Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ നേതാക്കൾ പൊലീസ് ബസും ട്രാഫിക് ചാനലൈസറും നശിപ്പിച്ച കേസ്; ദൃക്‌സാക്ഷികളും പരുക്കേറ്റ എസ്‌ഐ അടക്കം അഞ്ച് പൊലീസുകാരും കോടതിയിൽ ഹാജരാകാൻ ഉത്തരവ്; 'ഇരകളുടെ ഭാഗം കേൾക്കാതെ കേസ് പിൻവലിക്കാൻ അനുവദിക്കില്ല'; കേസ് പിൻവലിച്ച് പ്രതികളെ കുറ്റവിമുക്തരാക്കണമെന്ന സർക്കാർ ആവശ്യം തള്ളി കോടതി

എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ നേതാക്കൾ പൊലീസ് ബസും ട്രാഫിക് ചാനലൈസറും നശിപ്പിച്ച കേസ്; ദൃക്‌സാക്ഷികളും പരുക്കേറ്റ എസ്‌ഐ അടക്കം അഞ്ച് പൊലീസുകാരും കോടതിയിൽ ഹാജരാകാൻ ഉത്തരവ്; 'ഇരകളുടെ ഭാഗം കേൾക്കാതെ കേസ് പിൻവലിക്കാൻ അനുവദിക്കില്ല';  കേസ് പിൻവലിച്ച് പ്രതികളെ കുറ്റവിമുക്തരാക്കണമെന്ന സർക്കാർ ആവശ്യം തള്ളി കോടതി

പി. നാഗരാജ്

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ- എസ്എഫ്‌ഐ നേതാക്കൾ പൊലീസിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും പൊലീസ് ബസും ട്രാഫിക് ചാനലൈസറുമടക്കമുള്ള പൊതു മുതൽ നശിപ്പിച്ച് സർക്കാരിന് നഷ്ടം വരുത്തുകയും ചെയ്ത കേസിൽ ദൃക്‌സാക്ഷികളും കൃത്യത്തിൽ വച്ച് പരിക്കേറ്റവരുമായ സബ്ബ് ഇൻസ്‌പെക്റ്ററടക്കം 5 പൊലീസുദ്യോഗസ്ഥർ ജൂലൈ 27 നേരിട്ട് ഹാജരാകാൻ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. കേസ് പിൻവലിക്കാൻ അനുമതി തേടി സർക്കാർ സമർപ്പിച്ച കേസ് പിൻവലിക്കൽ അപേക്ഷയിൽ തങ്ങളുടെ ആക്ഷേപവും നിലപാടും അറിയിക്കാനാണ് പരിക്കേറ്റ പൊലീസുദ്യേഗസ്ഥരെ കോടതി വിളിച്ചു വരുത്തുന്നത്.

വെള്ളിയാഴ്ചയാണ് സർക്കാർ രഹസ്യമായി പിൻവലിക്കൽ ഹർജി സമർപ്പിച്ചത്. അതേ സമയം ഇരകളുടെ ഭാഗം കേൾക്കാതെ കേസ് പിൻവലിച്ച് പ്രതികളെ കുറ്റവിമുക്തരാക്കി വിട്ടയക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. ഇരകളുടെ ഭാഗം കേൾക്കാതെയും കേസ് പിൻവലിക്കൽ പൊതു താൽപര്യത്തിന് വിരുദ്ധമാകുമോയെന്ന കാര്യവും പരിശോധിക്കാതെ കേസ് പിൻവലിക്കാൻ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 321 പ്രകാരമാണ് സർക്കാർ കേസ് പിൻവലിക്കൽ ഹർജി സമർപ്പിച്ചത്.

പ്രതികളുടെ ദേഹോപദ്രവത്തിന് ഇരയും ദൃക്‌സാക്ഷികളുമായ പൊലീസ് ബസ്സിന്റെ ഡ്രൈവറായ തിരുവനന്തപുരം എ. ആർ . ക്യാമ്പ് ഹെഡ് കോൺസ്റ്റബിൾ ആനന്ദ് രാജ് (35) , സ്‌പെഷ്യൽ ആമ്ഡ് പൊലീസ് സി കമ്പനി പൊലീസ് കോൺസ്റ്റബിൾ ശ്രീജിത്ത് (30) , എസ്. എ. പി. ഡി കമ്പനി പൊലീസ് കോൺസ്റ്റബിൾ അസിം (25) , എസ്. എ. പി. ക്യാമ്പിലെ പൊലീസ് കോൺസ്റ്റബിൾ സുധീർ (26) , കന്റോൺമെന്റ് പൊലീസ് സബ്ബ് ഇൻസ്‌പെക്റ്റർ രാജേന്ദ്രൻ എന്നിവരാണ് ഹാജരാകേണ്ടത്. കന്റോൺമെന്റ് പൊലീസ് പ്രതികൾക്കെതിരെ സമർപ്പിച്ച കുറ്റപത്രത്തിലെ സാക്ഷിപ്പട്ടികയിലുള്ള ഒന്നു മുതൽ അഞ്ച് വരെയുള്ള സാക്ഷികളാണിവർ.

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം , മുൻ ഡിവൈഎഫ്‌ഐ നേതാവും നിലവിൽ തിരുവനന്തപുരം നഗരസഭ കുന്നുകുഴി വാർഡ് കൗൺസിലറുമായ ഐ.പി. ബിനു , ബാലമുരളി , ഷിജുഖാൻ , എസ് എഫ് ഐ സംസ്ഥാന സെക്രടട്ടറി റ്റി.പി. ബിനീഷ് , അൻസാരി , നിയാസ് , അമൽ . എ.വി. നായർ , അമ്പാടി ശ്യാം പ്രകാശ് , അൻസർ , അനീഷ് , അഭിലാഷ് , നന്ദു , ജഗൻ വിനായക് , മുഹമ്മദ് അജാസ് , ശ്രീക്കുട്ടൻ , ശംഭു , ബിജുകുമാർ , അരുൺ , റജിം ലാൽ , യേശുദാസ് , രാകേഷ് , ശ്യാം , അഖിൽ , അജിത്ത് എന്നിവരാണ് പൊലീസിനെ ആക്രമിച്ച് പൊതുമുതൽ നശിപ്പിച്ച കേസിലെ ഒന്നുമുതൽ ഇരുപത്തിയാറ് വരെയുള്ള പ്രതികൾ.

2014 ജനുവരി 8 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വയംഭരണ കോളേജുകൾ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രതികൾ നിയമസഭ മെയിൻ ഗേറ്റിലേക്ക് മാർച്ച് നടത്തി. അവിടെ നിന്നും തിരികെ പിരിഞ്ഞു വന്ന പ്രതികൾ സംഘം ചേർന്ന് പൊലീസുകാരെ ദേഹോപ്ര ദവം ഏൽപ്പിക്കുകയും രക്തസാക്ഷി മണ്ഡപത്തിന് സമീപം പാർക്ക് ചെയ്തിരുന്ന കെ. എൽ.പൂജ്യം. ഒന്ന്. എ.ക്യു. 4227 നമ്പർ പൊലീസ് ബസ് അടിച്ചു പൊട്ടിച്ച് നാശനഷ്ടം വരുത്തുകയുമായിരുന്നു.

എന്നിട്ടും കലിപ്പ് തീരാത്ത നേതാക്കൾ യൂണിവേഴ്സിറ്റി കോളേജിന് സമീപത്തെ ട്രാഫിക് ചാന ലൈസറും അടിച്ചു പൊട്ടിച്ച് 8,756 രൂപയുടെ നാശനഷ്ടം വരുത്തിയെന്നുമാണ് കേസ്. പൊതുമുതൽ നശിപ്പിച്ച കേസുകളിൽ സർക്കാരിന്റെ പിൻവലിക്കൽ ഹർജികൾ അനുവദിക്കരുതെന്ന ഹൈക്കോടതി വിധിന്യായം നിലവിലുള്ളപ്പോഴാണ് മേൽക്കോടതി ഉത്തരവുകൾ മറച്ച് വച്ച് സർക്കാർ പിൻവലിക്കൽ ഹർജിയുമായി കീഴ്‌ക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP