Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കെ.എൽ 41 എഫ് 4577 ഇന്നോവ കാർ കോടതി വരാന്തയോട് ചേർത്തു നിർത്തി ക്യാമറയ്ക്ക് മുഖം നൽകാതെ സിനിമാ സ്‌റ്റൈലിൽ ചാടിക്കയറുമ്പോഴും ദിലീപിന്റെ മുഖത്ത് കടുത്ത നിരാശ; മായാത്ത പുഞ്ചിരിയുണ്ടെങ്കിലും ആർക്കും മുഖം കൊടുക്കാതെ കാറിൽ കയറി മഞ്ജുവും; ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടാൻ വള്ളിപുള്ളി തെറ്റാതെ ലേഡി സൂപ്പർ സ്റ്റാർ മൊഴി നൽകിയത് കേട്ട് സന്തോഷത്തോടെ ബൈജു പൗലോസ്; കലൂർ സിബിഐ കോടതിയിൽ വ്യാഴാഴ്ച നടന്നത് ഇങ്ങനെ

കെ.എൽ 41 എഫ് 4577 ഇന്നോവ കാർ കോടതി വരാന്തയോട് ചേർത്തു നിർത്തി ക്യാമറയ്ക്ക് മുഖം നൽകാതെ സിനിമാ സ്‌റ്റൈലിൽ ചാടിക്കയറുമ്പോഴും ദിലീപിന്റെ മുഖത്ത് കടുത്ത നിരാശ; മായാത്ത പുഞ്ചിരിയുണ്ടെങ്കിലും ആർക്കും മുഖം കൊടുക്കാതെ കാറിൽ കയറി മഞ്ജുവും; ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടാൻ വള്ളിപുള്ളി തെറ്റാതെ ലേഡി സൂപ്പർ സ്റ്റാർ മൊഴി നൽകിയത് കേട്ട് സന്തോഷത്തോടെ ബൈജു പൗലോസ്; കലൂർ സിബിഐ കോടതിയിൽ വ്യാഴാഴ്ച നടന്നത് ഇങ്ങനെ

ആർ പീയൂഷ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷിയായ നടി മഞ്ജു വാര്യർ കോടതിയിൽ നിന്നിറങ്ങുമ്പോൾ മഴപെയ്തൊഴിഞ്ഞ് തെളിഞ്ഞ മാനം പോലെയായിരുന്നു മുഖം. അക്രമിക്കപ്പെട്ട നടിക്ക് നീതി വാങ്ങി നൽകാൻ തനിക്ക് അറിയാവുന്ന മുഴുവൻ വിവരങ്ങളും വള്ളി പുള്ളി തെറ്റാതെ കോടതി മുൻപാകെ പറഞ്ഞു. എല്ലാം കേട്ട് നിശബ്ദനായി പ്രതിക്കൂട്ടിൽ ക്വട്ടേഷൻ അംഗങ്ങളുടെ ഒപ്പം ദിലീപ് നിർനിമേഷനായി നിൽപുണ്ടായിരുന്നു. കോടതി മുൻപാകെ മൊഴി നൽകുന്നതിനൊപ്പം ക്രോസ് വിസ്താരവും നടന്നു. പ്രോസിക്യൂഷന്റെ വാദങ്ങളെ ചെറുക്കാൻ ദിലീപിന്റെ വക്കീൽ രാമൻപിള്ള കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ എല്ലാം അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് സമർപ്പിച്ച കുറ്റപത്രത്തിലെ ഉള്ളടക്കം പോലെ തന്നെ മഞ്ജു വാര്യർ മൊഴി നൽകി.

നീണ്ട ഏഴു മണിക്കൂറാണ് അടച്ചിട്ട കോടതിക്കുള്ളിൽ വിസ്താരം നടന്നത്. ആക്രമിക്കപ്പെട്ട നടിയുമായി ദിലീപിന് ഉണ്ടായിരുന്ന വൈരാഗ്യത്തെ പറ്റി വിശദമായി തന്നെ മഞ്ജു പറഞ്ഞു. ഇതോടെ പീഡനക്കേസിനൊപ്പം പ്രോസിക്യൂഷന്റെ ഗൂഢാലോചന തിയറിക്കും വിചാരണയിൽ കരുത്ത് കിട്ടും. മഞ്ജു വാര്യർ കൂറു മാറുമെന്ന ആശങ്ക പ്രോസിക്യൂഷനുണ്ടായിരുന്നു. ഇതെല്ലാം വെറും അസ്ഥാനത്താണെന്ന് വ്യക്തമാക്കുന്ന മൊഴിയാണ് മഞ്ജു നൽകിയത്. പ്രോസിക്യൂഷന്റെ മൊഴി എടുക്കലിൽ അതിശക്തമായ മനസ്സോടെയാണ് മഞ്ജു കാര്യങ്ങൾ എണ്ണി പറഞ്ഞതെന്നാണ് സൂചന. ഇതോടെ ദിലീപിനെതിരായ കുരുക്ക് മുറുകുകയാണെന്ന് സിനിമാ ലോകവും തിരിച്ചറിയുകയാണ്.

പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം എന്തായാലും പ്രോസിക്യൂഷന് ചേർന്ന് നിന്നുള്ള മഞ്ജുവിന്റെ വാദങ്ങൾ കേസിന് ബലമേകും. മഞ്ജുവിനെ പ്രോസിക്യൂഷനിൽ നിന്ന് അകറ്റാൻ ശ്രമമുണ്ടെന്ന് ചില കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനോട് മഞ്ജു പ്രതികരിച്ചുമില്ല. മൊഴി നൽകാൻ ഇന്നെത്തില്ലെന്നും പ്രചരണമുണ്ടായി. ഏവരേയും അത്ഭുതപ്പെടുത്തി വളരെ നേരത്തെ കോടതിയിൽ എത്തിയ മഞ്ജു മാധ്യമങ്ങളെ പോലും ഞെട്ടിച്ചു. പ്രോസിക്യൂട്ടറുടെ മുറിയിൽ എത്തി വിശദമായ ചർച്ച നടത്തി. അതിന് ശേഷമായിരുന്നു കോടതി മുറിയിലെത്തിയത്. ജഡ്ജി ഹണി വർഗ്ഗീസിന് മുമ്പിൽ അക്രമത്തിന് ഇരയായ പെൺകുട്ടിയോട് ദിലീപിന് വൈരാഗ്യം ഉണ്ടാകാനിടയാക്കിയ കാര്യകാരണങ്ങൾ അക്കമിട്ട് നിരത്തി. ക്രിമിനൽ ഗൂഢാലോചനയെന്ന തന്റെ പഴയ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നതിന്റെ സൂചനകളാണ് ആ മൊഴിയിൽ നിറഞ്ഞതെന്നാണ് സൂചന. രഹസ്യ വിചാരണയാണ് നടക്കുന്നത്. ഇരയുടെ താൽപ്പര്യം കണക്കിലെടുത്താണ് ഇത്.

രാവിലെ പതിനൊന്ന് മണിക്ക് കോടതി നടപടികൾ ആരംഭിച്ചു. ഉച്ചയ്ക്ക് രണ്ട് മണിവരെയായിരുന്നു വാദ പ്രതിവാദങ്ങൾ നടന്നത്. ഉച്ച ഭക്ഷണത്തിന് ശേഷം രണ്ടര മണിക്ക് വീണ്ടും കോടതി ചേർന്നു. പിന്നീട് ആറരയോടെയാണ് ഇന്നത്തെ വിസ്താരം പൂർത്തിയാക്കിയത്. ഏറെ അവശതയോടെയായിരുന്നു മഞ്ജു കോടതി വിട്ട് ഇറങ്ങി വന്നത്. എങ്കിലും മുഖത്ത് ഒരു പുഞ്ചിരിയുണ്ടായിരുന്നു. ആർക്കും മുഖം കൊടുക്കാതെയാണ് മഞ്ജു കാറിൽ കയറി പോയത്.

അതേ സമയം രാവിലെ സന്തോഷത്തോടെ എത്തിയ പ്രതി ദിലീപ് കോടതിയിൽ നിന്നും ഇറങ്ങുമ്പോൾ വിളറിയ മുഖത്തോടെയാണ് കാറിൽ കയറി പോയത്. സിനിമാ സ്റ്റൈലിലായിരുന്നു കാറിലേക്ക് കയറിയത് തന്നെ. ദിലീപിന്റെ സഹോദരീ ഭർത്താവുമൊത്ത് വന്ന കെ.എൽ 41 എഫ് 4577 എന്ന ഇന്നോവ കാർ കോടതി വരാന്തയോട് ചേർത്തു നിർത്തുകയും ക്യാമറയ്ക്ക് മുഖം നൽകാതെ ചാടിക്കയറുകയായിരുന്നു. കടുത്ത നിരാശ തന്നെയായിരുന്നു പ്രതി ദീലീപിന്റെ മുഖത്തുണ്ടായിരുന്നത്. എല്ലാ പ്രതീക്ഷകളും അസ്ഥാനത്തായ പോലെ.

പ്രോസിക്യൂട്ടർ എ.സുരേഷന്റെ മുഖത്ത് വലിയ സന്തോഷം തന്നെയായിരുന്നു. പ്രോസിക്യൂഷന്റെ വാദം ശരി വയ്ക്കുന്ന തരത്തിലായിരുന്നു മഞ്ജു മൊഴി നൽകിയത്. വിസ്താരം പൂർത്തിയായ ശേഷം പുറത്തിറങ്ങിയ പ്രോസിക്യൂട്ടറെ കൈ പിടിച്ച് അഭിനന്ദനം അറിയിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് തന്റെ സന്തോഷം പങ്കിട്ടത്. കാരണം നിരവധി പ്രതി സന്ധികളിൽ കൂടി കടന്നു വന്ന കേസായിരുന്നതുകൊണ്ടാണ് ഇത്രയും സന്തോഷം എല്ലാവരുടെയും മുഖത്തുണ്ടായത്. വലിയ ആത്മ വിശ്വാസത്തോടയാണ് പ്രോസിക്യൂഷൻ കോടതിയിൽ നിന്നും പോയത്.

അതേ സമയം കേസിലെ മറ്റ് സാക്ഷികളായ സിദ്ദിഖും ബിന്ദു പണിക്കരും കോടതിയിൽ ഹാജരായെങ്കിലും മഞ്ജുവാര്യരുടെ വിസ്താരം പൂർത്തിയാവാൻ താമസം നേരിട്ടതിനാൽ അടുത്ത ദിവസം ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. രാവിലെ പതിനൊന്ന് മണിയോടെ എത്തിയ ഇവർ വൈകുന്നേരം ആറു മണിയോടെയാണ് തിരികെ പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP