Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാധാരണക്കാരന്റെ ദീപാവലി നിങ്ങളുടെ കൈയിലാണ്; വെറുതെ സത്യവാങ്മൂലം സമർപ്പിച്ചാൽ പോരാ; അവർക്ക് ആശ്വാസം കിട്ടുന്ന തരത്തിൽ ഉത്തരവിറക്കണം; കോവിഡ് മൂലം സാമ്പത്തിക പ്രയാസം നേരിടുന്നവർക്ക് കൈത്താങ്ങായി രണ്ടുകോടി വരെയുള്ള വായ്പകളുടെ പലിശ എഴുതി തള്ളാൻ നവംബർ രണ്ടിനകം ഉത്തരവിടണം: കേന്ദ്രസർക്കാരിനോട്‌ സുപ്രീം കോടതി

സാധാരണക്കാരന്റെ ദീപാവലി നിങ്ങളുടെ കൈയിലാണ്; വെറുതെ സത്യവാങ്മൂലം സമർപ്പിച്ചാൽ പോരാ;  അവർക്ക് ആശ്വാസം കിട്ടുന്ന തരത്തിൽ ഉത്തരവിറക്കണം; കോവിഡ് മൂലം സാമ്പത്തിക പ്രയാസം നേരിടുന്നവർക്ക് കൈത്താങ്ങായി രണ്ടുകോടി വരെയുള്ള വായ്പകളുടെ പലിശ എഴുതി തള്ളാൻ നവംബർ രണ്ടിനകം ഉത്തരവിടണം: കേന്ദ്രസർക്കാരിനോട്‌ സുപ്രീം കോടതി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ മൊറട്ടോറിയം പദ്ധതിയുടെ ഭാഗമായി രണ്ട് കോടി വരെയുള്ള വായ്പകളുടെ പലിശ എഴുതി തള്ളാൻ കേന്ദ്ര സർക്കാർ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി. വായ്പ എടുത്തവർക്ക് പലിശ എഴുതി തള്ളുന്നതിന്റെ ആനുകൂല്യം ഏതുരീതിയിൽ ലഭ്യമാകുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണം. സാധാരണക്കാരന്റെ വിഷമം കണ്ട് കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ അനുകൂല തീരുമാനം എടുത്തെങ്കിലും, ഉത്തരവിറക്കിയിട്ടില്ല.

സാധാരണക്കാർക്ക് പ്രയോജനം കിട്ടുന്ന രീതിയിൽ നടപടി വേണം, ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബഞ്ച് പറഞ്ഞു. മൊറട്ടോറിയം കേസ് ഇനി പരിഗണിക്കുന്നത് നവംബർ രണ്ടിനാണ്. കേസിൽ ഹാജരായ കേന്ദ്രസർക്കാരിന്റെയും ബാങ്കുകളുടെയും അഭിഭാഷകരോട് പരമോന്നത കോടതി ഇങ്ങനെ പറഞ്ഞു. സാധാണക്കാരന്റെ ദീപാവലി നിങ്ങളുടെ കൈയിലാണ്.

ആറ് മാസത്തെ കാലാവധിയുള്ള വായ്പകളുടെ കൂട്ടുപലിശ എഴുതിത്ത്ത്ത്തള്ളിയതിന് അപ്പുറം ഇനി ഇളവുകൾ പ്രഖ്യാപിച്ചാൽ അത് മൊത്തം സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്നും അത് ബാങ്കുകളെ ബാധിക്കുമെന്നും കേന്ദ്രസർക്കാർ കോടതിയിൽ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസുമാരായ ആർ.എസ്.റെഡ്ഡി, എം.ആർ.ഷാ എന്നിവരടങ്ങുന്നതാണ് ബഞ്ച്. അധികൃതർ എന്തെങ്കിലും നടപ്പാക്കാൻ തീരുമാനിച്ചാൽ അത് നടപ്പിലാക്കിയിരിക്കണമെന്ന് ബഞ്ച് പറഞ്ഞു. വെറുതെ സത്യവാങ്മൂലം നൽകിയതുകൊണ്ടായില്ല. ഉത്തരവിടണം, ബഞ്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് പറഞ്ഞു. കേന്ദ്ര സർക്കാർ തീരുമാനം നടപ്പാക്കുമെന്ന് മേത്ത ഉറപ്പുനൽകി. അതേസമയം, കൂട്ടുപലിശ എഴുതി തള്ളിയതോടെ വലിയ ഭാരമാണ് സർക്കാർ വഹിക്കേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൊറട്ടോറിയം കാലയളവിൽ രണ്ടു കോടി രൂപ വരെയുള്ള വായ്പയുടെ കൂട്ടുപലിശ ഒഴിവാക്കാമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ചെറുകിട വ്യവസായങ്ങൾക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാർഡ് കുടിശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ വേണ്ടി എടുത്ത വായ്പ എന്നിവയ്ക്കാണ് ഇളവ് ലഭിക്കുക. രണ്ടു കോടി രൂപയ്ക്ക് മുകളിലുള്ള വായ്പയ്ക്ക് ഈ ആനുകൂല്യം ലഭിക്കില്ല എന്നും സത്യവാങ്മൂലത്തിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.

സത്യവാങ്മൂലത്തിൽ പൂർണമായ വിവരങ്ങൾ ഇല്ല എന്ന് കോടതി നേരത്തെ വിമർശിച്ചിരുന്നു. 2കോടി വരെയുള്ള വായ്പകളുടെ കാര്യത്തിലാണ് സർക്കാർ നിലപാട് അറിയിച്ചത്. റിയൽ എസ്റ്റേറ്റ് മേഖലയിലും മറ്റു മേഖലയിലുമുള്ള വലിയ വായ്പകൾ എങ്ങനെ പുനഃക്രമീകരിക്കുമെന്ന ചോദ്യം കോടതി ഉന്നയിച്ചിരുന്നു. വൻകിട വായ്പകൾ പുനഃക്രമീകരിക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിന് ആർബിഐ ഒരു കമ്മിറ്റിയെ നിയമിച്ചിരുന്നു. ആ കമ്മിറ്റി നിരവധി ശുപാർശകൾ അടങ്ങിയിട്ടുള്ള റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ആ റിപ്പോർട്ട് പോലും കോടതിയിൽ സമർപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെന്നും കോടതി വിമർശിച്ചിരുന്നു.

കോവിഡ് പശ്ചാത്തലത്തിൽ മാർച്ചിൽ വായ്പകൾക്ക് മൂന്നുമാസത്തെ മൊറട്ടോറിയം ആർബിഐ അനുവദിച്ചിരുന്നു, പിന്നീട് അത് ഓഗസ്റ്റ് 31 വരെ നീട്ടി. വായ്പ എടുത്തവരെ സഹായിക്കാൻ ഒരുവഴി കണ്ടെത്താൻ സെപ്റ്റംബറിൽ വസുപ്രീം കോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചു. മെഹ്‌റിഷി കമ്മിറ്റി ശുപാർശകളുടെ അടിസ്ഥാനത്തിൽ എന്തുതീരുമാനമെടുത്തുവെന്ന് ഇന്ന് കേന്ദ്ര സർക്കാർ അറിയിക്കേണ്ടതായിരുന്നു, എന്നാൽ നവംബർ 15 വരെ സമയം ചോദിക്കുകയാണ് ഉണ്ടായത്. തീരുമാനം നടപ്പാക്കാൻ ഒരുമാസം വേണ്ടെന്ന് കോടതി വിമർശിച്ചു. കാലതാമസം സാധാരണക്കാരന്റെ താൽപര്യത്തിന് ഉതകുനനതല്ല, കോടതി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP