Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജേക്കബ് അലക്‌സാണ്ടറെ അനധികൃത സ്വത്തുകേസിൽ കുറ്റം ചുമത്താൻ ഹാജരാക്കാൻ ഉത്തരവിട്ട് കോടതി; മുൻ ഡിജിപിയെ ഈ മാസം 25ന് ഹാജരാക്കാൻ നിർദ്ദേശം; വിചാരണ കോടതിയുടെ നടപടി കേസിൽ ഉണ്ടായിരുന്ന സ്റ്റേ ഹൈക്കോടതി നീക്കിയതിന് പിന്നാലെ; വിചാരണ നടക്കുന്നത് 1985-92 കാലത്ത് ഡിജിപി ഉറവിടം വ്യക്തമാക്കാൻ ആകാത്ത 62 ലക്ഷത്തിന്റെ സ്വത്ത് അനധികൃതമായി നേടിയെന്ന കേസിൽ

ജേക്കബ് അലക്‌സാണ്ടറെ അനധികൃത സ്വത്തുകേസിൽ കുറ്റം ചുമത്താൻ ഹാജരാക്കാൻ ഉത്തരവിട്ട് കോടതി; മുൻ ഡിജിപിയെ ഈ മാസം 25ന് ഹാജരാക്കാൻ നിർദ്ദേശം; വിചാരണ കോടതിയുടെ നടപടി കേസിൽ ഉണ്ടായിരുന്ന സ്റ്റേ ഹൈക്കോടതി നീക്കിയതിന് പിന്നാലെ; വിചാരണ നടക്കുന്നത് 1985-92 കാലത്ത് ഡിജിപി ഉറവിടം വ്യക്തമാക്കാൻ ആകാത്ത 62 ലക്ഷത്തിന്റെ സ്വത്ത് അനധികൃതമായി നേടിയെന്ന കേസിൽ

പി നാഗരാജ്‌

തിരുവനന്തപുരം: സംസ്ഥാന മുൻ ഡിജിപി ജേക്കബ് അലക്‌സാണ്ടറിന് എതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കുറ്റം ചുമത്തലിന് പ്രതിയെ ഹാജരാക്കാൻ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു. കുറ്റപത്രം വായിച്ചു കേൾപ്പിച്ച് കുറ്റം ചുമത്തുന്നതിലേക്കായി പ്രതിയായ മുൻ ഡിജിപി പണ്ടകശാല ജേക്കബ്ബ് അലക്‌സാണ്ടർ എന്ന പി.ജെ. അലക്‌സാണ്ടറെ ഫെബ്രുവരി 25 ന് കോടതിയിൽ ഹാജരാക്കാനാണ് ഉത്തരവ്. ജേക്കബ്ബ് അലക്‌സാണ്ടറാണ് കേസിലെ ഏക പ്രതി.

രണ്ടു വർഷത്തിന് മേൽ ശിക്ഷിക്കാവുന്ന കുറ്റം ആരോപിക്കുന്ന വാറണ്ട് വിചാരണ കേസായതിനാൽ സിബിഐ കുറ്റപത്രം, അനുബന്ധ രേഖകൾ, വായ് മൊഴിതെളിവുകൾ എന്നിവ പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കിയ കുറ്റപത്രമാണ് പ്രതിയെ വായിച്ചു കേൾപ്പിച്ച് കുറ്റം ചുമത്തുന്നത്. വിചാരണക്ക് മുന്നോടിയായി ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 228 പ്രകാരമാണ് പ്രതിക്ക് മേൽ കോടതി കുറ്റം ചുമത്തുന്നത്. കേസിൽ വിചാരണക്കുണ്ടായിരുന്ന സ്റ്റേ ഹൈക്കോടതി നീക്കിയതിനാലാണ് കുറ്റം ചുമത്തലിന് പ്രതിയെ ഹാജരാക്കാൻ സി ബി ഐ ജഡ്ജി ജെ. നാസർ ഉത്തരവിട്ടത്.

1985 മുതൽ 1992 വരെയുള്ള കാലയളവിൽ ജേക്കബ് അലക്‌സാണ്ടർ ഉറവിടം വ്യക്തമാക്കാൻ ആവാത്ത 62 ലക്ഷം രൂപയുടെ സ്വർണ്ണമടക്കമുള്ള സ്ഥാവര ജംഗമ സ്വത്തുക്കൾ അനധികൃതമായി സമ്പാദിച്ചുവെന്നാണ് സി ബി ഐ കേസ്. കേന്ദ്ര സർക്കാരിന്റെ കീഴിൽ വരുന്ന ഐഎഎസ് ഉദ്യോഗസ്ഥനായതിനാൽ സി ബി ഐ നേരിട്ട് കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

1995 ഡിസംബർ 11നാണ് അന്വേഷണം പൂർത്തിയാക്കി സിബിഐ എസ്‌പി നാഗേന്ദ്ര സിങ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. തുടർന്ന് കോടതിയിൽ ഹാജരായി ജാമ്യം നേടിയ ശേഷം തനിക്കെതിരായ കുറ്റപത്രം അടിസ്ഥാന രഹിതമായതിനാൽ വിചാരണ കൂടാതെ തന്നെ കുറ്റവിമുക്തൻ ആക്കണമെന്നാവശ്യപ്പെട്ട് 2012 ൽ ഡി ജി പി സമർപ്പിച്ച വിടുതൽ ഹർജി കോടതി തള്ളിയിരുന്നു.

വിചാരണ ചെയ്യാൻ പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ടെന്നും അതിനാൽ പ്രതി വിചാരണ നേരിടണമെന്നും ചൂണ്ടിക്കാട്ടിയാണ് വിടുതൽ ഹർജി തള്ളി പ്രതിക്ക് മേൽ കുറ്റം ചുമത്താൻ സിബിഐ കോടതി ഉത്തരവിട്ടത്. ഈ ഉത്തരവ് ചോദ്യം ചെയ്ത് ഡി ജി പി സമർപ്പിച്ച ക്രിമിനൽ റിവിഷൻ ഹർജിയിൽ ഹൈക്കോടതി റിവിഷൻ ഹർജിയിലെ അന്തിമ തീരുമാനം വരെ സിബിഐ കോടതിയിലുള്ള കേസിന്റെ തുടർ നടപടികൾ 2012ൽ തന്നെ സ്റ്റേ ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ മാസം അവസാനം സ്റ്റേ നീക്കി ഹൈക്കോടതി ഉത്തരവ് വന്ന സാഹചര്യത്തിലാണ് ഇപ്പോൾ വീണ്ടും വിചാരണ തുടങ്ങുന്നത്.

ഹൈക്കോടതി സ്റ്റേ നീക്കം ചെയ്ത സാഹചര്യത്തിലാണ് തിരുവനന്തപുരം സിബിഐ കോടതിയിൽ വിചാരണ പുനരാരംഭിക്കുന്നത്. വിചാരണ പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് സിബിഐ പ്രോസിക്യൂട്ടർ മനോജ് സമർപ്പിച്ച ഹർജിയും കോടതി തീർപ്പാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP