Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തലസ്ഥാനത്തെ ജില്ലാ മെഡിക്കൽ ഓഫീസറെ തടഞ്ഞുവച്ച സംഭവം: അഞ്ച് എൻജിഒ ജില്ലാതല നേതാക്കൾക്ക് 6 മാസം കഠിന തടവും ലക്ഷം രൂപ പിഴയും; അപ്പീൽ ശിക്ഷ വിധിച്ച് ജില്ലാ കോടതി

തലസ്ഥാനത്തെ ജില്ലാ മെഡിക്കൽ ഓഫീസറെ തടഞ്ഞുവച്ച സംഭവം:   അഞ്ച് എൻജിഒ ജില്ലാതല നേതാക്കൾക്ക് 6 മാസം കഠിന തടവും ലക്ഷം രൂപ പിഴയും;  അപ്പീൽ ശിക്ഷ വിധിച്ച് ജില്ലാ കോടതി

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: തലസ്ഥാനത്തെ ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസറെ ഓഫീസ് മുറിയിൽ 3 മണിക്കൂർ തടഞ്ഞുവച്ച് വധഭീഷണി മുഴക്കിയ കേസിൽ കീഴ്ക്കോടതി വെറുതെ വിട്ട 5 എൻ ജി ഒ ജില്ലാ തല നേതാക്കൾ 6 മാസം കഠിന തടവനുഭവിക്കാനും ഒരു ലക്ഷം രൂപ പിഴയൊടുക്കാനും തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചു.

പിഴയൊടുക്കാത്ത പക്ഷം ഒരു മാസത്തെ അധിക തടവനുഭവിക്കണം. പിഴത്തുക പ്രതികളുടെ അതിക്രമത്തിനിരയായി അപമാനവും ഭയവും മാനസിക വേദനയും നേരിട്ട ഒന്നാം സാക്ഷിയായ ഡി.എം.ഒ. ഡോ. കെ.എം. സിറാബുദീന് നൽകാനും സെഷൻസ് ജഡ്ജി കെ. ബിജു മേനോൻ ഉത്തരവിട്ടു. നേതാക്കളായ അതിയന്നൂർ സ്വദേശി സനൽരാജ് , മണക്കാട് സ്വദേശി സുരേഷ് ബാബു, വീരണകാവ് സ്വദേശി ഗോപകുമാർ, തിരുമല സ്വദേശി യു.കെ. മനു എന്നിവരെയാണ് ജില്ലാ കോടതി ശിക്ഷിച്ചത്.

തെളിവു മൂല്യം വിലയിരുത്തുന്നതിൽ വിചാരണ കോടതിയായ പതിനൊന്നാം മജിസ്ട്രേട്ട് കോടതിക്ക് പിശക് സംഭവിച്ചതായി കണ്ടെത്തിയാണ് ജില്ലാ കോടതിയുടെ ശിക്ഷാവിധി. പ്രതികളെ വെറുതെവിട്ട വിധി ചോദ്യം ചെയ്ത് ഡി എം ഒ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 378 പ്രകാരം സമർപ്പിച്ച ക്രിമിനൽ അപ്പീൽ അനുവദിച്ചു കൊണ്ടാണ് മജിസ്‌ട്രേട്ട് കോടതി വിധി ജില്ലാ കോടതി റദ്ദാക്കിയത്.

2014 സെപ്റ്റംബർ 26 ന് ഉച്ചതിരിഞ്ഞാണ് കേസിനാസ്പദമായ സംഭവം നടന്നത്. 8 വർഷമായി വിഴിഞ്ഞത്ത് ജോലി ചെയ്യുന്ന സുരേന്ദ്രൻ എന്ന ജീവനക്കാരന്റെ വിഴിഞ്ഞത്തേക്കുള്ള പുനർസ്ഥലം മാറ്റ ആവശ്യം സംബന്ധിച്ചാണ് നിയമം കൈയിലെടുത്തത്. പ്രതികൾ ഡിഎം ഒയെ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തി. സ്ഥലം മാറ്റത്തിന് നിയമപ്രകാരം വിഴിഞ്ഞം മെഡിക്കൽ ഓഫീസറുടെ എൻഒസി വേണമെന്നും ബ്ലോക്ക് പഞ്ചായത്തിന്റെ യോഗ തീരുമാനം വേണമെന്നും വ്യക്തമാക്കിയതോടെ പ്രതികൾ ക്യാബിൻ അകത്തുനിന്ന് കുറ്റിയിട്ട് 3 മണിക്കൂർ തടഞ്ഞുവെക്കുകയായിരുന്നു. 'എടുക്കടാ ഫയൽ? ഒപ്പിടൂ ഫയൽ ! നിന്നെ ചാണകവെള്ളം തളിച്ചു നടത്തും ചെരുപ്പ് മാലയിടും , വണ്ടി കയറ്റി കൊല്ലും '' എന്നിങ്ങനെ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്.

2019 ലാണ് തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി പരാതിക്കാരൻ പരാതി നൽകാൻ 3 ദിവസം കാലതാമസമുണ്ടായെന്ന കാരണം ചൂണ്ടിക്കാട്ടി എല്ലാ പ്രതികളെയും വെറുതെ വിട്ടത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 255 (1) പ്രകാരം വിചാരണക്ക് ശേഷം പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടത്. അതേ സമയം പരാതിക്കാരന്റെ മൊഴിയിലും സാക്ഷിമൊഴികളിലും കൂട്ടി ചേർക്കലുകൾ ഇല്ലാത്തതിനാൽ പരാതി അവിശ്വസിക്കേണ്ട കാര്യമില്ല. യൂണിയൻ നേതാക്കളായ കീഴുദ്യോഗസ്ഥർക്കെതിരെ മേലാപ്പീസർ സാധാരണ പരാതി നൽകാൻ മടിക്കാറുണ്ടെന്നും ജില്ലാ കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP