Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും മുറിയിൽ വെച്ച് കൈയേറ്റം ചെയ്‌തെന്ന കേസിൽ വിജയ് പി നായർക്ക് ജാമ്യം; മുറിക്കുള്ളിൽ കടന്ന് അതിക്രമം കാട്ടി 12 മിനിറ്റ് ദൈർഘ്യമുള്ള രംഗം ലൈവായി ഷൂട്ട് ചെയ്തവർ എന്തുകൊണ്ട് വിജയ് കൈയിൽ പിടിച്ചെങ്കിൽ അത് റെക്കോർഡ് ചെയ്തില്ലെന്ന് കോടതിയുടെ ചോദ്യം; അശ്ലീല വീഡിയോ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ വിജയ് പി നായർക്ക് ജയിലിൽ തുടരേണ്ടി വരും

ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും മുറിയിൽ വെച്ച് കൈയേറ്റം ചെയ്‌തെന്ന കേസിൽ വിജയ് പി നായർക്ക് ജാമ്യം; മുറിക്കുള്ളിൽ കടന്ന് അതിക്രമം കാട്ടി 12 മിനിറ്റ് ദൈർഘ്യമുള്ള രംഗം ലൈവായി ഷൂട്ട് ചെയ്തവർ എന്തുകൊണ്ട് വിജയ് കൈയിൽ പിടിച്ചെങ്കിൽ അത് റെക്കോർഡ് ചെയ്തില്ലെന്ന് കോടതിയുടെ ചോദ്യം; അശ്ലീല വീഡിയോ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ വിജയ് പി നായർക്ക് ജയിലിൽ തുടരേണ്ടി വരും

അഡ്വ നാഗരാജ്

തിരുവനന്തപുരം: ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയിലെ കൈയേറ്റ കേസിൽ യുട്ഊബർ വിജയ് പി നായർക്ക് ജാമ്യം. ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും മർദ്ദിച്ചെന്നും മാനഭംഗപ്പെടുത്തിയെന്നും കാണിച്ചു തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് വിജയ് പി നായർക്ക് ജാമ്യം നൽകിയത്. എന്നാൽ അശ്ലീല വീഡിയോ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ വിജയ് പി നായർക്ക് ജയിലിൽ തുടരേണ്ടി വരും.

വിജയ് പി നായർ മുറിയിൽ വച്ച് ഭാഗ്യലക്ഷ്മിയെയും സംഘത്തെയും മർദ്ദിച്ചെന്നും കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നായിരുന്നു പരാതി. ഈ കേസ് പരിഗണിച്ച കോടതി പക്ഷേ മർദ്ദന വാദങ്ങൾ തള്ളിക്കളഞ്ഞു. വിജയിന്റെ മുറിക്കുള്ളിൽ അതിക്രമിച്ചു കടന്ന് അതിക്രമം കാട്ടിയിട്ട് 12 മിനിറ്റ് ദൈർഘ്യമുള്ള പ്രതികളെ സ്വയം കുറ്റപ്പെടുത്തുന്ന രംഗം ലൈവായി ഷൂട്ട് ചെയ്തവർ എന്തുകൊണ്ട് വിജയ് കൈയിൽ പിടിച്ചെങ്കിൽ അത് റെക്കോർഡ് ചെയ്യാത്തതെന്ന വിജയിന്റെ വാദത്തിൽ കഴമ്പുണ്ടെന്ന് കോടതി ജാമ്യ ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യത്തിൽ വിജയിന് ജാമ്യം നൽകാത്ത പക്ഷം അത് നീതി നിഷേധമാകുമെന്നും കോടതി വ്യക്തമാക്കി.

വിജയിന് ജാമ്യം നൽകാത്ത പക്ഷം അത് നീതി നിഷേധമാകമെന്നാണ് പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയത്. നിയമവാഴ്ചയെ വെല്ലുവിളിച്ച് ഇവർ ചെയ്തതായ പ്രവൃത്തികൾ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. പൊലീസ് സ്റ്റേഷനിൽ നിന്ന് നീതി ലഭിച്ചില്ലായെങ്കിൽ നീതിന്യായ കോടതികളെ സമീപിക്കണം. സ്വയം കോടതി ചമഞ്ഞ് വിധി നടപ്പാക്കലല്ല ചെയ്യേണ്ടത്. ഒരു പരാതി വെള്ള പേപ്പറിൽ എഴുതിക്കൊടുത്തത് വച്ചാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. മൊഴി കൊടുക്കാൻ പോലും കൂട്ടാക്കാതെ പോയതായും അഭിഭാഷകൻ ബോധിപ്പിച്ചു.

വിജയിനെ ആക്രമിച്ച കേസിലെ പ്രതികളായ ഭാഗ്യലക്ഷ്മി, വെമ്പായം സ്വദേശിനി ദിയ സന , കണ്ണൂർ സ്വദേശിനി ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ മുൻകൂർ ജാമ്യ ഹർജി തള്ള്‌ളണമെന്ന് സർക്കാർ ഇന്നലെ കോടതി പരിഗണിച്ചിരുന്നു. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് കോടതിയിലാണ് സർക്കാർ നിലപാടറിയിച്ചത്. നിയമം കൈയിലെടുത്ത പ്രതികൾക്ക് ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ സമൂഹത്തിനത് തെറ്റായ സന്ദേശം നൽകുമെന്നും മറ്റുള്ളവർക്കുമത് പ്രചോദനമാകുമെന്നും പ്രോസിക്യൂട്ടർ എൻ.സി. പ്രിയനും മെൻസ് റൈറ്റ്‌സ് അസോസിയേഷനും അറിയിച്ചിരുന്നു. ജാമ്യ ഹർജിയിൽ 9 ന് കോടതി വിധി പറയും.

യൂ ട്യൂബ് ചാനലിൽ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശങ്ങളുമായി വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിലാണ് ബിഗ് ബോസ് മത്സരാർത്ഥി ദിയ സന , സിനിമ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി , ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ സംഘം ചേർന്ന് യൂട്ഊബർ നേമം തെന്നൂർ സ്വദേശി വിജയ്.പി.നായരെ മർദിക്കുകയും കറുത്ത മഷി ദേഹത്തൊഴിക്കുകയും ചെയ്തിരുന്നുവെന്നാണ് കേസ്. സംഭവ വീഡിയോയിൽ പകർത്തുകയും ഇതിന്റെ ഫെയ്സ് ബുക്ക് ലൈവ് ദിയസന തന്റെ അക്കൗണ്ടിലൂടെ പങ്ക് വക്കുകയും ചെയ്തിരുന്നു.

തുടർന്ന് തമ്പാനൂർ പൊലീസിൽ വിജയ് തങ്ങളെ മാനഭംഗപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടു കൂടി കൈയേറ്റവും ബലപ്രയോഗവും ചെയ്തെന്ന് കാട്ടി പരാതി നൽകിയിരുന്നു. പരാതിയിൽ തമ്പാനൂർ പൊലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ 354 ചുമത്തി തമ്പാനൂർ ക്രൈം 1764/2020 നമ്പരായി കേസ് എടുക്കുകയായിരുന്നു. അന്ന് തന്നെ വിജയ്.പി. നായരുടെ പരാതിയിൽ ഭാഗ്യലക്ഷ്മിയടക്കം 3 ആക്ടിവിസ്റ്റുകളുടെ പേരിൽ തമ്പാനൂർ പൊലീസ് ക്രൈം 1765/2020 നമ്പരായി ജാമ്യമില്ലാ വകുപ്പുപുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 452 ( ദേഹോപദ്രവം ഏൽപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ഒരുക്കം കൂട്ടിയുള്ള ഭവനഭേദനം) , 294 (ബി) (അശ്ലീല പദപ്രയോഗം നടത്തൽ) , 323 (ദേഹോപദ്രവം ഏൽപ്പിക്കൽ) , 506 ( ഭീഷണിപ്പെടുത്തൽ) , 392 ( പിടിച്ചുപറിക്കൽ) , 34 (കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിക്കൽ) എന്നീ വകുപ്പുകൾ 3 ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

തങ്ങൾ നിരപരാധികളാണെന്നും കേസിനാസ്പദമായ യാതൊരു കുറ്റവും ചെയ്തിട്ടില്ലായെന്ന് യുവതികൾ വെവ്വേറെ സമർപ്പിച്ച തങ്ങളുടെ ജാമ്യ ഹർജിയിൽ പറയുന്നു. ജാമ്യമില്ലാ കേസിൽ തങ്ങളെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. തങ്ങളെ അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ തന്നെ തങ്ങളെ ജാമ്യത്തിൽ വിട്ടയക്കാൻ തമ്പാനൂർ പൊലീസിന് നിർദ്ദേശം കൊടുത്ത് ഉത്തരവുണ്ടാകണമെന്നാണ് ഫെമിനിസ്റ്റുകളുടെ ജാമ്യഹർജിയിലെ ആവശ്യം. തങ്ങൾ സംഘടിച്ചല്ല കൃത്യസ്ഥലത്ത് ചെന്നതെന്ന് കാട്ടാനായാണ് വെവ്വേറെ ജാമ്യഹർജികൾ സമർപ്പിച്ചത്. കൃത്യത്തിൽ കൂടുതൽ പങ്കാളിത്തമുള്ള പ്രതിയുടെ ജാമ്യ ഹർജി തള്ളുന്ന പക്ഷം ആ പ്രതിക്ക് മാത്രമായി മേൽക്കോടതിയെ സമീപിക്കാമെന്ന കരുതലോടെയാണ് അപ്രകാരം ചെയ്യുന്നത്.

അതേ സമയം താൻ യാതൊരു ബലപ്രയോഗമോ കൈയേറ്റമോ മാനഭംഗശ്രമമോ നടത്തിയിട്ടില്ലെന്ന് വിജയ് തന്റെ ജാമ്യ ഹർജിയിൽ പറഞ്ഞിരുന്നു. താൻ യാതൊരു പ്രകോപനവും നടത്താതെ ഭവ്യതയോടെ മാഡം എന്ന് അഭിസംബോധന ചെയ്താണ് സംസാരിച്ചത്. വകുപ്പ് 354 പ്രകാരമുള്ള കുറ്റം ചുമത്തിയത് ന്യായീകരിക്കാനുള്ള യാതൊരു തെളിവോ സംഗതിയോ ഇല്ല. യുവതികൾ തന്നെ ചിത്രീകരിച്ച് പുറത്തുവിട്ട മുഴുനീള വീഡിയോ പരിശോധിച്ചാൽ തന്നെ വകുപ്പു 354 ചുമത്താൻ തക്ക യാതൊരു കൃത്യവും താൻ ചെയ്തിട്ടില്ലായെന്ന് വ്യക്തമാകുന്നതാണ്. താൻ ഉന്നത സ്വാധീനത്താൽ തന്നെ പൊലീസ് അറസ്റ്റ് ചെയ്ത് ഉപദ്രവിക്കാൻ സാധ്യതയുണ്ട്.

അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ്. അതിൽ ഇടപെടുകയോ തടസ്സപ്പെടുത്തുകയോ ചെയ്യില്ല. മേൽ സാഹചര്യങ്ങളാൽ പൊലീസ് തന്നെ അറസ്റ്റ് ചെയ്യുന്ന പക്ഷം ജാമ്യത്തിൽ വിട്ടയക്കാൻ പൊലീസിന് നിർദ്ദേശം കൊടുത്തുത്തരവുണ്ടാകണമെന്ന് വിജയിന്റെ ജാമ്യ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സ്ത്രീകൾക്കെതിരെ അശ്ലീല വീഡിയോ യൂ ട്യൂബിൽ പോസ്റ്റു ചെയ്ത വിജയ് പി.നായരെ മർദിച്ച കേസിൽ ഭാഗ്യലക്ഷ്മി ഉൾപ്പെടെ മൂന്നുപേർക്കെതിരെയുള്ള മുൻകൂർജാമ്യാപേക്ഷയിൽ ജില്ലാ കോടതി നാളെ വിധി പറയും. ദിയ സന, ശ്രീല്ഷ്മി അറയ്ക്കൽ എന്നിവരാണ് ഭാഗ്യലഷ്മിക്കൊപ്പം കേസിലെ പ്രതികൾ. മോഷണം, മുറിയിൽ അതിക്രമിച്ചു കടന്നു തുടങ്ങി അഞ്ചു വർഷം തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP