Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ കുറ്റവിമുക്തൻ; ബിഷപ്പിനെതിരെ ചുമത്തിയ ഏഴു കുറ്റങ്ങളും നിലനിൽക്കില്ലെന്ന് കോടതി; ദൈവത്തിന് സ്തുതിയെന്ന് ബിഷപ്പ്, അഭിഭാഷകരെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു; കോടതിക്ക് പുറത്ത് ലഡ്ഡു വിതരണം ചെയ്തു ബിഷപ്പ് അനുയായികൾ

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ കുറ്റവിമുക്തൻ; ബിഷപ്പിനെതിരെ ചുമത്തിയ ഏഴു കുറ്റങ്ങളും നിലനിൽക്കില്ലെന്ന് കോടതി; ദൈവത്തിന് സ്തുതിയെന്ന് ബിഷപ്പ്, അഭിഭാഷകരെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു; കോടതിക്ക് പുറത്ത് ലഡ്ഡു വിതരണം ചെയ്തു ബിഷപ്പ് അനുയായികൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ കുറ്റവിമുക്തൻ. ബിഷപ്പിനെതിരെ ചുമത്തിയ ഏഴു വകുപ്പുകളും നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി ഗോപകുമാർ ആണ് വിധി പ്രസ്താവിച്ചത്. ബിഷപ്പിനെതിരായ തെളിവുകൾ ഇല്ലെന്നും കോടതി വ്യക്തമാക്കി. കോടതി കുറ്റവിമുക്തനാക്കിയതോടെ ദൈവത്തിന് സ്തുതിയെന്ന് ബിഷപ്പ് പ്രതികരിച്ചു. വിധി കേട്ട് അഭിഭാഷകരെ കെട്ടിപ്പിടിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞു കൊണ്ടാണ് ബിഷപ്പ് പുറത്തേക്ക് വന്നത്.

കൂടുതൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറാകാതെ കോടതി പരിസരം വിട്ടുപോവുകയും ചെയ്തു.പ്രതീക്ഷിച്ചിരുന്ന വിധിയെന്നാണ് ഫ്രാങ്കോയ്ക്ക് ഒപ്പമുണ്ടായിരുന്നവർ പ്രതികരിച്ചത്. ദൈവത്തിന് സ്തുതി എന്നും അവർ വിളിച്ചുപറയുന്നുണ്ടായിരുന്നു. നാളിതുവരെ ഫ്രാങ്കോയ്ക്കു പിന്തുണനൽകിയവർക്ക് നന്ദി അർപ്പിച്ച് ജലന്ധർ രൂപതയുടെ പി ആർ ഒയുടെ പേരിലുള്ള പ്രിന്റുചെയ്ത വാർത്താകുറിപ്പ് മാധ്യമപ്രവർത്തകർക്ക് വിതരണം ചെയ്തിട്ടുണ്ട്.

വിധിയിൽ സന്തോഷിച്ച് സ്ത്രീകൾ അടക്കമുള്ളവർ മധുരവിതരണം ചെയ്യുകയും ചെയ്തു. ബിഷപ്പ് കുറ്റം ചെയ്തിട്ടില്ലെന്നും വിധി പ്രതീക്ഷിച്ചിരുന്നതാണ് എന്നുമാണ് അവർ പറയുന്നത്.വിധി കേൾക്കാനായി രാവിലെ ഒമ്പതരയോടെ തന്നെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിലെത്തിയിരുന്നു.മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് പിൻവാതിലിലൂടെയാണ് ബിഷപ്പ് കോടതിയിലേക്ക് പ്രവേശിച്ചത്.

വിധി കേൾക്കാൻ കോടതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഫിലിപ്പ്, ചാക്കോ എന്നീ സഹോദരന്മാർക്കൊപ്പമാണ് കോടതിയിൽ എത്തിയത്. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്‌പി കെ സുഭാഷ്, എസ്‌ഐ മോഹൻദാസ് എന്നിവരും കോടതിയിൽ ഹാജരായിരുന്നു.
സഹോദരനും സഹോദരി ഭർത്താവും ഒപ്പമുണ്ടായിരുന്നു. കർശന സുരക്ഷയാണ് കോടതിക്കും കുറുവിലങ്ങാട് മഠത്തിനും ഏർപ്പെടുത്തിയിരുന്നത്. കോടതിമുറിയിൽ ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയിരുന്നു.

ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പാണ് ഫ്രാങ്കോ. അന്നത്തെ കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ മേൽനോട്ടത്തിൽ വൈക്കം ഡിവൈ.എസ്‌പി കെ. സുഭാഷ്, എസ്‌ഐ എംപി. മോഹൻദാസ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. അഡ്വ. ജിതേഷ് ജെ. ബാബുവാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. അഡ്വ. കെ. രാമൻ പിള്ളയും സി.എസ്. അജയനും പ്രതിഭാഗത്തിനുവേണ്ടി ഹാജരായി.

കേസ് ഇങ്ങനെ2014നും 2016നും ഇടയിൽ കുറവിലങ്ങാട് നാടുകുന്ന് മഠത്തിൽ വച്ച് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ 13 തവണ പീഡിപ്പിച്ചെന്നാണ് കേസ്. 2017 ജൂൺ 27ന് കന്യാസ്ത്രീ കുറവിലങ്ങാട് പൊലീസിൽ പരാതി നല്കിയെങ്കിലും മൊഴി എടുക്കാൻ പോലും തയ്യാറായില്ല. ഇതിനെതിരെ കന്യാസ്ത്രീകൾ പരസ്യമായി രംഗത്തെത്തിയതോടെയാണ് ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതും 2018 സെപ്റ്റംബർ 21ന് അറസ്റ്റ് ചെയ്തതും. 25 ദിവസം ഫ്രാങ്കോ റിമാൻഡിൽ കഴിഞ്ഞു. കുറ്റപത്രം വൈകിപ്പിക്കാനും നീക്കമുണ്ടായി. സിസ്റ്റേഴ്‌സ് ആക്ഷൻ കൗൺസിൽ സമരം പ്രഖ്യാപിച്ചതോടെയാണ് കുറ്റപത്രം സമർപ്പിച്ചത്.

ആയിരം പേജുള്ള കുറ്റപത്രത്തിൽ മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉൾപ്പടെ 84 സാക്ഷികളാണുള്ളത്. ഇതിൽ 33 പേരെയാണ് വിസ്തരിച്ചത്. പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ ഹർജി നേരത്തെ കോടതി തള്ളിയിരുന്നു. ഹർജി തുറന്ന കോടതിയിൽ കേൾക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യവും കോടതി നിരസിച്ചു. വിചാരണയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ നൽകിയ വിടുതൽ ഹർജി നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീൽ സുപ്രീംകോടതിയും തള്ളിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP