Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ സമയം നിശ്ചയിച്ചു; ഫെബ്രുവരി 1ന് ആറ് മണിക്ക് നാലുപേരേയും തൂക്കിലേറ്റും; പ്രതികളുടെ ദയാഹർജി രാഷ്ട്രപതി തള്ളി; ആരാച്ചാർ പവൻ ജലാദിനെ തീഹാർ ജയിലിലേക്ക് എത്തിക്കാനുള്ള നീക്കം അധികൃതർ തുടങ്ങി; ആരാച്ചാരോട് ജില്ല വിട്ട് പോകരുതെന്നും നിർദ്ദേശം; ബീഹാറിലെ ബക്‌സറിൽ തൂക്കുകയർ സജ്ജം; ഒരുജനത കാത്തിരുന്ന ചരിത്രവിധിക്ക് ദിവസങ്ങളെണ്ണി തീഹാർ ജയിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നിർഭയ കൂട്ടമാനഭംഗക്കേസിലെ പ്രതികളെ ഫെബ്രുവരി 1ന് തൂക്കിലേറ്റും. കേസിലെ പ്രധാന പ്രതികളായ വിനയ് ശർമ, മുകേഷ് സിങ്, അക്ഷയ് കുമാർ സിങ്, പവൻ ഗുപ്ത എന്നിവരെ ഫെബ്രുവരി 1ന് രാവിലെ 6 മണിക്ക് തൂക്കിലേറ്റുന്നത്. ഡൽഹി കോടതി പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു. മുകേഷ് സിങ് നൽകിയ ദയാഹർജി രാഷ്ട്രപതി റാം നാഥ് കോവിന്ദ് തള്ളിയതിനു പിന്നാലെയാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്. വിചാരണക്കോടതി നേരത്തെ ഉത്തരവിട്ട പ്രകാരം ജനുവരി 22ന് തൂക്കിക്കൊല്ലാൻ കഴിയില്ലെന്ന് ആം ആദ്മി സർക്കാർ ബുധനാഴ്ച ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് പുതിയ ഡേറ്റ് അറിയിച്ചത്.

പ്രതികളിൽ ഒരാളായ മുകേഷ് സിംഗിന്റെ ദയാഹർജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് കോടതി പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.പ്രതികളുടെ ഇഷ്ടത്തിന് അനുസരിച്ചാണ് കാര്യങ്ങൾ നടക്കുന്നതെന്നും ഒന്നിന് പിറകെ ഒന്നായി തിയ്യതികൾ മാറ്റി നൽകുകയാണ് എന്നും നിർഭയയുടെ അമ്മ ആശാദേവി പ്രതികരിച്ചു. പ്രതികളെ മാത്രം പരിഗണിക്കുന്ന സംവിധനമാണ് നമ്മുടേത് എന്നും ആശാദേവി കുറ്റപ്പെടുത്തിയിരുന്നു.

ജനുവരി 22ന് രാവിലെ 7 മണിക്ക് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കണം എന്നാണ് നേരത്തെ ഡൽഹി കോടതി ഉത്തരവിട്ടിരുന്നത്. എന്നാൽ മുകേഷ് സിങ് ദയാഹർജി നൽകിയതോടെ ആദ്യത്തെ മരണ വാറണ്ട് കോടതി റദ്ദ് ചെയ്തു. പുതിയ തിയ്യതി അറിയിക്കാൻ തീഹാർ ജയിൽ അധികൃതരോട് നിർദേശിക്കുകയും ചെയ്തു. ദയാഹർജി തള്ളണമെന്ന് ഡൽഹി സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ശുപാർശ ചെയ്തിരുന്നു.

ഇന്ന് രാവിലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദയാഹർജി രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി കൈമാറി. രണ്ട് മണിക്കൂറിനകം രാഷ്ട്രപതി ദയാഹർജി തള്ളിയതായുള്ള തീരുമാനം പുറത്ത് വന്നു. ഇതിന് പിന്നാലെയാണ് ഡൽഹി കോടതി പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കൂട്ടബലാത്സംഗം നടന്ന 2012 ഡിസംബർ 16ന് തനിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന് വാദിച്ച് പ്രതിയായ പവൻ ഗുപ്ത വീണ്ടും കോടതിയെ സമീപിച്ചിട്ടുണ്ട്. മുകേഷ് സിങ്, വിനയ് ശർമ, അക്ഷയ് കുമാർ സിങ്, പവൻ ഗുപ്ത എന്നിവരാണ് നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികൾ.

ഭൂമിയാപുൽ പ്രദേശത്തെ ലക്ഷ്മൺ കുമാർ കുടുംബത്തിലെ നാലാം തലമുറയിൽ പെട്ട ആരാച്ചാരായ പവൻ ജലാദ് ആണ് പ്രതികളെ തൂ്കിലേറ്റുന്നത്. മീററ്റിലെ അധികൃതർ കൻഷീറാം ആവാസ് യോജനയിൽ നൽകിയ ഒറ്റ മുറി വീട്ടിലാണ് ഇപ്പോൾ ഇയാളുള്ളത്. ഉത്തർപ്രദേശ് ജയിൽ അധികൃതർ ജില്ല വിട്ട് പോകരുതെന്ന് നിർദ്ദേശം ആരാച്ചാർക്ക് നൽകിയിയിരുന്നു. തീഹാർ ജിയിലിൽ വധശിക്ഷ നടപ്പിലാക്കാനുള്ള ഒരുക്കങ്ങൾ മാസങ്ങൾക്ക് മുൻപേ തുടങ്ങിയിരുന്നു.

2012 ഡിസംബർ 16 നാണ് ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ മെഡിക്കൽ വിദ്യാർത്ഥി കൂട്ടമാനഭംഗത്തിനിരയായത്. ചികിത്സയിലായിരിക്കെ ഡിസംബർ 29ന് സിംഗപ്പൂർ ആശുപത്രിയിൽ വച്ച് മരിച്ചു. കേസിൽ ആറുപേരാണ് പ്രതികൾ. പ്രതികളിലൊരാളായ റാം സിങ് തിഹാർ ജയിലിൽ വച്ച് ആത്മഹത്യ ചെയ്തു. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP