Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വഞ്ചനാ കേസിൽ രണ്ട് നൈജീരിയക്കാരെ തടവിലാക്കി 11 മാസം കഴിഞ്ഞിട്ടും കുറ്റപത്രമില്ല; ജാമ്യം അനുവദിച്ചിട്ടും ജാമ്യക്കാരില്ലാത്തതിനാൽ ജീവിതം ഇരുമ്പിക്കുള്ളിൽ തന്നെ; അന്തിമ റിപ്പോർട്ട് ഉടൻ നൽകാൻ കന്റോൺമെന്റ് പൊലീസിന് നിർദ്ദേശം; റിമാൻഡ് തടവുകാരുടെ പുനരവലോകന കമ്മറ്റിയിൽ കന്റോൺമെന്റ് പൊലീസിന് നേരെ രൂക്ഷ വിമർശനം

വഞ്ചനാ കേസിൽ രണ്ട് നൈജീരിയക്കാരെ തടവിലാക്കി 11 മാസം കഴിഞ്ഞിട്ടും കുറ്റപത്രമില്ല; ജാമ്യം അനുവദിച്ചിട്ടും ജാമ്യക്കാരില്ലാത്തതിനാൽ ജീവിതം ഇരുമ്പിക്കുള്ളിൽ തന്നെ; അന്തിമ റിപ്പോർട്ട് ഉടൻ നൽകാൻ കന്റോൺമെന്റ് പൊലീസിന് നിർദ്ദേശം; റിമാൻഡ് തടവുകാരുടെ പുനരവലോകന കമ്മറ്റിയിൽ കന്റോൺമെന്റ് പൊലീസിന് നേരെ രൂക്ഷ വിമർശനം

പി.നാഗരാജ്

തിരുവനന്തപുരം: രണ്ട് നൈജീരിയക്കാരെ ഇരുമ്പഴിക്കുള്ളിലാക്കി 11 മാസങ്ങൾ പിന്നിട്ടിട്ടും കന്റോൺമെന്റ് പൊലീസ് കുറ്റപത്രം സമർപ്പിക്കാത്തതിന് അന്തിമ റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി. 2013 ൽ സുപ്രീം കോടതി പുറപ്പെടുവിച്ച യു.റ്റി.ആർ .സി (വിചാരണ കാത്ത് റിമാന്റിൽ കഴിയുന്ന തടവുകാരുടെ ജയിൽ വാസ പുനരവലോകന കമ്മിറ്റി) പ്രകാരം ജില്ലാ ജഡ്ജി വിളിച്ചു ചേർത്ത പ്രതിമാസ യോഗത്തിലാണ് കന്റോൺമെന്റ് പൊലീസിന്റെ കെടുകാര്യസ്ഥത ചർച്ചയായത്. കമ്മിറ്റിയിൽ കന്റോൺമെന്റ് പൊലീസിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉണ്ടായി.

കന്റോൺമെന്റ് പൊലീസിന് നിർദ്ദേശം നൽകാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോടാണ് ജഡ്ജി കെ. ബാബു ഉത്തരവിട്ടത്.  ജില്ലാ ജഡ്ജി ചെയർമാനായ കമ്മിറ്റിയിൽ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയെ കൂടാതെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് സിജു ഷെയ്ക്ക് ,സിറ്റി പൊലീസ് കമ്മീഷണർക്ക് വേണ്ടി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ , റൂറൽ എസ്‌പി , പൂജപ്പുര ബൻട്രൽ പ്രിസൺ സൂപ്രണ്ട് , പൂജപ്പുര ജില്ലാ ജയിൽ സൂപ്രണ്ട്, ജില്ലയിലെ വിവിധ സബ് ജയിൽ സൂപ്രണ്ടുമാർ , ജില്ലാ ലീഗൽ സർവ്വീസസ് അഥോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ജൂബിയ എന്നിവരും പങ്കെടുത്തു.

നൈജീരിയക്കാരും തെലുങ്കാന സംസ്ഥാനത്ത് സെയ് ബരാബാദ് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ രാജേന്ദ്രനഗർ പി ആൻഡ് റ്റി കോളനി ബ്ലോക്കിൽ ഡക്കും മത്യാസ് മകൻ അകുമ്പാ ബൊമാ നിജ്വാബ് (28), ലംഗ്ജ്യയ് ആൽഫ്രഡ് മകൻ ലങ്കി കി ലിയൻ കിങ് (27) എന്നീ രണ്ട് വിദേശികളാണ് കന്റോൺമെന്റ് പൊലീസിന്റെ അലംഭാവത്തിനും നിഷ്‌ക്രിയത്വത്തിനും ഇരകളായി ഇപ്പോൾ വിയ്യൂർ ജയിലിൽ കഴിയുന്ന ഹതഭാഗ്യർ. റിമാന്റ് തടവുകാരുടെ എണ്ണം പരിധിയിൽ കവിഞ്ഞപ്പോൾ 2 പേരെയും പൂജപ്പുര ജയിലിൽ നിന്നും തൃശൂർ വിയ്യൂർ ജയിലിലേക്ക് മാറ്റുകയായിരുന്നു.

2018 ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിഡബ്ലുഡി കരാറുകാരനും വിഴിഞ്ഞം കോട്ടുകാൽ പയറ്റുവിള പൊറ്റയിൽ വീട്ടിൽ സുകുമാരൻ നായർ മകൻ സുധീഷ് കുമാർ (44) വാദിയായ വഞ്ചനാ കേസിലാണ് 2 നൈജീരിയക്കാർ അറസ്റ്റിലായത്.
പ്രതികൾക്ക് വഞ്ചന നടത്തി പണം അപഹരിക്കണന്നെ ഉദ്ദേശത്തോടും കരുതലോടും കൂടി നിലവില്ലാത്ത കമ്പനിയായ കെഎസ്ടി സ്റ്റോർസ് എൽ എൽ പി എന്ന കമ്പനിയുടെ വ്യാജ ഇൻവോയ്‌സ് ഉണ്ടാക്കി വാദിക്ക് ഫ്രിഡ്ജ് , കംപ്രസർ , സ്‌ക്രാപ് എന്നിവ അയച്ചു കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് വാദിക്ക് വാട്ട്‌സ് ആപ്പ് സന്ദേശം അയച്ച് വാദിയുടെ കാനറാ ബാങ്ക് അക്കൗണ്ടിൽ നിന്ന് പ്രതികളുടെ വ്യാജ അക്കൗണ്ട് നമ്പരിലേക്ക് 2018 ഏപ്രിൽ 16 മുതൽ 24 വരെ വിവിധ കാലയളവിൽ 2,58,800 രൂപ അയപ്പിച്ചു തുക കൈപ്പറ്റിയശേഷം വാഗ്ദാനം ചെയ്ത വകകൾ നൽകാതെയും കൈപ്പറ്റിയ തുക  കൊടുക്കാതെയും വഞ്ചിച്ചുവെന്നാണ് കേസ്.

കേസിൽ അന്തിമ വിധി വരും വരെ പ്രതികൾ സിവിൽ അഥോറിറ്റിയുടെ നിരീക്ഷണത്തിലും മേൽനോട്ടത്തിലും കഴിയണമെന്നും തിരുവനന്തപുരം റവന്യൂ ജില്ല വിട്ടു പോകരുതെന്നുമുള്ള കർശന ഉപാധികളോടെ മജിസ്‌ട്രേട്ട് കോടതി ജാമ്യം നൽകിയിരുന്നു. ഒരു ലക്ഷം രൂപയുടെ പ്രതികളുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യം ബോണ്ടായി ഹാജരാക്കണം.രാജ്യത്തിലെ നൈജീരിയ നയതന്ത്ര പ്രതിനിധി 2 പ്രതികൾക്കും വേണ്ടി 10 ലക്ഷം രൂപയുടെ ബോണ്ട് കോടതിയിൽ കെട്ടിവെയ്ക്കണം. പ്രതികളുടെ വാസസ്ഥലവും പ്രതികളുടെ ചലനങ്ങളും സിവിൽ അഥോറിറ്റിയുടെ നിരീക്ഷണത്തിലായിരിക്കണം.

അന്തിമ റിപ്പോർട്ട് സമർപ്പിക്കും വരെയോ ഒരു മാസക്കാലത്തേക്കോ ഏതാണോ ആദ്യം സംഭവിക്കുന്നത് അതുവരെ എല്ലാ ശനിയാഴ്ചകളിലും പകൽ 10നും 11 നും ഇടക്ക് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം. എന്നീ വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യ വ്യവസ്ഥ പാലിക്കാൻ തയ്യാറുള്ള ജാമ്യക്കാരില്ലാത്തതിനാൽ ഇരുവരും ജയിലഴിക്കുള്ളിൽ തന്നെ വിചാരണ കാത്ത് കഴിയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP