Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'നിന്നെ എനിക്കിനി വേണ്ട, ഇനി ഒരുമിച്ച് താമസിക്കൽ നടക്കില്ല'.. എന്ന ഉണ്ണിയുടെ ഫോൺ സംഭാഷണം കൊണ്ട് മാത്രം ആത്മഹത്യ പ്രേരണ കുറ്റം നിൽക്കില്ലെന്ന് കോടതി; പണ സ്വാധീനവും പേശീബലവുമുള്ള ഉണ്ണിക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷനും; പ്രിയങ്കയുടെ ആത്മഹത്യയിൽ ഉണ്ണി രാജന്റെ ജാമ്യഹർജിയിൽ 10ന് വിധി

'നിന്നെ എനിക്കിനി വേണ്ട, ഇനി ഒരുമിച്ച് താമസിക്കൽ നടക്കില്ല'.. എന്ന ഉണ്ണിയുടെ ഫോൺ സംഭാഷണം കൊണ്ട് മാത്രം ആത്മഹത്യ പ്രേരണ കുറ്റം നിൽക്കില്ലെന്ന് കോടതി; പണ സ്വാധീനവും പേശീബലവുമുള്ള ഉണ്ണിക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷനും; പ്രിയങ്കയുടെ ആത്മഹത്യയിൽ ഉണ്ണി രാജന്റെ ജാമ്യഹർജിയിൽ 10ന് വിധി

അഡ്വ. പി നാഗരാജ്

തിരുവനന്തപുരം: അങ്കമാലി വില്ലേജ് ഓഫ് ഇന്റർനാഷണൽ സ്‌കൂളിലെ കായികാദ്ധ്യാപിക പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും സിനിമാ താരവുമായ ഉണ്ണി രാജൻ. പി. ദേവിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് ജില്ലാ കോടതി. ഉണ്ണിയെ ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ ജയിലിൽ പോയി ചോദ്യം ചെയ്യാൻ ജില്ലാ ജഡ്ജി പി.കൃഷ്ണകുമാർ ഉത്തരവിട്ടു. ജൂൺ 10 ന് ജാമ്യഹർജിയിൽ വിധി പ്രസ്താവിക്കും.

ആരോപിക്കുന്ന കുറ്റത്തിന്റെ കഴമ്പോ അടിസ്ഥാനമോ ഇല്ലാതെ ഒരാളെ ഇരുമ്പഴിക്കുള്ളിലടക്കാനാവില്ലെന്ന് കോടതി പ്രോസിക്യൂഷനെ ഓർമ്മിപ്പിച്ചു. ആത്മഹത്യ ചെയ്യാൻ ഉത്സാഹിപ്പിക്കുകയോ ഗൂഢാലോചനയിൽ ഏർപ്പെടുകയോ ആത്മഹത്യ ചെയ്യുന്നതിന് ഏതെങ്കിലും കൃത്യത്താലോ നിയമ വിരുദ്ധമായ കൃത്യ വിലോപത്താലോ ഉദ്യേശ്യപൂർവ്വം സഹായിക്കുകയോ ചെയ്തതായി പ്രോസിക്യൂഷൻ ഹാജരാക്കിയ ഫോൺകോൺ ഡീറ്ററയിൽസ് കൊണ്ടോ ആത്മഹത്യാ കുറിപ്പ് കൊണ്ടോ സാക്ഷിമൊഴികൾ കൊണ്ടോ രേഖകൾ കൊണ്ടോ കാണാൻ കഴിയുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

നിന്നെ എനിക്കിനി വേണ്ട, എന്റെ അമ്മയെയും ഉപദ്രവിച്ച നീയുമായി ഇനി ഒരുമിച്ച് താമസിക്കാൻ കഴിയില്ല എന്നീ ഫോൺ വിളി വാക്യങ്ങൾ കൊണ്ടു മാത്രം ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. താനും അമ്മായി അമ്മയോട് വഴക്കുണ്ടാക്കുമായിരുന്നെന്നും ചീത്ത പറയാറുണ്ടായിരുന്നുവെന്നും മരണത്തിന് തലേന്ന് മെയ് 12 ന് വട്ടപ്പാറ പൊലീസിൽ പ്രിയങ്ക നൽകിയ പരാതിയിൽ പറയുന്നതായും ഉണ്ണി കോടതിയുടെ ശ്രദ്ധയിൽ പെടുത്തി.

തന്റെ അമ്മ ശാന്തമ്മരാജനും തന്നെ പ്രിയങ്ക മുടിയിൽ പിടിച്ചു വലിച്ചതായും മുതുകിൽ മർദ്ദിച്ചതായും അങ്കമാലി പൊലീസിൽ നൽകിയ പരാതി പകർപ്പ് ജില്ലാ കോടതിയിൽ ജാമ്യ ഹർജിയോടൊപ്പം ഉണ്ണി ഹാജരാക്കിയിട്ടുണ്ട്. അതേസമയം പണ സ്വാധീനവും പേശീബലവുമുള്ള ഉണ്ണിക്ക് അന്വേഷണം പ്രാരംഭ ഘട്ടത്തിലുള്ള വേളയിൽ ജാമ്യം നൽകി സ്വതന്ത്രനാക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ മറുവാദമുന്നയിച്ചു. എന്നാൽ പൊതുതാൽപര്യം നോക്കിയോ ആൾക്കൂട്ടം പറയുന്ന പോലെയോ പ്രത്യാഘാതങ്ങൾ നോക്കിയോ ജുഡീഷ്യൽ തീരുമാനങ്ങൾ ഉണ്ടാകാൻ പാടില്ലെന്ന് സുപ്രീം കോടതി ജസ്റ്റിസ് ചന്ദ്രചൂഡ് വിധി പ്രസ്താവിച്ചിട്ടുള്ളതായും ഉണ്ണി മറുപടി നൽകി.

13 ദിവസമായി റിമാന്റിൽ കഴിയുന്ന ഉണ്ണിയുടെ ജാമ്യഹർജി പരിഗണിക്കവേയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ആത്മഹത്യ പ്രേരണ വകുപ്പ് 306 നിലനിൽക്കില്ലെന്ന് നിരീക്ഷണം നടത്തിയത്. അങ്കമാലി കറുകുറ്റി സ്വദേശിയും അന്തരിച്ച സിനിമാ താരം രാജൻ. പി. ദേവന്റെ മകനുമാണ് ഉണ്ണി. മെയ് 12 ഉച്ചയ്ക്ക് 2 മണിക്കാണ് വെമ്പായം തേക്കട കാരംകോട് കരിക്കകം വിഷ്ണുഭവനിൽ ജയ മകൾ ജെ. പ്രിയങ്ക വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ പ്രഭാത ഭക്ഷണം കഴിഞ്ഞ് വീട്ടുജോലികൾ പൂർത്തിയാക്കിയ ശേഷം 10.58 ന് റൂമിൽ കയറി കതകടക്കുകയായിരുന്നു. മരണത്തിന് തലേദിവസം ഭർത്താവും ഭർതൃ മാതാവും ചേർന്ന് തന്നെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് തിരുവനന്തപുരം റൂറൽ വട്ടപ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രിയങ്കയുടെ മരണശേഷം സഹോദരൻ വിഷ്ണുവും പൊലീസിൽ പരാതി നൽകി. പ്രിയങ്കയുടെ ശരീരത്തിൽ മർദ്ദനമേറ്റ അടയാളങ്ങൾ അടക്കമുള്ള തെളിവുകൾ ഉൾപ്പടെയാണ് പരാതി നൽകിയത്.

ആദ്യം അസ്വാഭാവിക മരണത്തിന് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 174 പ്രകാരം രജിസ്റ്റർ ചെയ്ത് കേസിന്റെ എഫ്.ഐ.ആർ. തിരുവനന്തപുരം സബ്ബ് ഡിവിഷണൽ മജിസ്‌ട്രേട്ട് ആയ ആർ.ഡി.ഒ.കോടതിയിലാണ് വട്ടപ്പാറ പൊലീസ് ഹാജരാക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആത്മഹത്യ പ്രേരണ , സ്ത്രീധന പീഡന മരണം എന്നിവ ചുമത്തിയുള്ള അഡീഷണൽ റിപ്പോർട്ട് ,ആർ.ഡി.ഒ കോടതിയിൽ നിന്ന് തിര്യെ വാങ്ങിയ കേസ് റെക്കോർഡുകൾ എന്നിവ നെടുമങ്ങാട് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഉണ്ണിയെയും ഉണ്ണിയുടെ മാതാവ് ശാന്തമ്മയെയും ഒന്നും രണ്ടും പ്രതികളാക്കിയാണ് കേസിൽ അഡീഷണൽ റിപ്പോർട്ട് സമർപ്പിച്ചത്.

മെയ് 25 നാണ് ഉണ്ണിയെ അങ്കമാലി വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവർ വാടകക്ക് താമസിച്ചിരുന്ന കാക്കനാട് ഫ്‌ളാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അതേ സമയം പ്രിയങ്ക തന്റെ മാതാവിനെ അകാരണമായി മർദ്ദിച്ചതിനാലാണ് താൻ പ്രിയങ്കയെ ഉപദ്രവിച്ചതെന്ന കുറ്റസമ്മത മൊഴിയാണ് ഉണ്ണി അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്‌പിക്ക് നൽകിയിരിക്കുന്നത്.

അങ്കമാലി സ്‌കൂളിൽ കായിക അദ്ധ്യാപികയായിരുന്നു പ്രിയങ്ക. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബാംഗമാണ് പ്രിയങ്ക. അച്ഛന്റെ മരണശേഷം അമ്മ വീട്ടുജോലികൾ ചെയ്താണ് മകളെ പഠിപ്പിച്ചു. സ്‌പോർട്ട്‌സിൽ സജീവമായിരുന്ന പ്രിയങ്കക്ക് അദ്ധ്യാപികയായി ജോലി കാട്ടിയാണ് അങ്കമാലി സ്‌കൂളിലെത്തിയത്. ഇവിടെ വച്ചാണ് ഉണ്ണിയെ പരിചയപ്പെട്ടത്. സൗഹൃദം പതിയെ പ്രണയത്തിലേക്കും തുടർന്ന് മിന്നുകെട്ടിലും കലാശിച്ചു. 2019 നവംബർ 21ന് ഇരു വീട്ടുകാരുടെയും ബന്ധുമിത്രാദികളുടെയും സാന്നിധ്യത്തിൽ ജാതി മതാചാരപ്രകാരം വിവാഹം നടന്നു. വിവാഹവുമായി ബന്ധപ്പെട്ട് വധുവിന്റെ വീട്ടുകാർ 30 പവൻ സ്വർണം വധുവിനെ അണിയിക്കുകയും ഭർത്താവിന് പണവും നൽകിയിരുന്നു. ആറുമാസത്തിന് ശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികവും ശാരീരികമായും പീഡിപ്പിച്ച് പ്രിയങ്കയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നാണ് കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP