Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിൽ; പ്രതികളിൽ നാലുപേർ പ്രായപൂർത്തിയാകാത്തവർ; നിർണ്ണായക കണ്ടെത്തലുമായി സുപ്രീം കോടതി സമിതി; പത്ത് പൊലീസുകാരെ കൊലക്കുറ്റത്തിനു വിചാരണ ചെയ്യണമെന്നും സമിതി

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിൽ; പ്രതികളിൽ നാലുപേർ പ്രായപൂർത്തിയാകാത്തവർ; നിർണ്ണായക കണ്ടെത്തലുമായി സുപ്രീം കോടതി സമിതി; പത്ത് പൊലീസുകാരെ കൊലക്കുറ്റത്തിനു വിചാരണ ചെയ്യണമെന്നും സമിതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഹൈദരാബാദ് കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ വെടിവച്ചുകൊന്നത് വ്യാജ ഏറ്റുമുട്ടട്ടലിലെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ. പ്രതികൾ പൊലീസിന്റെ പിസ്റ്റൾ തട്ടിയെടുത്ത് രക്ഷപെടാൻ ശ്രമിച്ചെന്ന ഹൈദരാബാദ് പൊലീസിന്റെ വാദം തെറ്റെന്ന് സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. വ്യാജ ഏറ്റുമുട്ടൽ നടത്തിയ പത്തു പൊലീസുകാരെ കൊലക്കുറ്റത്തിനു വിചാരണ ചെയ്യണമെന്ന് സമിതി ശുപാർശ ചെയ്തു.

സമിതിയുടെ റിപ്പോർട്ട് തെലങ്കാന ഹൈക്കോടതിക്ക് അയയ്ക്കാൻ സുപ്രീം കോടതി നിർദേശിച്ചു. തെലങ്കാന ഹൈക്കോടതിയാണ് ഇതിൽ തുടർനടപടി സ്വീകരിക്കേണ്ടത്. റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കണമെന്ന, സീനിയർ അഭിഭാഷകൻ ശ്യാം ദിവാന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഇതൊരു ഏറ്റുമുട്ടൽ കേസിന്റെ റിപ്പോർട്ടാണ്. കമ്മിഷൻ ഏതാനും പേർ കുറ്റക്കാരെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഹൈക്കോടതി നടപടി സ്വീകരിക്കട്ടെ- ചീഫ് ജസ്റ്റിസ് എൻവി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.

കൊല്ലപ്പെട്ടവരിൽ മൂന്നു പേർ പ്രായപൂർത്തി ആവാത്തവരാണെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്. ജോലു ശിവ, ജോലു നവീൻ, ചിന്തകുണ്ട ചെന്നകേശവലു എന്നിവർക്കു പ്രായപൂർത്തിയായിട്ടില്ല. പത്തു പൊലീസുകാരാണ് വ്യാജ ഏറ്റുമുട്ടലിനു പിന്നിൽ പ്രവർത്തിച്ചത്. ഇവരെ കൊലക്കുറ്റത്തിന് വിചാരണ ചെയ്യണമെന്ന സമിതി ശുപാർശ ചെയ്തു.

രാജ്യത്തെ നടുക്കിയ ദിശ കൂട്ട ബലാത്സംഗ കേസിലെ പ്രതികൾ 2019 ഡിസംബർ ആറിനാണ് പൊലീസിന്റെ വെടിയേറ്റു മരിച്ചത്. പ്രതികൾ പൊലീസിന്റെ പിസ്റ്റൾ തട്ടിയെടുത്ത് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചെന്നാണ് പൊലീസ് അവകാശപ്പെട്ടത്. സ്വയം പ്രതിരോധിക്കുന്നതിനാണ് വെടിവച്ചതെന്നും പൊലീസ് പറഞ്ഞിരുന്നു. എന്നാൽ ഇതു തെറ്റെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി കണ്ടെത്തി.

ഹൈദരാബാദ് ഏറ്റുമുട്ടൽ കേസ് അന്വേഷിക്കാൻ സ്വതന്ത്ര സമിതിയെ നിയോഗിക്കണമെന്ന രണ്ട് അഭിഭാഷകരുടെ ആവശ്യം പരിഗണിച്ച് 2019 ഡിസംബർ 12-നാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് സുപ്രീം കോടതി സമിതിയെ നിയോഗിച്ചത്. മുൻ സുപ്രീം കോടതി ജഡ്ജി വി എസ് സിർപുർകർ, ബോംബെ ഹൈക്കോടതി മുൻ ജഡ്ജി രേഖ ബൽദോത്ത, സിബിഐ മുൻ ഡയറക്ടർ ഡി.ആർ കാർത്തികേയൻ എന്നിവരടങ്ങുന്ന സമിതിയാണ് വിഷയത്തിൽ അന്വേഷണം നടത്തിയത്.

അന്വേഷണ റിപ്പോർട്ട് മുദ്രവച്ച കവറിൽ സൂക്ഷിക്കണമെന്ന മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാന്റെ വാദങ്ങൾ ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചില്ല. തുടർ നടപടികൾക്കായി കേസ് തെലങ്കാന ഹൈക്കോടതിയിലേക്ക് മാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP