Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുറ്റവാളികളേക്കാൾ ഇരകൾക്കാണ് പരിഗണന കിട്ടേണ്ടത്; നിയമം കൊണ്ട് കളിക്കാനും വിധശിക്ഷ നീട്ടിക്കൊണ്ടുപോകാനും കുറ്റവാളികളെ അനുവദിക്കരുത്; മരണ വാറണ്ട് പുറപ്പെടുവിച്ച് ഏഴുദിവസത്തിനകം ദയാഹർജി നൽകണം; ദയാഹർജി തള്ളി 14 നാളുകൾക്കകം വധശിക്ഷ നടപ്പാക്കണം; നിർഭയ കേസിൽ വധശിക്ഷ വൈകുന്ന പശ്ചാത്തലത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ തേടി കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ

കുറ്റവാളികളേക്കാൾ ഇരകൾക്കാണ് പരിഗണന കിട്ടേണ്ടത്; നിയമം കൊണ്ട് കളിക്കാനും വിധശിക്ഷ നീട്ടിക്കൊണ്ടുപോകാനും കുറ്റവാളികളെ അനുവദിക്കരുത്; മരണ വാറണ്ട് പുറപ്പെടുവിച്ച് ഏഴുദിവസത്തിനകം ദയാഹർജി നൽകണം; ദയാഹർജി തള്ളി 14 നാളുകൾക്കകം വധശിക്ഷ നടപ്പാക്കണം; നിർഭയ കേസിൽ വധശിക്ഷ വൈകുന്ന പശ്ചാത്തലത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ തേടി കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: നിർഭയ കേസിൽ കുറ്റവാളികൾ പലവട്ടം ഹർജികൾ നൽകി വധശിക്ഷ നീണ്ടുപോകുന്ന പശ്ചാത്തലത്തിൽ ഇരയ്ക്ക് പരിഗണന കിട്ടുന്ന വിധത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുറ്റവാളികൾക്ക് അവരുടെ അവസാന നിയമ പരിരക്ഷ ഉപയോഗിക്കുന്നതിന് സമയപരിധി ഏർപ്പെടുത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.

നിലവിലെ നിയമം കുറ്റവാളികളുടെ പക്ഷത്തോട് ചായ്വുള്ളതാണ്. നിയമം കൊണ്ടു കളിക്കാനും വധശിക്ഷ നടപ്പാക്കൽ നീട്ടിക്കൊണ്ടുപോകാനും അവരെ സഹായിക്കുന്നതാണെന്നും കേന്ദ്രം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്ക് ലഭ്യമായ അവകാശങ്ങളെ കുറിച്ച് സുപ്രീം കോടതി നേരത്തെ പുറപ്പെടുവിച്ച വിധിയിൽ മാറ്റങ്ങൾ വരുത്തണം. വധശിക്ഷ പുനഃപരിശോധിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളിയതിനു ശേഷം തിരുത്തൽ ഹർജി സമർപ്പിക്കാൻ പ്രതിക്ക് സമയപരിധി ഏർപ്പെടുത്തണം എന്നീ ആവശ്യങ്ങൾ സർക്കാർ ഹർജിയിൽ ഉന്നയിക്കുന്നു. മരണവാറണ്ട് പുറപ്പെടുവിച്ച് ഏഴു ദിവസത്തിനകം ദയാഹർജി നൽകണമെന്ന് നിർദ്ദേശം നൽകുക, ദയാഹർജി തള്ളി പതിനാലു ദിവസത്തിനകം വധശിക്ഷ നടപ്പാക്കണമെന്നു നിർദ്ദേശിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

നിർഭയ കേസിൽ മരണവാറണ്ട് പുറപ്പെടുവിച്ചതിനു പിന്നാലെ പ്രതികളിൽ ഒരാൾ ദയാഹർജി നൽകിയതിനാൽ വധശിക്ഷ നടപ്പാക്കാനായിരുന്നില്ല. ഡൽഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതിനു പിറ്റേന്ന്, കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുകേഷ് സിങ്ങ് ആണ് രാഷ്ട്രപതിക്കു ദയാഹർജി നൽകിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി, മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തു.ഒരു കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയവരുടെ വധശിക്ഷ ഒരുമിച്ചു നടപ്പാക്കണമെന്നും ജയിൽ ചട്ടം നിർദ്ദേശിക്കുന്നുണ്ട്. പ്രതികൾ ഓരോരുത്തരായി ഹർജിയുമായി കോടതിയെ സമീപിക്കുന്നത് വധശിക്ഷ നടപ്പാക്കുന്നതിന് ഈ ചട്ടപ്രകാരവും തടസമാവുന്നുണ്ട്. ഇതു നിയമവൃത്തങ്ങളിൽ ചർച്ചയായ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

2014ലെ ശത്രുഘ്നൻ ചൗഹാൻ കേസിലെ മാർഗനിർദ്ദേശങ്ങൾ കുറ്റവാളിക്കു നിയമപരമായ പരിഹാരം തേടുന്നതിനുള്ള സാധ്യതകളിൽ കേന്ദ്രീകരിച്ചാണെന്ന് ആഭ്യന്തര മന്ത്രാലയം ഹർജിയിൽ പറയുന്നു. ഇതു മാറ്റി കുറ്റകൃത്യത്തിന് ഇരയായ ആൾക്കു നീതി ലഭിക്കുന്നതിനുള്ള സാധ്യതകളിൽ ഊന്നിയാവണം മാർഗനിർദ്ദേശങ്ങൾ എന്നാണ് ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP