Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗുരൂവായൂർ ക്ഷേത്രത്തിൽ നടന്ന രവി പിള്ളയുടെ മകന്റെ വിവാഹത്തിൽ വലിയ ആൾക്കൂട്ടം; നടപ്പന്തലിൽ ഓഡിറ്റോറിയത്തിന് സമാനമായി രൂപമാറ്റം വരുത്തി; വിവാഹസമയത്ത് നടപ്പന്തലിന്റെ സുരക്ഷ സ്വകാര്യ ഏജൻസിക്ക് കൈമാറിയോ എന്നും ചോദ്യം; കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ഹൈക്കോടതി

ഗുരൂവായൂർ ക്ഷേത്രത്തിൽ നടന്ന രവി പിള്ളയുടെ മകന്റെ വിവാഹത്തിൽ വലിയ ആൾക്കൂട്ടം; നടപ്പന്തലിൽ ഓഡിറ്റോറിയത്തിന് സമാനമായി രൂപമാറ്റം വരുത്തി; വിവാഹസമയത്ത് നടപ്പന്തലിന്റെ സുരക്ഷ സ്വകാര്യ ഏജൻസിക്ക് കൈമാറിയോ എന്നും ചോദ്യം;  കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ഹൈക്കോടതി. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ വലിയ ആൾക്കൂട്ടം പങ്കെടുത്തെന്ന് കോടതി നിരീക്ഷിച്ചു. നടപ്പന്തലിൽ ഓഡിറ്റോറിയത്തിന് സമാനമായ രൂപമാറ്റം വരുത്തി. വിവാഹസമയത്ത് നടപ്പന്തലിന്റെ സുരക്ഷ സ്വകാര്യ ഏജൻസിക്ക് കൈമാറിയോ എന്ന് കോടതി ചോദിച്ചു.

കേസിൽ എസ്‌പിയെ കക്ഷി ചേർത്തു. ഒരുമാസത്തിനിടെ ഗുരുവായൂരിൽ നടന്ന എല്ലാ വിവാഹങ്ങളുടെയും വിവരം കോടതിക്ക് നൽകണം. നടപ്പന്തലിലെ സിസിടിവി ദൃശ്യങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണം. തൃശൂർ എസ്‌പിയെയും ഗുരുവായൂർ സിഐയെയും സെക്ടറൽ മജിസ്‌ട്രേറ്റിനെയും കക്ഷിചേർത്തു.

ഗുരുവായൂർ ക്ഷേത്രനടപ്പന്തൽ തുറന്ന് കൊടുത്ത നടപടിയിലാണ് നേരത്തെ കേസ് എടുത്തത്. വിവാഹം കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന പരാതി ജില്ലാ കളക്ടർക്ക് നേരത്തെ കിട്ടിയിരുന്നു. വിവാഹത്തിന് വൻഅലങ്കാരങ്ങളാണ് ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിലടക്കം ഒരുക്കിയത്. പൂക്കൾ കൊണ്ടുള്ള അലങ്കാരങ്ങളും കമാനങ്ങളുമായിരുന്നു ഏറെയും.

ക്ഷേത്രം ഭരണസമിതിക്കെതിരെ പ്രതിഷേധങ്ങൾ ഉയർന്നതോടെ അടുത്ത ദിവസം തന്നെ നടപ്പന്തലിലെ കട്ടൗട്ടുകളും കമാനങ്ങളും ഉൾപ്പെടെയുള്ള മുഴുവൻ അലങ്കാരങ്ങളും പൊളിച്ചു മാറ്റിയിരുന്നു. എന്നാൽ ഗുരുവായൂർ ദേവസ്വം ബോർഡിന് കീഴിൽ നടന്ന ഇത്തരത്തിലുള്ള ആചാരലംഘനങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ കോടതി ഇടപെടുകയായിരുന്നു. ജസ്റ്റിസ് അനിൽ.കെ.നരേന്ദ്രൻ, ജസ്റ്റിസ് കെ.ബാബു എന്നിവരടങ്ങുന്ന ബെഞ്ചാണ് ഗുരുവായൂർ ദേവസ്വം ബോർഡ് അഡ്‌മിനിസ്‌ട്രേറ്റീവ് ഭാരവാഹികൾക്കെതിരെ സ്വമേധയാ കേസെടുത്തത്.

വിവാഹച്ചടങ്ങിന് താലി കെട്ടാൻ നടപ്പന്തൽ ഉപയോഗിക്കാമെങ്കിലും അലങ്കാരം നടത്താൻ ഇവിടെ അനുവാദമില്ല. വിവാഹത്തിന് ശേഷമുള്ള ചടങ്ങുകൾക്ക് ക്ഷേത്രത്തിന് സമീപമുള്ള ഓഡിറ്റോറിയമാണ് ആവശ്യക്കാർ ഉപയോഗപ്പെടുത്തുന്നത്. ആചാരങ്ങളുടെ ഭാഗമായി ഭഗവാന്റെ ചടങ്ങുകൾക്ക് മാത്രമാണ് ക്ഷേത്രനടപ്പന്തൽ അലങ്കരിക്കുക. ഇത്തരം നിയമങ്ങൾ നിലനിൽക്കെയാണ് ക്ഷേത്രം ഭരണ സമിതി നിയമ ലംഘനത്തിന് കൂട്ട് നിന്നത്.

നിലവിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് വധൂവരന്മാർ ഉൾപ്പെടെ 14 പേർക്ക് മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പാടുള്ളൂ. അതിനാൽ വിവാഹത്തിന് ഇക്കാര്യങ്ങൾ ബോർഡ് ഭരണസമിതി ഉറപ്പ് വരുത്തണമെന്നും കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞിരുന്നു.

ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ തൂണുകൾ വരെ അലങ്കരിക്കാൻ അനുവാദം നൽകിക്കൊണ്ടാണ് ആയിരത്തിലേറെ ആളുകളെ ക്ഷണിച്ച ഈ വിവാഹം കോവിഡ് കാലത്ത് നടത്തുന്നത് എന്നാണ് കളക്ടർക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. സർക്കാർ കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണിതെന്ന് കാണിച്ച് ഗുരുവായൂർ ക്ഷേത്രരക്ഷാ സമിതി ജില്ലാ കലക്ടർക്ക് പരാതി നൽകി. ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർക്കും പരാതികൾ നൽകിയിട്ടുണ്ട്.

ഗുരുവായൂർ മുനിസിപ്പാലിറ്റി പ്രദേശത്ത് കോവിഡ് വ്യാപകമായുള്ള സമയത്താണ് എല്ലാ സർക്കാർ മാനദണ്ഡങ്ങളും ലംഘിച്ച് ഇത്രയേറെ ആളുകളെ വിളിച്ച് കല്യാണം സംഘടിപ്പിച്ചത്. കോവിഡ് പടരുന്ന സാഹചര്യത്തിൽ ഇത്തരമൊരു പരിപാടി നടത്താൻ അനുവാദം നൽകരുതെന്ന് കാണിച്ചാണ് ക്ഷേത്രരക്ഷാ സമിതി ജില്ലാ കലക്ടർക്ക് പരാതി നൽകിയത്. ഗുരുവായൂർ ദേവസ്വത്തിൽ തന്നെ ധാരാളം പേർ അടുത്തിടെ പോസിറ്റീവായി ചികിത്സയിലാണ്. അതുകൊണ്ട് തന്നെ രോഗ വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് ഗുരുവായൂർ ക്ഷേത്രരക്ഷാ സമിതിയുടെ പരാതിയിൽ പറഞ്ഞിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP