Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പോയത് സിഡി തേടി, കിട്ടിയത് വിസിറ്റിങ് കാർഡും കുറേ പേപ്പറുകളും; സിഡിയോ പെൻഡ്രൈവോ കണ്ടെത്താതെ മടക്കം; ആരോ എല്ലാം മാറ്റിയെന്ന് പറഞ്ഞ് ബിജു രാധാകൃഷ്ണനും; കോയമ്പത്തൂരിലേക്കുള്ള തെളിവെടുപ്പ് യാത്ര പൊളിഞ്ഞു; കേരളത്തെ നാണം കെടുത്തിയ നാടകത്തിന് അവസാനം

പോയത് സിഡി തേടി, കിട്ടിയത് വിസിറ്റിങ് കാർഡും കുറേ പേപ്പറുകളും; സിഡിയോ പെൻഡ്രൈവോ കണ്ടെത്താതെ മടക്കം; ആരോ എല്ലാം മാറ്റിയെന്ന് പറഞ്ഞ് ബിജു രാധാകൃഷ്ണനും; കോയമ്പത്തൂരിലേക്കുള്ള തെളിവെടുപ്പ് യാത്ര പൊളിഞ്ഞു; കേരളത്തെ നാണം കെടുത്തിയ നാടകത്തിന് അവസാനം

മറുനാടൻ മലയാളി ബ്യൂറോ

കോയമ്പത്തൂർ/കൊച്ചി: സോളാർ കേസിൽ മുഖ്യമന്ത്രിക്ക എതിരെ ഉന്നയിച്ച ആരോപണവുമായി ബന്ധപ്പെട്ട സിഡി കോയമ്പത്തൂരിൽ നിന്നും കിട്ടിയില്ലെന്ന് ബിജു രാധാകൃഷ്ണൻ. സിഡിയും പെൻഡ്രൈവും മാറ്റിയെന്നാണ് കോയമ്പത്തൂരിലെ സെൽവിയെ ഏൽപ്പിച്ച സഞ്ചി പരിശോധിച്ച ശേഷമാണ് ബിജു മാദ്ധ്യമങ്ങളോട് പറഞ്ഞത്. കേരളത്തിൽ നിന്ന് വലിയ മാദ്ധ്യമ പടയാണ് കോയമ്പത്തൂരിൽ എത്തിയത്. കൊച്ചിയിലെ സോളാർ കമ്മീഷന്റെ ഓഫീസിൽ നിന്ന് മാദ്ധ്യമങ്ങളും പിന്തുടരുകയായിരുന്നു. സിഡി കിട്ടാതെ സാഹചര്യത്തിൽ നാളത്തെ കമ്മീഷൻ സിറ്റിങ് നിർണ്ണായകമാകും. ബിജുവിനോട് ഇത് സംബന്ധിച്ച കാര്യങ്ങൾ കമ്മീഷൻ വിശദമായി തന്നെ ചോദിച്ചറിയും. ഏതായാലും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്ക് ആശ്വാസം നൽകുന്നതാണ് ഇന്നത്തെ സംഭവ വികാസങ്ങൾ.

സിഡി കണ്ടെടുക്കാൻ ബിജുവുമായി സംഘം വൈകീട്ടാണ് കോയമ്പത്തൂരിലെ സെൽവപുരത്ത് എത്തിയത്. സിഡി എൽപ്പിച്ചു എന്ന് ബിജു അവകാശപ്പെടുന്ന ശെൽവിയെ ആദ്യം തിരഞ്ഞെങ്കിലും അവരെ ആദ്യം കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ പിന്നീട് ശെൽവിയുടെ ബന്ധു ചന്ദ്രനെ കണ്ടെത്താനും ശ്രമം തുടങ്ങി. നോർത്ത് ഹൗസിങ് കോളനിയിലെ വീട്ടിലെ പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലായിരുന്നു. എന്നാൽ പിന്നീട് ഫോണിൽ നിർദ്ദേശങ്ങൾ നൽകിയ ചന്ദ്രൻ ഒരു ഉദ്യോഗസ്ഥൻ മാത്രം വന്നാൽ തെളിവ് കൈമാറാമെന്ന് അറിയിക്കുകയായിരുന്നു.
സോളാർ കമ്മീഷൻ അംഗം പിന്നീട് ചന്ദ്രന്റെ വീട്ടിൽ എത്തി. സെൽവിയും ചന്ദ്രന്റെ വീട്ടിലുണ്ടായിരുന്നു. ബിജു ഏൽപ്പിച്ച ഒരു പൊതി കൈവശം ഉണ്ടെന്ന് പറഞ്ഞ ഇവർ അത് കമ്മീഷന്റെ വക്കീലിന് കൈമാറി. എന്നാൽ അതിൽ സിഡി ഇല്ലായിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ബിജു ഇവ ആരോ മാറ്റിയെന്ന് ആരോപിക്കുന്നത്. ഇതോടെ ബിജു രാധാകൃഷ്ണനേയും കൊണ്ട് സംഘം കൊച്ചിയിലേക്ക് മടങ്ങി.

കോയമ്പത്തൂർ ശെൽവപുരത്തെ സെൽവി എന്ന സ്ത്രീയുടെ വീട്ടിലാണ് അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയത്. ബിജു രാധാകൃഷ്ണൻ മുമ്പ് ഈ വീട്ടിൽ സൂക്ഷിക്കാൻ നൽകിയിരുന്നു രേഖകൾ സഞ്ചിയിലാക്കി വീട്ടുകാർ നൽകിയെങ്കിലും ഇതിൽ സിഡി ലഭിച്ചില്ല. ബിജുവും അഭിഭാഷകനും ചേർന്ന് പതിനഞ്ച് മിനിട്ടോളം ശെൽവിയുമായി വീടിനുള്ളിൽ സംസാരിച്ചു. കുറച്ച് വിസിറ്റിങ് കാർഡുകളും സിം കാർഡുകളുമാണ് സഞ്ചിയിലുണ്്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ബിജുവിനൊപ്പം മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും സോളാർ കമ്മീഷനിലെ മൂന്ന് അഭിഭാഷകരുമാണു തെളിവെടുപ്പിനായി കോയമ്പത്തൂരിലെത്തിയത്. സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും കമ്മീഷനെ അനുഗമിച്ചു.

സെൽവപുരത്തെ പൊലീസിനോട് സ്വർണപ്പണിക്കാരി സെൽവിയുടെ വീട്ടിലാണ് സി.ഡിയുള്ളതെന്ന് ബിജു അറിയിച്ചത്. അതനുസരിച്ച് പൊലീസ് ശെൽവിയുടെ വീട്ടിലെത്തി. നീ എന്തിനാണ് ഇത്രയും പേരെ കൂട്ടിവന്നതെന്ന് സെൽവി ബിജുവിനോട് ചോദിച്ചു. തുടർന്ന് അവിടെ പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഈ സമയം സെൽവി തന്റെ ബന്ധുവായ ചന്ദ്രന്റെ കൈവശം ബിജു ഏൽപിച്ച രേഖകളുണ്ടെന്ന് സെൽവി പറഞ്ഞതോടെ സസ്‌പെൻസ് കൂടി. ചന്ദ്രൻ നേരിട്ട് വരാതെ മൊബൈലിലൂടെ ഒരു ഉദ്യോഗസ്ഥൻ മാത്രം വന്നാൽ രേഖകൾ തരാം എന്ന് അറിയിച്ചു. ഇതനുസരിച്ച് പൊലീസ് സംഘവും കൊച്ചി മുതൽ ഒപ്പമുണ്ടായിരുന്ന മാദ്ധ്യമപ്പടയും ചന്ദ്രന്റെ വീട്ടിലേത്ത് തിരിച്ചു.

ഈ സമയം ചന്ദ്രന്റെ നിർദ്ദേശപ്രകാരം ഒരാൾ ബൈക്കിൽ ഒരു തുണിസഞ്ചിയുമായെത്തി. അതോടെ സി.ഡി ലഭിച്ചതായ ആകാംക്ഷ പരന്നു. ആദ്യം അഭിഭാഷകൻ ചന്ദ്രന്റെ വീട്ടിൽ അടച്ചിട്ടമുറിയിൽ സംസാരിച്ചു. ബിജുവിന്റെ സാന്നിധ്യത്തിൽ ഈ സഞ്ചി കൈമാറാമെന്ന് ചന്ദ്രൻ അറിയിച്ചു. അങ്ങിനെ ബിജുവിനേയും മുറിയിലേക്ക് കൊണ്ടുപോയി. ഈ സമയം കൊണ്ടുവന്ന സഞ്ചി മുഴുവൻ തിരഞ്ഞെങ്കിലും ചില ബ്രോഷറുകൾ അല്ലാതെ സി.ഡി അതിൽ ഇല്ലായിരുന്നു. അതോടെ തിരച്ചിൽ നിർത്തി നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. സഞ്ചിയിലുണ്ടായിരുന്ന തെളിവുകൾ ആരോ മാറ്റിയെന്ന് ബിജു മാദ്ധ്യമങ്ങളോട് പറഞ്ഞു. അങ്ങനെ എല്ലാ നാടകീയതയ്ക്കും വിരാമമിട്ടുകൊണ്ട് പൊലീസ് സംഘം ബിജുവുമായി 10: 30 ഓടെ നാട്ടിലേക്ക് തിരിച്ചു.

സോളാർ വിഷയത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മന്ത്രിമാർക്കുമെതിരെ ഉന്നയിച്ച ലൈംഗികാരോപണങ്ങളുടെ തെളിവു നൽകാമെന്ന ഉറപ്പിലാണ് സോളാർ കമ്മീഷൻ നിശ്ചയിച്ച ഉദ്യോഗസ്ഥർക്കൊപ്പം ബിജു രാധാകൃഷ്ണൻ കോയമ്പത്തൂരിലെത്തിയത്. തന്റെ മുൻ നിലപാടിൽ ബിജു രാധാകൃഷ്ണൻ ഉറച്ചുനിന്നതോടെയാണ് സിഡി കണ്ടെടുക്കാൻ ബിജുവിനൊപ്പം പോകാൻ സോളാർ കമ്മീഷൻ പ്രത്യേക സംഘത്തെ നിയോഗിച്ചത്. കമ്മീഷനിലെ ആറുപേർക്കൊപ്പം ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് പൊലീസിന്റെ പ്രത്യേകവാഹനം യാത്രതിരിച്ചത്. അഭിഭാഷകനെ കൂടെ കൂട്ടണമെന്നു ബിജു ആവശ്യപ്പെട്ടിരുന്നെങ്കിലും കമ്മീഷൻ അനുവദിച്ചില്ല. ഒപ്പം പോകുന്ന ഉദ്യോഗസ്ഥർക്ക് ഫോൺ ഉപയോഗിക്കാൻ അനുവാദമില്ല. തെളിവു കണ്ടെടുക്കാൻ സഹായിക്കുന്ന ആൾക്കെതിരെ നിയമനടപടി ഉണ്ടാകില്ലെന്നും കമ്മീഷൻ ഉറപ്പുനൽകിയിരുന്നു.

ആറംഗസംഘത്തിന്റെ വാഹനം ബിജുവുമായി എറണാകുളത്ത് നിന്ന് ഏഴരയോടെ കോയമ്പത്തൂരിൽ എത്തുകയായിരുന്നു. പ്രതിയുമായി പോയ പൊലീസിനു പിന്നാലെ ചാനലുകളുടെ ക്യാമറകളും പോയിരുന്നു. എല്ലാ പ്രമുഖ ചാനലുകളും ഒബി വാൻ അടക്കം ലൈവ് കവറേജിനുള്ള സന്നാഹങ്ങളൊരുക്കിയാണ് പൊലീസിനു പിന്നാലെ പാഞ്ഞത്. അതിനിടെ, ഇത്തരത്തിലൊരു സിഡി ഇല്ലെന്നു സോളാർ കേസ് പ്രതി സരിത എസ് നായർ മാദ്ധ്യമങ്ങൾക്കുമുന്നിൽ ആവർത്തിച്ചു. സെൽവി ബിജു രാധാകൃഷ്ണന്റെ സഹോദരിയാണെന്ന് സരിത പറഞ്ഞു. ഇത് ശരിയാണെന്ന് കോയമ്പത്തൂരിലെത്തിയ സോളാർ കമ്മീഷൻ അംഗങ്ങൾക്കും ബോധ്യപ്പെട്ടിട്ടുണ്ട്.

സോളാറിലെ സിഡി തന്റെ കൈയിലുണ്ടെന്നും അത് എത്തിക്കാൻ പത്ത് മണിക്കൂർ സമയം വേണമെന്നുമാണ് ബിജു ആവശ്യപ്പെട്ടത്. കേരളത്തിന് പുറത്താണ് സിഡി സൂക്ഷിച്ചിരിക്കുന്നത്. സിഡിക്ക് മൂന്ന് പകർപ്പുണ്ട്. ഇന്നു തന്നെ തെളിവ് നൽകാമെന്നും ബിജു രാധാകൃഷ്ണൻ പറഞ്ഞു. കേരളത്തിന് പുറത്തായതിനാലാണ് സമയം ചോദിച്ചത്. ഇതിനോടുള്ള പ്രതികരണമായി പത്തല്ല അമ്പത് മണിക്കൂർ വേണമെങ്കിലും നൽകാമെന്നാണ് കമ്മീഷന്റെ നിലപാട്. പത്ത് മണിക്കൂർ യാത്രാസമയം അനുവദിച്ചാൽ സിഡി എത്തിക്കാമെന്നാണ് ബിജു രാധാകൃഷ്ണൻ പറഞ്ഞത്. റോഡുമാർഗ്ഗം പത്ത് മണിക്കൂർ യാത്ര ചെയ്താൽ സിഡി ലഭ്യമാകുമെന്നാണ് മൊഴി. ഏതായാലും കൂടുതൽ സമയം അനുവദിക്കാൻ കഴിയില്ല. അതുകൊണ്ട് ഇന്ന് തന്നെ തെളിവ് എത്തിക്കാനാണ് നിർദ്ദേശം. അതിനായാണ് എല്ലാ സൗകര്യവും കമ്മീഷൻ നൽകുന്നത്. പൊലീസ് സംരക്ഷണവും ഒരുക്കിയിട്ടുണ്ട്.

സിഡിക്ക് മൂന്ന് സെറ്റ് സിഡികളുണ്ട്. താൻ ജയിലിൽ കിടക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ സംസ്ഥാനത്തിന് പുറത്തുള്ളതുകൊണ്ടു വരാൻ കഴിഞ്ഞില്ലെന്നായിരുന്നു ബിജുവിന്റെ മൊഴി. തെളിവുകൾ നേരിട്ട് ഹാജരാക്കാമെന്നും പറഞ്ഞു. ഈ സാഹചര്യത്തിൽ സിഡി പിടിച്ചെടുക്കേണ്ടതില്ലെന്നാണ് കമ്മീഷന്റെ നിലപാട്. ബിജുവിന് സുരക്ഷയൊരുക്കി എല്ലാ സംവിധാനവും ഒരുക്കാനാണ് കമ്മീഷന്റെ തീരുമാനം. അതിനിടെ സുരക്ഷാ പ്രശ്‌നങ്ങളുള്ള ബിജുവിനെ കേരളത്തിന് പുറത്തേക്ക് വിടുന്നതിനെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകൻ എതിർത്തു. ആവശ്യമില്ലാത്ത ന്യായങ്ങളുയർത്തി തെളിവ് ലഭ്യമാക്കാനുള്ള നടപടിയെ തകർക്കരുതെന്നും ആവശ്യപ്പെട്ടു. അതിനിടെ തെളിവ് എവിടെയുണ്ടെന്ന് ആരോടും പറയേണ്ടതില്ലെന്നാണ് കമ്മീഷൻ ബിജു രാധാകൃഷ്ണന് നൽകിയിരിക്കുന്ന നിർദ്ദേശം.

മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്കെതിരെ ഗുരുതരമായ ലൈംഗിക ആരോപണമാണ് ബിജു രാധാകൃഷ്ണൻ ഉന്നയിച്ചത്. ഇതിന്റെ തെളിവ് തന്റെ കൈവശമുണ്ടെന്ന് ഇന്നും സോളാർക കമ്മീഷന് മുന്നിൽ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് പുറമെ രണ്ട് മന്ത്രിമാരും എംഎൽഎയും അടക്കമുള്ളവർക്കെതിരെയാണ് ബിജു മൊഴി നൽകിയിരുന്നത്. ഈ സാഹചര്യത്തിലാണ് തെളിവുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ. സിഡിയുടെ മൂന്ന് പകർപ്പുകളുണ്ടായിരുന്നുവെന്നാണ് കമ്മീഷനെ രേഖാമൂലം ഇന്ന് ബിജു അറിയിച്ചത്. ഇതിൽ ഒന്ന് വിദേശത്താണ്. മറ്റൊന്ന് തന്നെ അറസ്റ്റ് ചെയ്തപ്പോൾ പൊലീസ് പിടിച്ചെടുത്തു. മൂന്നാമത്തെ സിഡിയാണ് സുരക്ഷിത സ്ഥാനത്തുള്ളതെന്നും ബിജു പറഞ്ഞു.

അതു സൂക്ഷിക്കാൻ ഏൽപ്പിച്ചവർക്ക് പോലും അത് സിഡിയാണെന്ന് അറിയില്ല. അതുകൊണ്ട് തന്നെ സ്ഥലത്ത് എത്തിയാൽ സിഡി എടുക്കാനാകുമെന്നാണ് ബിജു രാധാകൃഷ്ണൻ അറിയിച്ചത്. നേരത്തെ സിഡി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കാൻ കമ്മീഷന് അധികാരമുണ്ടെന്ന് വിലയിരുത്തലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP