Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി നികുതി വെട്ടിച്ച് ഒരു കോടിയുടെ കള്ളക്കടത്ത്; മുഖ്യ പ്രതിയായ എയർ ഇന്റലിജന്റ്‌സ് ഓഫീസറെ രക്ഷിക്കാൻ മൊഴി തിരുത്തിയ കസ്റ്റംസ് ഓഫീസറെ രൂക്ഷമായി വിമർശിച്ച് സിബിഐ കോടതി; കള്ളക്കടത്ത് സംഘം ഗ്രീൻ ചാനൽ വഴി വന്നതിനാലാണ് കടത്തി വിട്ടതെന്ന് എയർ കസ്റ്റംസ് ഓഫീസർ; സഹപ്രവർത്തകനെ രക്ഷിക്കാനാണ് മൊഴിമാറ്റമെന്ന് കോടതിയുടെ നിരീക്ഷണം; നേരായ മൊഴി നൽകിയില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും സിബിഐയുടെ ഔദ്യോഗിക സാക്ഷിക്ക് താക്കീത്

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി നികുതി വെട്ടിച്ച് ഒരു കോടിയുടെ കള്ളക്കടത്ത്; മുഖ്യ പ്രതിയായ എയർ ഇന്റലിജന്റ്‌സ്  ഓഫീസറെ രക്ഷിക്കാൻ മൊഴി തിരുത്തിയ കസ്റ്റംസ് ഓഫീസറെ രൂക്ഷമായി വിമർശിച്ച് സിബിഐ കോടതി; കള്ളക്കടത്ത് സംഘം ഗ്രീൻ ചാനൽ വഴി വന്നതിനാലാണ് കടത്തി വിട്ടതെന്ന് എയർ കസ്റ്റംസ് ഓഫീസർ; സഹപ്രവർത്തകനെ രക്ഷിക്കാനാണ് മൊഴിമാറ്റമെന്ന് കോടതിയുടെ നിരീക്ഷണം; നേരായ മൊഴി നൽകിയില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും സിബിഐയുടെ ഔദ്യോഗിക സാക്ഷിക്ക് താക്കീത്

പി നാഗരാജ്‌

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം വഴി എയർപോർട്ട് ഇന്റലിജന്റ്‌സ് ഓഫീസറുടെ ഒത്താശയോടെ നികുതി വെട്ടിച്ച് ഒരു കോടി രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ കള്ളക്കടത്ത് നടത്തിയെന്ന കേസിൽ എയർ കസ്റ്റംസിന് എതിരെ രൂക്ഷ വിമർശനവുമായി കോടതി. ഒന്നാം പ്രതിയായ ഇന്റലിജന്റ്‌സ് ഓഫീസറെ കേസിൽ നിന്ന് രക്ഷിച്ചെടുക്കാനായി മൊഴി മാറ്റിയതിന് എയർ കസ്റ്റംസ് ഓഫീസറെയാണ് തിരുവനന്തപുരം സിബിഐ കോടതി വിമർശിച്ചത്.

ഒന്നാം പ്രതിയായ സഹ പ്രവർത്തകനെ ശിക്ഷയിൽ നിന്ന് രക്ഷിക്കാനാണ് മൊഴിമാറ്റമെന്ന് നിരീക്ഷിച്ച കോടതി സാക്ഷിക്കൂട്ടിൽ നിന്ന സി ബി ഐ യുടെ ഔദ്യോഗിക സാക്ഷിയെ കുടഞ്ഞു. നേരായ മൊഴി നൽകാത്ത പക്ഷം പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന താക്കീതും നൽകി. പേടിച്ചു വിറച്ച കസ്റ്റംസ് ഓഫീസർ ഒടുവിൽ നേരായ മൊഴി നൽകി.

കള്ളക്കടത്ത് സംഘം ഗ്രീൻ ചാനൽ വഴി വന്നതിനാലാണ് 163 കിലോഗ്രാം ബാഗേജുമായി വന്നിറങ്ങിയ അവരെ ബഹിർഗമന ഗേറ്റ് വഴി പുറത്തേക്ക് കടത്തിവിട്ടതെന്നും തങ്ങളുടെ പക്കൽ നികുതി അടക്കേണ്ട സാധനങ്ങൾ ഒന്നും ഇല്ലെന്ന് വിമാന യാത്രക്കാർ വെളിപ്പെടുത്തിയാൽ അവരെ ഗ്രീൻ ചാനൽ വഴി ബാഗേജുമായി പുറത്തേക്ക് കടത്തി വിടുമെന്നുമുള്ള എയർ കസ്റ്റംസ് ഓഫീസറുടെ ചട്ടവിരുദ്ധമായ മൊഴിയാണ് സിബിഐ കോടതിയെ ചൊടിപ്പിച്ചത്. കള്ളക്കടത്ത് കേസിലെ പ്രോസിക്യൂഷന്റെ ആറാം സാക്ഷിയും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സംഭവ ദിവസം ബഹിർഗമന വാതിലിന്റെ ചുമതലക്കാരനുമായ എയർ കസ്റ്റംസ് ഓഫീസർ ബിനോയി കുര്യാക്കോസാണ് സി ബി ഐ ജഡ്ജി ജെ. നാസർ മുമ്പാകെ ഇപ്രകാരം സാക്ഷി മൊഴി നൽകിയത്.

163 കിലോ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ അടക്കം ചെയ്ത ഒമ്പത് ബാഗേജുകളിലും എക്‌സ്‌റേ പരിശോധന നടത്തി പതിപ്പിക്കേണ്ട മുദ്രയായ 'എക്‌സ്‌റേ അടയാളം' പതിപ്പിച്ചിട്ടില്ലായിരുന്നുവെന്നും അതിനാലാണ് താൻ അവരെ കടത്തിവിട്ടതെന്നും കസ്റ്റംസ് ഓഫീസർ മൊഴി നൽകി. ബാഗേജുകൾ എക്‌സ്‌റേ മെഷീനിൽ കടത്തിവിട്ട് പരിശോധിച്ച് കസ്റ്റംസ് നികുതി ഈടാക്കി എക്‌സ്‌റേ മുദ്ര പതിപ്പിക്കേണ്ടത് ഒന്നാം പ്രതിയായ എയർ ഇന്റലിജന്റ്‌സ് ഓഫീസറുടെ ചുമതലയായിരുന്നെന്ന് കോടതി നടപടി ഭയന്ന് കസ്റ്റംസ് ഉദ്യോഗസ്ഥൻ ബിനോയി പിന്നീട് നേരായ മൊഴി നൽകുകയായിരുന്നു. കേസിൽ ബിനോയി ആയിരുന്നു സിബിഐ ഭാഗം സാക്ഷി.

വിമാനത്താവളത്തിലെ എത്തിച്ചേരൽ ഹാളിൽ എയർ കസ്റ്റംസ് യൂണിറ്റിന്റെയും എയർ ഇന്റലിജന്റ്‌സ് യൂണിറ്റിന്റെയും ഉദ്യോഗസ്ഥർ ഉണ്ട്. സംഭവ ദിവസം 8 കൗണ്ടറുകൾ ഉണ്ടായിരുന്നു. എയർഇന്റലിജന്റ്‌സിന്റെയും എയർ കസ്റ്റംസിന്റെയും പൂർണ്ണച്ചുമതല അസി.കമ്മീഷണർക്കാണ് എന്നും ബാഗേജുകളുടെ ഭാരം തിട്ടപ്പെടുത്തി എക്‌സ്‌റേ യന്ത്രത്തിൽ കടത്തിവിട്ട് പരിശോധിക്കേണ്ടത് എയർ ഇന്റലിജന്റ്‌സ് ഓഫീസറുടെ ചുമതലയാണെന്നും ബിനോയി മൊഴി നൽകി.

എയർലൈൻസ് അനുവദിച്ച 30 കിലോയ്ക്ക് മേൽ ഒരു യാത്രക്കാരൻ കൊണ്ടു വന്നാൽ എത്തിച്ചേരൽ ഹാളിലുള്ള എയർ കസ്റ്റംസ് ഓഫീസർ അറിയാതെ പുറത്തേക്ക് പോകാൻ പറ്റുമോയെന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിന് ഗ്രീൻ ചാനൽ മാർഗ്ഗം സ്വീകരിക്കുന്ന യാത്രക്കാരന്റെ ബാഗേജിൽ എക്‌സ്‌റേ മുദ്ര ഇല്ലായെങ്കിൽ പുറത്തേക്ക് കൊണ്ടു പോകാൻ അനുവദിക്കും എന്ന പരസ്പര വിരുദ്ധമായ മൊഴിയാണ് ബിനോയി നൽകിയത്. ഇത് പിന്നീട് തിരുത്തി ചട്ട പ്രകാരമുള്ള മൊഴി നൽകുകയായിരുന്നു.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങുന്ന യാത്രക്കാരുടെ ബാഗേജുകളുടെ എക്‌സ്‌റേ ക്ലിയറൻസ് നടത്തുന്ന (എ. ഐ.ഒ) എയർപോർട്ട് ഇന്റലിജന്റ്‌സ് ഓഫീസർ കെ.കെ.പ്രവീൺ കുമാർ, വിമാനത്താവളം വഴി സ്ഥിരമായി നികുതി വെട്ടിച്ച് ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ കടത്തുന്ന കള്ളക്കടത്ത് റാക്കറ്റിലെ കണ്ണികളായ റസൂൽ ഖാൻ സർബുദീൻ, സതീഷ് ശങ്കർ, ഹുസൈൻ ഇബ്ര മൂസ, കള്ളക്കടത്തിന്റെ സൂത്രധാരനായ അലി എന്നിവരാണ് കള്ളക്കടത്ത് കേസിൽ നിലവിൽ വിചാരണ നേരിടുന്ന ഒന്നു മുതൽ അഞ്ച് വരെയുള്ള പ്രതികൾ. അറസ്റ്റ് സമയം ബാഗേജുകളും യാത്രാരേഖകളും ഉപേക്ഷിച്ച് ഡി.ആർ.ഐയുടെ പിടിയിൽ നിന്നും ഓടി രക്ഷപ്പെട്ട മണി മോഹൻരാജ് എന്ന പ്രതിയെ പിന്നീട് കേസിൽ നിന്നൊഴിവാക്കി.

2006 മാർച്ച് 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുബായിൽ നിന്നും സിംഗപ്പൂർ വഴി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങുന്ന കള്ളക്കടത്ത് സാധനങ്ങൾ കസ്റ്റംസ് ഡ്യൂട്ടി അടക്കാതെ പുറത്തേക്ക് കടത്തുന്നതായി 'സോഴ്‌സ് വിവരം' ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡി.ആർ.ഐ സംഘം നടത്തിയ റെയ്ഡിലാണ് പ്രതികൾ കുടുങ്ങിയത്.

കള്ളക്കടത്ത് സാധനങ്ങൾ അടങ്ങിയ 48 കിലോ, 52 കിലോ, 63 കിലോ വീതം ഭാരമുള്ള 9 ബാഗേജുകളുമായി ശ്രീലങ്കൻ എയർവെയ്‌സ് ഫ്‌ളൈറ്റിൽ റസൂൽ ഖാൻ, സതീഷ് ശങ്കർ, മണി മോഹൻരാജ് എന്നീ 3 പ്രതികൾ രാവിലെ 8 മണിക്ക് വന്നെത്തി. ഒന്നാം പ്രതിയായ എ.ഐ.ഒ യുടെ 'എക്‌സ്‌റേ പരിശോധന' കഴിഞ്ഞ ബാഗേജുകളുമായി 3 പ്രതികൾ ബഹിർഗമന ഗേറ്റ് കടന്ന് പുറത്തിറങ്ങി. ഇവരെ സ്വീകരിക്കാനെത്തിയ തമിഴ്‌നാട് സ്വദേശിയായ ഹുസൈൻ എന്ന പ്രതിയോടൊപ്പം ടാക്‌സി കാറിൽ കയറവേയാണ് ഡി ആർ ഐ സംഘം മൂവരെയും തടഞ്ഞു നിർത്തിയത്. അവരുടെ യാത്രാരേഖകൾ പരിശോധിക്കാൻ തുടങ്ങിയതും മണി മോഹൻരാജ് എന്ന പ്രതി യാത്രാരേഖകളും ബാഗേജുകളും ഡി ആർഐക്ക് മുന്നിൽ വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെട്ടു.

ഓരോ പ്രതിയും 3 ബാഗേജുകൾ വീതമാണ് കൈവശം വെച്ചിരുന്നത്. ബാഗുകളുടെ പരിശോധനയിൽ നികുതി അടക്കാത്ത പുതിയ ബ്രാൻഡ് ന്യൂ നിക്കോൺ ഫ്‌ളാഷ് ലൈറ്റ്, സോണി ഹാൻഡികാം, പാനസോണിക് വീഡിയോ ക്യാമറകൾ, ഫ്‌ളാഷ് ഡ്രൈവ്, ഡിജിറ്റൽ ക്യാമറകൾ, വീഡിയോ ക്യാമറകൾ, ആഡിയോ പ്ലെയർ, ഡാറ്റാ പ്രൊജക്റ്റർ, മെമ്മറി കാർഡുകൾ, ക്യാമറാ ലെൻസുകൾ, ഐപോഡുകൾ, ലാപ്‌ടോപ്പുകൾ, സിം കാർഡ് ഹോൾഡറുകൾ എന്നിവ ഉൾപ്പെടെ ഒരു കോടി രൂപ വിപണി വിലയുള്ള വിദേശ നിർമ്മിത ഇലക്ട്രോണിക് സാധന സാമഗ്രികൾ നികുതി ഈടാക്കാതെ ഒന്നാം പ്രതി കടത്തിവിട്ടതായി തെളിയുകയായിരുന്നു.

ഫ്‌ളൈറ്റ് ബാഗേജ് സാധനങ്ങളുടെ ഫീസായി 9,000 രൂപ, 7,000 രൂപ, 5,500 രൂപ എന്നിങ്ങനെയാണ് 3 പ്രതികളും അടച്ചതെന്നും കണ്ടെത്തി. സംഭവം സംബന്ധിച്ച് വകുപ്പു തല അന്വേഷണം നടത്തി 2007 ഫെബ്രുവരി ഒമ്പതിന് റിപ്പോർട്ട് സമർപ്പിച്ചതും ഡിആർഐ യുടെ സീനിയർ ഇന്റലിജന്റ്‌സ് ഓഫീസറായ സഹീർ മുഹമ്മദായിരുന്നു.

മൂന്ന് പ്രതികളുടെയും മുൻ യാത്രാ വിവരങ്ങൾ റിപ്പോർട്ടായി തിരുവനന്തപുരം എയർപോർട്ട് പോർട്ട് രജിസ്ട്രേഷൻ ഓഫീസർ ഡിആർഐക്ക് നൽകിയിരുന്നു. ഈ റിപ്പോർട്ട് പ്രോസിക്യൂഷൻ ഭാഗം രേഖാ നമ്പർ 53 ആയി അക്കമിട്ട് കോടതി തെളിവിൽ സ്വീകരിച്ചിട്ടുണ്ട്. റിപ്പോർട്ട് പ്രകാരം അമിത ഭാരമുള്ള ബാഗേജുകൾ സഹിതം വിവിധ മേൽവിലാസങ്ങളിലുള്ള വ്യാജ പാസ്‌പോർട്ടുകൾ ഉപയോഗിച്ച് റസൂൽ ഖാൻ, സതീഷ് ശങ്കർ നാലു തവണ സിംഗപ്പൂർ നിന്നും തിരുവനന്തപുരം എയർപോർട്ടിൽ വന്നിറങ്ങിയതായും, മണി മോഹൻരാജ് 9 തവണ വന്നിറങ്ങിയതായും വ്യക്തമാകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP