Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

1.02 ലക്ഷം രൂപയുടെ കള്ളനോട്ട് കേസിടലക്കം 23ലധികം കേസിൽ പ്രതിയായ ആര്യനാട് ശ്യാമിനെ പിടികി്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് കോടതി; ശ്യാമിനെ അറസ്റ്റ് ചെയ്യാനും സ്വത്തുക്കൾ കണ്ടുകെട്ടാനും സെഷൻസ് കോടതി ഉത്തരവ്; ഓഗസ്റ്റ് 17 നകം പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കാനും നിർദ്ദേശം; കള്ളനോട്ടടി കേസിൽ മുങ്ങിയ ആര്യനാട് ശ്യാമിനെ പിടികൂടാനാകാതെ പൊലീസും

പി നാഗരാജ്

തിരുവനന്തപുരം: വധശ്രമം, സ്പിരിറ്റ് കടത്ത് ഉൾപ്പെടെ ഇരുപത്തി മൂന്നിലധികം കേസുകളിൽ കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയ പ്രതിയായ ആര്യനാട് ശ്യാമിനെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചു. ശ്യാമിനെതിരെ കള്ളനോട്ട് കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതി പുറപ്പെടുവിച്ചു.

ഓഗസ്റ്റ് 17 നകം പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കാൻ മെഡിക്കൽ കോളേജ് സർക്കിൾ ഇൻസ്‌പെക്ടറോട് കോടതി ഉത്തരവിട്ടു. കൂടാതെ പ്രതിയുടെ സ്ഥാവരജംഗമ സ്വത്തുക്കൾ കണ്ടു കെട്ടി സർക്കാരിലേക്ക് മുതൽ കൂട്ടാൻ വില്ലേജ് ഓഫീസർമാരോടും കോടതി ഉത്തരവിട്ടു. വില്ലേജ് ഓഫീസർമാർ ഓഗസ്റ്റ് 17 നകം ജപ്തി നടപടി റിപ്പോർട്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടു. ശ്യാമിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പുകളായ 82,83 പ്രകാരമാണ് കോടതി നടപടി.

നെടുമങ്ങാട് വെള്ളനാട് വില്ലേജിൽ കന്യാരുപാറ പ്രദീജ ഭവനിൽ നിന്നും അതിയന്നൂർ വില്ലേജിൽ റസ്സൽപുരം ശാന്തിപുരം കാറത്തല ശ്യാം നിവാസ് വീട്ടിൽ കുട്ടപ്പൻ മകൻ ആര്യനാട് ശ്യാം എന്നും റിജു എന്നും വിളിക്കുന്ന ശ്യാം കുമാർ (38) , ആറ്റിപ്ര കുളത്തൂർ കുഴിവിളാകത്ത് വീട്ടിൽ നിന്നും പട്ടം പൊട്ടക്കുഴി തേക്കുംമൂട് മൂന്നു നില ഫ്‌ളാറ്റിൽ ' ഡ്രീം ടച്ച് ' എന്ന സ്ഥാപനം നടത്തുന്ന ഉഷ എന്ന ഉഷേന്ദ്ര മണി ( 48 ) എന്നിവരാണ് കള്ളനോട്ട് കേസിലെ ഒന്നും രണ്ടും പ്രതികൾ.2010 നവംബർ 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പട്ടം വാർഡിൽ പൊട്ടക്കുഴി തേക്കുംമൂട് ' ഡ്രീം ടച്ച് 'സ്ഥാപനം പ്രവർത്തിക്കുന്ന 3 നില ഫ്‌ളാറ്റിന്റെ കാർ പോർച്ചിലും മുറ്റത്തുമായി നിർത്തിയിട്ടിരുന്ന കെ എൽ - 20 ബി 6110 നമ്പർ മാരുതി ആൾട്ടോ കാറിലും കെ എൽ - ഛ1 റ്റി 1135 എന്ന ടെമ്പററി രജിസ്‌ട്രേഷൻ നമ്പർ പതിച്ച മാരുതി റിറ്റ്‌സ് കാറിലും സൂക്ഷിച്ചിരുന്നതായ കള്ളനോട്ടുകളും നിർമ്മാണ സാമഗ്രികളും മെഡിക്കൽ കോളേജ് പൊലീസ് പിടിച്ചെടുക്കുകയായിരുന്നു.

പ്രതികൾക്ക് ഇന്ത്യൻ കറൻസി നോട്ടുകൾ കപടാനുകരണം നടത്തി വ്യാജമായി നിർമ്മിച്ച് വിനിമയം നടത്തി അന്യായമായി ധനം സമ്പാദിക്കണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി ആലോചിച്ചുറച്ച് നിർമ്മിച്ച 500 രൂപയുടെ 70 ഉം , 100 രൂപയുടെ 158 ഉം ഉൾപ്പെടെ 50,800 രൂപയുടെ വ്യാജ കറൻസി നോട്ടുകളും ഭാഗികമായി പ്രിന്റ് ചെയ്ത 100 രൂപയുടെ 118 കറൻസി നോട്ടുകളും , 500 രൂപയുടെ 80 കറൻസി നോട്ടുകളും ഉൾപ്പെടെ ആകെ 1,02,600 രൂപയുടെ വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളും അവയുടെ നിർമ്മാണത്തിന് ഉപയോഗിച്ചതും , തുടർന്നുള്ള നിർമ്മാണത്തിന് വേണ്ടി ഉപയോഗിക്കുന്നതിലേക്ക് ലക്ഷ്യം വച്ചും സ്‌കാനറുകൾ , കടലാസ്സുകൾ , മഷി , കട്ടിങ് ബ്ലേഡ് , പ്രിന്റർ , ടോണർ മുതലായവ സൂക്ഷിച്ച് ശിക്ഷാർഹമായ കുറ്റം ചെയ്തുവെന്നാണ് കേസ്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് സബ്ബ് ഇൻസ്‌പെക്ടർ സജി ശങ്കർ ആണ് ഫ്‌ളാറ്റ് റെയ്ഡ് ചെയ്ത് വ്യാജ കറൻസികളും നിർമ്മാണ സാമഗ്രികളും മറ്റും പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്തത്.

അന്വേഷണം സർക്കിൾ ഇൻസ്‌പെക്ടർ റ്റി.ശ്യാംലാൽ ഏറ്റെടുത്തു. എന്നാൽ ഉന്നത ഇടപെടൽ കാരണം പ്രതികളെ അറസ്റ്റ് ചെയ്യാതെ 6 മാസം ഒളിവിൽ കഴിഞ്ഞ ശ്യാമിന് 2011 ഏപ്രിൽ 11ന് കോടതിയിൽ കീഴടങ്ങാൻ അവസരമൊരുക്കി. കൂടാതെ കള്ളനോട്ട് കേസുകൾ ക്രൈംബ്രാഞ്ചിന്റെ കൗണ്ടർ ഫീറ്റ് വിംഗിന് കൈമാറണമെന്ന ഡി ജി പി യുടെ സർക്കുലർ നിലവിലിരിക്കേ ആയതിന് വിപരീതമായി അന്വേഷണം മറ്റാർക്കും കൈമാറാതെ സ്വന്തം പേരിൽ നിലനിർത്തി. തുടർ അന്വേഷണത്തിന്റെ പേരിൽ ഏപ്രിൽ 18 ന് ശ്യാമിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടു കൊണ്ട് സി ഐ: റ്റി. ശ്യാംലാൽ തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ കസ്റ്റഡി
അപേക്ഷ നൽകി.

കോടതി ഏപ്രിൽ 25 വരെ പ്രതിയെ തുടർ അന്വേഷണത്തിനായി കസ്റ്റഡിയിൽ വിട്ടു. പ്രതി കൃത്യത്തിനുപയോഗിച്ച പ്രിന്റർ , ടോണർ , സ്‌കാനർ , മഷി എന്നിവയുടെ ഉറവിടം അന്വേഷിക്കേണ്ടതുണ്ടെന്ന് കസ്റ്റഡി അപേക്ഷയിൽ സിഐ വ്യക്തമാക്കി.
പ്രതിയെ സഹായിച്ച മറ്റുള്ളവർ , നോട്ട് ക്രയ വിക്രയം നടത്തിയ സ്ഥലങ്ങൾ , ശ്യാം വിളപ്പിൽ വില്ലേജിൽ മലയിൻകീഴ് സന്തോഷ് കുമാർ എന്ന പേരിൽ വാടകക്ക് എടുത്തു താമസിച്ച വീട്ടിൽ നിന്നു ശേഖരിച്ച ഫിംഗർ പ്രിന്റും പ്രതിയുടെ ഫിംഗർ പ്രിന്റുമായുള്ള ഒത്തു നോക്കൽ , മറ്റു പ്രതികളുടെ പങ്ക് എന്നിവയെല്ലാം വ്യക്തമാകണം. നെയ്യാറ്റിൻകര , മുള്ളറ വിള , വണ്ടന്നൂർ എന്നിവിടങ്ങളിൽ തെളിവെടുപ്പിന് കൊണ്ടു പോകേണ്ടതുണ്ടെന്നും കോടതിയിൽ ബോധിപ്പിച്ചു. ഇവയെല്ലാം ചെയ്യുന്നതിനായാണ് 7 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ ശ്യാമിനെ കോടതി വിട്ടു നൽകിയത്.

എന്നാൽ രണ്ടു പ്രതികളിൽ മാത്രം അന്വേഷണം ചുരുക്കി മെഡിക്കൽ കോളേജ് പൊലീസ് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
2009 ഓഗസ്റ്റ് 13 ന് ആര്യനാട്ടിലൂടെ ലോറിയിൽ 5,320 ലിറ്റർ സ്പിരിറ്റ് കടത്തിയ കേസിൽ ശ്യാം ഒന്നാം പ്രതിയാണ്. നെടുമങ്ങാട് സ്റ്റേഷൻ പരിധിയിലും അബ്കാരി കേസ് പ്രതിയാണ് ശ്യാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP