Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

തന്ത്രിയുടെ വ്യാജ ലെറ്റർപാഡിലുള്ള സർട്ടിഫിക്കറ്റുമായി ശാന്തി നിയമനം നേടിയത് നാലുപേർ; ഇന്റർവ്യൂവിൽ തിരുകി കയറ്റിയത് മന്ത്രങ്ങളോ പൂജാവിധികളോ അറിയാത്തവരെ; തിരുവിതാംകൂർ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ അടക്കം ആറുപേർക്കെതിരെ കുറ്റം ചുമത്തി വിജിലൻസ് കോടതി

തന്ത്രിയുടെ വ്യാജ ലെറ്റർപാഡിലുള്ള സർട്ടിഫിക്കറ്റുമായി ശാന്തി നിയമനം നേടിയത് നാലുപേർ; ഇന്റർവ്യൂവിൽ തിരുകി കയറ്റിയത് മന്ത്രങ്ങളോ പൂജാവിധികളോ അറിയാത്തവരെ; തിരുവിതാംകൂർ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ അടക്കം ആറുപേർക്കെതിരെ കുറ്റം ചുമത്തി വിജിലൻസ് കോടതി

അഡ്വ.പി നാഗ് രാജ്‌

തിരുവനന്തപുരം: വ്യാജ തന്ത്രി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നടന്ന ക്ഷേത്രശാന്തി നിയമന അഴിമതിക്കേസിൽ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറടക്കം ആറു പ്രതികൾക്ക് മേൽ തിരുവനന്തപുരം വിജിലൻസ് കോടതി കുറ്റം ചുമത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ശാന്തി നിയമന അപേക്ഷകൾ കൈകാര്യം ചെയ്യുന്ന ഫോർട്ട് ഓഫീസിലെ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ എസ്. പാർവ്വതി , തിരുമല കുശവർക്കോട് ദേവസ്വം സബ്ബ് ഗ്രൂപ്പ് ഓഫീസർ ജി.ഗോപകുമാർ , തന്ത്രിയുടേതായ വ്യാജ ലെറ്റർ പാഡിൽ തന്ത്രിയുടെ വ്യാജ ഒപ്പും സീലും പതിച്ച് വ്യാജ പ്രവൃത്തി പരിചയ തന്ത്രി സർട്ടിഫിക്കറ്റ് ഹാജരാക്കി ശാന്തി നിയമനം നേടിയ മന്ത്രങ്ങളോ പൂജാവിധികളോ വശമില്ലാത്ത വ്യാജ ശാന്തിമാരായകോട്ടയം വൈക്കം സ്വദേശി എസ്. സുമോദ് , തൃശൂർ മതിലകം സ്വദേശി എൻ.ജി. വിപിൻദാസ് , കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ സി. ബിനു മോൻ , റ്റി.വി. ദിലീപ് കുമാർ എന്നീ ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾക്ക് മേലാണ് വിജിലൻസ് ജഡ്ജി സ്‌നേഹലത കുറ്റം ചുമത്തിയത്.

വിചാരണ കേസായതിനാൽ വിജിലൻസ് കുറ്റപത്രവും കേസ് റെക്കോർഡുകളും തൊണ്ടി രേഖകളും പരിശോധിച്ച് കോടതി നേരിട്ട് തയ്യാറാക്കിയ കുറ്റപത്രം പ്രതിക്കൂട്ടിൽ നിന്ന ആറു പ്രതികളെയും വായിച്ചു കേൾപ്പിച്ചാണ് പ്രതികൾക്ക് മേൽ കോടതി കുറ്റം ചാർത്തിയത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 228 പ്രകാരമാണ് കോടതി കുറ്റം ചുമത്തിയത്. പ്രതികൾ പ്രഥമദൃഷ്ട്യാട്യാ കുറ്റം ചെയ്തതായി അനുമാനിക്കാവുന്ന വായ് മൊഴി തെളിവുകളും പ്രാമാണിക തെളിവുകളും കോടതി മുമ്പാകെ ഉള്ളതായി കുറ്റം ചുമത്തൽ ഉത്തരവിൽ കോടതി വ്യക്തമാക്കി.

2008 ലാണ് സംസ്ഥാനത്തെ ഭക്തരെയടക്കം ഞെട്ടിച്ച വിവാദ വ്യാജ ശാന്തി നിയമനം നടന്നത്. ഒന്നും രണ്ടും പ്രതികളായ പാർവ്വതിയും ഗോപകുമാറും ക്ഷേത്ര ശാന്തി നിയമനത്തിലുള്ള അപേക്ഷകളുടെ സൂക്ഷ്മപരിശോധന , ഉദ്യോഗാർത്ഥികളുടെ പ്രായ പരിധി , പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് തുടങ്ങിയവ പരിശോധിച്ച് അർഹരായ ഉദ്യോഗാർത്ഥികളുടെ പട്ടിക ഇന്റർവ്യൂ ബോർഡിൽ സമർപ്പിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥരായിരുന്നു. എന്നാൽ ഇവർ മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തി തങ്ങളുടെ ഒദ്യോഗിക പദവികൾ ദുരുപയോഗം ചെയ്ത് വിജ്ഞാപന ചട്ടങ്ങൾ കാറ്റിൽ പറത്തി നിയമവിരുദ്ധമായി യോഗ്യതയില്ലാത്ത അനർഹരായ മൂന്നു മുതൽ ആറുവരെയുള്ള പ്രതികളെ വ്യാജ തന്ത്രി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇന്റർവ്യൂ ലിസ്റ്റിൽ തിരുകി കയറ്റി ക്ഷേത്ര ശാന്തി ജോലി സമ്പാദിച്ചു നൽകിയെന്നാണ് വിജിലൻസ് കേസ്.

കോട്ടയം സൂര്യനാരായണപുരം ദേവസ്വം ക്ഷേത്ര മേൽശാന്തിയായ കെ. വിശ്വനാഥൻ ശാന്തിയുടെ പേരിൽ വ്യാജ ലെറ്റർപാഡിൽ വ്യാജ ഒപ്പും ഒദ്യോഗിക മുദ്രയും പതിപ്പിച്ച പ്രവൃത്തി പരിചയ സാക്ഷ്യപത്രം തയ്യാറാക്കി അസ്സൽ സാക്ഷ്യ പത്രം പോലെ ഹാജരാക്കിയാണ് പ്രതികൾ നിയമന തട്ടിപ്പിന് കളമൊരുക്കിയത്. എന്നാൽ വ്യാജ സർട്ടിഫിക്കറ്റുകൾ തന്റേതല്ലെന്നും അതിൽ കാണുന്ന കൈയൊപ്പും സീലും തന്റേതല്ലെന്നും വിശ്വനാഥൻ പോറ്റി വിജിലൻസിന് നൽകിയിട്ടുണ്ട്. വിജിലൻസ് കുറ്റപത്രത്തിലെ പ്രോസിക്യൂഷൻ ഭാഗം ഒന്നാം സാക്ഷിയാണ് അദ്ദേഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP