Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

തിരുവനന്തപുരം വിമാനത്താവള വിഷയത്തിലും സർക്കാറിന് കോടതിയിൽ തിരിച്ചടി; നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് നൽകിയ കേന്ദ്രസർക്കാർ നടപടിയിൽ അടിയന്തര സ്റ്റേ ഇല്ല; കേസിൽ വിശദമായ വാദം കേൾക്കണമെന്ന് ഹൈക്കോടതി; ഹർജി ഫയലിൽ സ്വീകരിച്ച കോടതി വാദം കേൾക്കുന്നതിനായി സെപ്റ്റംബർ 15 ലേക്ക് മാറ്റി; ലേലത്തിൽ പങ്കെടുക്കാൻ കോടികൾ മുടങ്ങിയതിന് പിന്നാലെ കോടതി നടപടി ചെലവായും നഷ്ടം വൻ തുക

തിരുവനന്തപുരം വിമാനത്താവള വിഷയത്തിലും സർക്കാറിന് കോടതിയിൽ തിരിച്ചടി; നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് നൽകിയ കേന്ദ്രസർക്കാർ നടപടിയിൽ അടിയന്തര സ്റ്റേ ഇല്ല; കേസിൽ വിശദമായ വാദം കേൾക്കണമെന്ന് ഹൈക്കോടതി; ഹർജി ഫയലിൽ സ്വീകരിച്ച കോടതി വാദം കേൾക്കുന്നതിനായി സെപ്റ്റംബർ 15 ലേക്ക് മാറ്റി; ലേലത്തിൽ പങ്കെടുക്കാൻ കോടികൾ മുടങ്ങിയതിന് പിന്നാലെ കോടതി നടപടി ചെലവായും നഷ്ടം വൻ തുക

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തിരുവനന്തപുരം വിമാനത്താവള വിഷയത്തിലും സംസ്ഥാന സർക്കാറിന് തിരിച്ചടി. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയ കേന്ദ്രസർക്കാർ നടപടിയിൽ അടിയന്തര സ്റ്റേ ഇല്ല. കേസിൽ വിശദമായ വാദം കേൾക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി വാദം കേൾക്കുന്നതിനായി സെപ്റ്റംബർ 15 ലേക്ക് മാറ്റി.

വിമാനത്താവളം അദാനിക്ക് പാട്ടത്തിന് നൽകിയ നടപടി അടിയന്തരമായി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. വിമാനത്താവള വിഷയത്തിൽ സർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിൽ ഇരിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ നടപടി അനുവദനീയമല്ലെന്നും, അപ്പീലിൽ തീരുമാനം ഉണ്ടാകുന്നതുവരെ കേന്ദ്രനടപടി പാടില്ലെന്നുമാണ് സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടത്.

ഹർജി പരിഗണിച്ച കോടതി അടിയന്തര സ്റ്റേ ആവശ്യം പരിഗണിക്കുന്നില്ലെന്ന് വ്യക്തമാക്കി. വിമാനത്താവള വിഷയവുമായി ബന്ധപ്പെട്ട് സർക്കാരിന് എന്തെങ്കിലും രേഖകളോ റിപ്പോർട്ടുകളോ ഹാജരാക്കാനുണ്ടെങ്കിൽ അടുത്തമാസം ഒമ്പതിനകം സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. അതിന് ശേഷം 15 ന് വിശദമായ വാദം കേൾക്കാമെന്നും കോടതി അറിയിച്ചു.

അതേസമയം തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാൻ കേരള സർക്കാർ നടത്തിയ ശ്രമങ്ങളെല്ലാം വൃഥാവിലായതിന് പിന്നിൽ ചതിയാണെന്ന ആക്ഷേപം ശക്തമയാിരുന്നു. അദാനി ബിഡ് ചെയ്യുന്ന ഇടപാടിൽ ലീഗൽ കൺസൽറ്റന്റ് ആയി നിയമിച്ചത് അവരുമായി ബന്ധമുള്ള സിറിൽ അമർചന്ദ് മംഗൾദാസ് ഗ്രൂപ്പിനായിരുന്നു. ഇത് ഏറെ വിവാദങ്ങൾക്കും ഇടയാക്കുകയും ചെയത്. ഇതിനായി സർക്കർ മുടക്കേണ്ടി വന്നത് 55 ലക്ഷം രൂപയാണ്. സർക്കാർ പ്രതിദിനം നൽകിയത് ഒരു ലക്ഷത്തിലേറെ രൂപ ഇവർക്ക് നൽകിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

ജനുവരി ആദ്യമാണു നിയമിച്ചത്. ഫെബ്രുവരി 14നായിരുന്നു ബിഡ് സമർപ്പണം. അവധിയില്ലാതെ ജോലി ചെയ്തുവെന്നു പരിഗണിച്ചാൽ പോലും 45 ദിവസത്തിനാണു പ്രതിഫലമായി 55 ലക്ഷം രൂപ നൽകിയത്. മണിക്കൂറിനു 13,000 രൂപയായിരുന്നു നിശ്ചയിച്ച പ്രതിഫലമെന്നാണു സൂചന. മംഗൾദാസ് ഗ്രൂപ്പിനു വേണ്ടി സംസ്ഥാന സർക്കാരുമായി ചർച്ചകൾക്കെത്തിയിരുന്നതു 2 പേരായിരുന്നു. മുംബൈയിലും ഡൽഹിയിലുമുള്ള ചില ഉദ്യോഗസ്ഥരും ചില ഘട്ടങ്ങളിൽ സഹായിച്ചിരുന്നു.ലേലത്തിനു ശേഷം നൽകിയ ബില്ലിൽ മുംബൈയിൽ നിന്നുള്ള യാത്രാസമയം ഉൾപ്പെടെ ഉൾപ്പെടുത്തിയത് കെഎസ്ഐഡിസി എതിർത്തു. ഇതിലുള്ള പ്രതിഷേധം കമ്പനി രേഖാമൂലം തന്നെ സർക്കാരിനെ അറിയിച്ചു.

തർക്കങ്ങൾക്കൊടുവിൽ മാസങ്ങൾ കഴിഞ്ഞാണു ബിൽ നൽകിയതെന്നാണു വിവരം.ലേലത്തിൽ പങ്കെടുക്കാനുള്ള രേഖകൾ അടിയന്തരമായി തയാറാക്കേണ്ടിയിരുന്നതിനാൽ ടെൻഡർ നടപടികളിലേക്കു പോകാതെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതിയാണു ലീഗൽ കൺസൽറ്റന്റ് ആയി ഇവരെ നിയമിച്ചത്. സംസ്ഥാന സർക്കാർ നിയോഗിച്ച തിരുവനന്തപുരം ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (ടിയാൽ) ലേലത്തിൽ പങ്കെടുക്കാനായിരുന്നു ആദ്യതീരുമാനം. ഇതിനു നിയമപരമായ പ്രശ്നങ്ങളുണ്ടെന്നു ബോധ്യമായതോടെയാണു കെഎസ്ഐഡിസി തന്നെ നേരിട്ടു ലേലത്തിൽ പങ്കെടുത്തത്. പൊതുമേഖലാ സ്ഥാപനങ്ങളായ കെഎസ്ഇബി, കെഎംഎംഎൽ എന്നിവയുടെ ആസ്തി കൂടി ചേർത്താണു കെഎസ്ഐഡിസി ടെൻഡറിൽ പങ്കെടുക്കാൻ അർഹത നേടിയത്.

അതേസമയം കേരളത്തിന്റെ വിമാനത്താവള ലേലത്തുകയുടെ കാര്യത്തിൽ അമർചന്ദ് കമ്പനി ഇടപെട്ടിട്ടില്ലെന്ന് കമ്പനി വക്താവ് അറിയിച്ചു. കേരളത്തിന് നിയമസഹായം മാത്രമാണ് നൽകിയത്. കേരളം ക്വോട്ട് ചെയ്ത തുക ലേലസമയം വരെ രഹസ്യമായിരുന്നുവെന്നും കമ്പനി വ്യക്തമാക്കി. അദാനിക്ക് അവരുടെതന്നെ നിയമോപദേശകരുണ്ട്. അമർചന്ദ് കമ്പനിയുടെ സേവനം തേടുന്ന കക്ഷിയുടെ വിവരങ്ങൾ ഒരിക്കലും മറ്റാരും അറിയാറില്ല. അദാനിക്ക് വിമാനത്താവള വിഷയത്തിൽ കമ്പനി നിയമോപദേശം നൽകിയിട്ടില്ലെന്നും അമർചന്ദ് കമ്പനി വിശദീകരിക്കുന്നു. ഇംഗ്ലീഷ് ദിനപത്രത്തോടാണ് അമർചന്ദ് കമ്പനി വക്താവിന്റെ വിശദീകരണം.

ഇതിനിടെ തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഉപഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാനം നൽകിയ അപ്പീൽ ഹൈക്കോടതിയിൽ നിലനിൽക്കേ പാട്ട നടപടികളുമായി മുന്നോട്ടു പോകുന്നത് തടയണമെന്നാണ് ആവശ്യം. തുടർ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി നടപടികൾക്ക് വേണ്ടിയും ലക്ഷങ്ങൾ മുടക്കേണ്ട അവസ്ഥയിലാണ് കേരളം.

തോറ്റ ലേലത്തിന് 2.36 കോടിലേലത്തിന്റെ തയ്യാറെടുപ്പിനായി ആഗോള കൺസൾട്ടൻസി ഗ്രൂപ്പായ കെ.പി.എം.ജിയേയും സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ഇവർക്ക് 1.57കോടി കൺസൾട്ടൻസി ഫീസ് നൽകി. പരസ്യങ്ങൾക്ക് 5,77,752 രൂപയായി. എയർപോർട്ട് അഥോറിറ്റിയുടെ ചെലവ് 7,78,800 രൂപ. ബാങ്ക് ഗാരണ്ടികൾക്ക് കമ്മിഷൻ 7,83,030 രൂപ. മറ്റു ചെലവ് 2,34,135 രൂപ. ലേലത്തിൽ പങ്കെടുക്കാൻ ആകെ മുടക്കിയത് 2.36 കോടി രൂപ. ചീഫ് സെക്രട്ടറിയുടെ സമിതിയാണ് ബിഡ് തുകയായി 135 രൂപ നിശ്ചയിച്ചതെന്നും നിയമസഹായം നൽകിയ അമർചന്ദ് മംഗൾ ദാസ് എന്ന സ്ഥാപനത്തിന് ഇതുമായി ബന്ധമില്ലെന്നും കെ.എസ്ഐ.ഡി.സി വിശദീകരിച്ചു. കിഫ്ബി മസാല ബോണ്ട് സമാഹരണത്തിനും സർക്കാരിന് നിയമോപദേശം നൽകിയത് സിറിൽ അമർചന്ദ് മംഗൾദാസ് കമ്പനിയാണ്. 10,75,000 രൂപയാണ് ഫീസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP