Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ മന്ത്രി ജി സുധാകരനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി; മന്ത്രിക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത് മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗംകൂടിയായ ഉഷാ സാലി; 2016ൽ ആലപ്പുഴയിൽ റോഡിന്റെ ശിലാസ്ഥാപന വേളയിൽ മൈക്ക് തട്ടിപ്പറിച്ച് അപമാനിച്ചുവെന്ന് പരാതി; വീടുവച്ചതും മകളെ കെട്ടിച്ചതും എന്റെ പേഴ്‌സണൽ സ്റ്റാഫായി ഇരുന്നല്ലേ എന്ന് പരസ്യമായി പൊട്ടിത്തെറിച്ച് സുധാകരൻ; മന്ത്രി മാർച്ച് 29ന് ഹാജരാകാൻ ഉത്തരവിട്ട് അമ്പലപ്പുഴ ഒന്നാംക്‌ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ മന്ത്രി ജി സുധാകരനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി; മന്ത്രിക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത് മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗംകൂടിയായ ഉഷാ സാലി; 2016ൽ ആലപ്പുഴയിൽ റോഡിന്റെ ശിലാസ്ഥാപന വേളയിൽ മൈക്ക് തട്ടിപ്പറിച്ച് അപമാനിച്ചുവെന്ന് പരാതി; വീടുവച്ചതും മകളെ കെട്ടിച്ചതും എന്റെ പേഴ്‌സണൽ സ്റ്റാഫായി ഇരുന്നല്ലേ എന്ന് പരസ്യമായി പൊട്ടിത്തെറിച്ച് സുധാകരൻ; മന്ത്രി മാർച്ച് 29ന് ഹാജരാകാൻ ഉത്തരവിട്ട് അമ്പലപ്പുഴ ഒന്നാംക്‌ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ മന്ത്രി ജി സുധാകരന് എതിരെ കേസെടുക്കാൻ നിർദ്ദേശിച്ച് കോടതി. അമ്പലപ്പുഴ ഒന്നാം ക്‌ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മന്ത്രിയുടെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗംകൂടിയ ഉഷാ സാലിയുടെ പരാതിയെ തുടർന്നാണ് കേസ്്.

2016 ഫെബ്രുവരി 28നാണ് കേസിനാസ്പദമായ സംഭവം. ആലപ്പുഴ തോട്ടപ്പള്ളിയിലെ കൃഷ്ണൻചിറ ലക്ഷ്മിത്തോട് റോഡിന്റെ ശിലാസ്ഥാപനം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽവച്ച് മന്ത്രി അപമാനിച്ചുവെന്നാണ് ആക്ഷേപം. സ്വാഗതം പറയുന്നതിനിടെ സ്വാഗത പ്രാസംഗികന്റെ മൈക്ക് തട്ടിപ്പറിച്ച് മന്ത്രി അപമാനിക്കുകയായിരുന്നു.

മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗം കൂടിയാണ് ഉഷാ സാലി. ഉഷ പിന്നീട് പൊലീസിൽ പരാതി നൽകി. എന്നാൽ പൊലീസ് പരാതിസ്വീകരിച്ച് കേസെടുത്തില്ല. സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി കൂടിയായിരുന്ന ഉഷയെ പിന്നീട് പാർട്ടി പുറത്താക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പരാതിയുമായി ഉഷ കോടതിയെ സമീപിച്ചതും കോടതി കേസെടുക്കാൻ ഉത്തരവിട്ടതും. സ്ത്രീത്വത്തെ അപമാനിച്ചു എന്ന 509ാം വകുപ്പ് പ്രകാരമാണ് കേസ്.

വീടുവച്ചതും മകളെ കെട്ടിച്ചതും മറ്റും എന്റെ പേഴ്‌സണൽ സ്റ്റാഫിൽ അംഗമായി ഇരുന്നുകൊണ്ടല്ലേ എന്നും മറ്റും പറഞ്ഞാണ് പരസ്യമായി വേദിയിൽവച്ച് സുധാകരൻ പൊട്ടിത്തെറിച്ചത്. ഇതിനെച്ചൊല്ലി പരാതിയുമായി ഉഷ എത്തിയതോടെ അവർ പാർട്ടിയിൽ നിന്ന് പുറത്താവുകയും ചെയ്തു.

സ്വന്തം പക്ഷത്തുള്ള ഒരു വനിതാ പ്രവർത്തകയെ പ്രീണിപ്പിക്കാൻ മുമ്പ് കൂടെയുണ്ടായിരുന്ന ഉഷയെ പരസ്യമായി അവഹേളിക്കുകയായിരുന്നു മന്ത്രി. ഈ സംഭവത്തിന് പിന്നാലെ തന്നെ ഉഷയ്ക്കും പാർട്ടി നേതാവായ ഭർത്താവ് സാലിക്കും എതിരെ പാർട്ടി പ്രവർത്തകരുടെ ആക്രമണവും നേരിടേണ്ടിവന്നിരുന്നു. അന്ന് ഏരിയാ കമ്മിറ്റിഅംഗമായിരുന്നു സാലി. ഇരുവരും പാർട്ടിയിൽ നിന്ന പുറത്താവുകയും ചെയ്തു.

എന്നാൽ വിഷയം സ്വകാര്യ പരാതിയായി കോടതിയിലെത്തിച്ച ഉഷയുടെ നടപടിയോടെ കോടതി വാദംകേട്ടശേഷം സുധാകരനെതിരെ കേസെടുക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു.

സാലിയെ അപമാനിച്ചത് മറ്റൊരു വനിതാ പഞ്ചായത്ത് അംഗത്തിനുവേണ്ടി

ഉഷ സാലിയെ പരസ്യമായി മന്ത്രി സുധാകരൻ അവഹേളിച്ചത് മറ്റൊരു വനിതാ പഞ്ചായത്ത് അംഗത്തിനുവേണ്ടിയെന്ന ആക്ഷേപവും ഉയർന്നിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെയായിരുന്നു സംഭവങ്ങൾ ഉണ്ടാകുന്നത്. വി എസ് പക്ഷക്കാരിയും പാർട്ടിയുടെ നടപടിക്കു വിധേയയുമായ വനിതാ പഞ്ചായത്ത് അംഗത്തിന്റെ പിന്തുണ സുധാകരന് ആവശ്യമായി വന്ന സാഹചര്യത്തിലാണ് എം എൽ എ സ്വന്തം തട്ടകത്തിൽ ഒപ്പം നിന്ന വനിതാ പ്രവർത്തകയെ ആക്ഷേപിക്കാൻ തയ്യാറായതെന്ന ആക്ഷേപമാണ് ഉയർന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വി എസ്സിന് സീറ്റു നിഷേധിച്ച ഘട്ടത്തിൽ തോട്ടപ്പള്ളിയിൽ പരസ്യമായി ജാഥ സംഘടിപ്പിച്ച് പാർട്ടിക്കെതിരെ പ്രവർത്തിച്ച ആളാണ് പുറക്കാട് പഞ്ചായത്തംഗം ആർ സുനി. കടുത്ത വി എസ് പക്ഷക്കാരിയായതുകൊണ്ടുതന്നെ ഇവരെ നടപടിക്ക് വിധേയമാക്കി പാർട്ടി പുറത്താക്കിയിരുന്നു. എന്നാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മൽസരിച്ച് പുറക്കാട് പഞ്ചായത്ത് അംഗമാകുകയും പിന്നീട് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആകുകയും ചെയ്തു. സുനിയുടെ ജനപിന്തുണ കണ്ടു ഞെട്ടിയ നേതൃത്വം ഇവരെ തിരിച്ചെടുത്ത് ഇക്കുറി പാർട്ടി ചിഹ്നത്തിൽ മൽസരിപ്പിച്ചു. സുനിയുടെ പുറക്കാട്, തോട്ടപ്പള്ളി മേഖലയിലുള്ള സ്വാധീനം നേടിയെടുക്കാനാണ് സുധാകരൻ മറ്റൊരു പ്രവർത്തകയായ ഉഷ സാലിയെ അവഹേളിക്കാൻ പൊതുപരിപാടിയുടെ വേദി കണ്ടെത്തിയതെന്നു പറയുന്നു.

എം എൽ എയുടെ കോപത്തിനിരയായ ഉഷാ സാലി നേരത്തെ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയ ആർ സുനിയെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചിരുന്നു. അപ്പോൾ ഉഷാ സാലി പാർട്ടിയുടെ തോട്ടപ്പള്ളി കൊട്ടാരവളവ് തെക്ക് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. സുനിക്കെതിരെ തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചു എന്ന് ആരോപിച്ച് പിന്നീട് ഉഷയ്‌ക്കെതിരെ പാർട്ടി നടപടിയെടുക്കുകയും ചെയ്തു. സുധാകരന്റെ ആക്ഷേപം കേട്ട് ആത്മഹത്യചെയ്യാൻ തോന്നിയെന്ന് മഹിളാ അസോസിയേഷൻ പ്രവർത്തക കൂടിയായ ഉഷാ സാലി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പരാതി നൽകിയത്. എന്നാൽ പരാതി പൊലീസ് കാര്യമായി എടുത്തില്ല. ഒടുവിൽ കോടതിയിൽ പരാതി എത്തുകയും ഇപ്പോൾ കേസെടുക്കാൻ കോടതി തന്നെ നിർദ്ദേശിക്കുകയുമായിരുന്നു.

മന്ത്രിക്കെതിരെ പരാതി നൽകിയതിന് തല്ല് ഭർത്താവിന്

ഇതിനിടെ മന്ത്രിക്കെതിരെ പരാതി നൽകിയതിന് പിന്നാലെ ഉഷ സാലിയുടെ ഭർത്താവ് സാലിയുടെ നേരെ ആക്രമണവും ഉണ്ടായി. മന്ത്രിയുടെ അവഹേളന പ്രസംഗം ഉണ്ടായതിന് രണ്ടുമാസത്തിന് ശേഷമായിരുന്നു സംഭവം. തന്നെയും കുടുംബത്തെയും പൊതുജനമധ്യത്തിൽ അപമാനിച്ചുവെന്ന് കാണിച്ചാണ് ഉഷ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് സംഭവം ഉണ്ടായത്.

ഏരിയാ കമ്മിറ്റി അംഗമെന്ന നിലയിൽ ഉഷയുടെ ഭർത്താവ് സാലി പാർട്ടിയുടെ പരിപാടികളിൽ സാമ്പത്തിക ചെലവ് നേരിട്ടുവഹിച്ചിരുന്നു. ഇത് പിന്നീട് പാർട്ടി തിരിച്ചു നൽകുന്ന പതിവുമുണ്ടായിരുന്നു. എന്നാൽ ഉഷയും സുധാകരനും തമ്മിൽ കൊമ്പു കോർത്തശേഷം ചെലവിട്ട അരലക്ഷം രൂപ തിരികെ നൽകില്ലെന്ന നിലപാടിലേക്ക് പാർട്ടി വന്നതോടെ പ്രശ്നങ്ങൾക്കു വീണ്ടും തുടക്കമായി. എന്നാൽ താൻ ചെലവിട്ട തുക പാർട്ടിയുടെ മിനുറ്റിസിൽ രേഖപ്പെടുത്തിയ കോപ്പിയുമായി സാലി രംഗത്തെത്തി. പണം നൽകിയില്ലെങ്കിൽ ഏരിയ കമ്മിറ്റി ഓഫീസിനു മുന്നിൽ നിരാഹാരമിരിക്കുമെന്ന് സാലി പ്രഖ്യാപിച്ചു.

പണം നൽകാമെന്നേറ്റ സമയം കഴിഞ്ഞിട്ടും പാർട്ടി വാക്കുപാലിക്കാതിരുന്നതോടെ സാലി വീട്ടിൽനിന്നും ചെങ്കൊടിയേന്തി തോട്ടപ്പള്ളിയിലെ ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് എത്തി. മാർഗമധ്യേ സി പി എം ഏരിയാ സെക്രട്ടറി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ സാലിയെ തടഞ്ഞുവച്ചു. പാർട്ടിക്കാരനല്ലാത്ത നീ എന്തിനാടാ പാർട്ടിയുടെ കൊടി പിടിക്കുന്നതെന്ന് ആക്രോശിച്ചാണ് സാലിയെ ക്രൂരമായി മർദ്ദിച്ചത്. മർദ്ദനത്തിൽ ഗുരുതരാവസ്ഥയിലായ സാലിയെ പിന്നീട് നാട്ടുകാർ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം, താൻ അപ്പോഴും പാർട്ടിയുടെ ഏരിയാ കമ്മിറ്റി അംഗമാണെന്നും തന്നെ പാർട്ടിയിൽനിന്നും ഒഴിവാക്കിയതായി യാതൊരു കത്തും നൽകിയിട്ടില്ലെന്നും സാലി പറഞ്ഞിരുന്നു. തന്റെ ഭാര്യയുമായി ജി സുധാകരനുള്ള പകയാണു തന്നെ ആക്രമിച്ചതിനു പിന്നിലെന്ന് സാലി മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ തുടർച്ചയായി നടന്ന സംഭവങ്ങൾക്ക് പിന്നാലെയും പൊലീസ് ഉഷാ സാലിയുടെ പരാതി പരിഗണിച്ചില്ല. ആ പരാതിയാണ് ഇപ്പോൾ കോടതി പരിഗണിച്ച് ജി സുധാകരനോട് എത്താൻ ആവശ്യപ്പെട്ടിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP