Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തിവെക്കണം എന്നാവശ്യപ്പെട്ട് ദിലീപ് വീണ്ടും സുപ്രീംകോടതിയിൽ; കേസിൽ നിർണായകമായ ദൃശ്യങ്ങൾ സെൻട്രൽ ഫോറൻസിക് ലാബിൽ പരിശോധനക്ക് അയച്ചിരിക്കയാണ്; ഇതിന്റെ പരിശോധനാ ഫലം വരുന്നത് വരെ വിചാരണ നിർത്തിവെക്കാൻ ഉത്തരവിടണം എന്നാവശ്യം; പരിശോധന ഫലം വരുന്നതിന് മുമ്പ് വിചാരണാ നടപടികൾ തുടങ്ങുന്നത് നിയമപരമായ അവകാശങ്ങൾ നിഷേധിക്കുന്നതിന് തുല്യമെന്ന് ദിലീപിന്റെ അഭിഭാഷകൻ മുകുൾ റോത്തഗി

നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തിവെക്കണം എന്നാവശ്യപ്പെട്ട് ദിലീപ് വീണ്ടും സുപ്രീംകോടതിയിൽ; കേസിൽ നിർണായകമായ ദൃശ്യങ്ങൾ സെൻട്രൽ ഫോറൻസിക് ലാബിൽ പരിശോധനക്ക് അയച്ചിരിക്കയാണ്; ഇതിന്റെ പരിശോധനാ ഫലം വരുന്നത് വരെ വിചാരണ നിർത്തിവെക്കാൻ ഉത്തരവിടണം എന്നാവശ്യം; പരിശോധന ഫലം വരുന്നതിന് മുമ്പ് വിചാരണാ നടപടികൾ തുടങ്ങുന്നത് നിയമപരമായ അവകാശങ്ങൾ നിഷേധിക്കുന്നതിന് തുല്യമെന്ന് ദിലീപിന്റെ അഭിഭാഷകൻ മുകുൾ റോത്തഗി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണാ നടപടികളിൽ നിന്നും വഴുതുമാറാൻ മാർഗ്ഗം തേടി നടൻ ദിലീപ് വീണ്ടും സുപ്രീംകോടതിയിൽ. കൊച്ചിയിലെ പ്രത്യേക കോടതിയിൽ നടക്കുന്ന വിചാരണ നിർത്തിവെക്കാൻ ഉത്തരവിടണം എന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയിൽ പുതിയ അപേക്ഷ ഫയൽ ചെയ്തു. കേസിന്റെ നിർണായകമായ ദൃശ്യങ്ങൾ സെൻട്രൻ ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചിരിക്കയാണ്. ഇതിന്റെ ഫലം വരുന്നതിന് മുമ്പുള്ള വിചാരണ പാടില്ലെന്നാണ് ദിലീപിന്റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ദിലീപ് സുപ്രീംകോടതിയിലെ വീണ്ടും സമീപിച്ചത്. സുപ്രിംകോടതിയിലെ പ്രമുഖ അഭിഭാഷകൻ മുകുൾ റോത്തഗി മുഖേനയാണ് താരം സുപ്രീംകോടതിയെ സമീപിച്ചത്.

വിചാരണ നടപടികൾ പുരോഗമിക്കുന്നതിനാൽ ദിലീപിന്റെ അപേക്ഷ അടിയന്തിരമായി പരിഗണിക്കണം എന്നാണ് സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗി ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ആവശ്യപ്പെട്ടിരിക്കുന്നത്. പരിശോധന ഫലം വരുന്നതിന് മുമ്പ് വിചാരണ നടപടികൾ നടത്തുന്നത് നിയമപരമായ അവകാശങ്ങൾ നിഷേധിക്കുന്നതിന് തുല്യമാണെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇത് സുപ്രീംകോടതിയുടെ ലംഘനമാണെന്നും മുകുൾ റോത്തഗി ചൂണ്ടിക്കാണിച്ചു.

ദിലീപിന്റെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി അടുത്ത വെള്ളിയാഴ്ച ദിലീപിന്റെ അപേക്ഷ പരിഗണിക്കാൻ തീരുമാനിച്ചു. ആക്രമണ ദൃശ്യങ്ങളിൽ കൃത്രിമത്വം നടന്നിട്ടുണ്ടോ എന്ന കാര്യം സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി ഉൾപ്പടെയുള്ള സ്വതന്ത്ര ഏജൻസികളെ കൊണ്ട് പരിശോധിപ്പിക്കാൻ സുപ്രീം കോടതി നേരത്തെ ദിലീപിന് അനുമതി നൽകിയിരുന്നു. സി എഫ് എസ് എൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രോസിക്യുഷൻ സാക്ഷികളെ വിസ്തരിക്കാം എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ റിപ്പോർട്ട് വിചാരണ പൂർത്തിയാക്കുന്നത് വരെ കേസുമായി ബന്ധം ഇല്ലാത്തവർക്ക് കൈമാറരുത് എന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

കേസ് വെള്ളിയാഴ്ച കോടതി പരിഗണിക്കും. നേരത്തെ കേസിൽ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി കോടതി തള്ളിയിരുന്നു. തുടർന്ന് ദിലീപിനെ പ്രതി ചേർത്ത് കേസിൽ വിചാരണ നടപടികൾ ആരംഭിച്ചിരുന്നു. നേരത്തെ നടിയെ ആക്രമിച്ച കേസിൽ വിസ്താരം വീണ്ടും വൈകിപ്പിക്കാൻ ദിലീപിന്റെ പുതിയ ഹർജി വിചാരണാ കോടതിയിൽ നൽകിയിരുന്നു. സാക്ഷി വിസ്താരം നിർത്തി വയ്ക്കണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടതെങ്കിലും ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. അതേസമയം, സാക്ഷിവിസ്താരം തുടങ്ങാനുള്ള തീയതി വിചാരണക്കോടതി തീരുമാനിച്ചു. ഈ മാസം 30ാം തീയ്യതി കേസിൽ സാക്ഷി വിസ്താരം തുടങ്ങിയിട്ടുണ്ട്.

നേരത്തേ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ഒന്നാം പ്രതിയായ സുനിൽ കുമാറുമായി ബന്ധമുള്ള, കൊച്ചിയിലെ രണ്ട് അഭിഭാഷകരുടെ പക്കൽ എത്തിയെന്നും, അത് പിന്നീട് എങ്ങോട്ട് പോയെന്ന് അറിയില്ലെന്നുമാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ഇത് ചൂണ്ടിക്കാട്ടി നേരത്തേ കീഴ്‌ക്കോടതിയിൽ ഈ രണ്ട് അഭിഭാഷകരും വിടുതൽ ഹർജികൾ നൽകിയിരുന്നു. കേസിൽ പ്രതികളായി ചേർത്ത തങ്ങൾ നിരപരാധികളാണെന്നും, കേസിൽ പങ്കുണ്ടെന്നതിന് കൃത്യമായ തെളിവുകളില്ലെന്നും കാട്ടിയാണ് പ്രത്യേക കോടതി രൂപീകരിക്കുന്നതിന് മുമ്പ് കീഴ്‌ക്കോടതിയിൽ ഈ രണ്ട് അഭിഭാഷകരും വിടുതൽ ഹർജി നൽകിയത്. ഇത് പരിഗണിച്ച് അങ്കമാലി കോടതി ഇവരെ രണ്ട് പേരെയും വെറുതെ വിട്ടിരുന്നു.

ഇതേ കാര്യം ചൂണ്ടിക്കാട്ടി, കേസിലെ ഗൂഢാലോചനയുമായി നേരിട്ട് പങ്കില്ലെന്ന് വാദിച്ച്, അത് തെളിയിക്കാൻ പൊലീസിന്റെ കുറ്റപത്രത്തിൽ കൃത്യമായ മെറിറ്റുമില്ല എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെയും അവിടെ നിന്ന് ഹർജി തള്ളിയാൽ സുപ്രീംകോടതിയെയും സമീപിക്കാനാണ് ദിലീപിന്റെ നീക്കം. രണ്ട് കോടതികളിലും വിടുതൽ ഹർജി തന്നെയായും ദിലീപും അഭിഭാഷക സംഘവും നൽകുക. ഇങ്ങനെ നിരവധി ഹർജികൾ നൽകിയാൽ, കേസിന്റെ വിചാരണ നീണ്ട് പോകുമെന്നാണ് ദിലീപിന്റെ കണക്കുകൂട്ടൽ. അതേ രീതിയിൽത്തന്നെയാണ്, പ്രത്യേക കോടതിയിൽ കേസ് വിചാരണ തുടങ്ങുന്നതിന് മുമ്പ് തെളിവുകൾ കൈമാറണമെന്നതടക്കം നിരവധി ഹർജികൾ ദിലീപ് കീഴ്‌ക്കോടതികളിൽ നിന്ന് സുപ്രീംകോടതി വരെ വിവിധ കോടതികളിലായി നൽകിയത്. കേസിലെ പ്രതികളെല്ലാവരും ചേർന്ന് ഈ കേസുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലായി നൽകിയത് നാൽപ്പത് ഹർജികളായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP