Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

27.10 ലക്ഷം രൂപയുടെ വിജയാ ബാങ്ക് വായ്പാ അഴിമതിക്കേസ്; വിചാരണയിൽ കൂറുമാറിയ മാപ്പുസാക്ഷിയെ പ്രതിയാക്കി സിബിഐ കോടതി കേസെടുത്തു; നടപടി വിചാരണയിൽ കൂറുമാറി പ്രതിഭാഗം ചേർന്നതിനാൽ; ഓഗസ്റ്റ് 22ന് ഹാജരാകാൻ ഉത്തരവ്

27.10 ലക്ഷം രൂപയുടെ വിജയാ ബാങ്ക് വായ്പാ അഴിമതിക്കേസ്; വിചാരണയിൽ കൂറുമാറിയ മാപ്പുസാക്ഷിയെ പ്രതിയാക്കി സിബിഐ കോടതി കേസെടുത്തു; നടപടി വിചാരണയിൽ കൂറുമാറി പ്രതിഭാഗം ചേർന്നതിനാൽ; ഓഗസ്റ്റ് 22ന് ഹാജരാകാൻ ഉത്തരവ്

പി നാഗരാജ്‌

തിരുവനന്തപുരം: തലസ്ഥാനത്തെ വെള്ളയമ്പലം വിജയാ ബാങ്കിലെ ബാങ്ക് മാനേജരടക്കം ഉൾപ്പെട്ട വ്യാജ രേഖകളുപയോഗിച്ചുള്ള വായ്പാ അഴിമതി കേസിൽ വിചാരണയിൽ കൂറുമാറിയ മാപ്പുസാക്ഷിയെ പ്രതിയാക്കി തിരുവനന്തപുരം സി ബി ഐ സ്‌പെഷ്യൽ കോടതി കേസെടുത്തു. തിരുമല സ്വദേശി ബാൽരാജിനെ പ്രതി ചേർത്താണ് കോടതി കേസെടുത്തത്. പ്രതിയെ പ്രത്യേകമായി വിചാരണ ചെയ്യാൻ കോടതി ഉത്തരവിട്ടു. പ്രതിയെ കുറ്റപത്രം വായിച്ച് കേൾപ്പിച്ച് കുറ്റം ചുമത്തുന്നതിലേക്കായി പ്രതി ഓഗസ്റ്റ് 22 ന് ഹാജരാകാൻ ജഡ്ജി സനിൽ കുമാർ ഉത്തരവിട്ടു.

ദേശസാൽകൃത ബാങ്കായ വിജയാ ബാങ്കിന്റെ വെള്ളയമ്പലം ബ്രാഞ്ച് മാനേജർ കനകത്ത് പങ്കജാക്ഷൻ , അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ ചെല്ലമ്മ ശാന്തമ്മ , വായ്പാ ഈട് വസ്തു വകകൾ മൂല്യനിർണ്ണയം നടത്തുന്ന വാല്യുവർ എസ്. ലതിക കുമാരി , വ്യാജ ഇൻകം ടാക്‌സ് റിട്ടേണുകളടക്കമുള്ള വ്യാജ രേഖകൾ ഹാജരാക്കി ലോൺ കരസ്ഥമാക്കിയ റിയൽ എസ്റ്റേറ്റ് , കെട്ടിട നിർമ്മാണ സ്ഥാപനമായ ഗേറ്റ് വേ ബിൽഡേഴ്‌സ് ഉടമ ജസ്റ്റിൻ രാജ് എന്നിവരാണ് അഴിമതിക്കേസിൽ സിബിഐ കുറ്റപത്ര പ്രകാരം നിലവിൽ വിചാരണ നേരിടുന്ന ഒന്നു മുതൽ അഞ്ചു വരെയുള്ള പ്രതികൾ. 2005-06 കാലയളവിലാണ് വായ്പാ തട്ടിപ്പ് നടന്നത്.

കേസന്വേഷണ ഘട്ടത്തിൽ അഞ്ചാം പ്രതിയായ ബാൽരാജ് തുടർന്ന് നടന്ന സംഭവങ്ങൾ പൂർണ്ണമായും സത്യസന്ധമായും വിവരിച്ച് താൻ ചെയ്ത കൃത്യവും മറ്റു പ്രതികൾ ചെയ്ത കൃത്യങ്ങളും തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ടിന് മുമ്പാകെ രഹസ്യമൊഴി നൽകിയിരുന്നു. 2007 ഒക്ടോബർ 6 നാണ് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരം രഹസ്യമൊഴി നൽകിയത്. തുടർന്ന് കോടതി പ്രതിയെ വരുത്തി കേട്ട് മാപ്പ് നൽകി പ്രതിസ്ഥാനത്ത് നിന്ന് കുറവ് ചെയ്ത് മാപ്പുസാക്ഷിയാക്കി. വിചാരണയിൽ സംഭവങ്ങൾ സത്യസന്ധമായും പൂർണ്ണമായും വെളിപ്പെടുത്തിക്കൊള്ളാമെന്ന ഉറപ്പും പ്രതി കോടതി മുമ്പാകെ രേഖാമൂലം നൽകി തന്നെ മാപ്പുസാക്ഷിയാക്കണമെന്ന് അപേക്ഷിക്കുകയായിരുന്നു. പ്രതിയുടെ ഉറപ്പ് രേഖാമൂലം എഴുതി വാങ്ങിയ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി 2007 നവംബർ 20 ന് പ്രതിക്ക് മാപ്പ് നൽകി പ്രതിസ്ഥാനത്ത് നിന്ന് കുറവ് ചെയ്ത് മാപ്പുസാക്ഷിയാക്കി. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 306 പ്രകാരമാണ് പ്രതിക്ക് കോടതി മാപ്പ് നൽകി മാപ്പുസാക്ഷിയാക്കിയത്.

ബാൽരാജിന്റെ സാക്ഷി മൊഴി ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 161 പ്രകാരം സി ബി ഐ രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇയാളെ സിബിഐ കുറ്റപത്രത്തിൽ പ്രോസിക്യൂഷൻ ഭാഗം സാക്ഷിപ്പട്ടികയിൽ പതിനാലാം സാക്ഷിയാക്കി. എന്നാൽ വിചാരണയാരംഭിച്ച് സാക്ഷി വിസ്താര വേളയിൽ ബാൽരാജ് സിബിഐക്ക് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 161 പ്രകാരം നൽകിയ മൊഴിയും കോടതിയിൽ ബോധിപ്പിച്ച രഹസ്യമൊഴിയും തിരുത്തിയും വളച്ചൊടിച്ചും വസ്തുതകൾ മറച്ചു വച്ചും കൂറുമാറി പ്രതിഭാഗം ചേർന്ന് മൊഴി നൽകുകയായിരുന്നു. സിബി ഐ പ്രോസിക്യൂട്ടർ തലങ്ങും വിലങ്ങും ചോദിച്ചിട്ടും തിരുത്തിയ മൊഴിയിൽ ഉറച്ചു നിന്നു. സി ബി ഐ യെ ഭയന്ന് രഹസ്യമൊഴി നൽകുകയായിരുന്നുവെന്നും കൂട്ടിച്ചേർത്തു. തുടർന്ന് സിബിഐ അപേക്ഷ പ്രകാരം കോടതി ഇയാളെ കൂറുമാറിയതായി പ്രഖ്യാപിച്ചു.ഇന്ത്യൻ തെളിവ് നിയമത്തിലെ വകുപ്പ് 145 പ്രകാരം സാക്ഷിയെ ക്രോസ് വിസ്താരം ചെയ്യാൻ സിബിഐക്ക് അനുമതി നൽകി. വകുപ്പ് 154 പ്രകാരം കൂറുമാറിയതായി പ്രഖ്യാപിക്കുകയും ചെയ്തു.

മാപ്പ് നൽകിയ വേളയിലെ വ്യവസ്ഥ മാപ്പുസാക്ഷിയായ പ്രതി ലംഘിച്ചതിനാൽ ഇയാളെ പ്രതി ചേർത്ത് വിചാരണ ചെയ്യണമെന്ന ആവശ്യവുമായി സിബിഐ ഹർജി സമർപ്പിച്ചു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി മാപ്പ് വ്യവസ്ഥ ലംഘിച്ചതിന് മാപ്പുസാക്ഷിയെ പ്രതിയാക്കി പ്രത്യേക വിചാരണ ചെയ്യാൻ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 308 പ്രകാരം ഉത്തരവിടുകയായിരുന്നു. മാപ്പുസാക്ഷി കൂറുമാറി പ്രതിയാക്കപ്പെട്ടാൽ അയാളെ അസൽ കേസിലെ പ്രതികൾക്കൊപ്പം വിചാരണ ചെയ്യാൻ പാടില്ലെന്ന ചട്ടപ്രകാരമാണ് കോടതി മാപ്പുസാക്ഷിയെ പ്രതിയാക്കി പ്രത്യേക കേസ് രജിസ്റ്റർ ചെയ്ത് വിചാരണ ചെയ്യുന്നത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 - ബി ( ക്രിമിനൽ ഗൂഢാലോചന ) , 420 ( ബാങ്കിനെ ചതിക്കലും ചതിക്കപ്പെട്ട സ്ഥാപനത്തിൽ നിന്നും വഞ്ചനാപരമായി പണം തട്ടിയെടുക്കലും ) , 468 ( ചതിക്കുകുന്നതിന് വേണ്ടിയുള്ള വ്യാജ നിർമ്മാണം ) , 471 ( വ്യാജമായ നിർമ്മിക്കപ്പെട്ട രേഖകൾ അസ്സൽ പോലെ ഉപയോഗിക്കൽ ) എന്നീ വകുപ്പുകൾ പ്രകാരവും അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളായ 13 ( 1 ) ഡി , 13 ( 2 ) പ്രകാരവുമാണ് കോടതി പ്രതിക്കെതിരെ കേസെടുത്ത് കുറ്റം ചുമത്തലിനായി വിളിച്ചു വരുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP