Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിരപരാധിയാണ് എന്ന് ഉത്തമബോധ്യം ഉണ്ടെങ്കിൽ എത്രയും വേഗം വിചാരണ നടത്തി അവസാനിപ്പിക്കുകയല്ലേ ചെയ്യേണ്ടത്? എന്തുകൊണ്ടാണ് തൊടുന്യായങ്ങൾ ചൂണ്ടിക്കാട്ടി ദിലീപ് തുടർച്ചയായി വിചാരണ വൈകിപ്പിക്കാൻ ശ്രമിക്കുന്നത്? സിബിഐ അന്വേഷണ ആവശ്യം തിരസ്‌ക്കരിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകിയ ദിലീപിന്റെ പുതിയ ആവശ്യം തീരുമാനം വരും വരെ വിചാരണ തടയണമെന്ന്; വിചാരണ വൈകിപ്പിക്കാൻ വിവിധ കോടതികളിലായി ദിലീപ് ഇതുവരെ നൽകിയത് 13 അപേക്ഷകൾ

നിരപരാധിയാണ് എന്ന് ഉത്തമബോധ്യം ഉണ്ടെങ്കിൽ എത്രയും വേഗം വിചാരണ നടത്തി അവസാനിപ്പിക്കുകയല്ലേ ചെയ്യേണ്ടത്? എന്തുകൊണ്ടാണ് തൊടുന്യായങ്ങൾ ചൂണ്ടിക്കാട്ടി ദിലീപ് തുടർച്ചയായി വിചാരണ വൈകിപ്പിക്കാൻ ശ്രമിക്കുന്നത്? സിബിഐ അന്വേഷണ ആവശ്യം തിരസ്‌ക്കരിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകിയ ദിലീപിന്റെ പുതിയ ആവശ്യം തീരുമാനം വരും വരെ വിചാരണ തടയണമെന്ന്; വിചാരണ വൈകിപ്പിക്കാൻ വിവിധ കോടതികളിലായി ദിലീപ് ഇതുവരെ നൽകിയത് 13 അപേക്ഷകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകി ഹർജി ഹൈക്കോടതി സിംഗിൾ ജഡ്ജി തള്ളിയതിനെതിരെ നടൻ ദിലീപ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. തുടർച്ചയായി അപ്പീലുകളുമായി കേസിലെ വിചാരണ നീട്ടിക്കൊണ്ടു പോകുന്ന തന്ത്രത്തിന്റെ ഭാഗമായാണ് നടന്റെ പുതിയ നീക്കം. കേസിൽ വനിതാ ജഡ്ജിയെ നിയമിക്കുകയും വിചാരണാ നടപടികൾ തുടങ്ങാൻ ഒരുക്കങ്ങൾ പൂർത്തിയായി വരവേയാണ് നാടകീയമായി ദിലീപിന്റെ പുതിയ നീക്കം.

ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ തീരുമാനമാകുന്നതുവരെ എറണാകുളം സ്‌പെഷൽ കോടതിയിലെ വിചാരണ നടപടി നിർത്തിവയ്ക്കണമെന്ന ഇടക്കാല ആവശ്യം ഉന്നയിച്ചു കൊണ്ടാണ് ഹർജി നൽകിയത്. കേസുമായി ബന്ധമില്ലാത്ത തന്നെ ഗൂഢാലോചന നടത്തി പ്രതി ചേർത്തതാണെന്നും ഒരാളെ തെറ്റായി കേസിലുൾപ്പെടുത്തുന്നത് അങ്ങേയറ്റത്തെ നീതിനിഷേധമാണെന്നും അപ്പീലിൽ പറയുന്നു. ആദ്യ കുറ്റപത്രം സമർപ്പിച്ച് 7 മാസത്തിനു ശേഷമാണു തന്നെ പ്രതിയാക്കി അനുബന്ധ റിപ്പോർട്ട് നൽകിയത്.

ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്താൻ തുടരന്വേഷണം വേണമെന്ന് പൊലീസിന്റെ അന്തിമ റിപ്പോർട്ടുകളിൽ പറയുന്ന സാഹചര്യത്തിൽ സ്വതന്ത്രവും സത്യസന്ധവുമായ അന്വേഷണത്തിനു സിബിഐയെ നിയോഗിക്കണം. സിംഗിൾ ജഡ്ജി ഇതിന്റെ പ്രധാന്യം ശരിയായി വിലയിരുത്തിയില്ല. ദൃശ്യങ്ങളുടെ ഒറിജിനൽ റെക്കോർഡിങ് ഹാജരാക്കാനാവാത്തതു ന്യായീകരിക്കാൻ പൊലീസ് 2 അഭിഭാഷകരെ കേസിൽ പ്രതിചേർത്തെങ്കിലും കോടതി അവരെ കുറ്റവിമുക്തരാക്കിയതിൽനിന്ന് അന്വേഷണം ശരിയല്ലായിരുന്നുവെന്നു വ്യക്തമാണ്.

അതേസമയം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ആക്രമിച്ച ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ജസ്റ്റിസ് എം.എം ഖാൽവിൽക്കർ അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സംസ്ഥാന സർക്കാറിന്റെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയത്. ദൃശ്യങ്ങൾ നടന് കൈമാറിയാൽ ആക്രമിക്കപ്പെട്ട നടിക്ക് സ്വതന്ത്രമായി കോടതിയിൽ മൊഴി നൽകാൻ സാധിക്കില്ലെന്ന നിലപാടിലാണ് സർക്കാർ.

മെമ്മറികാർഡ് സുപ്രധാന രേഖയാണെന്നും പ്രതിയെന്ന നിലയിൽ അതിന്റെ പകർപ്പ് ലഭിക്കാൻ അർഹതയുണ്ടെന്നുമാണ് ദിലീപിന്റെ അഭിഭാഷകന്റെ വാദം. ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്നും വാദമുണ്ട്. എന്നാൽ അത് അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ഹർജിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. നിലവിൽ കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. കേസിന്റെ കുറ്റപത്രവും അനുബന്ധ രേഖകളും കോടതി നൽകിയെങ്കിലും മെമ്മറി കാർഡിന്റെ പകർപ്പ് നൽകിയില്ല. ഹൈക്കോടതിയിലും അങ്കമാലി കോടതിയിലും ദിലീപ് ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഇരുകോടതികളും ദിലീപിന്റെ ഹർജി തള്ളി. തുടർന്നാണ് അദ്ദേഹം സുപ്രിം കോടതിയെ സമീപിച്ചത്.

കേസിൽ ദിലീപ് മജിസ്ട്രേട്ട് കോടതി മുതൽ ഹൈക്കോടതി വരെ വിവിധ ആവശ്യങ്ങളുന്നയിച്ച് 13 ഹർജികളാണ് ദിലീപ് സമർപ്പിച്ചിരിക്കുന്നത്. കേസ് സംബന്ധിച്ച രേഖകളെല്ലാം ദിലീപിന് നൽകിക്കഴിഞ്ഞതാണ്. പിന്നെയും ഒന്നിനു പിറകേ ഒന്നായി ഹർജികൾ നൽകുന്നത് വിചാരണ വൈകിപ്പിക്കാനുള്ള കുടിലതന്ത്രമാണെന്ന നിലപാടാണ് പ്രോസിക്യൂഷൻ നേരത്തെ മുതൽ കൈക്കൊള്ളുന്ന നിലപാട്.

നടിയെ ആക്രമിച്ച കേസിലെ പ്രാഥമികവാദം ഏപ്രിൽ അഞ്ചിന് തുടങ്ങാനിരിക്കയാണ്. മുഖ്യപ്രതി സുനിൽകുമാറടക്കം എട്ട് പ്രതികൾ എറണാകുളം സിബിഐ കോടതിയിൽ ഹാജരായിരുന്നു. അതേസമയം അപ്പീലിന്റെ പേരു പറഞ്ഞ് ദിലീഗ് കോടതിയിൽ ഹാജരാകാതെ വിട്ടു നിൽക്കുകയും ചെയത്ു. വിചാരണ തുടങ്ങിയാൽ ആറ് മാസത്തിനകം പൂർത്തിയാകും. നിലവിലെ കുറ്റപത്രം അനുസരിച്ച് താരം ശിക്ഷിക്കപ്പെടാൻ സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിലാണ് വിചാരണ നീട്ടിക്കൊണ്ടു പോകാൻ താരം ശ്രമിക്കുന്നതെന്നും വ്യക്തമാക്കി. അതേസമം കേസിലെ മുഴുവൻ പ്രതികളോടും അടുത്ത മാസം അഞ്ചിന് ഹാജരാവാൻ പറഞ്ഞിട്ടുണ്ട്. അതിന് ശേഷമാണ് വിചാരണ ഏത് വിധത്തിൽ വേണമെന്ന് നിശ്ചയിക്കുക.

ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് കേസ് സിബിഐ കോടതിയിലേക്ക് മാറ്റിയത്. വിചാരണയ്ക്കായി വനിത ജഡ്ജി വേണമെന്നുള്ള ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യപ്രകാരമായിരുന്നു ഹൈക്കോടതി നടപടി. ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കമെന്നാണ് ഹൈക്കോടതി വിചാരണ കോടതിക്ക് നൽകിയ നിർദ്ദേശം. നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കാൻ പ്രതിഭാഗം ശ്രമിക്കുകയാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. കേസിലെ വിചാരണ നടപടികൾ ആറ് മാസത്തിനകം പൂർത്തിയാക്കണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യവുമായി രണ്ടാം പ്രതി മാർട്ടിൻ കോടതിയെ സമീപിച്ചപ്പോഴാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ചാക്കിലെ പൂച്ച പുറത്തുചാടിയിരിക്കുകയാണെന്ന് കോടതി പറഞ്ഞു. വിചാരണ നടപടികൾ ആറ് മാസത്തിനകം പൂർത്തിയാക്കണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തിരുന്നു. പ്രതിയുടെ ആവശ്യം സർക്കാർ ശക്തമായി എതിർത്തിരുന്നു.നടിയെ ആക്രമിച്ച കേസിൽ വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നു. കേസിന്റെ വിചാരണ ആറ് മാസത്തിനകം പൂർത്തിയാക്കാനും കോടതി ഉത്തരവിട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP