വേർപിരിഞ്ഞശേഷവും ഉന്നത നിലയിലാണ് ഭർത്താവ് ജീവിക്കുന്നത്. വിവാഹത്തോടെ കരിയർ നഷ്ടപ്പെട്ട സ്ത്രീക്കും അതേ നിലവാരത്തിൽ ജീവിക്കാനുള്ള അർഹതയുണ്ടെന്ന് അഭിപ്രായപ്പെട്ട കോടതി, മജിസ്റ്റീരിയൽ കോടതി നഷ്ടപരിഹാരമായി വിധിച്ച ഒരു ലക്ഷം രൂപ മതിയാകില്ലെന്നും വ്യക്തമാക്കി. ഭാര്യക്ക് പരപുരുഷബന്ധമുണ്ടായിരുന്നുവെന്ന ഭർത്താവിന്റെ വാദം കോടതി അംഗീകരിച്ചില്ല. ഒരുലക്ഷം രൂപ ജീവനാംശവും 70,000 രൂപ താമസിക്കാനുള്ള വാടകയായുമാണ് മജിസ്റ്റീരിയൽ കോടതി വിധിച്ചത്. അതാണ് ഇപ്പോൾ 2.7 ലക്ഷം രൂപയായി വർധിപ്പിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP